അഞ്ച് വർഷങ്ങൾക്കു ശേഷം മലയാളികളുടെ പ്രിയ താരം ഭാവന വീണ്ടും ബിഗ് സ്ക്രീനിലെത്തുകയാണ്. മറ്റു ഭാഷാചിത്രങ്ങളിൽ താരം സജീവമായിരുന്നെങ്കിലും മലയാളത്തിൽ മുഖം കാണിച്ചിരുന്നില്ല. ഒരു സമയത്ത് മലയാളത്തിൽ അഭിനയിക്കേണ്ട എന്ന തീരുമാനിക്കുക വരെ ചെയ്‌തിരുന്നെന്ന് ഭാവന ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ വീണ്ടും മലയാളത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് താരം. ആദിൽ മൈമൂനത്ത് അഷറഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. ഷറഫുദ്ദീനാണ് ചിത്രത്തിൽ ഭാവനയുടെ നായകൻ. ഫെബ്രുവരി 24 നാണ് ചിത്രം റിലീസിനെത്തുന്നത്. ശക്തയായ സഹപ്രവർത്തകയുടെ തിരിച്ചുവരവ് ആഘോഷിക്കുകയാണ് സിനിമാ മേഖലയിലെ സുഹൃത്തുക്കൾ. ‘വെൽക്കം ബാക്ക് ഭാവന’ എന്ന് പറഞ്ഞാണ് പ്രിയ കൂട്ടുക്കാരിയെ അവർ വീണ്ടും മലയാള കരയിലെ ബിഗ് സ്ക്രീനിലേക്ക് സ്വാഗതം ചെയ്യുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമായ ഭാവന തന്നെയാണ് ഈ വീഡിയോ ആരാധകർക്കായി പങ്കുവച്ചത്. കുഞ്ചാക്കോ ബോബൻ, മാധവൻ, ടൊവിനോ, പാർവതി തിരുവോത്ത്, ജാക്കി ഷെറഫ്, മഞ്ജു വാര്യർ, പ്രിയ മണി, ജിതേഷ് പിള്ള തുടങ്ങിയ താരങ്ങൾ ‘വെൽക്കം ബാക്ക് ഭാവന’ എന്നു പറഞ്ഞു കൊണ്ടാണ് ഭാവനയെ സ്വീകരിക്കുന്നത്. സുഹൃത്തുക്കൾക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള കുറിപ്പും വീഡിയോയ്ക്ക് താഴെ ഭാവന പങ്കുവച്ചിട്ടുണ്ട്.താരങ്ങൾ മാത്രമല്ല ആരാധകരും ഭാവനെ സ്വാഗതം ചെയ്യുകയാണ് കമന്റ് ബോക്‌സിലൂടെ.
റെനീഷ് അബ്‌ദുൾ ഖാദർ, രാജേഷ് കൃഷ്‌ണ എന്നിവർ നിർമിക്കുന്ന ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്.’ സംവിധായകൻ ആദിൽ മൈമൂനത്ത് അഷറഫ് തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അശോകൻ, ഷെബിൻ ബെൻസൻ, അനാർക്കലി നാസർ, സാനിയ റാഫി എന്നിവർ മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നു.