അന്തരിച്ച മുൻ കേന്ദ്ര മന്ത്രിയും, എംപിയും. മാതൃഭൂമി മാനേജിങ്ങ് ഡയരക്ടറുമായ എംപി വീരേന്ദ്രകുമാറിന് ആദരാഞ്ജലികൾ അർപ്പിച്ച് മലയാള സിനിമാ ലോകം. എന്റെ ഹൃദയത്തിലെ ബന്ധു എന്നാണ് മമ്മൂട്ടി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. പരിചയപ്പെട്ട ആദ്യനാൾ മുതൽ വല്ലാത്ത ആത്ബന്ധമായിരുന്നു തങ്ങളുടേതെന്നും, അസുഖമുണ്ടെന്നറിഞ്ഞിരുന്നെങ്കിലും ഇത്ര പെട്ടെന്നുള്ള വിയോഗം പ്രതീക്ഷിച്ചിരുന്നില്ലെന്നും മമ്മൂട്ടി കുറിച്ചു. ഏറെ വൈകാരികമായ കുറിപ്പാണ് അദ്ദേഹം പങ്കുവച്ചത്.

Read More: എം പി വീരേന്ദ്രകുമാർ അന്തരിച്ചു: സംസ്കാരം ഇന്ന് കൽപറ്റയിൽ

മമ്മൂട്ടിയുടെ കുറിപ്പിന്റെ പൂർണരൂപം:

വീരേന്ദ്രകുമാർ എന്ന പല ശിഖരങ്ങളും പല തലങ്ങളുമുള്ള ബഹുമുഖ പ്രതിഭ ഇനി നമ്മോടൊപ്പമില്ല. മലയാളിക്കും ഇന്ത്യൻ രാഷ്ട്രീയത്തിനും അദ്ദേഹം പലതുമായിരുന്നു. പക്ഷേ എനിക്ക് അദ്ദേഹം എന്റെ ഹൃദയത്തിലെ ബന്ധു ആയിരുന്നു. അദ്ദേഹത്തോട് സംസാരിച്ചിട്ട് അധികനാൾ ആയിട്ടില്ല. അസുഖമാണെന്ന് അറിയാമായിരുന്നു. പക്ഷേ ഇത്ര പെട്ടെന്നുള്ള ഒരു വിയോഗം പ്രതീക്ഷിച്ചില്ല. പരിചയപ്പെട്ട ആദ്യനാൾ മുതൽ വല്ലാത്ത ആത്ബന്ധമായിരുന്നു ഞങ്ങളുടേത്. ഓരോ വേദികളിൽ, ഓരോ സന്ദരർഭങ്ങളിൽ, വീട്ടിലുമെല്ലാം ഞങ്ങൾ സുഹൃത്തുക്കളെപ്പോലെയായിരുന്നു. അദ്ദേഹത്തിന് എന്റെ പ്രായമായിരുന്നോ എനിക്ക് അദ്ദേഹത്തിന്റെ പ്രായമായിരുന്നോ എന്നെനിക്ക് അറിയില്ല. പക്ഷേ എപ്പോഴും ഞങ്ങൾ സമപ്രായക്കാരെപ്പോലെയായിരുന്നു. സംസാരിക്കുന്ന വിഷയത്തിൽ സാമ്യതകളുണ്ടായിരുന്നു.

രാഷ്ടീയ രംഗത്തും സാഹിത്യരംഗത്തും സാമൂഹ്യരംഗത്തും പരിസ്ഥിതി രംഗത്തും ഒരുപാട് സംഭാവനകൾ അർപ്പിച്ച അദ്ദേഹം എന്നോട് വലിയ സൗഹൃദമാണ് കാട്ടിയത്. ഒരു സിനിമാ നടൻ എന്നതിൽ കവിഞ്ഞൊരു വാൽസല്യമുണ്ടായിരുന്നു, സ്നേഹവുമുണ്ടായിരുന്നു. ഒരു ബന്ധുത്വവുമുണ്ടായിരുന്നു അദ്ദേഹത്തിന്. അതാണ് എന്നെ ഏറ്റവുമധികം ഇപ്പോൾ വേദനിപ്പിക്കുന്നത്. ഏറ്റവും അടുത്ത ഒരു ബന്ധുവായിട്ടാണ് അദ്ദേഹത്തെ എപ്പോഴും ഉള്ളിൽ തോന്നിയത്. നാട്ടിലെയും വീട്ടിലെയും എല്ലാ കാര്യങ്ങളും അറിയുകയും എല്ലാം അറിയാൻ ആഗ്രഹിക്കുകയും ചെയ്ത ഒരാൾ. അങ്ങനെയുള്ളവരെയാണല്ലോ നമ്മൾ ഹൃദയം കൊണ്ട് ബന്ധുവെന്ന് വിളിക്കുന്നത്. എന്റെ ഏറ്റവും അടുത്ത ഒരു ബന്ധു, അല്ലെങ്കിൽ ഒരു ജ്യേഷ്ഠനോ അമ്മാവനോ പിതൃതുല്യനോ ഗുരുതുല്യനോ ആയ ഒരാൾ.

ഒരിക്കലും മറക്കാൻ കഴിയാത്ത എന്റെ ഹൃദയത്തിലെ ബന്ധുവിന്, മഹാനായ മനുഷ്യസ്നേഹിക്ക് ആദരാഞ്ജലികൾ.

മമ്മൂട്ടിയ്ക്ക് പുറമേ, പൃഥ്വിരാജ്, ഇന്ദ്രജിത്, പൂർണിമ ഇന്ദ്രജിത്, കുഞ്ചാക്കോ ബോബൻ, ഷറഫുദ്ദീൻ, കുഞ്ചാക്കോ ബോബൻ എന്നിവരും വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ചു.

View this post on Instagram

Rest in peace!

A post shared by Prithviraj Sukumaran (@therealprithvi) on

View this post on Instagram

R.I.P

A post shared by Unni Mukundan (@iamunnimukundan) on

ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച അർദ്ധരാത്രിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു വീരേന്ദ്രകുമാറിന്റെ അന്ത്യം. വാർധക്യ സഹജമായ രോഗബാധയെതത്തുടർന്ന് വ്യാഴാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 84 വയസ്സായിരുന്നു.

View this post on Instagram

ആദരാഞ്ജലികൾ

A post shared by sharafu (@sharaf_u_dheen) on

കോഴിക്കോട് ചാലപ്പുറത്തെ വസതിയില്‍ നിന്ന് ഭൗതിക ശരീരം ഇന്ന് രാവിലെ 11 മണിയോടെ വയനാട്ടിലേക്ക് കൊണ്ടുപോകും. ജന്മനാടായ കൽപറ്റയിലാണ് സംസ്കാരച്ചടങ്ങുകൾ.

View this post on Instagram

Rest in peace

A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) on

1997ലെ ഐകെ ഗുജ്റാൾ മന്ത്രി സഭയിൽ ധനകാര്യ സഹമന്ത്രിയായിരുന്നു എംപി വീരേന്ദ്രകുമാർ. പിന്നീട് സ്വതന്ത്ര ചുമതലയോടെ തൊഴിൽ സഹമന്ത്രിയായി.നഗര കാര്യം, പാർലമെന്ററി കാര്യ വകുപ്പുകളുടെ അധിക ചുമതലയുമുണ്ടായിരുന്നു.

എഴുത്തുകാരൻ പ്രഭാഷകൻ എന്നീ നിലകളിലും ശ്രദ്ധേയനായി. ബുദ്ധന്റെ ചിരി, ഗാട്ടും കാണാ ചരടുകളും,ഹൈമവതഭൂവിൽ, സ്മൃതിചിത്രങ്ങൾ, അമസോണും കുറേ വ്യാകുലതകളും, ചങ്ങമ്പുഴ:വിധിയുടെ വേട്ടമൃഗം, ആത്മാവിലേക്ക് ഒരു തീർത്ഥയാത്ര, ലോകവ്യാപാരസംഘടനയും ഊരാക്കുടുക്കുകളും, തിരിഞ്ഞുനോക്കുമ്പോൾ, പ്രതിഭയുടെ വേരുകൾ തേടി, അധിനിവേശത്തിന്റെ അടിയൊഴുക്കുകൾ, രോഷത്തിന്റെ വിത്തുകൾ, രാമന്റെ ദുഃഖം, സമന്വയത്തിന്റെ വസന്തം എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook