ഇന്ത്യയിലെ വിഖ്യാതമായ മേളകളില്‍ ഒന്നായ കൊല്‍ക്കത്ത രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തുടക്കമായി.  നവംബര്‍ 10 മുതല്‍ 17 വരെ നടക്കുന്ന മേളയില്‍ 70 രാജ്യങ്ങളില്‍ നിന്നുള്ള 171 ഫീച്ചര്‍ ഫിലിമുകളും 150 ഡോകുമെന്ററി-ഹ്രസ്വ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.  ബംഗാളി സിനിമയുടെ നൂറു വര്‍ഷം ആഘോഷിക്കുന്ന മേളയില്‍ മലയാള സിനിമയ്ക്കും ശ്രദ്ധേയമായ സാന്നിദ്ധ്യമുണ്ട്.

രാജ്യാന്തര മത്സര വിഭാഗത്തില്‍ മത്സരിക്കുന്ന ഷാജി എന്‍ കരുണിന്റെ ‘ഓള്’, ഇന്ത്യന്‍ പ്രീമിയറായാണ് കൊല്‍ക്കത്തിയിലെത്തുന്നത്. ടിഡി രാമകൃഷ്ണന്‍ ആദ്യമായി തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ഐഎഫ്എഫ്‌ഐയിലെ ഇന്ത്യന്‍ പനോരമ വിഭാഗത്തിലെ ഉദ്ഘാടന ചിത്രമാണ്. ഷൈന്‍ നിഗം നായകനാകുന്ന ചിത്രത്തില്‍ എസ്തര്‍ അനിലാണ് നായിക. ‘ഫ്രാന്‍സിസ് ഇട്ടികോര’, ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ എന്നീ നോവലുകളുടെ രചയിതാവാണ് ടി.ഡി. രാമകൃഷ്ണന്‍.

Read More: കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവല്‍: പ്രധാന ചിത്രങ്ങള്‍ ഇവയൊക്കെ

ഇന്ത്യന്‍ ഭാഷാ ചിത്രങ്ങളുടെ മത്സര വിഭാഗത്തില്‍ ‘സായാഹ്നങ്ങളില്‍ ചില മനുഷ്യര്‍’, ‘പിക്സീലിയ’, ‘കാന്തന്‍’, ‘അങ്ങ് ദൂരെ ഒരു ദേശത്ത്’ എന്നീ ചിത്രങ്ങളാണ് ഉള്ളത്.  പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുന്‍ വിദ്യാര്‍ത്ഥിയും അധ്യാപകനുമായ പ്രവീണ്‍ സുകുമാരനാണ് ‘സായാഹ്നങ്ങളില്‍ ചില മനുഷ്യര്‍’ സംവിധാനം ചെയ്തിരിക്കുന്നത്. പ്രവീണിന്റെ രണ്ടാമത്തെ ചിത്രമാണിത്. സുര്‍ജിത് ഗോപിനാഥ്, ജിജോയ് പിആര്‍, ആമി, മധു ഉമലയം, രോഹിത് രാംദാസ് തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ദേശീയ അവാര്‍ഡ് ജേതാവായ അപ്പു പ്രഭാകര്‍ ആണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ തന്റെ ജീവിതത്തിന്റെ സായാഹ്നങ്ങളിലേക്ക് കടന്നിരിക്കുന്ന ഒരു തത്വചിന്തകന്റെ ജീവിതമാണ് ചിത്രം പറയുന്നത്.

“ഒരുപാട് സ്‌ന്തോഷവും പ്രതീക്ഷകളുമുണ്ട്. ചിത്രത്തെ കുറിച്ച് ഇതു വരെ നല്ല റിപ്പോര്‍ട്ടുകളാണ് ലഭിച്ചത്. കൊല്‍ക്കത്തയിലും അങ്ങനെ തന്നെ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു കൊച്ചു സിനിമയാണ് ‘സായാഹ്നങ്ങളില്‍ ചില മനുഷ്യര്‍’. എന്റെ ഭാര്യ തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. സിനിമ ചെയ്യണമെന്ന ആഗ്രഹവുമായാണ് പൂനെയിലെ അധ്യാപനത്തിനിടെ ചിത്രത്തിന് പിന്നാലെ ഇറങ്ങിയത്. ഒരു യൂണിവേഴ്‌സല്‍ ഇഷ്യുവാണ് ചിത്രം പറയുന്നത്. മരണത്തേയും ഓര്‍മ്മകളേയുമൊക്കെ ചിത്രം പറയുന്നുണ്ട്. തന്റെ ജീവിതത്തിന്റെ അവസാന നാളുകള്‍ സമാധാനത്തോടെ ജീവിക്കാനായി ഒരു കുന്നിന്‍ മുകളിലേക്ക് എത്തുന്ന അദ്ദേഹത്തിന്റേയും തന്റെ സുഹൃത്തും ബയോഗ്രഫറുമായ വിദ്യാര്‍ത്ഥിയുടേയും ബന്ധവും അവരിലൂടെ ജീവിതത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാടുമാണ് പറയുന്നത്”, ചിത്രത്തെക്കുറിച്ച് പ്രവീണ്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

Certain Lives in Twilight Praveen

സായാഹ്നങ്ങളില്‍ ചില മനുഷ്യര്‍/പ്രവീണ്‍

ജോഷി മാത്യു സംവിധാനം ചെയ്ത ‘അങ്ങ് ദൂരെ ഒരു ദേശത്ത്’ ചര്‍ച്ച ചെയ്യുന്നത് രാജ്യത്ത് അനുദിനം ഇല്ലാതായി കൊണ്ടിരിക്കുന്ന ആദിവാസി വിദ്യാഭ്യാസ സംവിധാനത്തേയും ആദിവാസി ഊരുകളേയും കുറിച്ചാണ്. സംസ്ഥാന അവാര്‍ഡ് ജേതാവായ ഇന്ദ്രന്‍സ് മുഖ്യ കഥാപാത്രമായി എത്തുന്ന ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത് കലാ വിജയനാണ്. നര്‍ത്തകയായ കലാ വിജയന്‍ ഇതാദ്യമായാണ് ഒരു സിനിമയില്‍ അഭിനയിക്കുന്നത്. നന്ദു, ദേശീയ അവാര്‍ഡ് ജേതാവായ മാസ്റ്റര്‍ ആദിഷ്, കുട്ടിയേട്ടത്തി വിലാസിനി, തുടങ്ങിയവരും ചിത്രത്തിലുണ്ട്. ജോഷി തന്നെയാണ് രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്.

”ഒരു പത്ര വാര്‍ത്തയില്‍ നിന്നുമാണ് ഈ ചിത്രത്തിലേക്ക് എത്തുന്നത്. നമ്മുടെ രാജ്യത്ത് നശിച്ചു കൊണ്ടിരിക്കുന്ന, അനുദിനം ഇല്ലാതായി കൊണ്ടിരിക്കുന്ന ആദിവാസി വിദ്യാലയങ്ങളേ കുറിച്ചും ആദിവാസി ഗ്രാമങ്ങളിലെ ജീവിതത്തെ കുറിച്ചുമാണ് ചിത്രം പറയുന്നത്. സംസ്ഥാന അവാര്‍ഡ് നേടിയ ഇന്ദ്രന്‍സ് ചിത്രത്തില്‍ അഭിനയിക്കുന്നു. ഒപ്പം കലാ വിജയന്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നു എന്നതും വലിയ നേട്ടമാണ്”, ഇന്ത്യയിലെ പ്രശസ്തവും പ്രധാനപ്പെട്ടതും, സത്യജിത് റേയെ പോലെയുള്ളവര്‍ തുടങ്ങി വെച്ചതുമായൊരു മേളയുടെ ഭാഗമാകാന്‍ കഴിഞ്ഞ സന്തോഷം പങ്കു വച്ച് കൊണ്ട് എന്ന് ജോഷി മാത്യു പറഞ്ഞു.

Angu Doore Oru Deshathu Joshy Mathew

അങ്ങ് ദൂരെ ഒരു ദേശത്ത്/ജോഷി മാത്യു

പ്രശസ്ത പരിസ്ഥിതി- സാമൂഹ്യ സമരനായിക ദയാബായി മുഖ്യവേഷത്തിലഭിനയിക്കുന്ന ‘കാന്തനും’ ഇതേ വിഭാഗത്തില്‍ മത്സരിക്കുന്നു. അരികുവല്‍ക്കരിക്കപ്പെട്ട ജനതയുടെ ജീവിതവും പോരാട്ടവും സൂക്ഷ്മമായി ആവിഷ്‌കരിച്ചു കൊണ്ട് ദളിത്-ആദിവാസി വിഭാഗത്തില്‍പ്പെട്ട മനുഷ്യരുടെ അതിജീവനത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

വയനാട് തിരുനെല്ലി നങ്ങറ കോളനിയിലെ അടിയ വിഭാഗത്തില്‍പ്പെട്ട മനുഷ്യരുടെയും നിലനില്‍പ്പിനായുള്ള അവരുടെ പോരാട്ടങ്ങളുടെയും കഥയാണ് ‘കാന്തന്‍’ പറയുന്നത്. കര്‍ഷക ആത്മഹത്യകള്‍, കപടപരിസ്ഥിതി വാദങ്ങള്‍, പ്രകൃതിചൂഷണങ്ങള്‍, വരള്‍ച്ച, ദാരിദ്ര്യം, ആചാരങ്ങള്‍, പ്രണയം, പ്രതിരോധം തുടങ്ങിയ ജീവിതസന്ധികളോട് സമരം ചെയ്തു കൊണ്ടാണ് സിനിമ മുന്നോട്ടുപോകുന്നത്. ചെറുപ്പത്തിലെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കാന്തന്‍ എന്ന പത്തു വയസ്സുകാരനെ ആര്‍ജവമുള്ള ഒരു മനുഷ്യനായി വളര്‍ത്തിയെടുക്കുന്ന ഇത്തര്യാമ്മ എന്ന കഥാപാത്രമായാണ് ദയാബായി അഭിനയിക്കുന്നത്.

Kanthan Shareef Eesa

കാന്തന്‍/ഷരീഫ് ഈസ

ഷരീഫ് ഈസയാണ് ചിത്രത്തിന്റെ നിര്‍മാണവും സംവിധാനവും നിര്‍വഹിച്ചത്. പ്രമാദ് കൂവേരി തിരക്കഥയും സംഭാഷണവും രചിക്കുന്നു. മാസ്റ്റര്‍ പ്രജിത്ത് കാന്തനായി വേഷമിടുന്നു. തെങ്ങറ കോളനിയിലെ അടിയ വിഭാഗത്തില്‍പ്പെട്ട ആദിവാസികളാണ് മറ്റ് അഭിനേതാക്കള്‍. ക്യാമറ: പ്രിയന്‍, എഡിറ്റിങ്: പ്രശോഭ്, പശ്ചാത്തല സംഗീതം: സച്ചിന്‍ ബാലു,

”ആദിവാസി ജീവിതവും പ്രകൃതിയുമായുള്ള അവരുടെ ബന്ധത്തേയും കുറിച്ചാണ് ‘കാന്തന്‍’ പറയുന്നത്. ചെറുപ്പത്തിലെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കാന്തന്‍ എന്ന പത്തുവയസ്സുകാരനെ ആര്‍ജവമുള്ള ഒരു മനുഷ്യനായി വളര്‍ത്തിയെടുക്കുന്ന ഇത്തര്യാമ്മയായാണ് ദയാഭായി എത്തുന്നത്. അവരുടെ ജീവിതവുമായി ഏറെ സാമ്യമുള്ളതാണ് കഥാപാത്രവും. തന്റെ കറുത്ത നിറത്തോടുള്ള കാന്തന്റെ അപകര്‍ഷതയും മറ്റ് വര്‍ണ്ണങ്ങളോടുള്ള അവന്റെ പ്രണയവുമെല്ലാം ചിത്രത്തിലുണ്ട്”, പൂര്‍ണ്ണമായും ആദിവാസി ഗ്രാമത്തില്‍ ചിത്രീകരിച്ച ചിത്രമെന്ന നിലയില്‍ കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവലിലെത്താന്‍ സാധിച്ചതില്‍ സന്തോഷം പങ്കു വച്ച് കൊണ്ട് ഷരീഫ് പറഞ്ഞു.

”ഇതൊരു ചെറിയ ചിത്രമാണ്. അഭിനയിച്ചവരില്‍ മിക്കവരും ആദിവാസി വിഭാഗത്തില്‍ നിന്നുമുള്ളവരാണ്. അവരുടെ വീടുകളില്‍ അവര്‍ക്കൊപ്പം താമസിച്ചാണ് ചിത്രം ഒരുക്കിയത്. ക്രൂവിലും ആദിവാസികളായിരുന്നു കൂടുതലും. അവരുടെ സഹായം ചിത്രത്തിന് ആദ്യാവസാനമുണ്ടായിരുന്നു. അത്തരത്തിലൊരു ചിത്രം ഇവിടെ വരെ എത്തിയെന്നതില്‍ ഒരുപാട് സന്തോഷമുണ്ട്.” ഷരീഫ് ഈസ കൂട്ടിച്ചേര്‍ത്തു.

 

മത്സര വിഭാഗത്തിലെ ഇന്ത്യന്‍ ഭാഷാ ചിത്രങ്ങളിലെ മറ്റൊരു  മലയാളി സാന്നിധ്യമാണ് രതീഷ് രവീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘പിക്‌സേലിയ’. ഛായാഗ്രാഹകനായി കരിയര്‍ ആരംഭിച്ച രതീഷ് ഒരു ട്രാന്‍സ്‌ജെന്ററുടെയും ഗ്രാഫിക് നോവലിസ്റ്റിന്റേയും ജീവിതമാണ് ‘പിക്‌സേലിയ’യില്‍ പറയുന്നത്. നേരത്തെ ലണ്ടര്‍ ഇന്റര്‍നാഷണല്‍ മോഷന്‍ പിക്‌ച്ചേഴ്‌സ് അവാര്‍ഡ്‌സിലും ‘പിക്‌സേലിയ’ പ്രദര്‍ശിപ്പിച്ചിരുന്നു. കുമാര്‍ എന്ന ഗ്രാഫിക് നോവലിസ്റ്റിന്റേയും മന്ദാകിനി എന്ന ട്രാന്‍സ്‌ജെന്ററുടേയും കൂടിക്കാഴ്ച്ചയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

“ഗ്രാഫിക് നോവലിസ്റ്റാകാന്‍ ആഗ്രഹിക്കുകയും അതിനായി തന്റെ ജോലി ഉപേക്ഷിച്ച് യൂബര്‍ ഡ്രൈവറായി മാറുകയും ചെയ്യുന്ന കുമാറിന്റെ ജീവിതത്തിലെ സംഭവങ്ങളാണ് ‘പിക്‌സേലിയ’. കുമാറിന്റെ ജീവിതവും ഗ്രാഫിക് നോവലും ഒരേ പാതയിലൂടെ ചിത്രത്തില്‍ സഞ്ചരിക്കുന്നു. കുമാറും ട്രാന്‍സ്‌ജെന്ററായ മന്ദാകിനിയും തമ്മില്‍ കണ്ടുമുട്ടുന്നതും രണ്ടു പേരുടേയും സ്വപ്‌നവുമായി അവര്‍ മുന്നോട്ട് പോകുന്നതുമൊക്കെയാണ് ചിത്രം. കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവലില്‍ മത്സരിക്കാന്‍ സാധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഈ അവസരത്തില്‍ ഏറ്റവും കൂടുതല്‍ നന്ദി പറയാനുള്ളത് നിര്‍മ്മാതാക്കളായ രഞ്ജിത് കരുണാകരനോടും ശര്‍മിള നായരോടും ഫിലിമോക്രേസി ഫൗണ്ടേഷനോടുമാണ്”, രഞ്ജിത് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

സനല്‍ അമന്‍, ട്രാന്‍സ്‌ജെന്ററായ ഗൗരി സാവിത്രിഎന്നിവരാണ് ‘പിക്‌സേലിയ’യില്‍ കുമാറും മന്ദാകിനിയുമാകുന്നത്. വിജയ് മേനോന്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സാക്യദേബ് ചൗധരിയാണ് ഛായാഗ്രഹണം. കിരണ്‍ ദാസും രുംജും ബാനര്‍ജിയുമാണ് എഡിറ്റിങ്. പ്രതീക് അഭ്യാങ്കറാണ് മ്യൂസിക് ചെയ്തിരിക്കുന്നത്.

Pixelia Ratheesh Raveendran

പിക്സേലിയ/രതീഷ്‌ രവീന്ദ്രന്‍

ഇന്ത്യന്‍ ഡോക്യുമെന്ററി വിഭാഗത്തില്‍ മലയാളി സാന്നിധ്യമായി ‘സോര്‍ഡ് ഓഫ് ലിബര്‍ട്ടി’യുമായി ഷിനി ജേക്കബ് ബെഞ്ചമിനും കൊല്‍ക്കത്തന്‍ മേളയിലുണ്ടാകും. ഇന്ത്യന്‍ ഹ്രസ്വ ചിത്രങ്ങളുടെ വിഭാഗത്തില്‍ ‘കുഞ്ഞിരാമന്‍’ എന്ന ചിത്രവുമായി ശ്രീജി നായരും ഡോക്യുമെന്ററി ഫിലിംസില്‍ വിനോദ് മങ്കരയുടെ ‘ലാസ്യം’, പിടി ചാക്കോയുടെ ‘കണ്ണൂര്‍ കൊലക്കളത്തില്‍ ഷുഹൈബ് എന്ന അനശ്വര പോരാളി’, രാജേഷ് ജെയിംസിന്റെ ‘ഇന്‍ തണ്ടര്‍ ലൈറ്റ്‌നിങ് ആന്റ് റെയ്ന്‍’, ജോഷി ജോസഫിന്റെ ‘എക്കോ ഫ്രം ദ പുക്പുയ് സ്‌കൈസ് എന്നീ ചിത്രങ്ങളുമുണ്ട്. വിഎസ് സനോജിന്റെ ‘ബേണിങ്’, രാഹുല്‍ നായരുടെ ‘ജോയി വില്‍ കം’ എന്നീ ഹ്രസ്വ ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്.

Read in English: 24th Kolkata International Film Festival: Here are the films to watch out for

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook