മലയാളത്തിലെ ഒരു പ്രമുഖ സംവിധായകൻ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചുവെന്ന് നടിയും സംവിധായികയുമായ ലക്ഷ്‌മി രാമകൃഷ്‌ണന്റെ വെളിപ്പെടുത്തൽ. മലയാളത്തിലും തമിഴിലും പ്രമുഖനായ സംവിധായകന്റെ ചിത്രത്തിൽ അഭിനയിക്കുമ്പോഴുണ്ടായ മോശം അനുഭവം ലക്ഷ്‌മി തുറന്നുപറഞ്ഞു. സംവിധായകന്റെ ആവശ്യങ്ങൾ നിരാകരിച്ചതിനെത്തുടർന്ന് സിനിമയുടെ സെറ്റിൽ വച്ച് പരസ്യമായി അപമാനിച്ചുവെന്നും ലക്ഷ്‌മി പറഞ്ഞു.

തന്നെ ലക്ഷ്യം വച്ച് പരസ്യമായി ചീത്ത വിളിക്കുകയും മനഃപ്പൂർവ്വം ചില സീനുകൾ 25ൽ അധികം തവണ വീണ്ടും ചെയ്യിപ്പിക്കുകയും ചെയ്‌തെന്നും നടി പറയുന്നു. മാപ്പ് പറയാൻ ലക്ഷ്‌മി ആവശ്യപ്പെട്ടപ്പോൾ വീണ്ടും കൂടുതൽ മോശമായാണ് പെരുമാറിയത്. സിനിമ മേഖലയിൽ ഉടനീളം ഇത്തരം ആളുകൾ ഉണ്ടെന്നും പക്ഷേ ആരും അതേക്കുറിച്ച് സംസാരിക്കാത്തതാണെന്നും ലക്ഷ്‌മി കൂട്ടിച്ചേർത്തു.

താൻ സിനിമകൾ ചെയ്യുന്നത് കുറയ്‌ക്കാൻ കാരണം ഇത്തരം സമീപനങ്ങളാണെന്നും ലക്ഷ്‌മി പറഞ്ഞു. അടുത്തകാലത്ത് ഒരു സംവിധായകൻ അയച്ച ആൾ പ്രൊജക്‌ടിനെക്കുറിച്ച് സംസാരിക്കാൻ എന്റെ ഫ്ലാറ്റിൽ വന്നിരുന്നു. സിനിമയെക്കുറിച്ച് പറഞ്ഞു കഴിഞ്ഞപ്പോൾ പതുക്കെ ‘അഡ്‌ജസ്റ്റുമെന്റുകൾ’ നടത്തുന്നതിനെക്കുറിച്ചായി സംസാരം. ആദ്യം ഡേറ്റുകൾ ലഭിക്കുന്നതിനെക്കുറിച്ചാകും സംസാരം എന്നാണ് കരുതിയത്. എന്നാൽ പിന്നീടാണ് ഞെട്ടലോടെ മറ്റ് ചിലതിനെക്കുറിച്ചാണ് അയാൾ സംസാരിച്ചതെന്ന് മനസ്സിലായത്. കൂടുതലൊന്നും പറയാതെ അയാളെ പുറത്താക്കിയെന്ന് ലക്ഷ്‌മി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

ബുദ്ധിമതികളായ സ്ത്രീകളോട് ഒന്നിച്ച് ജോലി ചെയ്യാൻ പല സംവിധായകർക്കും താൽപര്യമില്ലെന്നും അവർ പ്രതിഫലം ചോദിച്ചു വാങ്ങിക്കുന്നത് ഇഷ്‌ടപ്പെടില്ലെന്നും അവർ പറഞ്ഞു. ഇതെല്ലാം സിനിമാ മേഖലയിൽ മാത്രമുളള പ്രശ്‌നങ്ങളല്ലെന്നും ലക്ഷ്‌മി പറഞ്ഞു.

തുല്യതയെക്കുറിച്ച് സംസാരിക്കുമ്പോഴും സിനിമയിൽ യഥാർഥത്തിൽ മാറ്റം വരുന്നില്ലെന്നും ലക്ഷ്‌മി പറയുന്നു. നായക കേന്ദ്രീകൃത സിനിമ എന്ന പേരിലാണ് പലതും പ്രചരിപ്പിക്കുന്നത്. ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ഉളള സിനിമകളുടെ എണ്ണം കൂടുന്നില്ലെന്നും അവർ അവകാശപ്പെട്ടു. സ്ത്രീകളെ സിനിമ മേഖലയിൽ ഇപ്പോഴും കീഴടക്കിവച്ചിരിക്കുകയാണെന്നും അവരെ ഇന്നും ബഹുമാനിക്കുന്നത് കുറവാണെന്നും അവരെ ചൂഷണം ചെയ്യുകയുമാണെന്ന് ലക്ഷ്‌മി ആരോപിച്ചു.

ചക്കരമുത്ത്, ജേക്കബിന്റെ സ്വർഗരാജ്യം എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ ലക്ഷ്‌മി, സൊൽവതെല്ലാം ഉൺമൈ എന്ന പേരിൽ തമിഴ് ചാനലിൽ ഒരു പരിപാടി അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. മൂന്ന് തമിഴ് ചിത്രങ്ങളും ആറ് ഷോർട്ട് ഫിലിമുകളും ലക്ഷ്‌മി സംവിധാനം ചെയ്‌തിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