Latest News

എട്ട് മലയാളചിത്രങ്ങൾ നാളെ തിയേറ്ററുകളിലേക്ക്

‘ഓട്ടർഷ’, ‘369’, ‘പാപ്പാസ്’, ‘ഒറ്റയ്‌ക്കൊരു കാമുകൻ’, ‘കോണ്ടസ്സ’, ‘മാധവീയം’, ‘സമക്ഷം’, ‘ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ’ എന്നിവയാണ് നാളെ റിലീസിനെത്തുന്നത്

ചെറുതും വലുതുമായ എട്ടു മലയാള ചിത്രങ്ങളാണ് നവംബർ 23 ന് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തുന്നത്. സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ‘ഓട്ടർഷ’, ജെഫിൻ ജോയുടെ ‘369’, നവാഗതനായ സമ്പത്ത് സംവിധാനം ചെയ്യുന്ന ‘പാപ്പാസ്’, ഇരട്ട സംവിധായകരായ അജിൻലാൽ- ജയൻ വന്നേരി ടീമിന്റെ ‘ഒറ്റയ്‌ക്കൊരു കാമുകൻ’, ഇ എസ് സുധീപിന്റെ ‘കോണ്ടസ്സ’, തേജസ് പെരുമണ്ണയുടെ ‘മാധവീയം’, അജു കെ നാരായണനും അൻവർ അബ്ദുള്ളയും ചേർന്നൊരുക്കുന്ന ‘സമക്ഷം’, രാജീവ് ബാലകൃഷ്ണന്റെ ‘ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ’ എന്നിവയാണ് നാളെ റിലീസിനെത്തുന്ന ചിത്രങ്ങൾ.

‘ജെയിംസ് ആന്റ് ആലീസി’ന് ശേഷം ഛായാഗ്രാഹകൻ കൂടിയായ സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ‘ഓട്ടർഷ’യിൽ അനുശ്രീയാണ് നായിക. ഓട്ടോ ഡ്രൈവറായ അനിത എന്ന കഥാപാത്രത്തെയാണ് അനുശ്രീ അവതരിപ്പിക്കുന്നത്. ഓട്ടോറിക്ഷയിലെ യാത്രക്കാരായ സാധാരണക്കാരുടെ കഥ പറയുന്ന സിനിമയിൽ സാധാരണക്കാരനായ ഒരാളുടെ നിത്യജീവിതത്തില്‍ ഉണ്ടാകുന്ന തമാശകളും സംഭവങ്ങളുമൊക്കെയാണ് പറയുന്നത്. ചിത്രം റിലീസ് ചെയ്യുന്നത് ലാൽജോസിന്റെ എൽജെ ഫിലിംസ് ആണ്. ‘മറിമായം എന്ന’ ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട ജയരാജ് മിത്രയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

369

ജെഫിന്‍ ജോയ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘369’ ൽ ‘ലിവിംഗ് ടുഗെദര്‍’, ‘ഡോക്ടര്‍ ലവ്’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹേമന്ദ് മേനോനും മിയാശ്രീയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന സിനിമയാണ് ‘369’. മാഗ്നെറ്റ് മൂവീസ് ആന്റ് റൈറ്റ് ആംഗിള്‍ പിക്‌ചേ‌ഴ്‌സിന്റെ ബാനറില്‍ ഫാത്തിമ മേരിയും എബിന്‍ ബേബിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ബെന്‍ സെബാസ്റ്റ്യന്‍, ഗായകന്‍ പ്രദീപ് ബാബു, ആഷിലി ഐസക്ക്, സാദിക വേണുഗോപാല്‍, ഇഷാ ഖുറേശി, അംബികാ മോഹന്‍ എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനില്‍ ഈശ്വറാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.

പാപ്പാസ്

നവാഗതനായ സമ്പത്ത് സംവിധാനം ചെയ്യുന്ന ‘പാപ്പാസ്’ എന്ന ചിത്രത്തിൽ ലോന എന്നു വിളിപ്പേരുള്ള ലോനപ്പൻ എന്ന കുട്ടിയും അവന്റെ തേഞ്ഞു പഴകിച്ച ചെരുപ്പും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് പറയുന്നത്. റഷീദ് റാഷി ഛായാഗ്രഹണവും പ്രവീൺ പ്രഭാകർ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. സന്തോഷ് കല്ലാട്ടിന്റെയാണ് തിരക്കഥ.

രാമലീല പ്രൊഡക്ഷൻസ്, കലാസ്നേഹികൾ എന്നിവയുടെ സഹകരണത്തോടെ നിർമ്മിക്കുന്ന ചിത്രത്തിൽ മാസ്റ്റർ ജ്യോതിസ്, റഷീദ് നസീർ, പാർവതി, ബിജു ജേക്കബ് , വിഷ്ണു, ചന്ദ്രൻ പട്ടാമ്പി, ശിവ, ജയരാജ് മിത്ര, മിഥുൻ എം ദാസ്, ബേബി വിശ്രുത വിജയകുമാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. റഫീക്ക് അഹമ്മദിന്റെയും കൈതപ്രത്തിന്റെയും വരികൾക്ക് ഡോ. ഗോപാൽ ശങ്കർ സംഗീതം നൽകിയിരിക്കുന്നു.

ഒറ്റയ്‌ക്കൊരു കാമുകൻ

അജിൻലാലും ജയൻ വന്നെരിയും ചേർന്ന് സംവിധാനം നിർവ്വഹിച്ച ‘ഒറ്റയ്‌ക്കൊരു കാമുകൻ’ ഒരു പ്രണയചിത്രമാണ്. എസ് കെ സുധീഷും ശ്രീഷ് കുമാർ എസും ചേർന്നാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ജോജു, അഭിരാമി, ഭഗത് മാനുവൽ, വിജയരാഘവൻ, കലാഭവൻ ഷാജോൺ, ഷൈൻ ടോം ചാക്കോ, ഷഹീൻ സിദ്ദിഖ്, ശാലു റഹിം, ലിജോമോൾ ജോസ്, ഡെയ്ൻ ഡേവിസ് , ബാലചന്ദ്രൻ ചുള്ളിക്കാട്, ചെമ്പിൽ അശോകൻ, മനു എം ലാൽ, ടോഷ് ക്രിസ്‌റ്റി, ശ്രീജിത്ത് കൊട്ടാരക്കര, സഞ്‌ജയ്‌ പാൽ, അരുന്ധതി നായർ, നിമ്മി ഇമ്മാനുവേൽ, മീര നായർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.

സഞ്‌ജയ്‌ ഹാരിസ് ഛായാഗ്രഹണവും സനൽ രാജ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. സംഗീതവും പശ്ചാത്തല സംഗീതവും ചിട്ടപ്പെടുത്തിയിരിക്കുന്നത് വിഷ്ണു മോഹൻ സിത്താരയാണ്.

കോണ്ടസ

അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ അപ്പാനി ശരത് നായകനാകുന്ന ചിത്രമാണ് ‘കോണ്ടസ’. സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആയ ഇ.എസ്.സുധീപാണ് ചിത്രത്തിന്റെ സംവിധായകൻ. ഫോട്ടോഗ്രാഫറായ സുധീപ് നിരവധിയേറെ പരസ്യചിത്രങ്ങളും പൊലീസ്, എക്സൈസ് വകുപ്പുകള്‍ക്ക് വേണ്ടി ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. മമ്മൂട്ടി നായകനായ ‘മംഗ്ലീഷി’ന്റെ രചന നിര്‍വഹിച്ചിരിക്കുന്ന റിയാസാണ് ‘കോണ്ടസ’യുടെ തിരക്കഥയൊരുക്കുന്നത്. മനു, സുനില്‍ സുഖദ, മേഘനാഥന്‍ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്. പിപ്പി ക്രിയേറ്റീവ് വര്‍ക്ക്‌സ് (പ്രൈ) ലിമിറ്റഡിന്റെ ബാനറില്‍ സുബാഷ് പിപ്പി നിര്‍മ്മിക്കുന്ന കോണ്ടസയുടെ ഛായാഗ്രഹണം നിര്‍വഹിച്ചത് അന്‍സര്‍ ത്വയ്ബ് ആണ്.

