ഇതിഹാസ ഗായിക, ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മലയാള ഗാനലോകം. ലത മങ്കേഷ്കറുടെ മരണത്തോടെ ഇന്ത്യയുടെ ശബ്ദമാണ് ഇല്ലാതായതെന്ന് കെ എസ് ചിത്ര പറഞ്ഞു. എന്റെ അമ്മ വേര്‍പിരിഞ്ഞ് പോയപോലെ, ദുഃഖം താങ്ങാനാവുന്നില്ലെന്നായിരുന്നു പി. ജയചന്ദ്രന്റെ പ്രതികരണം. എം. ജി ശ്രീകുമാർ, എം ജയചന്ദ്രൻ, സുജാത തുടങ്ങിയവരും അനുസ്മരിച്ചു.
“ഞാൻ ലതാജിയുടെ ഒരുപാട് പാട്ടുകൾ പഠിച്ചിട്ടുണ്ട്. ചില ഗാനങ്ങൾ എനിക്ക് പ്രചോദനമായിരുന്നു. പക്ഷെ നേരിൽ കാണാനുള്ള അവസരങ്ങൾ കുറവായിരുന്നു. ലതാജിയുടെ 75-ാം പിറന്നാളിന് മുന്നിൽ പാടാൻ അവസരം ലഭിച്ചു. അതിനു ശേഷം 88 -ാം പിറന്നാളിന് ചെയ്ത ഒരു ആൽബം കേട്ട് എന്നെ വിളിച്ചിരുന്നു. പിന്നീട് എന്റെ ജീവിതത്തിലെ ഏറെ വിഷമമുള്ള സമയത്ത് ലതാജിടെ പേരിലുള്ള ഒരു അവാർഡ് എനിക്ക് കിട്ടിയിരുന്നു. അന്ന് അത് വാങ്ങാൻ പോകാതെ ഇരുന്നപ്പോൾ എന്നെ വിളിച്ചു പോകണം എന്നൊക്കെ പറഞ്ഞിരുന്നു. അന്നാണ് അവസാനമായി സംസാരിച്ചത്” ചിത്ര ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
ഭാരതത്തിന്റെ ശബ്ദമാണ് ഇല്ലാതായതെന്ന് പ്രതികരിച്ച പി. ജയചന്ദ്രൻ, അമ്മയെ നഷ്ടപ്പെട്ട പോലെ ഒരിക്കലും നികത്താനാവാത്ത ദുഖമാണെന്നും ഇനി ഇങ്ങനെ ഒരു ഗായിക ഉണ്ടാവുകയില്ലെന്നും പറഞ്ഞു. വളരെ സങ്കടമുള്ള ദിവസമാണിതെന്നും ഒരു പ്രാവശ്യം പോലും നേരിട്ട് കാണാന്‍ പറ്റാത്തതില്‍ ദുഖമുണ്ടെന്നുമായിരുന്നു സംഗീത സംവിധായകൻ എം ജയചന്ദ്രന്റെ പ്രതികരണം.
Also Read: ലതാ മങ്കേഷ്‌കർ: ഇതിഹാസ ഗായികയുടെ സംഗീത ജീവിതം ചിത്രങ്ങളിലൂടെ
സംഗീത സംവിധായകനാകാന്‍ തന്നെ പ്രചോദിപ്പിച്ചത് മദന്‍മോഹന്‍ – ലതാജി കോമ്പിനേഷനിലുള്ള ഗാനങ്ങളാണെന്നും ലതാജിയെ പോലെ ഒരു പാട്ടിന്‍റെ രാജകുമാരി ഉണ്ടായിട്ടിലെന്നും ഇനി ഉണ്ടാവുകയില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലതാജിയുടെ സംഗീതം നമ്മുടെ കൂടെയുണ്ട്, ആ രീതിയില്‍ ലതാജിക്ക് മരണമില്ലെന്നും ജയചന്ദ്രൻ കൂട്ടിച്ചേർത്തു.
ഇതുപോലൊരു മാസ്മരിക ശബ്ദം ഇതുവരെ കേട്ടിട്ടില്ല. ലതാജി ഒരു ഹമ്മിങ് പാടിയാല്‍ പ്രചഞ്ചം തന്നെ നിശ്ചലമാകും. ഈശ്വരന്‍ നെറുകയില്‍ തൊട്ട് അനുഗ്രഹിച്ച വ്യക്തിയാണ് ലതാജി. എന്നായിരുന്നു എംജി ശ്രീകുമാറിന്റെ പ്രതികരണം.
ഇന്ത്യന്‍ സംഗീത ലോകത്തിന് വലിയ നഷ്ടമാണ് ലത മങ്കേഷ്‌കറുടെ വിയോഗമെന്നായിരുന്നു സുജാത പറഞ്ഞത്. ഇന്ത്യയുടെ സംഗീതത്തെ അന്താരാഷ്ട്ര തലത്തില്‍ എത്തിക്കാന്‍ ഭാഗ്യം കിട്ടിയ അവതാരമാണെന്നും തന്റെ സംഗീത ജീവിതത്തില്‍ ഏറെ സ്വാധീനിച്ച വ്യക്തിയാണ് ലതാജിയെന്നും സുജാത പറഞ്ഞു.
കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തിലേറയായി മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയായിരുന്നു ലതാ മങ്കേഷ്കര്‍. ഇന്ന് രാവിലെ 8.12 നായിരുന്നു അന്ത്യം. ജനുവരി പതിനൊന്നിനാണ് 92 വയസ്സുകാരിയായ ലതാ മങ്കേഷ്കറിനെ കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.