മലയാളസിനിമയ്ക്ക് മറക്കാനാവാത്ത പേരുകളിൽ ഒന്നാണ് ഉദയ സ്റ്റുഡിയോ എന്നത്. ഉദയ സ്റ്റുഡിയോയുടെ തലവനായ എം കുഞ്ചാക്കോയുടെ മകൻ ബോബൻ കുഞ്ചാക്കോയും പേരക്കുട്ടി കുഞ്ചാക്കോ ബോബനുമൊക്കെ ഒരു നിയോഗം പോലെ മലയാളസിനിമയുടെ ലോകത്തേക്ക് തന്നെ എത്തിച്ചേരുകയായിരുന്നു. ഇന്ന് മലയാളത്തിന്റെ പ്രിയനടനാണ് ചാക്കോച്ചൻ എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന കുഞ്ചാക്കോ ബോബൻ.
ഫാദേഴ്സ് ഡേയിൽ ചാക്കോച്ചൻ പങ്കുവച്ച കുട്ടിക്കാലത്തു നിന്നുള്ള ഒരു ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബോബൻ കുഞ്ചാക്കോയുടെ കൈകളിൽ ഇരിക്കുന്ന കുഞ്ഞു ചാക്കോച്ചനെയാണ് ചിത്രങ്ങളിൽ കാണാനാവുക.
ഇഷ്ടമില്ലാതെ സിനിമയിലെത്തി പിന്നീട് സിനിമയെ പ്രണയിച്ചൊരു കഥയാണ് ചാക്കോച്ചന് പറയാനുള്ളത്. മുൻപ് ബോബൻ കുഞ്ചാക്കോയുടെ പിറന്നാൾ ദിനത്തിൽ ചാക്കോച്ചൻ പങ്കുവച്ച കുറിപ്പിൽ തന്റെ സിനിമയിലേക്കുള്ള കടന്നുവരവിനെ കുറിച്ച് വിശദമായി പറഞ്ഞിരുന്നു.
“ജന്മദിനാശംസകൾ അപ്പാ… ഈ വർഷം നിങ്ങൾക്ക് അൽപ്പം കൂടി സ്പെഷൽ ആവട്ടെ. ഏത് രൂപത്തിലും സിനിമകളുടെ ഭാഗമാകാവാൻ മടിച്ചിരുന്ന ഒരു ആൺകുട്ടിയിൽ നിന്ന് സിനിമയോടുള്ള അഭിനിവേശം കാരണം അതില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ കഴിയാത്ത ഒരു മനുഷ്യൻ വരെ!
സിനിമയുടെ ലോകത്ത് ഒരു വർഷം പോലും അതിജീവിക്കുമെന്ന് ചിന്തിക്കാത്ത ഒരാൾ 25 വർഷം പൂർത്തിയാക്കിയിരിക്കുന്നു.
ഉദയ എന്ന പേര് വെറുത്ത ഒരു പയ്യൻ ഇന്ന് ആ ബാനറിൽ തന്റെ രണ്ടാമത്തെ സിനിമ നിർമ്മിക്കുന്നു.
അപ്പാ…. അഭിനയത്തോടും സിനിമയോടും ഉള്ള സ്നേഹവും അഭിനിവേശവും ഞാൻ പോലും അറിയാതെ നിങ്ങൾ എന്നിൽ പകർന്നു തന്നു.
ഞാൻ പഠിച്ചതും സമ്പാദിച്ചതും എല്ലാം നിങ്ങൾ പഠിപ്പിച്ച അടിസ്ഥാന കാര്യങ്ങളിൽ നിന്നാണ്. സിനിമകളെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഞാൻ ഇപ്പോഴും നിങ്ങളിൽ നിന്ന് പഠിക്കുന്നു!
ഇരുണ്ട സമയങ്ങളിൽ മുകളിലേക്ക് വെളിച്ചം കാണിക്കുകയും മുന്നോട്ട് കുതിക്കാൻ എനിക്ക് അനുഗ്രഹങ്ങൾ നൽകുകയും ചെയ്യുക. ഒരുപാട് സ്നേഹം… ഉമ്മ.
(ഇന്ന് യാദൃശ്ചികമായി എന്റെ ആദ്യ തമിഴ് സിനിമയുടെ ടീസർ റിലീസ് ആണ്.
ഒരു മലയാളം സിനിമ പോലും ചെയ്യാൻ ആഗ്രഹിക്കാത്ത ഒരു പയ്യൻ ഇന്ന് തമിഴ് സിനിമയിലേക്ക് തന്റെ ആദ്യ ചുവടുവെപ്പ് നടത്തുന്നു… എനിക്ക് ആശംസകൾ നേരൂ അപ്പാ),” എന്നാണ് അന്ന് ചാക്കോച്ചൻ കുറിച്ചത്.
അനിയത്തിപ്രാവ് (1997) എന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയതാണ് കുഞ്ചാക്കോ ബോബന്. ആദ്യ സിനിമയിലൂടെ തന്നെ ഇന്‍ഡസ്ട്രി ഹിറ്റെന്ന റെക്കോര്‍ഡും ചാക്കോച്ചന്റെ പേരിലാണ്. അനിയത്തിപ്രാവ് റിലീസ് ചെയ്തിട്ട് 22 വര്‍ഷം പൂര്‍ത്തിയായത് മാര്‍ച്ച് 24നായിരുന്നു. ‘നിറം’, ‘കസ്തൂരിമാൻ’, ‘സ്വപ്നക്കൂട്’, ‘ദോസ്ത്’, ‘നക്ഷത്രത്താരാട്ട്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ചെറുപ്പക്കാരുടെ ശ്രദ്ധ കവർന്ന കുഞ്ചാക്കോ ബോബൻ ആദ്യക്കാലത്ത് ഒരു ചോക്ക്ളേറ്റ് ഹീറോ പരിവേഷമായിരുന്നു. പിന്നീട് കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ കുടുംബസദസ്സിന്റെ പ്രിയങ്കരനായ നായകനായി ചാക്കോച്ചൻ മാറുകയായിരുന്നു.