കൊച്ചി: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സിനിമാ മേഖല നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ താരങ്ങള്‍ തങ്ങളുടെ പ്രതിഫലത്തുക‌ കുറയ്ക്കണം എന്ന നിര്‍മ്മാതാക്കളുടെ സംഘടനയുടെ നിര്‍ദ്ദേശം താരസംഘടനയായ ‘അമ്മ’ സ്വീകരിച്ചേക്കും എന്ന് സൂചന. സൂപ്പർതാരങ്ങളടക്കം തങ്ങളുടെ പ്രതിഫലം കുറയ്‌ക്കുമെന്നാണ് സൂചന.

പ്രതിഫലം കുറയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് ‘അമ്മ’ നിർവാഹകസമിതി യോഗം ചേരുമെന്നും പ്രതിഫലം കുറയ്‌ക്കാൻ താരങ്ങൾ സന്നദ്ധരാണെന്നും സംഘടന നിർവാഹകസമിതി അംഗം ടിനി ടോം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിലെ പ്രത്യേക പരിപാടിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“പ്രതിഫലം കുറയ്‌ക്കാൻ താരങ്ങൾ തയ്യാറാണ്. ‘അമ്മ’ ഇക്കാര്യം പരിഗണിക്കുന്നുണ്ട്. നിർമാതാക്കളുടെ ആവശ്യം ന്യായമാണ്,” ടിനി ടോം പറഞ്ഞു.

ഈ മാസം 28ന് നടക്കാനിരുന്ന ‘അമ്മ’യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം, കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി‌ മാറ്റി വച്ചിട്ടുണ്ട്.  അത് കൊണ്ട് ഈ വിഷയം ചര്‍ച്ച ചെയ്യാനായി ഓൺലെെനായി ‘അമ്മ’ നിർവാഹകസമിതി യോഗം ചേരും.

Read Here: ചിരഞ്ജീവി സർജ ഇനി ഓർമകളിൽ

tiny tom

താരങ്ങൾ പ്രതിഫലം കുറയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കൾ ‘ഫെഫ്‌ക’യ്‌ക്കും നേരത്തെ കത്ത് നൽകിയിട്ടുണ്ട്. സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

അതേസമയം, താരങ്ങൾ പ്രതിഫലം കുറയ്‌ക്കണമെന്ന് നിർമാതാക്കൾ പരസ്യമായി ആവശ്യപ്പെട്ടതിൽ ‘അമ്മ’യ്‌ക്ക് പരിഭവമുണ്ട്. താരങ്ങളെല്ലാം അമിത പ്രതിഫലം വാങ്ങുന്നവരാണെന്ന തെറ്റിദ്ധാരണ നിർമാതാക്കളുടെ പ്രതികരണത്തിലൂടെ ഉണ്ടായി. ചർച്ച ചെയ്‌ത് പരിഹരിക്കേണ്ട ഒരു വിഷമായിരുന്നു ഇതെന്ന നിലപാടിലാണ് ‘അമ്മ’. താരങ്ങള്‍ പ്രതിഫലം കുറയ്‌ക്കണമെന്നും എങ്കിൽ മാത്രമേ ചെലവ്​ പകുതിയായി കുറയ്‌ക്കാൻ സാധിക്കൂ എന്നുമാണ് നിർമാതാക്കളുടെ സംഘടന ആവശ്യപ്പെട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook