താരങ്ങളുടെ പഴയകാല ചിത്രങ്ങൾ എന്നും കൗതുകമുണർത്തുന്നതാണ്. ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന അത്തരമൊരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയാണ് ചിത്രത്തിൽ. മമ്മൂട്ടി മഞ്ചേരി കോടതിയിൽ അഭിഭാഷകനായി ജോലി ചെയ്യുന്ന കാലത്തു നിന്നുള്ളതാണ് ഈ ചിത്രം.
മഞ്ചേരി അഷ്റഫ് കുരിക്കൾ സ്ഥാപിച്ച ജാൽഫ് ഓർക്കസ്ട്രയുടെ പത്താം വാർഷികത്തിൽ അതിഥിയായി എത്തിയത് അന്നത്തെ സൂപ്പർതാരം സുകുമാരൻ ആയിരുന്നു. മഞ്ചേരി ലക്ഷ്മി ഓഡിറ്റോറിയത്തിൽ സുകുമാരനു സ്വീകരണം നൽകിയപ്പോൾ പരിപാടിയിൽ അനൗൺസർ ആയി എത്തിയത് അഭിഭാഷകനായ മുഹമ്മദ് കുട്ടിയായിരുന്നു.
1951ന് സെപ്റ്റംബര്‍ 7ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്താണ് ഒരു സാധാരണ കുടുംബത്തില്‍ ഇസ്മയിലിന്റെയും ഫാത്തിമയുടെയും മൂത്ത മകനായി മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയുടെ ജനനം. കുടുംബത്തോടൊപ്പം എറണാകുളത്തേക്ക് മാറിയ അദ്ദേഹം, സെന്റ് ആല്‍ബര്‍ട്ട് സ്കൂള്‍, ഗവണ്മെന്റ് ഹൈസ്കൂള്‍, മഹാരാജാസ് കോളജ്, എറണാകുളം ഗവ. ലോ കോളേജ് എന്നിവിടങ്ങളില്‍ നിന്നായി പഠനം പൂര്‍ത്തിയാക്കി. നിയമപഠനത്തിന് ശേഷം രണ്ട് വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷകനായി ജോലി നോക്കിയിരുന്നു. പിന്നീട് സിനിമയിൽ സജീവമായതോടെയാണ് മമ്മൂട്ടി വക്കീൽ ഉദ്യോഗം ഉപേക്ഷിച്ചത്.
മുഹമ്മദ് കുട്ടിയ്ക്ക് മമ്മൂട്ടിയെന്ന പേര് നിര്‍ദ്ദേശിച്ചത് നടൻ തിക്കുറുശ്ശി സുകുമാരൻ നായരാണ്. എം.ടി.വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി ആസാദ് സംവിധാനം ചെയ്ത ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴായിരുന്നു തിക്കുറിശ്ശി മമ്മൂട്ടിയെന്ന പേര് നിര്‍ദ്ദേശിച്ചത്. അതുവരെ ചെറിയ വേഷങ്ങളിൽ മാത്രം അഭിനയിച്ച മമ്മൂട്ടിയ്ക്ക് ഒരു പ്രധാന വേഷം നൽകിയ ചിത്രമായിരുന്നു ഇത്. ഈ സിനിമയില്‍ മമ്മൂട്ടിയ്ക്ക് ശബ്ദം നല്‍കിയത് ശ്രീനിവാസനാണ്.
Read more: 50 വർഷങ്ങൾ, 400ലേറെ ചിത്രങ്ങൾ; സിനിമയിൽ അരനൂറ്റാണ്ട് പിന്നിട്ട് മമ്മൂട്ടി