മലയാള സിനിമയിലിപ്പോള്‍ മക്കള്‍ യുഗമാണ്. ദുല്‍ഖര്‍ സല്‍മാനും കാളിദാസ് ജയറാമുമെല്ലാം പ്രേക്ഷക മനസ്സില്‍ ഇടം നേടി മുന്നേറുമ്പോള്‍ മലയാളത്തിലെ മറ്റൊരു പ്രമുഖ നടന്റെ മകനും സിനിമയില്‍ ഹരിശ്രീ കുറിക്കാനൊരുങ്ങുകയാണ്- മനു ശിവജി. തൊണ്ണൂറുകളില്‍ മലയാള സിനിമയിലെത്തിയ ശിവജി ഗുരുവായൂരിന്റെ മകനാണ് മനു ശിവജി. സിനിമയിലേയ്ക്കുള്ള കടന്നുവരവിനെയും പ്രതീക്ഷകളെയും കുറിച്ച് മനു ശിവജിയുടെ വാക്കുകളിലൂടെ…
എന്നെ സിനിമയിലെടുത്തടാ…
ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല സിനിമയിലെത്തുമെന്ന്. ഞാന്‍ വളരെ ഒതുങ്ങികൂടിയ വ്യക്തിയാണ്. സിനിമ ഒരിക്കലും മനസിലില്ലായിരുന്നു. കഥകളിയും മറ്റു പരിപാടികളുമായിരുന്നു മനസ്സില്‍. എന്റെ അനുജന്‍ സൂര്യലാല്‍ ശിവജിക്കാണ് സിനിമാ മോഹമുണ്ടായിരുന്നത്. നടനാവാന്‍ ആഗ്രഹിച്ചത് അവനാണ്. എന്നാല്‍ സിനിമയിലേയ്ക്കുള്ള അവസരം ലഭിച്ചത് എനിക്കാണ്. അതും തികച്ചും അപ്രതീക്ഷിതമായി.
ആദ്യ സിനിമ
പുഴ ഡോട്ട് എച്ച്റ്റുഒ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. കൊച്ചിന്‍ സിത്താര സംവിധാനം ചെയ്യുന്ന സിനിമ പുഴ മലിനീകരണത്തെക്കുറിച്ചാണ് പറയുന്നത്. അപ്രതീക്ഷിതമായി ഒരു ദിവസം അദ്ദേഹം വിളിച്ചു. പോയി സംസാരിച്ചു, കഥ കേട്ടപ്പോള്‍ ഇതു ഞാന്‍ ചെയ്യേണ്ട സിനിമയാണെന്ന് തോന്നി. അങ്ങനെയാണ് പുഴയില്‍ അഭിനയിക്കുന്നത്. അതില്‍ മണി എന്നായിരുന്നു എന്റെ കഥാപാത്രത്തിന്റെ പേര്. പരിസ്ഥിതി സ്‌നേഹിയാണ് മണി. നാട്ടില്‍ എല്ലാവര്‍ക്കും സഹായിയായ നല്ലവനായ ചെറുപ്പക്കാരനാണ് മണി. തൃശ്ശൂരിലായിരുന്നു ചിത്രീകരണം. ജനുവരിയില്‍ ചിത്രം തിയേറ്ററിലത്തുമെന്നാണ് പ്രതീക്ഷ.
ആദ്യ ഷോട്ട്
എന്റെ ആദ്യ സിനിമയും ആദ്യ ഷോട്ടും അച്‌ഛന്റെ കൂടെയാണ്, പുഴ ഡോട്ട് എച്ച്റ്റുഒയില്‍. ക്യാമറയ്ക്ക് മുന്നില്‍ ആദ്യമായി ഡയലോഗ് പറഞ്ഞതും അച്‌ഛനോടാണ്. ആ രംഗം ചിത്രീകരിക്കുമ്പോള്‍ നല്ല പരിഭ്രമം ഉണ്ടായിരുന്നു. ക്യാമറയ്ക്ക് മുന്നിലുള്ള ആദ്യ അനുഭവമാണല്ലോ.

അച്ഛന്റെ കൂടെയുള്ള അഭിനയ അനുഭവം
അഭിനയ ജീവിതത്തിന്റെ തുടക്കം അച്‌ഛനോടൊപ്പമായിരുന്നു. ഞാന്‍ അഭിനയിച്ച രണ്ടു സിനിമയിലും അച്‌ഛനുണ്ട്. പുഴ ഡോണ്ട് എച്ച്റ്റുഒയില്‍ അച്‌ഛനും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. സമാധാനത്തിന്റെ വെള്ളരിപ്രാവുകളില്‍ ഒരു പൊലീസ് സിഐ ആയിട്ടാണ് അച്‌ഛന്‍ എത്തുന്നത്. അച്‌ഛന്റെ കൂടെ അിനയിച്ചത് ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളായിരുന്നു. ചെറുപ്പം തൊട്ടേ കലാജീവിതത്തിന്റെ പ്രോത്സാഹനം അച്‌ഛനായിരുന്നു. അഭിനയത്തില്‍ ചെറിയ ചെറിയ ടിപ്‌സ് ഒക്കെ അച്‌ഛന്‍ തരാറുണ്ട്. അത് എനിക്ക് മാത്രമല്ല, കൂടെ അഭിനയിക്കുന്നേ ആര്‍ക്കായാലും പറഞ്ഞു കൊടുക്കാറുണ്ട്.
സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍
ആദ്യം അഭിനയിച്ചത് പൂഴയിലാണെങ്കിലും ആദ്യമായി പുറത്തിറങ്ങാന്‍ പോകുന്ന സിനിമ സമാധാനത്തിന്റെ വെള്ളരിപ്രാവുകളാണ്. നവാഗതനായ നിതീഷ് കെ.നായരാണ് ചിത്രത്തിന്റെ സംവിധായകന്‍. കെ. പ്രവീണ്‍ കുമാറാണ് നിര്‍മ്മാതാവ്. കോഴിക്കോട് സ്വദേശിനി ആര്യാദേവിയാണ് നായിക. സ്‌കൂള്‍ പ്രണയകഥയാണ് സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ പറയുന്നത്. എന്നാല്‍ വെറുമൊരു പ്രണയകഥയല്ലിത്. മൈാബൈല്‍ ഫോണും ഇന്റര്‍നെറ്റ് ഉപയോഗവും ജീവിതത്തില്‍ ഉണ്ടാക്കുന്ന ദൃഷ്യഫലങ്ങളെക്കുറിച്ചും ചിത്രം ചര്‍ച്ച ചെയ്യുന്നു. രാഹുല്‍ എന്ന പ്ലസ്‌ടു വിദ്യാര്‍ത്ഥിയായാണ് ഞാനെത്തുന്നത്. കുറച്ച് നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രമാണ്. പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് വിശ്വാസം.

സമാധാനത്തിന്റെ വെള്ളരിപ്രാവിലേക്കത്തിയത്
ഈ സിനിമയുടെ സംവിധായകന്‍ നിതീഷ് എന്റെ അനുജന്റെ സുഹൃത്താണ്. പുഴ സിനിമയിലെ ചിത്രങ്ങള്‍ നിതീഷ് കണ്ടിരുന്നു. അങ്ങനെ അനുജന്‍ മുഖേന അദ്ദേഹം എന്റെ അടുത്തെത്തി. കഥ കേട്ടപ്പോള്‍ എനിക്ക് ഇഷ്ടമായി.
മണിയില്‍ നിന്ന് രാഹുലിലേയ്ക്കുള്ള ദൂരം
മണിയും രാഹുലും രണ്ടു വ്യത്യസ്‌ത കഥാപാത്രങ്ങളാണ്. രണ്ടും രണ്ട് അറ്റത്ത് നില്‍ക്കുന്ന കഥാപാത്രങ്ങളാണ്. മണി പ്രകൃതി സ്‌നേഹിയായ ഒരു നാട്ടിന്‍പുറത്തുകാരനാണ്. രാഹുല്‍ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥിയാണ്. തികച്ചും വ്യത്യസ്‌ത സ്വഭാവക്കാരായ രണ്ടു കഥാപാത്രങ്ങള്‍.
കഥകളി
ഞാനൊരു കഥകളി നടനാണ്. കേരള കലാമണ്ഡലത്തിലാണ പഠിച്ചത്. സ്‌കൂളില്‍ പഠിക്കുന്ന കാലത്തും വേദികളില്‍ സജീവമായിരുന്നു. അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു ഞാന്‍ കഥകളി പഠിക്കണമെന്നത്. അങ്ങനെ കലാമണ്ഡലത്തിലെത്തി. സ്ത്രീ വേഷങ്ങളാണ് അധികവും ചെയ്യാറ്. കഴിഞ്ഞ ഒന്‍പതു വര്‍ഷമായി കഥകളിയുമായുള്ള ഈ ബന്ധം തുടങ്ങിയിട്ട്.

ഡബ്ബിങ് അനുഭവം
രണ്ട് സിനിമയിലും ഞാന്‍ തന്നെയാണ് കഥാപാത്രത്തിന് ശബ്ദം നല്‍കിയിരിക്കുന്നത്. എല്ലാവരും കരുതുന്ന പോലെ അത്ര എളുപ്പമല്ല ഡബ്ബിങ്. കുറച്ചു പാടാണ്.
കുടുംബം
അച്ഛന്‍, അമ്മ, അനുജന്‍, ഭാര്യ (നയന). ഒരു മകളുണ്ട് ജാനകി. ഒരു വയസാകുന്നു.