മലയാളി പ്രേക്ഷകരെ ടെലിവിഷനിലൂടെയും സ്റ്റേജ് ഷോകളിലൂടെ കുടുകുടെ ചിരിപ്പിച്ച സുബി സുരേഷിന്റെ ചെറുപ്പകാല ചിത്രമാണിത്. ഫെബ്രുവരി 22 നാണ് സുബി ലോകത്തോട് വിടപറഞ്ഞത്. ഏറെ ദുഖത്തോടെയാണ് മലയാളകര സുബിയുടെ മരണവാർത്ത ഏറ്റെടുത്തത്. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് താരം മരണത്തോട് കീഴടങ്ങിയത്.
സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന സുബി ഒരിക്കൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സ്കൂൾ പഠനകാലത്ത് എൻസിസി കേഡറായിരുന്നു സുബി. റിപ്പബ്ലിക്ക് ദിനത്തിൽ ഡൽഹിയിൽ നടന്ന പരേഡിൽ ക്രോസ് കണ്ട്ട്രി മത്സരത്തിന് മികച്ച കേഡറ്റിനുള്ള ട്രോഫി സുബ് സ്വന്തമാക്കി.പിന്നീട് പത്രത്തിൽ വന്ന ചിത്രം സുബി ഒരിക്കൽ ഫെയ്സ്ബുക്കിലൂടെ പങ്കുവയ്ക്കുകയായിരുന്നു.

എറണാംകുളം ജില്ലയിലെ തൃപ്പൂണിത്തുറ സ്വദേശിയാണ് സുബി. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ കലാരംഗത്ത് സജീവമായിരുന്നു സുബി. ബ്രേക്ക് ഡാൻസായിരുന്നു സുബിയുടെ പ്രധാന ഐറ്റം. പിന്നീട് മിനിസ്ക്രീനിൽ കോമഡി പരിപാടികൾ ചെയ്തു. ഏഷ്യാനെറ്റിലെ ‘സിനിമാല’ എന്ന കോമഡി പരമ്പരയാണ് സുബിയെ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കിയത്.
രാജസേനൻ സംവിധാനം ചെയ്ത ‘കനക സിംഹാസനം’ എന്ന ചിത്രത്തിലൂടെയായിരുന്നു സുബിയുടെ സിനിമാ അരങ്ങേറ്റം. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ്ണ തത്ത, ഡ്രാമ എന്നു തുടങ്ങി ഇരുപതിലധികം സിനിമകളിൽ സുബി ഇതിനകം അഭിനയിച്ചിട്ടുണ്ട്. സൂര്യ ടിവിയിൽ സുബി അവതരിപ്പിച്ച ‘കുട്ടിപ്പട്ടാളം’ എന്ന കൊച്ചുകുട്ടികൾക്കുള്ള ഷോയും ശ്രദ്ധിക്കപ്പെട്ടിരുന്നു.
പൊതുവെ സ്ത്രീകൾ അധികം ശോഭിക്കാത്ത മിമിക്രി, ഹാസ്യരംഗത്തും ഏറെ ശ്രദ്ധ നേടാൻ സുബിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കോമഡി സ്കിറ്റുകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും സുബി നേടിയ പ്രേക്ഷകപ്രീതി ചെറുതല്ല.