scorecardresearch
Latest News

മേലേടത്ത് രാഘവൻ നായരുടെ വാത്സല്യ വീട് ഓർമയുണ്ടോ?

വാത്സല്യം, സുകൃതം, എന്നു നിന്റെ മൊയ്തീൻ, കോട്ടപ്പുറത്തെ കൂട്ടുകുടുംബം തുടങ്ങിയ ചിത്രങ്ങൾക്ക് ലൊക്കേഷനായ പനമണ്ണയിലെ വാപ്പലക്കളം വീടിന്റെ വിശേഷങ്ങൾ

മേലേടത്ത് രാഘവൻ നായരുടെ വാത്സല്യ വീട് ഓർമയുണ്ടോ?

കുടുംബബന്ധങ്ങളുടെ മൂല്യങ്ങളെ കുറിച്ച് സംസാരിച്ച ‘വാത്സല്യം’ മലയാളികൾക്ക് അത്ര പെട്ടെന്ന് മറക്കാനാവാത്തൊരു ചിത്രമാണ്. ഹാസ്യവേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച കൊച്ചിൻ ഹനീഫയെ സംവിധായകനെന്ന നിലയിൽ കൂടി അടയാളപ്പെടുത്തുന്ന ചിത്രം ഇറങ്ങിയിട്ട് 29 വർഷങ്ങൾ പൂർത്തിയായിരിക്കുന്നു.

മേലേടത്ത് രാഘവന്‍ നായര്‍ എന്ന മമ്മൂട്ടി കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസില്‍ നനവുണർത്തുന്ന ഒരോർമ്മയാണ്. ജിയോ ബേബി സംവിധാനം ചെയ്ത കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് എന്ന ചിത്രത്തിൽ ടൊവിനോയുടെ കഥാപാത്രം പറയുന്നതുപോലെ “ഇൻ ഇന്ത്യ, എവരി ഹോം, വൺ വാത്സല്യം മമ്മൂട്ടി ഷുവർ,” എന്നത് ഇന്ത്യയിലെ സാമൂഹിക ചുറ്റുപാടിലെ ഒരു യാഥാർത്ഥ്യമാണ്. കുടുംബത്തിന്റെ ഉത്തരവാദിത്വമെല്ലാം ചുമലിലേറ്റി പ്രാരാബ്ധങ്ങളുമായി ജീവിക്കുന്ന ഒരു ഗൃഹനാഥൻ.

മേലേടത്ത് രാഘവൻ നായരും കുടുംബവും മാത്രമല്ല, ആ വീടും മലയാളികൾക്ക് ഏറെ സുപരിചിതമാണ്. ചിത്രത്തിലെ പ്രധാന ലൊക്കേഷനായ ആ തറവാട് വീടിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. കാലത്തിന്റെ പരുക്കുകളൊന്നുമേൽക്കാതെ ഇപ്പോഴും അതേപടി നിലകൊള്ളുകയാണ് പാലക്കാട്ടെ ഈ വീട്. പാലക്കാട് പനമണ്ണയിലെ വാപ്പലക്കളം വീടാണ് വാത്സല്യം സിനിമയിലെ പ്രധാന ലൊക്കേഷനായി മാറിയത്. വാത്സല്യം മാത്രമല്ല സുകൃതം, എന്നു നിന്റെ മൊയ്തീൻ, കോട്ടപ്പുറത്തെ കൂട്ടുകുടുംബം തുടങ്ങിയ സിനിമകൾക്കും ഈ വീട് പശ്ചാത്തലമായിട്ടുണ്ട്. സിനിമാസ്വാദകനായ ശ്രീരാജ് ആലപ്പാട് ആണ് ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്.

കൊച്ചിന്‍ ഹനീഫ സംവിധാനവും ലോഹിതദാസ് തിരക്കഥയും എഴുതിയ വാത്സല്യം 1993 ഏപ്രിൽ 11ന് വിഷു റിലീസായാണ് തിയേറ്ററുകളിലെത്തിയത്. ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ചിത്രം. കേരളത്തിലെ തിയേറ്ററുകളില്‍ 255 ലേറെ ദിവസമാണ് വാത്സല്യം പ്രദർശിപ്പിച്ചത്. വാത്സല്യത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും മമ്മൂട്ടി സ്വന്തമാക്കി.

സിദ്ദിഖ്, ഗീത, ഇളവരശി, സുനിത, കുഞ്ചൻ, ജനാർദ്ദൻ, ബിന്ദു പണിക്കർ, കവിയൂർ പൊന്നമ്മ, കോഴിക്കോട് നാരായണൻ നായർ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Malayalam cinemas favourite film location ottappalam vatsalyam house mammootty