നഖക്ഷതങ്ങളിലെ ലക്ഷ്മി എന്ന ഊമപ്പെണ്‍ക്കുട്ടി, ആരണ്യകത്തിലെ റെബല്‍ അമ്മിണി മലയാളിക്ക് അത്ര പെട്ടന്നൊന്നും മറക്കാനാകാത്ത കഥാപാത്രങ്ങളാണ്. ഒരുപിടി നല്ല കഥപാത്രങ്ങളെ അനശ്വരമാക്കി സിനിമയില്‍ നിന്നും വിട്ടു നിന്ന നടി സലീമ തിരിച്ചുവരുന്നു. ദീപികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് സലീമ ഇക്കാര്യം പറഞ്ഞത്.

നവംബര്‍ 16 എന്ന തമിഴ് ചിത്രത്തിലൂടെയാണ് സലീമയുടെ തിരിച്ചുവരവ്. മലയാള സിനിമയില്‍ അഭിനയിക്കാനാണ് കൂടുതല്‍ ആഗ്രഹം. നല്ല അവസരങ്ങള്‍ ലഭിച്ചാല്‍ ചെന്നൈയില്‍ നിന്നും കൊച്ചിയിലേക്ക് താമസം മാറ്റുന്നതിനെക്കുറിച്ചും താന്‍ ആലോചിക്കുന്നുവെന്ന് സലീമ അഭിമുഖത്തില്‍ പറയുന്നു. മലയാളത്തിലഭിനയിക്കാനുള്ള താത്പര്യമറിയിച്ചുകൊണ്ട് നടന്‍ വിനീത്, സംവിധായകന്‍ ഹരിഹരന്‍, എംടി വാസുദേവന്‍നായര്‍, നടി മോനിഷയുടെ മാതാവ് ശ്രീദേവി എന്നിവരെ സലീമ ബന്ധപ്പെട്ടിരുന്നു. എല്ലാവരും തന്നെ പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്ന് സലീമ പറയുന്നു.

പ്രശസ്ത തെലുങ്ക് നടി ഗിരിജയുടെ മകളായ സലീമ നഖക്ഷതങ്ങളിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ലക്ഷ്മി എന്ന ഊമ കഥാപാത്രത്തെ സലീമ മികവുറ്റതാക്കി. ആരണ്യകത്തിലെ അമ്മിണിയും വന്ദനത്തിലെ മേഴ്സിയും സലീമയുടെ മറ്റു രണ്ടു മികച്ച കഥാപാത്രങ്ങളാണ്. 1989 ല്‍ പുറത്തിറങ്ങിയ മഹായാനത്തിലാണ് അവസാനം അഭിനയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook