ഓൾഡ് ഈസ് ഗോൾഡ് എന്ന പ്രയോഗത്തെ അന്വർത്ഥമാക്കുന്ന ഒന്നാണ് പഴയകാലത്തെ ഫോട്ടോഗ്രാഫുകൾ. കടന്നുവന്ന ഒരു കാലത്തെ ഓർമ്മിപ്പിക്കുന്നതിനൊപ്പം തന്നെ, പ്രിയപ്പെട്ട ഓർമ്മകളും സമ്മാനിക്കുന്നുണ്ട് ഓരോ ചിത്രങ്ങളും. തന്റെ കലാലയദിനങ്ങളിൽ നിന്നുള്ള ഒരു പഴയകാലചിത്രം പങ്കുവച്ചിരിക്കുകയാണ് നടനും സംവിധായകനും അവതാരകനുമായ രമേഷ് പിഷാരടി.
തന്റെ കൂട്ടുകാർക്കൊപ്പം നിൽക്കുന്ന ചിത്രത്തിന് ‘യൂത്തിൻപറ്റം’ എന്നാണ് പിഷാരടി ക്യാപ്ഷൻ നൽകിയിരിക്കുന്നത്. കൂട്ടുകാർക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച പിഷാരടിയെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. താങ്കളുടെ സഹപഠികൾക്ക് ഒരുപാട് സന്തോഷം ആയിട്ടുണ്ടാകും, സത്യത്തിൽ ഇതൊരു നന്മയുള്ള ചിത്രം ആണ് ഉയരത്തിൽ എത്തിയാലും കൂടെ ഉള്ള സഹപാഠികളെ മറന്നു പോകുന്ന കൂട്ടത്തിൽ രമേഷ് പിഷാരടി പെട്ടില്ല, ചേട്ടാ, ഇതൊരു വലിയ കാര്യം തന്നെയാണ് ചേട്ടൻ ചെയ്തത് പഴയ സഹപാഠികൾക്ക് സന്തോഷം ഉണ്ടാകുന്ന കാര്യമാണ് എന്നിങ്ങനെ പോവുന്നു കമന്റുകൾ.
നവാഗതനായ നിതിൻ ദേവീദാസ് സംവിധാനം ചെയ്യുന്ന ‘നോ വേ ഔട്ട്’ എന്ന ചിത്രത്തിലാണ് രമേശ് പിഷാരടി ഇനി അഭിനയിക്കുന്നത്. ചിത്രത്തിൽ നായകനായാണ് പിഷാരടി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. കുഞ്ചാക്കോ ബോബനാണ് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്.
Also read: എനിക്ക് തന്ന ഗോൾഡൻ വിസക്ക് നന്ദി മമ്മൂക്ക: രമേശ് പിഷാരടി
കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിക്കൊപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.
2018 ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധർവ്വൻ’ ആണ് രമേഷ് പിഷാരടിയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം.