മലയാളത്തില്‍നിന്നും തമിഴ് സിനിമാലോകത്തേക്ക് നായികമാര്‍ ചേക്കേറുന്നത് പുതുമയല്ല. ഇത്തരത്തില്‍ തമിഴകത്തെത്തി തമിഴ് മക്കളുടെ മനം കവര്‍ന്ന ഒട്ടേറെ നടിമാരുണ്ട്. ഇക്കൂട്ടത്തിലേക്ക് ഇതാ മറ്റൊരു നായിക കൂടി. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ജിംസി എന്ന കഥാപാത്രത്തിലൂടെ മലയാളി മനസ്സില്‍ ഇടംനേടിയ നടി അപര്‍ണ ബാലമുരളി. മറ്റു നടിമാരുടെ പാത പിന്തുടര്‍ന്ന് അപര്‍ണയും തമിഴകത്ത് എത്തിയിരിക്കുന്നു. ഒന്നല്ല രണ്ടു ചിത്രങ്ങളിലാണ് അപര്‍ണ ഇപ്പോള്‍ അഭിനയിക്കുന്നത്. അപര്‍ണയുടെ വിശേഷങ്ങളിലേക്ക്…
പുതിയ തമിഴ് ചിത്രങ്ങൾ ?
രണ്ടു ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 8 തോട്ടകള്‍ എന്ന ചിത്രമാണ് ഒന്നാമത്തേത്. ഇതൊരു ക്രൈം തില്ലര്‍ ചിത്രമാണ്. ജേര്‍ണലിസ്റ്റായിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്. വളരെ ബോള്‍ഡായ കഥാപാത്രമാണ് നായകനോടൊപ്പം അടുത്ത് നില്‍ക്കുന്ന കഥാപാത്രമാണ്. മറ്റൊന്ന് ഒരു കൊമേഴ്‌സ്യല്‍ ചിത്രമാണ്. അതിന്റെ പേര് ഇട്ടിട്ടില്ല. അതില്‍ ഒരു ഗ്രാമീണ പെണ്‍കുട്ടിയായിട്ടാണ് അഭിനയിക്കുന്നത്.
തമിഴ് സംസാരിക്കാന്‍ നേരത്തെ അറിയാമായിരുന്നോ ?
ഇല്ല. ഷൂട്ടിങ് തുടങ്ങിയപ്പോള്‍ വളരെ ബുദ്ധിമുട്ടായിരുന്നു ഭാഷ മനസ്സിലാക്കാന്‍. പിന്നെ കുറേ നാള്‍ കഴിഞ്ഞപ്പോള്‍ ഓക്കെ ആയി. ഇപ്പോള്‍ പ്രശ്‌നമില്ല.
മലയാളത്തില്‍നിന്നും തമിഴ് സിനിമയിലേക്ക് എത്തിയപ്പോഴുള്ള അനുഭവം ?
മഹേഷിന്റെ പ്രതികാരം ചിത്രം കണ്ടിട്ടാണ് 8 തോട്ടകള്‍ ചിത്രത്തിലേക്ക് സംവിധായകന്‍ എന്നെ തിരഞ്ഞെടുത്ത്. ആദ്യം ചെറിയൊരു ടെന്‍ഷന്‍ ഉണ്ടായിരുന്നു. പിന്നെ സെറ്റിലെല്ലാവരും നല്ല അടുപ്പമാണ്. അഭിനയിച്ചു തുടങ്ങിയപ്പോള്‍ പ്രശ്‌നമൊന്നുമില്ല.
പുതിയ മലയാള ചിത്രങ്ങള്‍ ?
സര്‍വോപരി പാലാക്കാരന്‍ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞു. അനൂപ് മേനോനാണ് അതില്‍ നായകന്‍. ഇപ്പോള്‍ തൃശ്ശിവപേരൂര്‍ ക്ലിപ്തം എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ആസിഫ് അലിയാണ് അതിലെ നായകന്‍.
തൃശ്ശിവപേരൂര്‍ ക്ലിപ്തത്തില്‍ ഓട്ടോ ഡ്രൈവറായിട്ടാണ് അപര്‍ണ അഭിനയിക്കുന്നത്. ശരിക്കും അപര്‍ണയാണോ അതില്‍ ഓട്ടോ ഓടിച്ചത് ?
ഞാന്‍ തന്നെയാണ് അതില്‍ ഓട്ടോ ഓടിക്കുന്നത്. സിനിമയുടെ കഥ പറഞ്ഞപ്പോള്‍ തന്നെ സംവിധായകന്‍ രതീഷേട്ടന്‍ ഓട്ടോ ഓടിക്കാന്‍ പഠിക്കണമെന്നു പറഞ്ഞു. അദ്ദേഹത്തിന് അതു നിര്‍ബന്ധമായിരുന്നു. അങ്ങനെയാണ് ഓട്ടോ ഓടിക്കാന്‍ പഠിച്ചത്.
ആസിഫ് അലിയുമായിട്ടുള്ള ആദ്യ ചിത്രം. ആസിഫിനെക്കുറിച്ച് എന്താണ് പറയാനുള്ളത് ?
ആള്‍ ഭയങ്കര കൂളാണ്. നല്ല സഹായിയാണ്. ഞാന്‍ ആദ്യമായിട്ടാണ് അഭിനയിക്കുന്നത് എന്നൊന്നും തോന്നിയില്ല. പിന്നെ സൈറ്റില്‍ എല്ലാവരും നല്ല അടുപ്പമാണ്. ചിലപ്പോള്‍ സെറ്റില്‍ ഞാന്‍ മാത്രമായിരിക്കും പെണ്‍കുട്ടിയായിട്ട് ഉണ്ടാവുക. അപ്പോഴൊന്നും ഞാന്‍ ഒറ്റയ്ക്കാണെന്ന തോന്നല്‍ ഉണ്ടായിട്ടില്ല. എല്ലാവരും അത്രയ്ക്ക് പിന്തുണയാണ് നല്‍കുന്നത്.
ഈ ചിത്രത്തില്‍ മുഴുവന്‍ തൃശ്ശൂര്‍ ഭാഷയാണ്. അപര്‍ണ തൃശ്ശൂര്‍ക്കാരിയായതുകൊണ്ട് ഭാഷ പറയാന്‍ ബുദ്ധിമുട്ടി കാണില്ലല്ലോ ?
തൃശ്ശൂര്‍കാരിയായതിനാല്‍ കൂടിയാണ് സംവിധായകന്‍ എന്ന ഈ ചിത്രത്തിലേക്ക് വിളിച്ചത്. എന്നാല്‍ എനിക്കാണെങ്കില്‍ തൃശ്ശൂര്‍ ഭാഷ ഒട്ടും വഴങ്ങില്ല. മറ്റേതു ഭാഷയും ഞാന്‍ ഈസിയായി കൈകാര്യം ചെയ്യും. പക്ഷേ തൃശ്ശൂര്‍ ഭാഷ കിട്ടില്ല.ഡയലോഗ് ഒക്കെ പറയാന്‍ ആദ്യം ഭയങ്കര ബുദ്ധിമുട്ടായിരുന്നു. പിന്നെ സുഹൃത്തുക്കളോടൊക്കെ തൃശ്ശൂര്‍ ഭാഷ സംസാരിക്കാന്‍ തുടങ്ങി. ഇപ്പോള്‍ ശരിയായി.
കഥാപാത്രം നോക്കിയിട്ടാണോ ചിത്രം തിരഞ്ഞെടുക്കുന്നത് ?
തീര്‍ച്ചയായും. ഞാന്‍ ഏതു ചിത്രത്തില്‍ അഭിനയിച്ചാലും അതിലെ കഥാപാത്രം ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. വെറുതെ വന്നുപോകുന്ന കഥാപാത്രമാവരുത്. അതിപ്പോള്‍ നായികയാവണമെന്നു നിര്‍ബന്ധമില്ല. ജനങ്ങളുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന കഥാപാത്രമാണെങ്കില്‍ ചെയ്യും.
നായികയായി മാത്രം തുടരില്ല എന്നാണോ ?
അതെ. കഥാപാത്രം നല്ലതാണെങ്കില്‍ ഏതു ചെറിയ വേഷവും ചെയ്യും. അതിപ്പോള്‍ സഹനടിയാവാം നായികയാവാം. ജനങ്ങള്‍ എന്റെ കഥാപാത്രത്തെ സ്വീകരിക്കണം എന്ന ഒറ്റ നിര്‍ബന്ധമേയുള്ളൂ.
മഹേഷിന്റെ പ്രതികാരത്തില്‍ നായിക മാത്രമല്ല ഗായിക കൂടിയായി. പുതിയ മലയാള ചിത്രത്തില്‍ അപര്‍ണയുടെ പാട്ടുണ്ടോ ?
ഏയ് ഇല്ല. മഹേഷിന്റെ പ്രതികാരത്തില്‍ സംവിധായകനു പെട്ടെന്നു തോന്നിയ ഐഡിയ ആയിരുന്നു എന്നെക്കൊണ്ട് പാട്ട് പാടിപ്പിക്കുക എന്നത്. സെറ്റില്‍ ഞാന്‍ ഇടയ്ക്കിടയ്ക്ക് ചെറിയ രീതിയില്‍ പാട്ടൊക്കെ പാടുമായിരുന്നു. ഇതു കേട്ടിട്ടാണ് ദിലീഷേട്ടന്‍ എന്നെക്കൊണ്ട് പാടിപ്പിച്ചത്. ഞാന്‍ ഒന്നു ശ്രമിച്ചുനോക്കാമെന്നു വിചാരിച്ച് പാടിയതാ. പക്ഷേ സിനിമയില്‍ എന്റെ ശബ്ദത്തില്‍തന്നെ ആ പാട്ട് വന്നു.
ഷൂട്ടിങ് പഠിത്തത്തെ ബാധിക്കുന്നുണ്ടോ ?
ചെറുതായിട്ട്. അധ്യാപകരും സുഹൃത്തുക്കളും നല്ല പിന്തുണയാണ് നല്‍കുന്നത്. പിന്നെ ആര്‍ക്കിടെക്ചര്‍ ആവുകയെന്നത് എന്റെ സ്വപ്നമാണ്. സിനിമയില്‍ വന്നിട്ടും അതില്‍ മാറ്റമുണ്ടായിട്ടില്ല. അതിനാല്‍തന്നെ പഠിത്തം പൂര്‍ത്തിയാക്കും.
മലയാളത്തില്‍ നിന്നും ഇപ്പോള്‍ തമിഴിലെത്തി. അടുത്തിനി തെലുങ്കിലേക്കാണോ ?
നല്ല വേഷം കിട്ടിയാല്‍ തെലുങ്കിലും ചെയ്യും. അതിനിപ്പോള്‍ ഭാഷ പ്രശ്‌നമല്ല.