പത്തു വർഷങ്ങൾ കൊണ്ട് എന്തൊക്കെ സംഭവിക്കാം? ഒരു നഗരത്തെ സംബന്ധിച്ചാണെങ്കിൽ അംബരചുബികളായ കെട്ടിടങ്ങളാലും, ഫ്ളൈ ഓവറുകളാലും പുതിയ പുതിയ ലാൻഡ് മാർക്കുകളാലും അടിമുടിയങ്ങ് മാറിക്കളയാം. വ്യക്തികളെ സംബന്ധിച്ചാണെങ്കിൽ, അനുഭവങ്ങൾ കൊണ്ടും പരീക്ഷണങ്ങൾ കൊണ്ടും തിരിച്ചറിവുകൾ കൊണ്ടുമൊക്കെ പരുവപ്പെടാൻ പത്തു വർഷങ്ങൾ ധാരാളമാണ്.
മലയാള സിനിമയിലെ കഴിഞ്ഞ പത്തു വർഷങ്ങൾ എടുത്തു നോക്കുമ്പോൾ, വിപ്ലവാത്മകമായ നിരവധി മാറ്റങ്ങൾ കാണാനാവും. പുതിയ താരോദയങ്ങൾ, മാറിയ സിനിമാ കാഴ്ചപ്പാടുകൾ, പ്രവണതകൾ അങ്ങനെ എടുത്തു പറയാൻ ഏറെയുണ്ട്. എന്നാല്‍ ഇതൊക്കെ കാലചക്രം തിരിയുന്നതനുസരിച്ച് കലയിലും കലാസ്വാദനത്തിലും സ്വാഭാവികമായി സംഭവിക്കുന്ന കാര്യങ്ങളാണ്. ഇതില്‍ അതിശയപ്പെടാന്‍ ഒന്നുമില്ല. എന്നാല്‍ കഴിഞ്ഞൊരു ദശാബ്ദത്തിനിടെ മലയാള സിനിമയിൽ സംഭവിച്ച ഒരു വിസ്മയം ഏതെന്ന് ചോദിച്ചാൽ, മറ്റൊന്നും ആലോചിക്കാതെ എടുത്തു പറയാവുന്ന പേരാണ് ഫഹദ് ഫാസിൽ എന്നത്. 2009 മുതൽ 2019 വരെ നീളുന്ന പത്തു വർഷങ്ങൾക്കിടയിൽ ഫഹദ് ഫാസിൽ എന്ന നടനോളം മലയാള സിനിമയെ വിസ്മയിപ്പിച്ച മറ്റാരുണ്ട്?

കന്നി ചിത്രമായ ‘കയ്യെത്തും ദൂരത്തി’ൽ രാശി തെളിയാതെ, സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നും പതിയെ മാഞ്ഞു പോയൊരു ചെറുപ്പക്കാരൻ. ഏഴു വർഷങ്ങൾക്കു ശേഷം വീണ്ടും തിരിച്ചെത്തുന്നു, രൂപത്തിലും ഭാവത്തിലുമെല്ലാം പോയ ആളല്ല തിരിച്ചെത്തിയത് എന്നോർമ്മിപ്പിച്ചു കൊണ്ട്. 2009 ൽ ‘കേരള കഫേ’യിലെ ‘മൃത്യുഞ്ജയം’ എന്ന ചെറുചിത്രത്തിലൂടെ തിരിച്ചെത്തിയപ്പോൾ അതു വരെ കാണാത്തൊരു തിളക്കമുണ്ടായിരുന്നു, ഫഹദ് ഫാസിൽ എന്ന നടന്റെ കണ്ണിൽ. തന്റെയുള്ളിലെ പ്രതിഭയെ സ്വയം തിരിച്ചറിഞ്ഞ ഒരു വ്യക്തിയുടെ ആത്മവിശ്വാസമായിരിക്കാം അത്!
തുടർന്നുള്ള രണ്ടു വർഷങ്ങൾ, ‘പ്രമാണി,’ ‘കോക്ക്ടെയിൽ,’ ‘ടൂർണമെന്റ്,’ ‘ചാപ്പ കുരിശ്,’ ‘ഇന്ത്യൻ റുപ്പീ’ വരെയുള്ള ചിത്രങ്ങളിലൂടെ തന്നിലെ നടനെ തേച്ചു മിനുക്കി എടുക്കുകയായിരുന്നു ഫഹദ്. ഇക്കൂട്ടത്തിൽ ‘ചാപ്പകുരിശ്’ ആണ് ആ തേച്ചു മിനുക്കലിന്റെ തിളക്കം പ്രേക്ഷകരിലേക്കും പകർന്നു നൽകിയ കഥാപാത്രങ്ങളിൽ ഒന്ന്. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന സർക്കാറിന്റെ പുരസ്കാരവും ഫഹദ് നേടി.
2012- ഫഹദ് എന്ന നടന്റെ കരിയറിലെ വിജയവർഷങ്ങളിൽ ഒന്നായിരുന്നു. ’22 ഫീമെയിൽ കോട്ടയം’, ‘ഡയമണ്ട് നെക്ളേസ്’, ‘ഫ്രൈഡേ’- മൂന്നു ചിത്രങ്ങളും തിയേറ്ററുകളിൽ ശ്രദ്ധ നേടിയതോടെ നായകപദവിയിലേക്ക് ഫഹദും ഉയരുകയായിരുന്നു. ആ ഉയർച്ചയ്ക്ക് പിന്നാലെ, പന്ത്രണ്ടോളം ചിത്രങ്ങളാണ് തൊട്ടടുത്ത വർഷം ഫഹദിന്റേതായി റിലീസിനെത്തിയത്. ‘അന്നയും റസൂലും,’ ‘നത്തോലി ഒരു ചെറിയ മീനല്ല,’ ‘റെഡ് വൈൻ,’ ‘ആമേൻ,’ ‘ഇമ്മാനുവൽ,’ ‘അകം,’ ‘5 സുന്ദരികൾ,’ ‘ഒളിപ്പോര്,’ ‘ആർട്ടിസ്റ്റ്,’ ‘നോർത്ത് 24 കാതം,’ ‘ഡി കമ്പനി,’ ‘ഒരു ഇന്ത്യൻ പ്രണയകഥ’- ഏറ്റവും കൂടുതൽ ഫഹദ് ചിത്രങ്ങൾ ഒന്നിച്ച് റിലീസിനെത്തിയ വർഷം കൂടിയായിരുന്നു 2013.
ഫോർട്ട് കൊച്ചിയിലും നഗരവീഥികളിലും അന്നയ്ക്ക് പിന്നാലെ കൊളുത്തി വലിക്കുന്ന കണ്ണുകളുമായി പിന്തുടരുന്ന റസൂൽ, തന്റെ പ്രണയിനിയ്ക്ക് മുന്നിൽ മാത്രം ക്ലാര്‍നറ്റ് വായിക്കാൻ ആത്മവിശ്വാസമുള്ള ‘ആമേനി’ലെ കുമരംകരിക്കാരൻ സോളമൻ, പേർഷ്യൻ ബ്ലൂവിൽ അകക്കണ്ണിന്റെ വെളിച്ചത്തിൽ സ്വപ്നങ്ങൾ കാണുകയും അത് ക്യാൻവാസിലേക്ക് പകർത്തുകയും ചെയ്യുന്ന ‘ആർട്ടിസ്റ്റി’ലെ അന്ധനായ ചിത്രകാരൻ മൈക്കേൽ, വൃത്തിരാക്ഷസനായ ‘നോർത്ത് 24 കാത’ത്തിലെ ഹരികൃഷ്ണൻ, അഴിമതിയുടെയും കുതിക്കാൽവെട്ടലുകളുടെയും അധികാര വടംവലികളുടെയും തട്ടകമായ രാഷ്ട്രീയത്തിൽ ശോഭനമായ ഭാവി സ്വപ്നം കാണുന്ന ‘ഒരു ഇന്ത്യൻ പ്രണയകഥ’യിലെ അയ്മനം സിദ്ധാർത്ഥൻ എന്നിങ്ങനെ ഒന്നിനൊന്നു വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഫഹദിന് സാധിച്ചു.
