വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ക്യാംപസിന്റെ പശ്ചാത്തലത്തിൽ ഹാസ്യത്തിന് പ്രാധാന്യം നൽകിയൊരുങ്ങുന്ന ‘സകലകലാശാല’ യുടെ റിലീസ് തീയതി മാറ്റി. ചിത്രം ജനുവരി നാലിന് റിലീസിനെത്തും എന്നായിരുന്നു മുൻപ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ജനുവരി എട്ട്, ഒമ്പത് തീയതികളിലായി നടക്കുന്ന രാജ്യവ്യാപക തൊഴിലാളി യൂണിയൻ പണിമുടക്ക് കാരണം റിലീസ്സ് മാറ്റിവെച്ചതായി അണിയറപ്രവർത്തകർ അറിയിക്കുന്നു. പുതിയ റിലീസിംഗ് തീയതി ഉടനെ അറിയിക്കുമെന്നും അണയറക്കാർ കൂട്ടിച്ചേർത്തു.

സംവിധായകനായ വിനോദ് ഗുരുവായൂരിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ‘ബഡായിബംഗ്ലാവ്’ എന്ന ടെലിവിഷൻ പ്രോഗ്രാമിന്റെ രചയിതാക്കളായ ജയരാജ് സെഞ്ചുറിയും മുരളി ഗിന്നസും ചേർന്നാണ്. നിരഞ്ജൻ, മാനസ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ ധര്‍മജന്‍ ബോള്‍ഗാട്ടി, ഷമ്മി തിലകൻ, ടിനി ടോം, ഹരീഷ് പെരുമണ്ണ, നിര്‍മ്മല്‍ പാലാഴി, സുഹൈദ് കുക്കു എന്നിവരും അഭിനയിക്കുന്നുണ്ട്. മനോജ് പിള്ളയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. മൂത്തേടൻ ഫിലിംസിന്റെ ബാനറിൽ ഷാജി മൂത്തേടൻ ആണ് ചിത്രം നിർമ്മിക്കുന്നത്.

ക്യാമ്പസിന്റെ പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രത്തിലെ ഭൂരിഭാഗം സീനുകളും ചെങ്ങന്നൂർ സെന്റ് തോമസ് എഞ്ചിനീയറിംഗ് കോളെജിലാണ് ചിത്രീകരികരിച്ചത്. ചിത്രത്തിലെ റിലീസായ ഗാനങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഹരി നാരായണന്റെ വരികൾക്കക് എബി
ടോം സിറിയക് സംഗീതം നൽകി കീർത്തൻ ബെർണിയും പ്രിയ ജേഴ്സണും ആലപിച്ച ‘വമ്പു വേണ്ട….’, ധർമജൻ ആലപിച്ച ‘പണ്ടാരകാലൻ മത്തായി’ തുടങ്ങിയ ഗാനങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook