മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കാര്യത്തിൽ ശരിയായത് എന്താണോ, അത് ചെയ്യാനുള്ള സമയമാണ് ഇതെന്ന് നടൻ പൃഥ്വിരാജ്. സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്. 125 വർഷം പഴക്കമുള്ള ഇപ്പോഴും പ്രവർത്തിക്കുന്നു എന്നത് സംബന്ധിച്ച് ഒരു ഒഴിവ് കഴിവുകളും ഇല്ലെന്നും താരം പറഞ്ഞു. ഇക്കാര്യത്തിൽ സിസ്റ്റം ശരിയായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പൃഥ്വിരാജ് കുറിച്ചു.
“വസ്തുതകളും കണ്ടെത്തലുകളും എന്തായിരുന്നാലും അല്ലെങ്കിൽ ഇനി എന്തുതന്നെ വന്നാലും, ഈ 125 വർഷം പഴക്കമുള്ള അണക്കെട്ട് പ്രവർത്തിക്കുന്ന ഘടനയായി നിലനിൽക്കുന്നതിന് ഒരു കാരണമോ ഒഴികഴിവോ ഇല്ല! രാഷ്ട്രീയവും സാമ്പത്തികവും മാറ്റിവെച്ച് ശരിയായത് ചെയ്യുന്ന സമയമാണിത്. നമുക്ക് സിസ്റ്റത്തിൽ മാത്രമേ വിശ്വസിക്കാൻ കഴിയൂ, സിസ്റ്റം ശരിയായ തീരുമാനം എടുക്കണമെന്ന് നമുക്ക് പ്രാർത്ഥിക്കാം!,” പൃഥ്വിരാജ് കുറിച്ചു.
നേരത്തെ മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കത്തയച്ചിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറക്കാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ടാണ് കത്ത്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അണക്കെട്ടിൽനിന്ന് കൂടുതൽ വെള്ളം കൊണ്ടുപോവണമെന്ന് കത്തിൽ പിണറായി ആവശ്യപ്പെട്ടിരുന്നു.
അണക്കെട്ടിന്റെ ഷട്ടർ തുറക്കുകയാണെങ്കിൽ 24 മണിക്കൂര്‍ മൂമ്പ് കേരളത്തെ അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ ജലം തമിഴ്നാട്ടിലെ വൈഗാ അണക്കെട്ടിലേക്ക് കൊണ്ടുപോകണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: പൃഥ്വിക്കൊപ്പമുള്ള ആറ് വർഷം മുൻപത്തെ ചിത്രവുമായി സുപ്രിയ; ഒരു മാറ്റവുമില്ലെന്ന് ആരാധകർ
കനത്ത മഴയില്‍ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടിയിലെത്തിയതിനാൽ ശനിയാഴ്ച വൈകിട്ടോടെ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് തമിഴ്നാടിന്റെ ആദ്യ മുന്നറിയിപ്പ് ലഭിച്ചതെന്ന് കേരള സർക്കാർ അറിയിച്ചു. 138 അടിയിലെത്തിയാൽ രണ്ടാം മുന്നറിയിപ്പ് ലഭിക്കും. ഒപ്പം ഓറഞ്ച് അലർട്ടും പ്രഖ്യാപിക്കും. 140 അടിയിലെത്തിയാൽ റെഡ് അലർട്ടും പ്രഖ്യാപിക്കുകയും ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകുകയും ചെയ്യും. 142 അടിയാണ് ഡാമിന്റെ അനുവദനീയമായ സംഭരണ ശേഷി.