തല അജിത്തിന് ഇന്ന് 49-ാം പിറന്നാൾ. സിനിമാ മേഖലയിൽനിന്നും നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. മലയാള സിനിമാ താരങ്ങളായ സുരേഷ് ഗോപി, ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ തുടങ്ങിയവരും താരത്തിന് ആശംസകൾ നേർന്നിട്ടുണ്ട്.

തന്റെ 21-ാമത്തെ വയസിലാണ് അജിത് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ‘അമരാവതി’ ആണ് ആദ്യ തമിഴ് ചിത്രം. ഈ സിനിമയിൽ അജിത്തിനു ശബ്ദം നൽകിയത് മറ്റൊരു പ്രമുഖ നടനായ വിക്രം ആണ്. ഈ സിനിമയ്ക്ക് ശേഷം ഒരു മത്സര ഓട്ടത്തില്‍ അദ്ദേഹത്തിന് പരുക്ക് പറ്റി ഒന്നര വര്‍ഷക്കാലം വിശ്രമത്തില്‍ ആയിരുന്നു. 1995ല്‍ ‘ആസൈ’ എന്ന ചിത്രത്തില്‍ അദ്ദേഹം അഭിനയിച്ചു. ഇത് വലിയ ഹിറ്റായി.

തുടര്‍ന്നുള്ള കാലത്തില്‍ ഒരുപാടു റൊമാന്റിക് സിനിമകളിലൂടെ അദ്ദേഹം തമിഴിലെ യുവാക്കളുടെ ഇടയില്‍ വലിയ ഹരമായി. ഈ കാലഘട്ടത്തില്‍ വാലി (1999) എന്ന ചിത്രത്തിന് അദ്ദേഹത്തിന് ആദ്യ ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. ശേഷം മലയാളത്തിന്റെ മമ്മൂട്ടിക്കൊപ്പം ‘കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍’ എന്ന ചിത്രത്തിലും അഭിനയിച്ചു.

Happy birthday Ajith: Rare photos of Thala: തല അജിത്തിന് പിറന്തനാള്‍ വാഴ്ത്തുക്കള്‍: ചില അപൂര്‍വ്വ ചിത്രങ്ങള്‍

എന്നാല്‍ 2003 ന് ശേഷം അദ്ദേഹം കാറോട്ടത്തില്‍ ശ്രദ്ധിക്കുവാന്‍ സിനിമകളുടെ എണ്ണം കുറച്ചു. ഈ കാലയളവില്‍ പില്‍ക്കാലത്ത് ഹിറ്റ് ആയ ‘ഗജിനി’ ഉൾപ്പെടെയുള്ള ചിത്രങ്ങള്‍ അദ്ദേഹം വേണ്ടെന്നു വച്ചു. 2004 ല്‍ ഇന്ത്യയിലെ മൂന്നാമത്തെ മികച്ച കാറോട്ട ജേതാവായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

2006 ല്‍ ‘വരലാരു’ എന്ന ചിത്രത്തിലൂടെ അജിത് തന്റെ പഴയ സ്ഥാനം തിരികെ നേടി. 2007 ല്‍ തമിഴില്‍ കോളിളക്കം സൃഷ്ടിച്ച ‘ബില്ല’ പുറത്തിറങ്ങി. ഇരു ചിത്രങ്ങളും വാലിക്ക് ശേഷം വീണ്ടും ഫിലിംഫെയര്‍ അവാര്‍ഡ് നേടിക്കൊടുത്തു. തന്റെ 50-മത് ചിത്രം മങ്കാത തമിഴിലെ വലിയ ആഘോഷം ആയിട്ടാണ് പുറത്തിറക്കിയത്. ഇത് തമിഴിലെ വലിയ റെക്കോര്‍ഡ് ചിത്രവും ആയിരുന്നു .

മലയാള സിനിമാ അഭിനേത്രിയായ ശാലിനിയെ ആണ് അജിത് വിവാഹം ചെയ്തത്. 1999 ല്‍ ‘അമര്‍ക്കള’ത്തില്‍ തുടങ്ങിയ പ്രണയം വിവാഹത്തില്‍ എത്തിയത് 2000 ഏപ്രില്‍ മാസത്തിലാണ്. ബാലതാരമായി സിനിമയില്‍ എത്തി നായികയായ വളര്‍ന്ന ശാലിനി അതോടെ സിനിമയോട് വിട പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook