20-ാമത് ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവൽ നാളെ ആരംഭിക്കുമ്പോൾ മേളയിൽ സാന്നിധ്യമറിയിച്ച് മൂന്നു മലയാളി സംവിധായകരും. രാഹുൽ റിജി നായർ, വിനു കോലിച്ചൽ, ഉണ്ണികൃഷ്ണൻ ആവള എന്നിവരാണ് മേളയിലെ മലയാളി സാന്നിധ്യങ്ങൾ. രാഹുലിന്റെ ‘ഒറ്റമുറിവെളിച്ചം’ മത്സരവിഭാഗമായ ‘ഇന്ത്യാ ഗോൾഡി’ലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അതേ സമയം വിനു കോലിച്ചലിന്റെ ‘ബിലാത്തിക്കുഴൽ’, ഉണ്ണികൃഷ്ണൻ ആവളയുടെ ‘ഉടലാഴം’ എന്നീ ചിത്രങ്ങൾ ‘ഇന്ത്യ സ്റ്റോറി’ സെക്ഷനിലും പ്രദർശിപ്പിക്കും.
വൈവാഹിക ബലാൽസംഗം എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുന്ന ചിത്രമാണ് ‘ഒറ്റമുറി വെളിച്ചം’. വനത്താൽ ചുറ്റപ്പെട്ട ഒരു മലയോരഗ്രാമത്തിലെ ഒറ്റമുറി വീട്ടിൽ ഒരു സ്ത്രീയ്ക്ക് അനുഭവിക്കേണ്ടി വരുന്ന അവകാശലംഘനങ്ങളുടെയും അതിജീവനത്തിന്റെയും കഥ പറയുന്ന സിനിമ ശക്തമായ സ്ത്രീപക്ഷ നിലപാടുകളാണ് മുന്നോട്ടുവയ്ക്കുന്നത്.
“ചിത്രത്തിന്റെ വേൾഡ് പ്രീമിയർ, യൂറോപ്യൻ പ്രീമിയർ പ്രദർശനങ്ങൾ മുൻപു തന്നെ കഴിഞ്ഞിരുന്നു. ഇപ്പോൾ ഇന്ത്യൻ പ്രീമിയറാണ് മുംബൈ ഫിലിം ഫെസ്റ്റിവലിൽ വച്ച് നടക്കാൻ പോവുന്നത്. ഒപ്പം ‘ഗോൾഡ് ഇന്ത്യ’ മത്സര കാറ്റഗറിയിലേക്ക് ഇടം നേടിയ ഒമ്പത് സിനിമകളിൽ ഒന്ന് കൂടിയാവുകയാണ് ‘ഒറ്റമുറി വെളിച്ചം’. ഞങ്ങൾക്കിതൊരു സ്വപ്നസമാനമായ മുഹൂർത്തമാണ്,” ചിത്രത്തിന്റെ സംവിധായകൻ രാഹുൽ റജി നായർ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് സന്തോഷം പങ്കു വെച്ചു.
ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ദീപക് പറംബോൽ, വിനീത കോശി, പൗളി വൽസൺ, രാജേഷ് ശർമ, രഞ്ജിത്ത് ശേഖർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലൂക്ക് ജോസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. അപ്പു എൻ ഭട്ടതിരി എഡിറ്റിംഗും സിദ്ധാർത്ഥ് പ്രദീപ്, ഷെറോൺ റോയ് ഗോമസ് എന്നിവർ സംഗീതവും നിർവ്വഹിക്കുന്നു.
ഈ അവാര്‍ഡ് അപ്രതീക്ഷിത സന്തോഷം: പൗളി വത്സന്‍
സംസ്‌ഥാന സർക്കാറിന്റെ 48-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം ‘ഒറ്റമുറി വെളിച്ചം’ കരസ്ഥമാക്കിയിരുന്നു. ‘ഈ.മ.യൗ’, ‘ഒറ്റമുറി വെളിച്ചം’ എന്നിവയിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിയ്ക്കുള്ള അവാർഡ് പോളി വൽസനും സ്വന്തമാക്കിയിരുന്നു. മികച്ച എഡിറ്റർക്കുള്ള പുരസ്കാരം അപ്പു എൻ ഭട്ടതിരിയും സ്‌പെഷ്യൽ ജൂറി പുരസ്കാരം വിനീത കോശിയും ഈ ചിത്രത്തിലൂടെ സ്വന്തമാക്കിയിരുന്നു.

ജർമൻ സ്റ്റാർ ഓഫ് ഇന്ത്യ അവാർഡ്, ചിക്കാഗോ സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡ് എന്നിവ ‘ഒറ്റമുറി വെളിച്ചം’ സ്വന്തമാക്കിയിരുന്നു. ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച നടി എന്നീ വിഭാഗത്തിൽ നോമിനേഷനടക്കം നിരവധി അംഗീകാരങ്ങൾ ചിത്രം സ്വന്തമാക്കിയിരുന്നു.
‘ഗുളികൻ’ എന്ന ട്രൈബൽ ട്രാൻസ്ജെൻഡർ ചെറുപ്പക്കാരന്റെ കഥ പറയുന്ന ചിത്രമാണ് ഉണ്ണികൃഷ്ണൻ ആവളയുടെ ‘ഉടലാഴം’. ഉടലാഴത്തിന്റെ ഇന്ത്യൻ പ്രീമിയർ ആണ് മുംബൈയില്‍ നടക്കുക. 14-ാമത്തെ വയസ്സിൽ വിവാഹിതനാവുന്ന ‘ഗുളികൻ’ എന്ന ട്രൈബൽ ചെറുപ്പക്കാരൻ വിവാഹശേഷം തന്റെ സ്വത്വത്തിലെ അസ്വാഭാവികതകൾ തിരിച്ചറിയുന്നതും അയാൾ നേരിടുന്ന പ്രതിസന്ധികളുമാണ് സിനിമ പറയുന്നത്. ‘ഗുളികനി’ലൂടെ ശരീരത്തിന്റെ രാഷ്ട്രീയവും സമൂഹം ശരീരമെന്ന സങ്കൽപ്പത്തിനു കൽപ്പിച്ച അളവുകോലുകളുമൊക്കെയാണ് ചിത്രം ചർച്ച ചെയ്യുന്നത്.
“ഞാൻ എന്നു പറഞ്ഞാൽ എന്റെ ശരീരം മാത്രമാണോ? എന്ന ചോദ്യത്തിനുള്ള ഉത്തരം തേടൽ കൂടിയാണ് ചിത്രം”. ‘ഉടലാഴ’ത്തിന്റെ സംവിധായകൻ ഉണ്ണികൃഷ്ണൻ ആവള പറയുന്നു.

ഒരു ട്രൈബൽ ചെറുപ്പക്കാരൻ കേന്ദ്രകഥാപാത്രമാകുന്ന ദക്ഷിണേന്ത്യയിലെ ആദ്യത്തെ സിനിമ കൂടിയാണ് ‘ഉടലാഴം’. ‘ഫോട്ടോഗ്രാഫർ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച്, മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ മണിയാണ് ‘ഗുളികൻ’ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രമ്യ വൽസലയും അനുമോളുമാണ് ചിത്രത്തിലെ നായികമാർ. ഇന്ദ്രൻസ്, സജിത മഠത്തിൽ എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Read More: മലയാളത്തിലെ മികച്ച ബാലതാരമായിരുന്നു ഈ കൂലിപ്പണിക്കാരന്‍
കാസർക്കോട്ടെ ഒരു ഗ്രാമജീവിതത്തിന്റെ നേർക്കാഴ്ചയാണ് ‘ബിലാത്തിക്കുഴൽ’ എന്ന ചിത്രത്തിലൂടെ വിനു കോളിച്ചാൽ കാണിച്ചുതരുന്നത്. മുംബൈ ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയർ കാറ്റഗറിയിലാണ് ചിത്രം പ്രദർശിപ്പിക്കപ്പെടുന്നത്.
മുത്തശ്ശിക്കഥകളിൽ നിന്നും വേട്ടക്കാരനായ ചിന്ദൻ മുത്തപ്പനെ കുറിച്ചറിഞ്ഞ് അയാളെ ഹീറോയായി മനസ്സിൽ കൊണ്ടുനടക്കുന്ന, തോക്ക് കയ്യിലുണ്ടെങ്കിൽ അധികാരവും ഹീറോയിസവും സ്വന്തമാക്കാനാവുമെന്ന് വിശ്വസിക്കുന്ന കുഞ്ഞമ്പു എന്ന കുട്ടിയുടെ തോക്ക് പ്രേമത്തിന്റെ കഥയാണ് ‘ബിലാത്തിക്കുഴൽ’. വയസ്സായിട്ടും തോക്ക് എന്ന മോഹം മനസ്സിൽ മായാതെ കൊണ്ടുനടക്കുകയാണ് കുഞ്ഞമ്പു. ഒരു തോക്ക് സ്വന്തമാക്കണമെന്ന ആഗ്രഹത്തോടെ ഒരാൾ രണ്ടു കാലഘട്ടങ്ങളിലായി നടത്തുന്ന യാത്രയെ കുറിച്ച് സംസാരിക്കുകയാണ് ‘ബിലാത്തിക്കുഴൽ’.
“കാസർക്കോട്ടെ കാഞ്ഞങ്ങാട്, നീലേശ്വരം എന്നീ സ്ഥലങ്ങളുടെ ഗ്രാമ അന്തരീക്ഷമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഒരു വ്യക്തിയുടെ 12-ാം വയസ്സിലെയും 75-ാം വയസ്സിലെയും കഥയാണ് ‘ബിലാത്തിക്കുഴൽ’ പറയുന്നത്. ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തതും ആ ഗ്രാമ അന്തരീക്ഷം പരിചയമുള്ള ആ പ്രദേശത്തുകാരായ 75 വയസ്സുകാരനായ ബാലേട്ടനും സഞ്ജയ് എന്ന കുട്ടിയുമാണ്. നാടകരംഗത്ത് നിന്നും വന്നവരാണ് ശേഷിക്കുന്ന അഭിനേതാക്കളെല്ലാം”, ചിത്രത്തെ കുറിച്ച് വിനു കോളിച്ചാൽ പറയുന്നു.

വിനുവിന്റെ ‘ബിലാത്തിക്കുഴൽ’, ഉണ്ണികൃഷ്ണൻ ആവളയുടെ ‘ഉടലാഴം’ എന്നിവ ഐഐഎഫ്കെ 2018 ലെ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
IFFK 2018: മത്സര വിഭാഗത്തിലെ മലയാള ചിത്രങ്ങൾ
ബോളിവുഡിന്റെ നേരിട്ടുള്ള ഇടപെടലും സാന്നിധ്യവും കൊണ്ട് ശ്രദ്ധേയമാകുന്ന ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നാണ് മുംബൈ മാമി ഫിലിം ഫെസ്റ്റിവൽ. ഒക്ടോബർ 25 മുതൽ നവംബർ ഒന്ന് വരെയാണ് ഫെസ്റ്റിവൽ.