താരങ്ങളുടെ കുട്ടിക്കാലചിത്രങ്ങളും വിശേഷങ്ങളുമൊക്കെ അറിയാൻ പ്രേക്ഷകർക്ക് എന്നും താൽപ്പര്യമാണ്. നടൻ കൃഷ്ണകുമാർ പങ്കുവച്ച ഒരു ഓർമ്മകുറിപ്പും ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. സുരേഷ് ഗോപിയും കുടുംബവുമായുള്ള വർഷങ്ങൾ പഴക്കമുള്ള സൗഹൃദത്തെ കുറിച്ചാണ് കൃഷ്ണകുമാറിന്റെ കുറിപ്പ്.
ഒപ്പം രണ്ടുപേരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളും കൃഷ്ണകുമാർ പങ്കുവച്ചിട്ടുണ്ട്. കൃഷ്ണകുമാറിന്റെ മക്കളായ അഹാന, ദിയ, ഇഷാനി എന്നിവരും സുരേഷ് ഗോപിയുടെ മക്കളായ ഗോകുൽ, ഭാവ്നി, ഭാഗ്യ, മാധവ് എന്നിവരും ഒന്നിച്ചുള്ള ഒരു ചിത്രവും കൃഷ്ണകുമാർ ഷെയർ ചെയ്തിട്ടുണ്ട്. ഈ യുവതാരങ്ങൾ ഒന്നിച്ചുള്ള ചിത്രം ഇതിനകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അച്ഛന്മാരുടെ വഴിയെ അഭിനയത്തിലേക്ക് എത്തിയവരാണ് ഗോകുൽ സുരേഷും അഹാന കൃഷ്ണയും.

Read more: ഈ നാട്ടിലെ പൊളിറ്റിക്‌സ് എനിക്കിഷ്ടമല്ല: ഗോകുൽ സുരേഷ്
‘സുരേഷ് ഗോപിയും, ഡൽഹിയും പിന്നെ ഞാനും’ എന്ന തലക്കെട്ടോടെയാണ് കൃഷ്ണകുമാർ സുരേഷ് ഗോപിയുമായുള്ള ബന്ധത്തെകുറിച്ച് കുറിച്ചിരിക്കുന്നത്.
” ഡൽഹി എനിക്ക് വളരെ ഇഷ്ടപ്പെട്ട സ്ഥലവും ധാരാളം സുന്ദര ഓർമ്മകൾ സമ്മാനിച്ച ഇടവുമാണ്. 1983 ൽ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാനായിട്ടാണ് ഡൽഹിയിൽ ആദ്യമായി എത്തുന്നത്. വിജയ് ചൗക് മുതൽ ഇന്ത്യ ഗേറ്റ് വരെ ആണ് മാർച്ചിങ്. അത് കഴിഞ്ഞു ഇരുവശത്തുമുള്ള പുൽത്തകിടിയിൽ ഇരുന്നു ഭക്ഷണം.”
“ഒരു വർഷം കഴിഞ്ഞു 1984ൽ പാരജബ്ബിംഗിനായി ആഗ്രയിൽ പോകും വഴി ഡൽഹിയിൽ. പിന്നീട് 1993 ൽ തണുപ്പുള്ള ഡിസംബർ മാസം വീണ്ടും ഡൽഹിയിലെത്തി. അന്നാണ് ആദ്യമായി സുരേഷ് ചേട്ടനെ കാണുന്നതും പരിചയപെടുന്നതും. ഡൽഹിയിൽ ‘കാഷ്മീരം’ സിനിമയുടെ ലൊക്കേഷനിൽ പോകാനിറങ്ങുമ്പോൾ രഞ്ജിത് ഹോട്ടലിന്റെ പടികളിൽ വെച്ച്. 6 അടി 3 ഇഞ്ച് ഉയരമുള്ള ആ സുന്ദര സൂപ്പർ സ്റ്റാർ മുന്നിൽ നിൽക്കുന്നു. ചെറു ചിരിയോടെ ചോദിച്ചു “ആദ്യ സിനിമയല്ലേ, കലക്കണം. ടീവിയിൽ കണ്ടിട്ടുണ്ട്. ഓൾ ദി ബെസ്റ്റ്,” അനുഗ്രഹങ്ങളും അഭിനന്ദനങ്ങളും ആവോളം തന്നു ചേട്ടൻ നടന്നു നീങ്ങി.”
“സുരേഷ് ചേട്ടനും ഞാനും തിരുവനന്തപുരത്തു വളരെ അടുത്താണ് താമസം. മക്കൾ ചെറുതായിരിക്കുമ്പോൾ ബർത്ത്ഡേ പാർട്ടികൾക്കു ഒത്തു കൂടും. രാധികയും സിന്ധുവുമൊക്കെ കാണാറുണ്ട്. എന്നാൽ സുരേഷേട്ടനെ ഞാൻ കൂടുതലും കണ്ടിരിക്കുന്നത് (സിനിമ സെറ്റിലല്ലാതെ) ഡൽഹിയിലാണ്. സുരേഷേട്ടൻ നായകനായ ‘ഗംഗോത്രി’യുടെ ഷൂട്ടിംഗിനായി ഡൽഹിയിൽ വെച്ച് വീണ്ടും ഒത്തു കൂടി. ‘സലാം കാഷ്മീറി’നായി പോകുമ്പോഴും ഡൽഹി എയർപോർട്ടിൽ കണ്ടുമുട്ടി, അവിടുന്ന് ശ്രീനഗറിലേക്ക് ഒരുമിച്ചായിരുന്നു യാത്ര. ഒപ്പം സംവിധായകൻ ശ്രീ ജോഷിയും.”
“കാലങ്ങൾ കടന്നു പോയി. സുരേഷേട്ടൻ എംപി ആയി. സ്വർണജയന്തി സദനിൽ താമസമാക്കിയ സമയം ഞാൻ രാജസ്ഥാനിൽ മേജർ രവി – മോഹൻലാൽ ചിത്രമായ 1971 ന്റെ ഷൂട്ടിംഗിനായി രാജസ്ഥാനിൽ പോകും വഴി സുരേഷ് ചേട്ടന്റെ ഡൽഹിയിലെ ഫ്ലാറ്റിൽ താമസിച്ചിട്ടാണ് പോയത്. ഇറങ്ങുമ്പോൾ പറഞ്ഞു തിരിച്ചു കേരളത്തിലേക്കു പോകുമ്പോൾ സമയമുണ്ടെങ്കിൽ ഇത് വഴി വന്നു ഇവിടെ തങ്ങീട്ടു പോകാം. അങ്ങനെ സംഭവിച്ചു. തിരിച്ചു വന്നപ്പോൾ അവിടെ താമസിച്ചിട്ടാണ് മടങ്ങിയത്.”
“വീണ്ടും നാളുകൾക്കു ശേഷം, ഇന്നലെ സുരേഷ് ചേട്ടൻ വിളിച്ചു. “എടാ നീ ഡൽഹിയിലുണ്ടോ. ഉണ്ടെങ്കിൽ ഇങ്ങു വാ”. അങ്ങനെ വീണ്ടും ഡൽഹിയിൽ വെച്ച് വീണ്ടും ഒരു കണ്ടുമുട്ടൽ. കുറെ അധികം സംസാരിച്ചു. പഴയ കഥകൾ പറഞ്ഞു ഒരുപാട് ചിരിച്ചു. ഇറങ്ങുമ്പോൾ ചോദിച്ചു “നീ ഇനി എന്നാ ഡൽഹിക്ക്?” എന്റെ മനസ്സിൽ അപ്പോൾ ഒരു ചോദ്യം വന്നു. ശെടാ.. തിരുവനന്തപുരത്തു വെച്ച് എപ്പോ കാണാം എന്ന്, എന്ത് കൊണ്ട് ചോദിച്ചില്ല? എന്താണോ എന്തോ..! തിരോന്തോരം ഭാഷയിൽ പറഞ്ഞാൽ എന്തരോ എന്തോ… ഹാ ഡൽഹിയെങ്കിൽ ഡൽഹി.. എവിടെ ആയാലെന്താ കണ്ടാൽ പോരെ?” കൃഷ്ണകുമാർ കുറിക്കുന്നു.
Read more: അമ്മ വീണ്ടും ഗർഭിണിയായപ്പോൾ കൂട്ടുകാർ കളിയാക്കുമെന്ന് പേടിച്ചിരുന്നു: അഹാന കൃഷ്ണ