Malayalam New Release 2021: ഒമ്പത് മാസങ്ങളോളം അടഞ്ഞു കിടന്ന കേരളത്തിലെ തിയേറ്ററുകൾ സജീവമായി തുടങ്ങുകയാണ്. ഇരുപതോളം മലയാളം ചിത്രങ്ങളാണ് ഉടനടി തിയേറ്ററുകളിലെത്താനായി തയ്യാറായിരിക്കുന്നത്. വിജയ് ചിത്രം ‘മാസ്റ്ററി’ന്റെ പ്രദർശനവുമായി ബന്ധപ്പെട്ടാണ് ജനുവരി 13നാണ് കേരളത്തിലെ തിയേറ്ററുകൾ വീണ്ടും സജീവമായത്.

കോവിഡ് ലോക്ക്ഡൗണിനു ശേഷം ആദ്യം തിയേറ്ററിലെത്തുന്ന മലയാളചിത്രം നടൻ ജയസൂര്യ കേന്ദ്രകഥാപാത്രമാകുന്ന ‘വെള്ളം’ ആണ്. ജനുവരി 22നാണ് ചിത്രം റിലീസിനെത്തുന്നത്. വാങ്ക്, ലവ് എന്നിവയാണ് ജനുവരി മാസം തിയേറ്ററുകളിലെത്തുന്ന മറ്റു ചിത്രങ്ങൾ. ഫെബ്രുവരി നാലിന് മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് എത്തും. മോഹൻകുമാർ ഫാൻസ്, സാജൻ ബേക്കറി, ഓപ്പറേഷൻ ജാവ, യുവം, മരട് 357, വർത്തമാനം എന്നിങ്ങനെ നിരവധി ചിത്രങ്ങൾ തൊട്ടുപിറകെ തന്നെ തിയേറ്ററുകളിലെത്തും.

Vellam Release: വെള്ളം

ക്യാപ്റ്റനു ശേഷം പ്രജേഷ് സെന്നും നടൻ ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് ‘വെള്ളം. സംയുക്ത, സിദ്ദീഖ്, ഇന്ദ്രൻസ്, ശ്രീലക്ഷ്മി, നിർമൽ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു, സന്തോഷ് കീഴാറ്റൂർ, വെട്ടുകിളി പ്രകാശ്, സിനിൽ സൈനുദ്ദീൻ,അധീഷ് ദാമോദർ, പ്രിയങ്ക തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ജോസ് കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവരാണ് ‘വെള്ളം’ നിർമിച്ചിരിക്കുന്നത്. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.

Read more: തിയേറ്ററിലേക്ക് ആദ്യമെത്തുന്ന മലയാള ചിത്രം ‘വെള്ളം’

Vaanku Release: പെൺകൂട്ടായ്മയിൽ നിന്നും ‘വാങ്ക്’

സ്ത്രീപക്ഷ നിലപാടുകളും രാഷ്ട്രീയമാനങ്ങളും കൊണ്ടും കഥാലോകത്തും വായനക്കാർക്കിടയിലും ഏറെ പ്രശംസ നേടിയ എഴുത്തുകാരൻ ഉണ്ണി ആറിന്റെ ചെറുകഥ ‘വാങ്കി’നെ ചലച്ചിത്രാനുഭവമാക്കി തിയേറ്ററിൽ എത്തിക്കുന്നത് സംവിധായകന്‍ വി.കെ.പ്രകാശിന്റെ മകൾ കാവ്യ പ്രകാശ് ആണ്. ജനുവരി 29നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

വാങ്ക് വിളിക്കണമെന്ന ആഗ്രഹം ചെറുപ്പം മുതൽ കൊണ്ട് നടക്കുന്ന റസിയയെന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ അണിയറയിലും പ്രവർത്തിക്കുന്നത് പെൺകൂട്ടായ്മ തന്നെ. ഭരതനാട്യം കലാകാരിയായ ഷബ്‌ന മുഹമ്മദുമാണ് ‘വാങ്കി’ന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനശ്വര രാജൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

Love Release: ‘ലവ്’

‘അനുരാഗകരിക്കിന്‍ വെള്ളം’, ‘ഉണ്ട’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലവ്’. ഷൈന്‍ ടോം ചാക്കോ, രജീഷ വിജയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ജനുവരി 29-നാണ് റിലീസ്.

പൂര്‍ണ്ണമായും ലോക്ഡൗണിന്റെ പശ്ചാത്തലത്തിലുള്ള ചിത്രമാണിത്. വീണ നന്ദകുമാര്‍, സുധി കോപ്പ, ജോണി ആന്റണി, ഗോകുലന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

The Priest Release: മമ്മൂട്ടിയുടെ ‘ദ പ്രീസ്റ്റ്’

മമ്മൂട്ടിയും മഞ്ജു വാരിയറും ആദ്യമായി ഒന്നിക്കുന്ന ‘ദ പ്രീസ്റ്റ്’ ഫെബ്രുവരി നാലിനാണ് തിയേറ്ററുകളിൽ എത്തുന്നത്. ഒരു പുരോഹിതനായാണ് മമ്മൂട്ടി ഇതിൽ അഭിനയിക്കുന്നത്. മമ്മൂട്ടിയും മഞ്ജു വാരിയറും ആദ്യമായി ഒന്നിക്കുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.

നവാഗതനായ ജോഫിന്‍ ടി.ചാക്കോയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ ജിസ് ജോയിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ജോഫിന്‍. ബി.ഉണ്ണിക്കൃഷ്ണന്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുക. ജനുവരി ഒന്നിന് സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു. ‘കുഞ്ഞിരാമായണം’ എന്ന സിനിമയ്‌ക്ക് തിരക്കഥ ഒരുക്കിയ ദീപു പ്രദീപ്, ‘കോക്ക്‌ടെയിൽ’ എന്ന ജയസൂര്യ ചിത്രത്തിന് തിരക്കഥ ഒരുക്കിയ ശ്യം മേനോൻ എന്നിവരാണ് മമ്മൂട്ടി-മഞ്ജു ചിത്രത്തിന്റെ തിരക്കഥ. സംവിധായകൻ ജോഫിന്റേത് തന്നെയാണ് കഥ.

Mohankumar Fans: സിനിമയ്ക്കുള്ളിലെ കഥയുമായി ‘മോഹൻകുമാർ ഫാൻസ്‌’

കുഞ്ചാക്കോ ബോബനെ നായകനായി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ‘മോഹൻകുമാർ ഫാൻസ്’ എന്ന ചിത്രവും ഫെബ്രുവരിയിൽ റിലീസ് എത്തും. എന്നാൽ റിലീസിംഗ് ഡേറ്റ് അണിയറപ്രവർത്തകർ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയാണ് ചിത്രം പറയുന്നത്. സിദ്ധിഖ്, ശ്രീനിവാസൻ, മുകേഷ്, അലൻസിയർ, ആസിഫ് അലി, വിനയ് ഫോർട്ട്, രമേഷ് പിഷാരടി, കെ.പി.എസ്.സി. ലളിത, സൈജു കുറുപ്പ് എന്നിവരാണ് മറ്റു താരങ്ങൾ. ബോബി-സഞ്ജയ് ടീമാണ് കഥ ഒരുക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook