സിനിമയിൽ തുടക്കം കുറിക്കും മുൻപ് തന്നെ, തന്റെ സംഗീതത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന പ്രതിഭയാണ് എ ആർ റഹ്മാൻ. ‘ശ്യാമസുന്ദര കേരകേദാര ഭൂമി’ എന്നു തുടങ്ങുന്ന ഏഷ്യാനെറ്റിന്റെ സിഗ്നേചര്‍ ഗാനത്തിന്റെ സംഗീതം നിർവ്വഹിച്ചത് റഹ്മാൻ ആയിരുന്നു. 1991ല്‍ പുറത്തിറങ്ങിയ ഈ ഗാനത്തിന് വരികള്‍ എഴുതിയത് പി.ഭാസ്‌കരനാണ്.
തൊട്ടടുത്ത വർഷമാണ് മണിരത്നം ചിത്രം റോജയിലൂടെ സിനിമാ സംഗീത ലോകത്ത് റഹ്മാൻ അരങ്ങേറ്റം കുറിക്കുന്നത്. ആ വർഷം തന്നെ സംഗീത് ശിവന്‍ സംവിധാനം ചെയ്ത യോദ്ധയിലൂടെ റഹ്‌മാന്‍ മലയാള സിനിമയിലും എത്തി. മലയാളികളുടെ ആഘോഷരാവുകളിൽ എത്രയോ തവണ മുഴങ്ങി കേട്ടൊരു ഗാനമാണ് യോദ്ധയിലെ പടകാളി എന്ന ഗാനം. എ.ആര്‍ റഹ്‌മാന്‍ എന്ന പ്രതിഭ കേരളത്തിനു നല്‍കിയ വിസ്മയം.
30 വര്‍ഷങ്ങള്‍ക്ക് ശേഷം മലയന്‍കുഞ്ഞ് എന്ന ചിത്രത്തിലൂടെ വീണ്ടും റഹ്മാൻ മലയാളത്തില്‍ എത്തുകയാണ്. ഫാസില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ആദ്യ ഗാനം ചൊവ്വാഴ്ച റിലീസിനെത്തി. ചോലപ്പെണ്ണെ എന്ന് തുടങ്ങുന്ന പാട്ടിന്റെ വരികള്‍ എഴുതിയത് വിനായക് ശശികുമാറാണ്. വിജയ് യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ സംഗീതം ഒരുക്കുന്നതും റഹ്‌മാനാണ്.
കേരളത്തോടുളള അടുപ്പം റഹ്‌മാന്‍ എന്നും നിലനിര്‍ത്തിയിട്ടുണ്ട്. തന്റെ സിനിമകള്‍ക്കായി റഹ്മാൻ ഒട്ടനവധി മലയാള ഗായകരെ ഉപയോഗിച്ചു. മഹാ പ്രളയം സാക്ഷ്യം വഹിച്ച സമയത്ത് അമേരിക്കയില്‍ ഷോ നടത്താനെത്തിയ റഹ്‌മാന്‍ കേരളത്തിനായി പാടി, ‘കേരള, കേരള, ഡോണ്ട് വെറി കേരള’.
ചെന്നൈ നിവാസിയായ ദിലീപ് എന്ന ചെറുപ്പക്കാരന്‍ അച്ഛന്‍ ശേഖറിന്റെ മരണ ശേഷം കുടുംബത്തെ പരിപാലിക്കാൻ വേണ്ടിയാണ് ചെറിയ ജിംഗിളുകളും പരസ്യ ചിത്രങ്ങളും ചെയ്യാന്‍ ആരംഭിച്ചത്. ഇന്ന് ഓസ്‌കാര്‍ വരെയെത്തിയിരിക്കുന്നു റഹ്‌മാന്‍ എന്ന പ്രതിഭാസം.
റഹ്‌മാന്റെ തിരിച്ചുവരവിനെ മലയാളികളും ആഘോഷിക്കുകയാണ്. യൂട്യൂബ് കമന്റുകളില്‍ നിന്ന് ആളുകളുടെ സന്തോഷം വ്യക്തം. വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നിപ്പിക്കുന്ന റഹ്‌മാന്‍ മാജിക്ക് ഗൃഹാതുരത്വ ഓര്‍മകള്‍ നല്‍കുന്നുവെന്നും ആരാധകര്‍ പറയുന്നു. സജിമോന്‍ പ്രഭാകറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഫഹദ്, രജിഷ, ഇന്ദ്രന്‍സ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.