ഒരിടവേളയ്ക്ക് ശേഷം കേരളത്തിലെ തിയേറ്ററുകൾ വീണ്ടും സജീവമാകുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഒരുപിടി നല്ല ചിത്രങ്ങളാണ് ഈ നവംബറിൽ തിയേറ്ററുകളിലേക്ക് എത്തുന്നത്.
Kurup Release: കുറുപ്പ്
തിയേറ്ററിൽ ആദ്യമെത്തുന്ന ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്ന് ദുൽഖർ സൽമാൻ നായകനാകുന്ന ‘കുറുപ്പ്’ ആണ്. നവംബർ 12 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പിന്റെ ജീവിതം ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രമാണ് ‘കുറുപ്പ്’. സുകുമാര കുറുപ്പിന്റെ വേഷമാണ് ചിത്രത്തിൽ ദുൽഖറിന്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ മുടക്കു മുതൽ 35 കോടിയാണ്. ‘മൂത്തോൻ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിതാ ധുലിപാലയാണ് ചിത്രത്തിലെ നായിക.
ഇന്ദ്രജിത്, സുകുമാരൻ, സണ്ണി വെയിൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി.ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു.
ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.
ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെന്റ്സും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.
Kanakam Kamini Kalaham Release: കനകം കാമിനി കലഹം
നിവിൻ പോളി നായകനാകുന്ന ‘കനകം കാമിനി കലഹം’ ആണ് നവംബറിൽ റിലീസിനെത്തുന്ന മറ്റൊരു ചിത്രം. നവംബർ 12ന് ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം നേടിയ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണ് സംവിധായകൻ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും രതീഷ് തന്നെ. സിനിമ ഒരു മുഴുനീള ഫാമിലി കോമഡി എന്റർടെയ്നർ ആണ് ചിത്രം.
മനോജ് കണ്ണോത്ത് എഡിറ്റിങ്ങ് നിർവഹിക്കുന്ന ചിത്രത്തിന്റെ ശബ്ദം ഒരുക്കിയിരിക്കുന്നത് ശ്രീജിത്ത് ശ്രീനിവാസൻ ആണ്. യാക്സൻ ഗാരി പെരേര, നേഹ നായർ എന്നിവരാണ് സംഗീതം നിർവഹിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബി മേനോൻ, കല സംവിധാനം -അനീസ് നാടോടി, മേക്കപ്പ്-ഷാബു പുൽപ്പള്ളി, കോസ്റ്റ്യൂംസ്-മെൽവി.ജെ, പരസ്യകല-ഓൾഡ് മോങ്ക്സ്, വാർത്ത പ്രചരണം-എ എസ് ദിനേശ്.
Ellam Sheriyakum Release: എല്ലാം ശരിയാകും
ആസിഫ് അലി, രജിഷ വിജയൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രമാണ് ‘എല്ലാം ശരിയാകും’. നവംബർ 19 നാണ് ചിത്രത്തിന്റ റിലീസ്.
തോമസ്സ് തിരുവല്ല ഫിലിംസ്, ഡോക്ടര്‍ പോള്‍സ് എന്‍റര്‍ടെയ്ൻമെന്‍റ് എന്നിവയുടെ ബാനറില്‍ തോമസ് തിരുവല്ല, ഡോക്ടര്‍ പോള്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം ശ്രീജിത്ത് നായർ നിര്‍വ്വഹിക്കുന്നു. തിരക്കഥയും സംഭാഷണവും ഷാരിസ് മുഹമ്മദിന്റേതാണ്. ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു.
ഔസേപ്പച്ചന്‍ സംഗീതം പകരുന്ന ഇരുനൂറാമത്തെ ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ഏന്റണി, ജെയിംസ് ഏല്യ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
Sumesh & Ramesh Release: സുമേഷ് ആന്റ് രമേഷ്
ശ്രീനാഥ് ഭാസിയും ബാലു വര്‍ഗീസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘സുമേഷ് ആന്റ് രമേഷ്’. നവാഗതനായ സനൂപ് തൈക്കൂടം ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഫരീദ് ഖാന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ചിത്രം നവംബര് 26 നു തിയേറ്ററുകളിൽ എത്തും
സലിംകുമാര്‍, പ്രവീണ, അര്‍ജുന്‍ അശോകൻ, രാജീവ് പിള്ള, ദേവിക കൃഷ്ണ, അഞ്ചു കൃഷ്ണ, കാര്‍ത്തിക വെള്ളത്തേരി, ശൈത്യ സന്തോഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
ജോസഫ് വിജീഷും സനൂപ് തൈക്കൂടവും ചേര്‍ന്ന് രചന നിർവ്വഹിച്ച ചിത്രത്തിന്റെ ചായാഗ്രാഹകൻ . ആല്‍ബിയാണ്. യാക്‌സണ്‍ ഗ്യാരി പെരേര, നേഹ എസ് നായര്‍ എന്നിവരാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്.
Kaaval Release: സുരേഷ് ഗോപിയുടെ ‘കാവൽ’
നിതിൻ രഞ്ജി പണിക്കരുടെ സംവിധാനത്തിൽ സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമാകുന്ന ‘കാവൽ’ എന്ന ചിത്രവും നവംബർ 25നു പ്രേക്ഷകരിലേക്കെത്തുമെന്നാണ് റിപ്പോർട്ട്. ഹൈറേഞ്ച് പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. സുരേഷ് ഗോപിക്കൊപ്പം ലാലും ചിത്രത്തില് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സയ ഡേവിഡ്, സുജിത്ത് ശങ്കര്, ഐ എം വിജയന്, അലന്സിയര്, കണ്ണന് രാജൻ പി ദേവ്, മുത്തുമണി എന്നിവരാണ് മറ്റു അഭിനേതാക്കൾ. ഗുഡ്‌വിൽ എന്റർടെയിൻമെന്റിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിച്ചത്.
Bheemante Vazhi Release: ഭീമന്റെ വഴി
കുഞ്ചാക്കോബോബൻ നായകനാവുന്ന ‘ഭീമന്റെ വഴി’ നവംബർ 19ന് റിലീസിനെത്തും. അഷ്റഫ് ഹംസയാണ് ചിത്രത്തിന്റെ സംവിധായകൻ. ‘തമാശ’ക്ക് ശേഷം അഷ്‌റഫ് ഹംസ സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്.
ചെമ്പൻ വിനോദ് ആണ് സിനിമയുടെ തിരകഥാകൃത്ത്. കുഞ്ചാക്കോ ബോബനൊപ്പം ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട് ചെമ്പന്‍ വിനോദ്. ചിന്നു ചാന്ദ്‌നിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം.
ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും മഷര്‍ ഹംസ വസ്ത്രാലങ്കാരവും വിഷ്ണു വിജയ് സംഗീത സംവിധാനവും നിർവഹിക്കുന്നു. ചെമ്പോസ്‌കി മോഷൻ പിക്‌ചേഴ്‌സിന്റെയും ഒ.പി.എം. പ്രൊഡക്ഷന്സിന്റെയും ബാനറിൽ ചിത്രം നിർമ്മിക്കുന്നത് ചെമ്പൻ വിനോദ് ജോസ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നാണ്.