കണ്ണൂര്‍: മുൻകാല മലയാള ചലച്ചിത്ര നടൻ കെ സി കെ ജബ്ബാര്‍ അന്തരിച്ചു. സുനിൽ എന്നപേരിലാണ് ഇദ്ദേഹം ചലച്ചിത്ര രംഗത്ത് അറിയപ്പെട്ടിരുന്നത്. വെള്ളിയാഴ്ച്ച രാവിലെ എട്ടരയ്ക്കായിരുന്നു മരണം. മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്നു.
1970 സമയത്ത് മലയാള സിനിമയില്‍ മുന്‍നിര താരങ്ങളോടൊപ്പം സജീവമായിരുന്ന കെ സി കെ ജബ്ബാര്‍ പിന്നീട് ചച്ചിത്രരംഗത്തുനിന്ന് വിടപറയുകയായിരുന്നു.
1970ല്‍ പാറപ്പുറത്തിന്റെ ചന്ത എന്ന നോവലിന്റെ ചലചിത്രാവിഷ്‌ക്കാരമായ ‘അക്കരപ്പച്ച’ എന്ന സിനിമയിലൂടെയായിരുന്നു അഭിനയ രംഗത്തേക്കുള്ള കടന്നുവരവ്. പ്രശസ്ത നടൻ സത്യന്റെ സഹോദരൻ സംവിധാനം ചെയ്ത സിനിമയിൽ സത്യനോടൊപ്പം നായകപ്രാധാന്യമുള്ള വേഷമാണ് അദ്ദേഹം അവതരിപ്പിച്ചത്. ജയഭാരതിയായിരുന്നു ചിത്രത്തിൽ അദ്ദേഹത്തിന്റെ നായികയായി അഭിനയിച്ചത്.
ഐ വി ശശിയുടെ അയല്‍ക്കാരി, എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത അശോകവനം, വിളക്കും വെളിച്ചവും തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ജഗദ് ഗുരു ആദിശങ്കരന്‍, കമലഹാസനും ശ്രീദേവിക്കുമൊപ്പം ആനന്ദം പരമാനന്ദം എന്നിവയിലും ജെ സി കുറ്റിക്കാടിന്റെയും ചിത്രം പി ഭാസ്‌ക്കരറെയും ചിത്രങ്ങളിലും അടക്കം അമ്പതോളം ചിത്രങ്ങളില്‍ അദ്ദേഹം നായകനായും ഉപനായകനായും അഭിനയിച്ചിട്ടുണ്ട്.
മമ്മൂട്ടി, സുകുമാരന്‍, സെറിനാ വഹാബ് തുടങ്ങിയവരഭിനയിച്ച ശരവര്‍ഷം, ഉരുക്കുമുഷ്ടികള്‍, കുളപ്പടവുകള്‍, അനന്തം അജ്ഞാതം തുടങ്ങിയ സിനിമകള്‍ക്ക് കഥയും തിരക്കഥയും സംഭാഷണവും രചിച്ചു.
A still from the film Babumon with Prem Nazir.
Posted by KCK Jabbar – Sunil on Sunday, 12 April 2015
കണ്ണൂരിൽവ്യാപാരിയായിരുന്ന കെ എസ് മൊയ്തുവിന്റെ ഏക മകനാണ് കെ സി കെ ജബ്ബാര്‍. നാടക രംഗത്ത് നിന്നാണ് ജബ്ബാര്‍ സിനിമയിലെത്തിയത്. അക്കരപ്പച്ച സിനിമയില്‍ അഭിനയിക്കുമ്പോള്‍ സത്യനായിരുന്നു സുനില്‍ എന്ന പേര് നൽകിയത്.
ജബ്ബാറിന്റെ ഭാര്യ ഒരു വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. മകന്‍: ജംഷീര്‍.