മലയാള സിനിമയിലെ മൂന്നു സൂപ്പര്‍സ്റ്റാറുകള്‍ ഒന്നിക്കുകയാണ്. അതെ, തങ്ങളുടെ കര്‍മ്മമണ്ഡലങ്ങളില്‍ സൂപ്പര്‍ സ്റ്റാറുകളാണ് മൂവരും. രണ്‍ജി പണിക്കര്‍ തിരക്കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിനുള്ള കാത്തിരിപ്പു തുടങ്ങാം. മൂന്നു പേരും ഒരുപോലെ ആകാംക്ഷയോടെയാണ് പുതിയ പ്രൊജക്ടിനെ നോക്കിക്കാണുന്നത് എന്നാണ് ഷാജി കൈലാസ് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞത്.

തിരക്കഥയുടെ അവസാന മിനുക്കുപണിയിലാണ് രണ്‍ജി പണിക്കര്‍. ആക്ഷനു പ്രാധാന്യം നല്‍കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഒരുക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ണമായും കര്‍ണാടകയിലായിരിക്കും. ഫെബ്രുവരിയില്‍ ചിത്രം ആരംഭിക്കുമെന്നാണ് സംവിധായകന്‍ പറയുന്നത്.

ഒരു കൂട്ടം പുതിയ ആളുകള്‍ ഒരു സ്ഥലത്തേക്ക് വരുന്നതും അവിടെ ജീവിച്ചു തുടങ്ങുകയും പിന്നീടുണ്ടാകുന്ന പ്രശ്‌നങ്ങളിലൂടെയുമാണ് സിനിമയുടെ യാത്ര. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മമ്മൂട്ടിയും സുരേഷ് ഗോപിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കിങ് ആന്‍ഡ് ദി കമ്മീഷണറിലായിരുന്നു ഷാജി കൈലാസും രണ്‍ജി പണിക്കരും അവസാനമായി ഒന്നിച്ചത്. 2012ലായിരുന്നു ചിത്രം. 2009ല്‍ മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് റെഡ് ചില്ലീസ് എന്ന സിനിമ സംവിധാനം ചെയ്തിരുന്നു. മോഹന്‍ലാലും ഷാജി കൈലാസും ഒന്നിച്ചപ്പോള്‍ താണ്ഡവം, നരസിംഹം, ആറാം തമ്പുരാന്‍ തുടങ്ങി നിരവധി ഹിറ്റ് സിനിമകളാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചത്. അതിനാല്‍ തന്നെ ഇത്തവണ ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമായിരിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook