നവാഗതനായ ബിനുരാജ് സംവിധാനം ചെയ്യുന്ന ഫാമിലി എന്റർടൈനർ ‘നിത്യഹരിത നായകൻ’, എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘ജോസഫ്‌’, അരുണ്‍ ജോര്‍ജ് കെ ഡേവിഡ്‌ സംവിധാനം ചെയ്യുന്ന ‘ലഡു’ എന്നീ ചിത്രങ്ങള്‍ ഇന്ന് തിയേറ്ററുകളിലെത്തും. ഇവ കൂടാതെ തമിഴ് ചിത്രമായ ‘കാറ്റിന്‍ മൊഴി’, ‘തിമിരു പിടിച്ചവൻ, ഹിന്ദി ചിത്രമായ ‘പിഹു’ എന്നിവയും കേരളത്തില്‍ പ്രദര്‍ശനത്തിനെത്തും.

Read More: റിലീസിനെത്തുന്ന ചിത്രങ്ങൾ

ജോസഫ്‌

എം.പദ്മകുമാര്‍ ആണ് ജോജുവിനെ കേന്ദ്രകഥാപാത്രമാക്കി ‘ജോസഫ്’ എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വാര്‍ദ്ധക്യത്തിലെത്തിയ ജോസഫ് എന്ന വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ‘ജോസഫ്’. ‘മാന്‍ വിത്ത് സ്‌കെയര്‍’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. കുറ്റാന്വേഷണ കഥയായ ജോസഫില്‍ പത്മപ്രിയയും മിയയുമാണ് നായികമാര്‍. നീണ്ട ഇടവേളയ്ക്കു ശേഷം പദ്മപ്രിയ മലയാളത്തിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ‘ജോസഫി’നായി കിടിലന്‍ മേക്കോവറിലാണ് ജോജു എത്തുന്നത്.

സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അനില്‍ മുരളി, ഇര്‍ഷാദ് തുടങ്ങി വന്‍ താരനിര തന്നെയുണ്ട് ചിത്രത്തില്‍. ഡ്രീം ഷോട്ട് സിനിമയുടെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഷാഫി കബീറാണ്. ചെറിയ വേഷങ്ങളിലൂടെ മലയാളികളുടെ ഇഷ്ട നടനായി മാറിയ ജോജുവിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിൽ ഒന്നു കൂടിയാണ് ‘ജോസഫ്’.

ലഡു

വിനയ് ഫോര്‍ട്ട്‌, ശബരീഷ് വര്‍മ, ബാലു വര്‍ഗീസ്‌ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകന്‍ അരുണ്‍ ജോര്‍ജ് കെ ഡേവിഡ്‌ സംവിധാനം ചെയ്ത ചിത്രമാണ് ‘ലഡു’. ബോബി സിംഹ, ദിലീഷ് പോത്തന്‍ എന്നിവരും ശ്രദ്ധേയമായ വേഷങ്ങളില്‍ എത്തുന്നു. പുതുമുഖം ഗായത്രി അശോക്‌ ആണ് നായിക.

ഒരു രജിസ്റ്റര്‍ വിവാഹം നടത്താന്‍ ഒരുമ്പെടുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ പറയുന്ന ചിത്രമാണു ‘ലഡു’. തൃശൂര്‍ പരിസരങ്ങളില്‍ ചിത്രീകരിച്ച സിനിമയുടെ സംഗീത സംവിധായകന്‍ രാജേഷ്‌ മുരുഗേസന്‍, ക്യാമറ ഗൌതം ശങ്കര്‍.

നിത്യഹരിത നായകന്‍

നടൻ ധർമജൻ ബോൾഗാട്ടി നിർമ്മാതാവാകുന്ന ചിത്രമാണ് ‘നിത്യഹരിത നായകന്‍’. മലയാളത്തിലെ അനശ്വരനടന്‍ പ്രേനസീറിനെ വിശേഷിപ്പിച്ചിരുന്നതാണ് ‘നിത്യഹരിതനായകന്‍’ എന്നത്. വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകന്‍.

ആദിത്യ ക്രിയേഷൻസിന്റെ ബാനറിൽ ധർമജനൊപ്പം സുരേഷ്,​ മനു എന്നിവർ ചേർന്നാണ് ഈ സിനിമ നിർമിക്കുന്നത്. മുഴുനീള കോമഡി ചിത്രത്തിന്റെ ഷൂട്ടിങ് പാലക്കാട് കൊല്ലങ്കോട്ട് നടക്കുന്നുണ്ട്. ഷാജി കൈലാസിന്റെയും ദീപന്റെയും അസ്സോസിയേറ്റായിരുന്ന എ.ആര്‍.ബിനുരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ നാല് നായികമാരുണ്ട്. ജയശ്രീ, അനില ,ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ശ്രീജയുടെ മകള്‍ രവീണ എന്നിവര്‍ക്ക് പുറമേ ഒരു പുതുമുഖവും നായികാ നിരയില്‍ എത്തും. മഞ്ജുപിള്ള, ഇന്ദ്രന്‍സ് , ജാഫര്‍ ഇടുക്കി, കൊച്ചുപ്രേമന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

വിഷ്ണു ഉണ്ണിക്കൃഷ്ണനൊപ്പം ധര്‍മ്മജനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ‘കട്ടപ്പനയിലെ ഋതിക് റോഷനു’ ശേഷം ധർമ്മജനും വിഷ്ണുവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തിലെ ‘മകരമാസ രാവിൽ​’ എന്നു തുടങ്ങുന്ന പാട്ടും ധർമ്മജൻ പാടിയിട്ടുണ്ട്. ഹസീന എസ്.കാനത്തിന്റെ വരികൾക്ക് രഞ്ജിന്‍ രാജാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ധർമ്മജനും കുട്ടികളായ സായ് ഭദ്ര, ഇഷാത എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook