റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ പിന്നണി ഗായികയാണ് അമൃത സുരേഷ്. സഹോദരി അഭിരാമിയ്ക്ക് ഒപ്പം ചേർന്ന് അമൃത ആരംഭിച്ച അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് ഏറെ ശ്രദ്ധ നേടിയിരുന്നു. എജി വ്ളോഗ്സ് എന്ന ഒരു യൂട്യൂബ് ചാനലും ഈ സഹോദരിമാരുടേതായിട്ടുണ്ട്. സംഗീതത്തിനപ്പുറം ഫാഷൻ ലോകത്തും മോഡലിങ്ങിലുമൊക്കെ ഇരുവരും സജീവമാണ്.
അമൃത, അഭിരാമി സഹോദരിമാരുടെ കുട്ടിക്കാലചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. അച്ഛൻ സുരേഷിന്റെ കൈകളിലിരിക്കുന്ന അമൃതയേയും അഭിരാമിയേയുമാണ് ചിത്രത്തിൽ കാണാനാവുക.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അമൃത മലയാളക്കരയ്ക്ക് പ്രിയങ്കരിയായത്. 2010ല്‍ ഐഡിയ സ്റ്റാർ സിംഗറിൽ അതിഥിയായി എത്തിയ ചലച്ചിത്രതാരം ബാലയുമായി അമൃത പ്രണയത്തിലാവുകയും പിന്നീട് ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. അവന്തിക എന്നൊരു മകളാണ് ഇവർക്കുള്ളത്. 2016ല്‍ ഇരുവരും വിവാഹമോചിതരായി.
അടുത്തിടെ, സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള പ്രണയം സമൂഹമാധ്യമങ്ങളിലൂടെ അമൃത അനൗൺസ് ചെയ്തു. ഇരുവരും ഒന്നിച്ചുള്ള ചിത്രം ഏറെ വൈറലാവുകയും ചെയ്തിരുന്നു.
ഗായിക എന്നതിനൊപ്പം തന്നെ അഭിനേത്രി, വീഡിയോ ജോക്കി എന്നീ നിലകളിലും ശ്രദ്ധേയയാണ് അഭിരാമി. ഏഷ്യാനെറ്റിലെ ‘ഹലോ കുട്ടിച്ചാത്തൻ’ എന്ന സീരിയലിൽ ബാലതാരമായാണ് അഭിരാമി അരങ്ങേറ്റം കുറിച്ചത്. ബിവെയർ ഓഫ് ഡോഗ്സ് എന്ന ചിത്രത്തിൽ നായികയായും അഭിരാമി അഭിനയിച്ചിരുന്നു.
Read more: ഞാനൊരു കുഞ്ഞ് വീട് വാങ്ങി; സന്തോഷവാർത്ത അറിയിച്ച് അമൃത സുരേഷ്