കൊട്ടും കുരവയും ആട്ടവും പാട്ടും കൂത്തുമായി മമ്മൂട്ടി ചിത്രം “ദി ഗ്രേറ്റ് ഫാദറി”ന് മമ്മൂട്ടി ഫാൻസിന്റെ “ഗ്രേറ്റസ്റ്റ് റിലീസ്”. സിനിമയുടെ റിലീസിന് മുൻപ് തന്നെ ആരാധകർക്കായി നടത്തിയ ആദ്യ ഷോയ്ക്ക് കേരളത്തിലെ വിവിധ തിയേറ്ററുകളിൽ തുടക്കമായി.

തിരുവനന്തപുരത്ത് റോഡ് ഷോയുടെ അകമ്പടിയോടെ സിനിമ പെട്ടി തിയേറ്ററിൽ എത്തിച്ചപ്പോൾ കൊച്ചിയിൽ ആരാധകർ ആനന്ദനൃത്തം ചവിട്ടി. നാളെയാണ് ചിത്രത്തിന്റെ റിലീസ്. സിനിമയ്ക്ക് ആരാധകരുടെ വൻ പിന്തുണ നേടിയെടുക്കാനാണ് റിലീസിന് മുൻപ് തന്നെ മമ്മൂട്ടി ഫാൻസിന് പ്രത്യേക ഷോ ഒരുക്കിയത്.
മാർച്ച് 30ന് കേരളത്തിലെ 150ല്‍പരം തിയറ്ററുകളിലാണ് ആരാധകര്‍ക്കായി പ്രത്യേക ഷോ നടത്തുന്നത്. വ്യാഴാഴ്ച്ച രാവിലെ എട്ട് മണിക്കാണ് ഫാന്‍സ് ഷോ തുടങ്ങുക. സിനിമയുടെ റിലീസ് ദിവസം തന്നെ ഒരു തേര്‍ഡ് ഷോ പ്രദര്‍ശിപ്പിക്കാനും ആലോചനയുണ്ട്. രാത്രി 12 മണിക്കായിരിക്കും ഇത്.

ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം കേരളത്തില്‍ കൂടാതെ ഓസ്ട്രേലിയയിലും റിലീസിന് മുമ്പ് ആരാധകര്‍ക്കായി പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് നിര്‍മ്മാതാക്കളിലൊരാളായ ഷാജി നടേശന് ഐഇ മലയാളത്തോട് നേരത്തേ തന്നെ പറഞ്ഞിരുന്നു. ഇത് ആദ്യമായാണ് ഒരു മലയാള സിനിമ ഇന്ത്യയിൽ റിലീസ് ചെയ്യുന്നതിനൊപ്പം തന്നെ ഓസ്ട്രേലിയയിലും റിലീസ് ആവുന്നത്. ഇന്ന് കേരളത്തിൽ റിലീസ് ചെയ്യുന്ന സിനിമ നാളെ ഓസ്ട്രേലിയൻ തീയേറ്ററുകളിൽ എത്തും.
കൊച്ചിയിൽ സരിത തിയേറ്ററിൽ എത്തിയ സംവിധായകൻ ഹനീഫ് അദേനി ആരാധകർക്കൊപ്പം സിനിമ കാണാൻ എത്തിയിരുന്നു. സന്തോഷ് ശിവന്, ഷാജി നടേശന്, പ്രിഥ്വിരാജ് എന്നിവര്‍ ചേര്‍ന്ന് ഓഗസ്റ്റ് സിനിമയുടെ ബാനറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
മറ്റ് ഇന്ത്യൻ ഭാഷകളിലെ സിനിമകൾ ഇന്ത്യയിൽ റിലീസ് ചെയ്യുമ്പോള്‍ തന്നെ ഓസ്ട്രേലിയയിൽ പ്രദർശനത്തിന് എത്തുമെങ്കിലും മലയാള സിനിമകൾ പ്രദർശനത്തിന് എത്തുക ആഴ്ചകൾ കഴിഞ്ഞാണ്. ഈ സാഹചര്യത്തിലാണ് ചിത്രത്തെ വിപുലമായ ഫാൻസ് ഷോയിലൂടെ വരവേൽക്കുവാൻ സിനിമ ആസ്വാദകർ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് പലയിടത്തും റോഡ് ഷോകളും പ്രചരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
ഫാന്‍സ് ഷോയുടെ ടിക്കറ്റുകള്‍ ആഴ്ച്ചകള്‍ക്ക് മുമ്പു തന്നെ കൊടുത്തു തീര്‍ന്നിരുന്നെന്ന് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. മലയാള സിനിമ ചരിത്രത്തില്‍ ഇത് ആദ്യമായാണ് ഇത്രയധികം തിയറ്ററുകളില്‍ ഫാന്‍സ് ഷോ സംഘടിപ്പിക്കുന്നതെന്ന് മമ്മൂട്ടി ഫാന്‍സ് സംസ്ഥാന സെക്രട്ടറി അരുണ്‍ അവകാശപ്പെട്ടു.

റിലീസിന്റെ പിറ്റേന്ന് നടക്കുന്ന മോട്ടോര്‍വാഹന പണിമുടക്ക് ചിത്രത്തെ ബാധിക്കില്ലെന്ന് മമ്മൂട്ടി ഫാന്‍സിന്റെ രക്ഷാധികാരി വി ഭാസ്കര്‍ പറഞ്ഞു. നല്ല സിനിമയെ സ്വീകരിക്കാന്‍ പണിമുടക്കിന്റെ അന്നും സിനിമാസ്വാദകര്‍ എത്തുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു. ഒരു വടക്കന്‍ വീരഗാഥയുടെ റിലീസ് ദിനം തൊട്ട് തിയറ്ററില്‍ സിനിമാസ്വാദകരെ മമ്മൂട്ടിയുടെ കൂറ്റന്‍ ഫ്ലക്സുകളുമായി വരവേല്ക്കാറുണ്ടായിരുന്ന കാര്യം അദ്ദേഹം ഓര്‍ത്തെടുത്തു.

മമ്മൂട്ടി-രജനികാന്ത് കൂട്ടുകെട്ടിന്റെ എക്കാലത്തേയും ഹിറ്റ് ചിത്രമായ ദളപതിയുടെ പുലര്‍ച്ചെയുള്ള ഷോ കാണാന്‍ തിരുവനന്തപുരത്ത് നിന്നും നാഗര്‍കോവിലേക്ക് പോയ മമ്മൂട്ടി ഫാന്‍സിന്റെ സംഘത്തില്‍ ഭാസ്കറും ഉണ്ടായിരുന്നു.
മലയാളത്തിലെ ഭൂരിഭാഗം താരങ്ങളും അണിനിരന്ന ട്വന്റി 20യാണ് ആദ്യമായി ആരാധകര്‍ക്കായി പ്രത്യേക ഷോയായി പ്രദര്‍ശിപ്പിച്ചത്. തുടര്‍ന്ന് നിരവധി ചിത്രങ്ങള്‍ ഇത്തരത്തില്‍ പ്രദര്‍ശിപ്പിച്ചു. മമ്മൂട്ടി ചിത്രമായ പഴശ്ശിരാജയും, രാജമാണിക്യവും, ഡാഡികൂളും, അണ്ണന്‍തമ്പിയും, ഗ്യാംങ്സ്റ്ററുമൊക്കെ ഇത്തരത്തില്‍ ഫാന്‍സിനായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.