scorecardresearch
Latest News

അമ്മ സംഘടനയുടെ പുതിയ പ്രസിഡന്റ് മോഹൻലാലോ? വാർത്തകളോട് ഇടവേള ബാബു പ്രതികരിക്കുന്നു

ഇന്നസെന്റ് സ്ഥാനം ഒഴിയുന്നതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് അടുത്തതായി എത്തുക മോഹൻലാൽ ആയിരിക്കുമെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്

അമ്മ സംഘടനയുടെ പുതിയ പ്രസിഡന്റ് മോഹൻലാലോ? വാർത്തകളോട് ഇടവേള ബാബു പ്രതികരിക്കുന്നു

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പുതിയ പ്രസിഡന്റ് ആരെന്ന് ഈ മാസം അറിയാം. ജൂൺ 24 ന് നടക്കുന്ന ജനറൽ ബോഡി യോഗത്തിൽ അടുത്ത മൂന്നു വർഷത്തേക്കുളള ഭാരവാഹികളെ തിരഞ്ഞെടുക്കും. നിലവിലെ പ്രസിഡന്റായ ഇന്നസെന്റ് വീണ്ടും ആ സ്ഥാനത്തേക്ക് ഇല്ലെന്ന് ഉറപ്പായിട്ടുണ്ട്. അമ്മ പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന് ഇന്നസെന്റ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്നസെന്റ് സ്ഥാനം ഒഴിയുന്നതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് അടുത്തതായി എത്തുക മോഹൻലാൽ ആയിരിക്കുമെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ സംഘടനയുടെ വൈസ് പ്രസിഡന്റാണ് മോഹൻലാൽ. സംഘടനയിലെ ഭൂരിഭാഗം പേർക്കും മോഹൻലൽ പ്രസിഡന്റ് ആകണമെന്നാണ് അഭിപ്രായമെന്നും സൂചനയുണ്ട്.

അമ്മയുടെ പുതിയ പ്രസിഡന്റിനെക്കുറിച്ചുളള വാർത്തകൾ മാധ്യമങ്ങളിൽ നിറയുമ്പോഴും പുതിയ ഭാരവാഹികളുടെ കാര്യത്തിൽ ഒരു തീരുമാനവും ആയിട്ടില്ലെന്നാണ് അമ്മ സെക്രട്ടറി ഇടവേള ബാബു ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പ്രതികരിച്ചത്. “എല്ലാ മൂന്നു വർഷം കൂടുമ്പോഴും തിരഞ്ഞെടുപ്പ് നടക്കാറുണ്ട്. എല്ലാ വർഷവും ജൂൺ അവസാനത്തെ ഞായറാ‌ഴ്‌ചയാണ് ജനറൽ ബോഡി യോഗം നടക്കുന്നത്. ഈ വർഷവും അത് നടക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് ആരാണ് മൽസരിക്കുകയെന്നതിനെക്കുറിച്ചൊന്നും തീരുമാനമായിട്ടില്ല. മാധ്യമങ്ങൾ എന്തടിസ്ഥാനത്തിലാണ് ഇത്തരം വാർത്തകൾ പുറത്തുവിടുന്നതെന്ന് അറിയില്ല”, ഇടവേള ബാബു പറഞ്ഞു.

അതേസമയം, സംഘടനയിൽ വലിയ അഴിച്ചു പണിക്കൊന്നും സാധ്യതയില്ലെന്നാണ് വിവരം. യുവാക്കൾ സംഘടനയിലെ പ്രധാന സ്ഥാനങ്ങൾ വഹിക്കണമെന്നാണ് ചിലരുടെ അഭിപ്രായമെങ്കിലും അത് ഇത്തവണയും നടപ്പായേക്കില്ല. സീനിയർ താരങ്ങൾ തന്നെയാകും സംഘടനയുടെ തലപ്പത്ത് ഉണ്ടാവുകയെന്നാണ് വിവരം. സംഘടനയുടെ ഫണ്ട് വിനിയോഗത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അനുഭവ പരിചയമുളളവർ വേണമെന്ന അഭിപ്രായത്തെ മാനിച്ചാണിതെന്നാണ് സൂചന. വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകണമെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. നിലവിൽ കുക്കു പരമേശ്വരൻ, രമ്യ നമ്പീശൻ എന്നിവർ മാത്രമാണ് കമ്മിറ്റിയിലെ വനിത അംഗങ്ങൾ.

നിലവിലെ കമ്മിറ്റി അംഗങ്ങൾ

പ്രസിഡന്റ്- ഇന്നസെന്റ്
വൈസ് പ്രസിഡന്റുമാർ- കെ.ബി.ഗണേശ് കുമാർ, മോഹൻലാൽ
ജനറൽ സെക്രട്ടറി- മമ്മൂട്ടി
സെക്രട്ടറി- ഇടവേള ബാബു
കമ്മിറ്റി അംഗങ്ങൾ- അസിഫ് അലി, കുക്കു പരമേശ്വരൻ, ദേവൻ, കലാഭവൻ ഷാജോൺ, മണിയൻ പിളള രാജു, മുകേഷ്, നെടുമുടി വേണു, നിവിൻ പോളി, പൃഥ്വിരാജ്, രമ്യ നമ്പീശൻ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Malayalam film association amma president news edavela babu comments