മാധവീയം

വിനീതും പുതുമുഖ നായിക പ്രണയയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘മാധവീയം’. തേജസ് പെരുമണ്ണ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് നന്ദന മുദ്ര ഫിലിംസിന്റെ ബാനറിൽ എസ് കുമാറാണ്. തേജസ് പെരുമണ്ണയും സുധിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മാധവ് ദേവ് എന്ന ചിത്രകാരനായാണ് വിനീത് എത്തുന്നത്. ബാബു നമ്പൂതിരി, മാമുക്കോയ, വിനോദ് കോവൂർ, സിവി ദേവ്, ഗീതാവിജയൻ, ലളിതശ്രീ, അംബിക മോഹൻ, എന്നിവർ അഭിനയിക്കുന്നു. വി അരവിന്ദാണ് ഛായാഗ്രാഹകൻ. അശ്വകുമാർ, സുധി എന്നിവരുടെ വരികൾക്ക് സുധി തന്നെയാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. കപിൽ ഗോപാലകൃഷ്ണനാണ് എഡിറ്റർ.

സമക്ഷം

അജു കെ നാരായണനും അൻവർ അബ്ദുള്ളയും ചേർന്ന് സംവിധാനം ചെയ്ത ‘സമക്ഷം’ എന്ന ചിത്രത്തിൽ കൈലേഷ് ആണ് നായകൻ. സംവിധായകരായ അജുവും അൻവറും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ബിനു കുര്യൻ ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിംഗും നിർവ്വഹിച്ച ചിത്രം നിർമ്മിച്ചിരിക്കുന്നത് എം ആർ ഉണ്ണിയാണ്. കോട്ടയം ജില്ലയെ ജൈവ സാക്ഷരതയിൽ എത്തിക്കുന്നതിനായി ജൈവം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച സിനിമയാണ് ‘സമക്ഷം’. സുദാംശുവിന്റെ വരികൾക്ക് എബി സാൽവിൻ തോമസ് സംഗീതം നിർവ്വഹിച്ചിരിക്കുന്നു. ഗായത്രീ കൃഷ്ണയാണ് നായിക.

ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ

സംവിധായകൻ രഞ്ജിത്തിന്റെ സഹോദരനായ രാജീവ് ബാലകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ’. സംവിധായകന്റെ മരണശേഷമാണ് ചിത്രം റിലീസിനെത്തുന്നത്. ഹൃദയസ്തംഭനംമൂലം കഴിഞ്ഞവര്‍ഷമാണ് രാജീവ് ബാലകൃഷ്ണന്‍ അന്തരിച്ചത്.

പുതുമുഖങ്ങളായ സുഹൈൽ, മിഥുന എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ദേവൻ, ജാഫർ ഇടുക്കി, കോട്ടയം നസീർ, കലിംഗ ശശി, തെസ്‌നി ഖാൻ, ഗീതാ വിജയൻ, അംബികാ മോഹൻ, കുളപ്പുള്ളി ലീല, കനകലത, അർച്ചന, നാരായണൻകുട്ടി, ഡിജോ വട്ടോളി, വിനോദ് ഐസക്ക്, മണികണ്ഠൻ, ശെൽവരാജ് തൊലിക്കോട്, സുദർശൻ ആലപ്പുഴ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡിവൈൻ ഫിലിംസിന്റെ ബാനറിൽ വിനോദ് ഐസക് പ്ലാക്കണ്ടിയും റഷീദ് വയനാടും ചേർന്ന് നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് സുഭാഷ് എആർ ആണ്. ശെൽവരാജ് തൊലിക്കോടിന്റെ കഥയ്ക്ക് ചലച്ചിത്രഭാഷ്യമേകിയത് ചിത്രൻ വെളള്ളാഞ്ചിറയാണ്. തമലം തങ്കപ്പന്റെ വരികൾക്ക് ജെകെ ഹരീഷ് മണി സംഗീതം നൽകി. സാജൻ പീറ്റർ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Malayalam movie new release contessa 369 ottorsha

Next Story
സ്വവര്‍ഗാനുരാഗവും മലയാള സിനിമയുംlesbian, malayalam, movies
The moderation of comments is automated and not cleared manually by malayalam.indianexpress.com