/indian-express-malayalam/media/media_files/uploads/2019/05/Malayalam-Movie-Swam-directed-by-Shaji-N-Karun-is-the-only-Indian-film-to-enter-the-Cannes-Film-Festival-official-competition-in-the-last-72-years.jpg)
Malayalam Movie Swam directed by Shaji N Karun is the only Indian film to enter the Cannes Film Festival official competition in the last 72 years
ലോകസിനിമയുടെ ഏറ്റവും പ്രൗഢഗംഭീരമായ വേദികളിലൊന്നാണ് കാൻ ഫിലിം ഫെസ്റ്റിവൽ (Festival De Cannes). സിനിമാ മുന്നേറ്റങ്ങള്‍ ഏറെ നടന്നിട്ടുള്ള ഫ്രാന്‍സിലെ കാൻ എന്ന കടലോര പട്ടണത്തിൽ വെച്ച് സംഘടിപ്പിക്കപ്പെടുന്ന മേള സിനിമ എല്ലാ വര്‍ഷവും മേയ് മാസമാണ് നടക്കുക.
ലോകമെമ്പാടും നിന്നുള്ള മികച്ച സിനിമകളും സിനിമാ പ്രവര്‍ത്തകരും പങ്കെടുക്കുന്ന ഈ മേള, മത്സര വിഭാഗം, ഡയറക്ടര്‍സ് ഫോര്‍ട്ട്‌നൈറ്റ്, ക്രിട്ടിക്സ് വീക്ക് എന്നീ മൂന്നു പ്രധാന വിഭാഗങ്ങള്‍ ചേര്‍ന്നതാണ്. മൂന്നിനും ഔദ്യോഗിക തെരഞ്ഞെടുപ്പുകളും പുരസ്കാരങ്ങളുമുണ്ട്.
Cannes 2019: Official Poster Pays Tribute to Agnès Vardaഈ വർഷത്തെ കാൻ ചലച്ചിത്രോത്സവം നടന്നു കൊണ്ടിരിക്കുകയാണ് ഇപ്പോൾ. മേയ് 14 ന് ആരംഭിച്ച ചലച്ചിത്രോത്സവത്തിന് മേയ് 25 നാണ് തിരശ്ശീല വീഴുക. ലോക സിനിമയിലെ എണ്ണം പറഞ്ഞ സിനിമാ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ഈ മേളയില്‍ ഇന്ത്യയുടെയും സാന്നിദ്ധ്യമുണ്ട്. ഇന്ത്യാ പവിലിയന്‍ എന്ന പേരില്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നടത്തുന്ന ഇന്ത്യന്‍ സിനിമയുടെ രാജ്യാന്തര വിപണിയിലേക്കുള്ള പ്രദര്‍ശന-വില്‍പ്പന ഈ വര്‍ഷവും നടക്കുന്നുണ്ട്.
കേന്ദ്ര ഡെലിഗേഷനൊപ്പം കേരളത്തില്‍ നിന്നും സംവിധായകന്‍ ഷാജി എന്‍ കരുണും കാന്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഇക്കൊല്ലം അമ്പതു വര്‍ഷം തികയ്ക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റിവല്‍ ഓഫ് ഇന്ത്യയുടെ (Iffi Goa) മുതിര്‍ന്ന കമ്മിറ്റി അംഗം എന്ന നിലയിലാണ് ഇക്കൊല്ലം ഷാജി കാനില്‍ എത്തുന്നത്.
Cannes 2019: ഇന്ത്യന്‍ ഡെലിഗേഷനൊപ്പം ഷാജി എന്‍ കരുണ്കാനില് എത്തിയ മലയാളത്തിന്റെ 'സ്വം'
ഷാജി എന്‍ കരുണിന്റെ ഈ വര്‍ഷത്തെ കാന്‍ യാത്രയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കാനിലെ വിഖ്യാതമായ മത്സര വിഭാഗത്തില്‍ അദ്ദേഹത്തിന്റെ 'സ്വം' എന്ന ചിത്രം എത്തിയിട്ട് ഇരുപത്തിയഞ്ചു വര്‍ഷം തികയുന്ന സമയം കൂടിയാണിത്. എഴുപത്തിമൂന്ന് വര്‍ഷം പിന്നിടുന്ന കാന്‍ ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലേക്ക് എത്തിയ ഒരേ ഒരു ഇന്ത്യന്‍ ചിത്രമാണ് 'സ്വം' എന്നതും ശ്രദ്ധേയമാണ്.