‘വൺ ബൈ റ്റു,’ ‘ഗോഡ്സ് ഓൺ കൺട്രി,’ ‘ബാംഗ്ലൂർ ഡേയ്സ്,’ ‘ഇയ്യോബിന്റെ പുസ്തകം,’ ‘മണിരത്നം,’ ‘മറിയംമുക്ക്,’ ‘ഹരം,’ ‘അയാൾ ഞാനല്ല’ എന്നിങ്ങനെ എട്ടോളം ചിത്രങ്ങളാണ് 2014, 2015 കാലഘട്ടങ്ങളിലായി തിയേറ്ററുകളിലെത്തിയ ഫഹദ് ചിത്രങ്ങൾ. ഇതിൽ ‘ബാംഗ്ലൂർ ഡേയ്സ്,’ ‘ഇയ്യോബിന്റെ പുസ്തകം’ എന്നിവ മാറ്റിവെച്ചാൽ, കൂടുതലും ബോക്സ് ഓഫീസിൽ പരാജയം ഏറ്റുവാങ്ങിയ ചിത്രങ്ങളായിരുന്നു. പടങ്ങളുടെ എണ്ണത്തിൽ അല്ല, കഥാപാത്രങ്ങളിലാണ് കൂടുതൽ ഫോക്കസ് ചെയ്യേണ്ടതെന്ന ഒരു തിരഞ്ഞെടുപ്പിലേക്ക് ഫഹദിനെ എത്തിച്ചതും ഈ പരാജയചിത്രങ്ങൾ തന്നെയാവാം.
കൂടുതൽ ബുദ്ധിപരമായ തിരഞ്ഞെടുപ്പിലേക്ക് കളം മാറുന്ന മറ്റൊരു ഫഹദിനെയാണ് ശേഷം പ്രേക്ഷകർ കണ്ടത്. സമീപകാലങ്ങളിൽ, മലയാളസിനിമയ്ക്ക് ആകെ തന്നെ പുത്തൻ ഉണർവ്വ് സമ്മാനിച്ച ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലെ മഹേഷായി മികച്ച പ്രകടനമാണ് ഫഹദ് കാഴ്ചവച്ചത്. ‘മഹേഷിന്റെ പ്രതികാരം’ മുതൽ ‘ടേക്ക് ഓഫ്,’ ‘തൊണ്ടി മുതലും ദൃക്സാക്ഷിയും,’ ‘കാർബൺ,’ ‘വരത്തൻ,’ ‘ഞാൻ പ്രകാശൻ,’ ‘കുമ്പളങ്ങി നൈറ്റ്സ്,’ ‘അതിരൻ’ വരെ നീളുന്ന ചിത്രങ്ങളിലൂടെ പിന്നെ പ്രേക്ഷകർ കണ്ടത് ‘ഫഹദ് മാജിക്’ എന്നു വിശേഷിപ്പിക്കാവുന്ന പ്രകടനമികവാണ്.
മലയാളത്തില്‍ നിന്നും തമിഴിലേക്കും ഈ കാലയളവില്‍ ഫഹദ് ഫാസില്‍ എത്തി. ‘വേലൈക്കാരന്,’ സൂപ്പര്‍ ഡീലക്സ്,’ എന്നീ ചിത്രങ്ങളിലൂടെ തമിഴകത്തും തന്റെ കൈയ്യൊപ്പ് ചാര്‍ത്തി ഈ നടന്.
ഇന്ന്, മലയാളത്തിലെ മികച്ച നടനാര് എന്ന ചോദ്യത്തിന് ഏതൊരു സിനിമാ പ്രേമിയുടെയും മനസ്സില്‍ വരുന്ന ആദ്യ അഞ്ചു പേരുകളില്‍ ഒന്ന് ഫഹദ് എന്നായിരിക്കും. പത്തു വർഷം കൊണ്ട്, തന്നിലെ നടനെ അടയാളപ്പെടുത്തുക മാത്രമല്ല, കാലം പോകും തോറും കൂടുതല്‍ കൂടുതല്‍ രാകി മിനുക്കുകയും ചെയ്യുകയാണ് ഫഹദ്. ഒരു താരമാകാനല്ല, നടനാകാനാണ് ഫഹദ് ശ്രമിക്കുന്നത് എന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സാക്ഷ്യപ്പെടുത്തുകയാണ്.
താരസിംഹാസനങ്ങൾ ലക്ഷ്യമിട്ട് സഞ്ചരിക്കുന്ന ഒരു അഭിനേതാവല്ല ഫഹദ്. ഒരു നടന്റെ അഭിനയ സാധ്യതകളുടെ പുത്തൻ മേച്ചിൽപ്പുറങ്ങളാണ് ഓരോ കഥാപാത്രത്തിലും ഫഹദ് തേടുന്നത്. ഫ്ളെക്സിബിൾ ആയ അഭിനയശൈലി തന്നെയാണ് ഫഹദിനെ ഏതു കഥാപാത്രങ്ങളിലേക്കും അനായാസേന ചേർത്തു നിർത്തുന്നത്. ഇന്ത്യൻ സിനിമയിൽ താങ്കളെ ഏറ്റവും വിസ്മയിപ്പിച്ച നടന്മാർ ആരെന്ന ചോദ്യത്തിന് ഉലകനായകൻ കമൽഹാസൻ എടുത്തു പറഞ്ഞ പേരുകളിൽ ഒന്നും ഫഹദിന്റേതായിരുന്നു.
ഒരു നടനെന്ന നിലയിൽ തന്റെ പരിമിതികളെ മറികടക്കാനും തന്നിലെ പ്രതിഭയുടെ പുതിയ മാനങ്ങൾ കണ്ടെത്താനും ശ്രമിക്കുന്ന ഫഹദിന്റെ മത്സരം ഫഹദിനോട് തന്നെയാണ്. താരപദവിയുടെ തടവറകളിലേക്ക് ഒതുങ്ങാതെ, തന്നിലെ നടനെ കഥാപാത്രങ്ങൾക്കായി വിട്ടു കൊടുക്കുകയാണ് ഫഹദ്.

ഹീറോ പരിവേഷങ്ങളിലേക്ക് കൂടു മാറാതെ നടൻ എന്ന ‘പ്രിമൈസി’ൽ തന്നെ അയാൾ നിലയുറപ്പിക്കുന്നു എന്നതും സമകാലികരായ മറ്റു താരങ്ങളിൽ നിന്നും ഫഹദെന്ന നടനെ വ്യത്യസ്തനാക്കുകയാണ്. എന്നാല്‍ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യണമെന്ന നിശ്ചയദാർഢ്യത്തിന്റെയും സിനിമാ സമീപന രീതികളുടെയും പ്രത്യേകത കൊണ്ട് ഫഹദ് എന്ന നടന് മെയിന്‍സ്ട്രീമിന്റെ വഴിയോരങ്ങളിലേക്ക് ചുരക്കപ്പെടുന്നുമില്ല. മിനിമം ബോക്സ് ഓഫീസ് ഗ്യാരണ്ടിയുള്ള ഒരു ‘സിനിമാ കോംപോണന്റ്’ ആയി കൂടി തന്നെയാണ് ഫഹദ് ഫാസില്‍ മലയാള സിനിമയില്‍ തന്നെ അടയാളപ്പെടുത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
അടുത്ത വര്‍ഷം വരാനിരിക്കുന്ന ‘ട്രാൻസ്,’ ‘മാലിക്,’ ‘തങ്കം’ തുടങ്ങിയ ചിത്രങ്ങളിലേക്കും പ്രതീക്ഷയോടെ ഉറ്റുനോക്കാൻ പ്രേക്ഷകനെ പ്രേരിപ്പിക്കുന്നത്, ഒരു ദശാബ്ദം കൊണ്ട് ഫഹദ് എന്ന ചെറുപ്പക്കാരൻ ഉണ്ടാകിയെടുത്ത വിശ്വാസത്തിന്റെ തിളക്കം തന്നെയാണ്. ‘തൊണ്ടിമുതലും ദൃക്സാക്ഷി’യും എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം വരെ മലയാളത്തിനു നേടി തന്ന ഫഹദ് ഫാസിൽ, മലയാള സിനിമയ്ക്കിന്ന് പ്രതീക്ഷയുടെ മറ്റൊരു പേരാണ്.
Read more: ഉലകനായകന്റെ ഇഷ്ട നടൻമാരിൽ ഫഹദ് ഫാസിലും; ഏറ്റെടുത്ത് ആരാധകർ