/indian-express-malayalam/media/media_files/uploads/2017/01/Staars-Sibilings.jpg)
മലയാള സിനിമയിലെ താരസഹോദരങ്ങൾ
കുടുംബബന്ധങ്ങളുടെ കഥ പറയുന്ന നിരവധി മലയാള ചിത്രങ്ങളുണ്ട്. എന്നാല്‍ ഒരേ കുടുംബത്തില്‍നിന്നുമെത്തി സിനിമാ ലോകം കീഴടക്കിയ സഹോദരങ്ങളുമുണ്ട്. അവരിലൂടെ...
ലളിത, പദ്മിനി, രാഗിണി
ഈ സഹോദരിമാരെ അറിയില്ലേ?. മലയാളത്തിലെ അറിയപ്പെടുന്ന തിരുവിതാംകൂര്‍ സഹോദരിമാര്‍. നൃത്തത്തിലും അഭിനയത്തിലും മികവു തെളിയിച്ചവര്‍. ലോകമെമ്പാടുമുള്ള കലാസ്വാദകരുടെ പ്രിയങ്കരികളായിരുന്നു ഈ മൂവര്‍ സംഘം. 1930 കളില്‍ സിനിമയിലെത്തിയ ഇവര്‍ തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക് ശക്തമായ സാന്നിധ്യമായിരുന്നു.
കലാരഞ്ജിനി, കല്‍പന, ഉര്‍വ്വശി
ദക്ഷിണേന്ത്യന്‍ സിനിമ കീഴടക്കിയ സഹോദരികളാണിവര്‍. ബാലതാരമായാണ് ഉര്‍വ്വശി സിനിമയിലെത്തുന്നത്. കുസൃതിനിറഞ്ഞ ഉര്‍വ്വശിയെ സിനിമാലോകം ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. വിവിധ ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിലഭിനയിച്ച ഉര്‍വ്വശി ഇപ്പോഴും സിനിമയില്‍ സജീവമാണ്. മലയാളികളെ ചിരിപ്പിക്കുകയും ഇടയ്ക്ക് കരയിപ്പിക്കുകയും ചെയ്ത നടിയാണ് കല്‍പന. എന്നെന്നും ഓര്‍ത്തിരിക്കാന്‍ നിരവധി അഭിനയമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച കല്‍പന 2016 ല്‍ മരണമടഞ്ഞു. മൂന്നു സഹോദരിമാരില്‍ മൂത്തയാളാണ് കലാരഞ്ജിനി. വലിയ സ്‌ക്രീനിലും ചെറിയ സ്‌ക്രീനിലും നിറഞ്ഞു നില്‍ക്കുന്ന കുടുംബ പ്രേക്ഷകരുടെ പ്രിയതാരം. ഇവരുടെ സഹോദരന്‍ പ്രിന്‍സും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.
മമ്മൂട്ടി, ഇബ്രാഹിം കുട്ടി
കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവരുടെ വരെ ഇഷ്ടതാരമാണ് മമ്മൂട്ടി. മലയാളത്തിന്റെ മെഗാ സ്റ്റാര്‍. എന്നാല്‍ അദ്ദേഹത്തിന്റെ സഹോദരനും നടനാണെന്ന് എത്രപേര്‍ക്കറിയാം. സിനിമാ സീരിയല്‍ മേഖലകളില്‍ സജീവമാണ് മമ്മുൂട്ടിയുടെ സഹോദരന്‍.
ഷോബി തിലകന്‍, ഷമ്മി തിലകന്‍
മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്‍ തിലകന്റെ മക്കളാണിവര്‍. ശബ്ദം കൊണ്ടും അഭിനയും കൊണ്ടും പ്രേക്ഷക മനസ്സ് കീഴടക്കിയവര്‍. വില്ലന്‍ റോളുകളിലാണു ഷമ്മി തിലകന്‍ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയിട്ടുള്ളത്. നടനായും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായി തിളങ്ങുന്ന വ്യക്തിയാണ് ഷോബി തിലകന്‍. സീരിയലുകളിലെ ശക്തമായ സാന്നിധ്യമാണിദ്ദേഹം.
മഞ്ജു വാര്യര്‍, മധു വാര്യര്‍
മലയാളത്തിന്റെ എക്കാലത്തെയും പ്രിയ നായികയാണ് മഞ്ജു. സിനിമയില്‍ നിന്ന് വിട്ടു നിന്നപ്പോഴും തിരിച്ചു വന്നപ്പോഴും മലയാളി ആ സ്‌നേഹം മഞ്ജുവിനോടു കാണിച്ചിട്ടുണ്ട്. മഞ്ജു മാത്രമല്ല, ആ കുടുംബത്തില്‍ മറ്റൊരു സിനിമാ താരം കൂടിയുണ്ട്. മഞ്ജുവിന്റെ സഹോദരന്‍ മധു വാര്യര്‍. 2004 ല്‍ സിനിമയിലെത്തിയ അദ്ദേഹം ഇരുപതില്‍പരം ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ സിനിമാ നിര്‍മാണ രംഗത്തും സജീവമാണ് മഞ്ജുവിന്റെ സഹോദരന്‍.
ശാലിനി, ശ്യാമിലി
കുഞ്ഞായിരിക്കുമ്പോള്‍ തൊട്ടേ സിനിമാപ്രേമികള്‍ കണ്ടു തുടങ്ങിയ മുഖങ്ങളാണീ സഹോദരിമാരുടേത്. മൂന്നാം വയസ്സില്‍ എന്റെ മാമാട്ടിക്കുട്ടിയമ്മയിലൂടെയാണ് ശാലിനി സിനിമയിലെത്തുന്നത്. പിന്നെയും നിരവധി ചിത്രങ്ങളില്‍ ബാലതാരമായി. വളര്‍ന്നപ്പോള്‍ തെന്നിന്ത്യ മൊത്തം അറിയപ്പെടുന്ന നായികയായി. മാളൂട്ടി (1992) എന്ന ചിത്രം കണ്ടവരാരും ബേബി ശ്യാമിലിയെ മറക്കാനിടയില്ല. ചിരിപ്പിച്ചും കരയിപ്പിച്ചും കുഞ്ഞുശ്യാമിലി പ്രേക്ഷകരുടെ പ്രിയങ്കരിയായി. ശാലിനി വിവാഹാനന്തരം സിനിമയില്‍നിന്ന് വിട്ടുനില്‍ക്കുമ്പോള്‍ വലിയൊരിടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയിരിക്കുകയാണ് ശ്യാമിലി. രണ്ടു പേരും ഇന്നും സിനിമാസ്വാദകരുടെ പ്രിയ താരങ്ങളാണ്. ഇവരുടെ സഹോദരന്‍ റിച്ചാര്‍ഡ് റിഷിയും സിനിമാ നടനാണ്. തമിഴ്, തെലുങ്ക് ചിത്രങ്ങളിലാണ് അധികവും അഭിനയിച്ചത്. കൂട്ട് (2004), ഉപ്പുകണ്ടം ബ്രദേഴ്‌സ് ബാക്ക് ഇന്‍ ആക്ഷന്‍ (2011) എന്നീ മലയാള ചിത്രങ്ങളില്‍ റിച്ചാര്‍ഡ് അഭിനയിച്ചിട്ടുണ്ട്.
പൃഥ്വിരാജ് സുകുമാരന്‍, ഇന്ദ്രജിത്ത് സുകുമാരന്‍
മല്ലിക-സുകുമാരന്‍ ദമ്പതികളുടെ രണ്ടു മക്കളും ഇന്ന് അറിയപ്പെടുന്ന നടന്മാരാണ്. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ മനം കവര്‍ന്നവരാണ് രണ്ടു പേരും. ഇരുവരും അഭിനയ ജീവിതം തുടങ്ങിയതും ഒരേ വര്‍ഷത്തില്‍, 2002 ല്‍. ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍ (2002) ചിത്രത്തില്‍ വില്ലനായാണ് ഇന്ദ്രജിത്തിന്റെ സിനിമാ പ്രവേശം. പിന്നീടിതു വരെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വില്ലനായും നായകനായും സ്വഭാവനടനായും പല രൂപത്തിലും ഭാവത്തിലും കാണികള്‍ക്കു മുന്നിലെത്തി. നന്ദനം(2002) ആണ് പൃഥ്വിരാജിന്റെ ആദ്യ ചിത്രം. ഇന്നു മലയാളത്തിലെ ഏറ്റവും താരമൂല്യമുളള നായകന്മാരില്‍ ഒരാള്‍. തമിഴ്, ഹിന്ദി, തെലുങ്ക് ചിത്രങ്ങിലും പൃഥ്വിരാജ് അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിലെ തിരക്കുള്ള നടന്മാരാണ് ഈ സഹോദരങ്ങള്‍. ക്‌ളാസ്‌മേറ്റ്‌സ് (2006), സിറ്റി ഓഫ് ഗോഡ് (2011) അമര്‍ അക്ബര്‍ അന്തോണി (2015) തുടങ്ങിയ ചിത്രങ്ങളില്‍ ഈ സഹോദരങ്ങള്‍ ഒരുമിച്ച് പ്രേക്ഷകര്‍ക്കു മുന്നിലെത്തിയിട്ടുണ്ട്.
വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍
മലയാളികളുടെ പ്രിയ സഹോദരങ്ങളാണിവര്‍. സിനിമാക്കാരുടെ ഇഷ്ടതാരം ശ്രീനിവാസന്റെ മക്കള്‍. ആദ്യം സിനിമയിലെത്തുന്നത് വിനീത് ശ്രീനിവാസനാണ്. ഗായകനായാണു തുടക്കം. ഇപ്പോള്‍ നടനായും സംവിധാകനായും ഗായകനായും തിളങ്ങി നില്‍ക്കുന്നു. വിനീതാണു സഹോദരന്‍ ധ്യാനിനെ തിര എന്ന ചിത്രത്തിലൂടെ മലയാളികളുടെ മുന്നിലെത്തിച്ചത്. ഇന്നു രണ്ടു പേരും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ്. ഇരുവരും ഒരുമിച്ചെത്തിയ ചിത്രമാണ് കുഞ്ഞിരാമായണം (2015).
ഫഹദ് ഫാസില്‍, ഫര്‍ഹാന്‍ ഫാസില്‍
മലയാളത്തിലെ മറ്റൊരു സഹോദര കൂട്ടമാണ് ഫഹദ് ഫാസിലും ഫര്‍ഹാന്‍ ഫാസിലും. കൈയ്യെത്തും ദൂരത്ത് (2002) ചിത്രത്തിലൂട അഭിനയലോകത്തേക്കെത്തിയ ഫഹദ് മലയാളത്തിലെ താരമൂല്യമുള്ള നടന്മാരിലൊരാളാണ്. അനിയന്‍ ഫര്‍ഹാന്‍ സിനിമയിലെത്തുന്നത് 2014 ലാണ്. രാജീവ് രവി ചിത്രം ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെ.
കാര്‍ത്തിക നായര്‍, തുളസി നായര്‍
പ്രശസ്ത തെന്നിന്ത്യന്‍ നടി രാധയുടെ മക്കളാണിരുവരും. മകരമഞ്ഞ് (2011), കമ്മത്ത് ആന്‍ഡ് കമ്മത്ത് (2013) തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതമായ മുഖമാണ് കാര്‍ത്തികയുടേത്. തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും കാര്‍ത്തിക സജീവമാണ്. സഹോദരി തുളസി സിനിമയിലെത്തുന്നത് മണിരത്‌നം ചിത്രമായ കടലി(2013)ലൂടെയാണ്.
ജോസ് പ്രകാശ്, പ്രേം പ്രകാശ്
മലയാളികളുടെ എക്കാലത്തെയും പ്രിയ വില്ലനാണ് ജോസ് പ്രകാശ്. ഗായകനായി സിനിമയിലെത്തി പിന്നീട് പേരു കേട്ട നടനായി മാറിയ കലാകാരനാണദ്ദേഹം. സ്വഭാവ നടനായും സഹ നടനായും തിളങ്ങുന്ന പ്രേം പ്രകാശ് ഇദ്ദേഹത്തിന്റെ സഹോദരനാണ്.
പ്രേം നസീര്‍, പ്രേം നവാസ്
മലയാളത്തിന്റെ നിത്യ ഹരിത നായകനും അദ്ദേഹത്തിന്റെ സഹോദരനും നിറഞ്ഞു നിന്നതായിരുന്നു അന്‍പതുകളിലെ സിനിമ. ഗിന്നസ് റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി നസീര്‍ സിനിമയില്‍ നിറഞ്ഞപ്പോള്‍ നവാസും തന്റേതായ രീതിയില്‍ സിനിമയില്‍ നിറഞ്ഞു നിന്നു. കൂടപ്പിറപ്പ് (1956), കണ്ടംബച്ച കോട്ട്(1961), നെല്ല് (1974) തുടങ്ങി അനേകം ചിത്രങ്ങളില്‍ നവാസ് അഭിനയിച്ചിട്ടുണ്ട്. ചില ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്ത അദ്ദേഹം 80 കള്‍ വരെ വെള്ളിത്തിരയില്‍ സജീവമായിരുന്നു. എന്നാല്‍ പ്രേം നസീര്‍ തീര്‍ത്ത ഒരു പ്രഭാവത്തില്‍ ഈ സഹോദരന്‍ മുങ്ങിപ്പോയോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.