സാമ്പത്തിക പ്രതിസന്ധികള്‍ ഏറെ കടന്നാണ് ഷാജി എന്‍ കരുണ്‍ 'സ്വം' പൂര്‍ത്തിയാക്കുന്നത്. ഫ്രാൻസിലേക്കുള്ള ടിക്കറ്റ് എടുത്തു കൊടുത്തത് കൂട്ടുകാരന്‍ ജി രാജമോഹന്‍. കാനിലെത്തി ആദ്യ ദിനങ്ങളില്‍ ഒരു ചെറു ഹോട്ടലില്‍ താമസിച്ച അദ്ദേഹം, കാനിന്റെ പേര് കേട്ട റെഡ് കാര്‍പ്പറ്റില്‍ വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ചാണ് എത്തിയത്.
അവിടെ വച്ച് ഇറാനിയന്‍ ചലച്ചിത്രകാരന്‍ അബ്ബാസ് കിരസ്തമി, അമേരിക്കന്‍ ചലച്ചിത്രകാരന്‍ ടരന്റിനോ, മെക്സികന്‍ ചലച്ചിത്രകാരന്‍ ആര്‍തുറോ റിപ്സ്ടീന്‍ എന്നിവരെ പരിചയപ്പെടാന്‍ ഇടയായി. 'സ്വം' മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനു മുന്പ് ഇന്ത്യയുടെ ദേശീയ ഗാനം കേള്‍പ്പിച്ചത് കേട്ട് വികാരാധീനനായി എന്നും അദ്ദേഹം 'ദി ഇക്കണോമിക് ടൈംസിന്' നല്‍കിയ അഭിമുഖത്തില്‍ ഓര്‍ക്കുന്നു.
കാനിലെ ഇന്ത്യന്‍ സാന്നിദ്ധ്യം
ലോകശ്രദ്ധ നേടിയ ഇന്ത്യൻ സിനിമയ്ക്ക് എന്തു കൊണ്ടാണ് കാൻ ഫെസ്റ്റിവൽ പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ എത്തിച്ചേരാൻ കഴിയാത്തത്? കോടികൾ കിലുങ്ങുന്ന ബോക്സ് ഓഫീസ് ചരിത്രങ്ങളുടെയും ബ്രഹ്മാണ്ഡ ചിത്രങ്ങളുടെയും പേരിൽ ശ്രദ്ധ നേടുമ്പോഴും ലോകസിനിമയുമായി മാറ്റുരയ്ക്കാൻ ഇന്ത്യൻ സിനിമയ്ക്ക് കഴിയാതെ പോവുന്നത് എന്ത് കൊണ്ടാണ്? ഇന്ത്യന്‍ എക്സ്‌പ്രസ്സ് മലയാളത്തിനു വേണ്ടി ഈ ചോദ്യങ്ങളെ വിലയിരുത്തുകയാണ് സംവിധായകൻ ഷാജി എൻ കരുൺ.
"സിനിമയെ ലിറ്ററേച്ചറിന്റെ കൾച്ചറൽ ഫോമിലേക്ക് വളരാൻ നമ്മൾ അനുവദിക്കുന്നില്ല എന്നു പറയേണ്ടി വരും. വിയറ്റ്നാം, കമ്പോഡിയ, മലേഷ്യ, ജപ്പാൻ ഒക്കെ സിനിമയെ 'ഒരു വർക്ക് ഓഫ് ആർട്ടാ'യിട്ടാണ് കാണുന്നത്. ആ സിനിമകൾ അതാത് രാജ്യങ്ങളുടെ കോൺട്രിബ്യൂഷനോടു കൂടിയാണ് അവതരിപ്പിക്കപ്പെടുന്നത്. ആ രാജ്യത്തിന്റെ കൾച്ചർ കൂടിയുണ്ട് അതിൽ," അദ്ദേഹം പറയുന്നു.
കാനിന്റെ ഒഫീഷ്യൽ സെലക്ഷനു വേണ്ടി സബ്മിറ്റ് ചെയ്യപ്പെട്ട 1845 ചിത്രങ്ങളില്‍ നിന്നും ഇരുപത്തിയൊന്നു ചിത്രങ്ങളാണ് ഇത്തവണ ഗോൾഡൻ പാമിനു (കാന്‍ മേളയിലെ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം) വേണ്ടി മത്സരിക്കുന്നത്. ഒരു ഇന്ത്യൻ ചിത്രം പോലും ഇത്തവണ കാനിൽ പങ്കെടുക്കുന്നില്ല. കാൻ ജൂറിയിലും ഇന്ത്യയെ പ്രതിനിധീകരിച്ച് ഇക്കുറി ആരുമില്ല. എഴുപത്തിരണ്ട് വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയുടെ ചരിത്രത്തില്‍ തന്നെ വിരലിൽ എണ്ണാവുന്ന ഇന്ത്യന്‍ സിനിമകൾ മാത്രമാണ് ഇതു വരെ പങ്കെടുത്തിട്ടുള്ളത്.
"ലോകസിനിമയെടുത്തു പരിശോധിച്ചാൽ അതിന്റെ ദൃശ്യഭാഷയുടെ വ്യാകരണം, സംസ്കാരം, അതിലടങ്ങിയിരിക്കുന്ന ഫോമുകൾ എല്ലാം വളർന്നു കൊണ്ടിരിക്കുകയാണ് എന്ന് കാണാന്‍ കഴിയും. ഫ്രഞ്ച് സിനിമയിലൊക്കെ ദൃശ്യഭാഷയുടെ ഏരിയയിൽ ഒരുപാട് പരീക്ഷണങ്ങൾ നടത്തി കൊണ്ടിരിക്കുകയാണ്. അക്ഷരങ്ങൾ കണ്ടു പിടിച്ചാലും പോയട്രിയിലേക്ക് എത്താൻ കുറച്ചു സമയമെടുക്കുമല്ലോ. അതു പോലെ വിഷ്വൽ മീഡിയയിലും ഒരു പോയട്രിയുണ്ട്. അത് പെട്ടെന്ന് സാക്ഷാത്കരിക്കാവുന്ന ഒന്നല്ല. അതു മനസ്സിലാക്കി കൊണ്ടുള്ള വളർച്ചയുടെ പാതയിലാണ് ലോകസിനിമ. അത്തരം മാറ്റങ്ങളെ മനസ്സിലാക്കാനുള്ള ഒരു ഫിലോസഫിയാണ് കണ്ടത്തേണ്ടത്," ഷാജി വിശദീകരിച്ചു.
Read More: മലയാള സിനിമയുടെ ചരിത്രം പറയുമ്പോള്‍ അതില്‍ 'സ്വം' ഇല്ല, 'പിറവി'യും 'വാനപ്രസ്ഥവു'മില്ല: ഷാജി എന്‍ കരുണ്‍ അഭിമുഖം
Piravi Film Posterരാമു കാര്യാട്ട് മുതല്‍ മുരളി നായര്‍ വരെ: കാനിലെ മലയാളിത്തിളക്കം
കാനിൽ മലയാള സിനിമയെ പ്രതിനിധീകരിച്ച ചിത്രങ്ങൾ 'ചെമ്മീൻ' (രാമു കാര്യാട്ട്), 'പിറവി', 'സ്വം', 'വാനപ്രസ്ഥം' (മൂന്നും ഷാജി എന്‍ കരുണ്‍), 'മരണ സിംഹാസനം' (മുരളി നായര്‍), 'എലിപ്പത്തായം' (അടൂര്‍ ഗോപാലകൃഷ്ണന്‍) എന്നിവയാണ്. ക്യാമറയില്‍ നിന്നും സംവിധാനത്തിലേക്ക് ചുവടു മാറ്റിയ ഷാജി എന്‍ കരുണിന്റെ ആദ്യചിത്രമായിരുന്നു 'പിറവി'.
'പിറവി'യ്ക്ക് കാനിലെ 'ക്യാമറ ദി ഓര്‍' പ്രത്യേക പരാമർശം ലഭിച്ചു. രണ്ടാമത്തെ ചിത്രമായ 'സ്വം' ആണ് കാൻ ഫിലിം ഫെസ്റ്റിവലിന്റെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍/മലയാള ചലച്ചിത്രം. അദ്ദേഹത്തിന്റെ 'വാനപ്രസ്ഥം' 'അൺ സെർട്ടൈൻ റിഗാർഡ്' സെക്ഷനിലും പ്രദർശിപ്പിക്കപ്പെട്ടിരുന്നു.
"കാനിലൊക്കെ പോയതിന്റെ ഒരു പ്രചോദനം ഉൾകൊണ്ടാണ് ഇവിടെ (കേരള സംസ്ഥാന ചലച്ചിത്ര) അക്കാദമി ഒക്കെ ഉണ്ടാക്കുന്നത്. ഒരു കൾച്ചറൽ സൈഡ് എന്ന രീതിയിലാണ് അതിനെ രൂപീകരിച്ചത്. പക്ഷേ ഇപ്പോൾ അക്കാദമിയുടെ ആക്റ്റിവിറ്റികളും പ്രദർശിപ്പിക്കുന്ന ചിത്രങ്ങളും 'ചലച്ചിത്രോത്സവം' എന്നതിൽ കവിഞ്ഞ് ഒരു അക്കാദമിക് ആക്റ്റിവിറ്റികളിലേക്ക് ഉയരുന്നില്ല. അന്താരാഷ്ട്രതലത്തിൽ വരെ സംഭാവനകൾ നൽകാൻ കഴിയുന്ന രീതിയിലുള്ള അക്കാദമിക് ആക്റ്റിവിറ്റികളാണ് ഉണ്ടാവേണ്ടത്," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1946ൽ ആരംഭിച്ച കാൻ ചലച്ചിത്രോത്സവം ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ ചലച്ചിത്രോത്സവങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. ഒരു വര്‍ഷത്തെ സിനിമാ മികവുകള്‍ മാറ്റുരയ്ക്കുന്ന വേദിയായ കാന്‍ പല ചലച്ചിത്രോത്സവങ്ങളുടെയും റഫറന്‍സ് പോയിന്റ് ആവുക വഴി അന്താരാഷ്ട്ര സിനിമാ വിപണിയേയും വലിയ രീതിയില്‍ സ്വാധീനിക്കുന്നു.
ലോകമെമ്പാടും നിന്നുള്ള സിനിമാ പ്രവര്‍ത്തകര്‍ കാണാനും പങ്കെടുക്കാനും ആഗ്രഹിക്കുന്ന ഒന്നാണ് കാന്‍ ചലച്ചിത്ര മേള. കാൻ പോലുള്ള ഫെസ്റ്റിവലുകളുടെ 'പ്രൊസീജിയർ', അല്ലെങ്കില്‍ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ഇന്ത്യന്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഷാജിയുടെ മറുപടി ഇങ്ങനെ.
"അങ്ങനെയില്ല. കാനിൽ റിജക്റ്റ് ചെയ്യപ്പെട്ട ചിത്രങ്ങളാണ് പലപ്പോഴും ഇവിടെ വന്ന് നാഷണൽ അവാർഡ് വാങ്ങിക്കുന്നത്. അപ്പോൾ ഇവിടുത്തെ ആളുകൾ ബെസ്റ്റ് എന്ന് തെരെഞ്ഞെടുത്തതിനെ എങ്ങനെയാണ് നമ്മൾ മനസ്സിലാക്കേണ്ടത്? ഇതൊക്കെ അപ്പോൾ എന്തിന്റെയോ ട്രാൻസ്ലേഷൻസാണ്.
ഇന്നത്തെ സിനിമകൾക്ക് ലെയേഴ്സ് കുറവാണ്, വെറുമൊരു കൺസ്യൂമർ പ്രൊഡക്റ്റായാണ് നമ്മൾ അതിനെ കൺസീവ് ചെയ്യുന്നുള്ളൂ. ആ മൊമന്റ്, ഫീൽ ഗുഡ് എന്ന ആശയം, അതൊക്കെയാണ് പ്രധാനമാവുന്നത്. കാണുക, അതു കഴിഞ്ഞാൽ മറക്കുക. അതിനപ്പുറം സിനിമയ്ക്ക് ലൈഫ് ഇല്ലാതെ ആവുന്നു. ഓസ്കാർ കിട്ടുന്നതൊന്നും വേൾഡ് സിനിമകളല്ല, അവിടെ മാർക്കറ്റിംഗ് മാത്രമാണ് ഉദ്ദേശം. ഒരു കൊല്ലമേയയുള്ളൂ പലപ്പോഴും അവയുടെ ആയുസ്സ്. അതു കഴിഞ്ഞ് നിലനിൽക്കുന്നില്ല."
Shaji N Karun"സിനിമകൾ വർഷങ്ങൾ കഴിഞ്ഞാലും റെലവന്റായിരിക്കണം. തർക്കോവ്സ്കി, സത്യജിത് റേ പോലുള്ളവരുടെ പടങ്ങൾ നോക്കൂ, എത്ര വർഷങ്ങൾ കഴിഞ്ഞാലും റെലവന്റ് ആണ്. അങ്ങനെ കാലത്തിനെ അതിജീവിക്കുന്ന പടങ്ങൾ ആണ് ഉണ്ടാവേണ്ടത്.
ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, ഫ്രാൻസിലെ സെൻറർ ഫോർ നാഷണൽ സിനിമ - അവിടെയൊക്കെ സിനിമ സംബന്ധിയായ ധാരാളം ആക്റ്റിവിറ്റികൾ നടക്കുന്നുണ്ട്. അവിടെ ഒക്കെ സ്പെയ്സ് കണ്ടെത്താൻ അക്കാദമികൾക്ക് കഴിയണം.
സിനിമയെ കൃത്യമായ രീതിയിൽ ജഡ്ജ് ചെയ്യാനോ പ്രമോട്ട് ചെയ്യാനോ മനസ്സിലാക്കാനോ കഴിവുള്ള, ദീർഘവീക്ഷണമുള്ള ക്രിട്ടിക്കുകൾ നമുക്കില്ല. അക്കാദമികളും അതു കൊണ്ട് നടക്കുന്ന ആൾക്കാരും തീര്‍ത്തും സാമാന്യബുദ്ധിയിൽ ചിന്തിക്കുന്ന ആളുകളാണ്. അവരുടെ തീരുമാനങ്ങളൊക്കെയാണ് പലപ്പോഴും മറ്റൊരു തലത്തിലേക്കുള്ള വളർച്ചയ്ക്ക് തടസ്സമാകുന്നത്."
കാനിന്റെ ഒഫീഷ്യൽ സെലക്ഷനു വേണ്ടി സബ്മിറ്റ് ചെയ്യപ്പെട്ട 1845 ചിത്രങ്ങളില്‍ നിന്നും ഇരുപത്തിയൊന്നു ചിത്രങ്ങളാണ് ഇത്തവണ ഗോൾഡൻ പാമിനു (കാന്‍ മേളയിലെ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം) വേണ്ടി മത്സരിക്കുന്നത്. അന്തരിച്ച ഫ്രഞ്ച് സംവിധായിക ആഗ്നസ് വർദയ്ക്ക് കാൻ ചലച്ചിത്രമേളയുടെ വേദിയിൽ ആദരവ് അർപ്പിക്കും.
അലെയാന്ദ്രോ ഗോൺസാലെസ് ഇനാരിറ്റു ആണ് ഇത്തവണത്തെ ജൂറി പ്രസിഡന്റ്. മികച്ച സംവിധായകനുള്ള ഓസ്കാർ പുരസ്കാരങ്ങൾ രണ്ടു തവണ കരസ്ഥമാക്കിയ മെക്സിക്കൻ സംവിധായകനാണ് അലെയാന്ദ്രോ. ഇതാദ്യമായാണ് കാൻ ഫെസ്റ്റിവലിന്റെ ജൂറി തലപ്പത്ത് ഒരു മെക്സിക്കൻ എത്തുന്നത്.
"അന്താരാഷ്ട്ര തലത്തിലുള്ള വിദഗ്ധരെ കാണാനും സംസാരിക്കാനും സിനിമയുടെ വളർച്ചയെ അടുത്തറിയാനും അപ്ഡേറ്റ് ചെയ്യാനുമുള്ള ഒരു അവസരമായാണ് കാന്‍. എന്നെ സംബന്ധിച്ച് ആ അറിവുകളും അനുഭവങ്ങളും അടുത്തറിഞ്ഞ് മനസ്സിലാക്കുന്നത് ഒരനുഗ്രഹമായാണ് കാണുന്നത്," ഷാജി എൻ കരുൺ പറഞ്ഞു നിർത്തി.
Read More: Cannes 2019: കാല്‍പ്പന്തും വിവാദങ്ങളും; മറഡോണയുടെ ജീവിതം കാനിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us