താരങ്ങളുടെ കുട്ടിക്കാലചിത്രങ്ങൾ ആരാധകർക്ക് എന്നും കൗതുകമാണ്. ഇപ്പോഴിതാ, മലയാളസിനിമയുടെയും മലയാളികളുടെ ആകെ തന്നെയും സ്വകാര്യ അഹങ്കാരമായ മോഹൻലാലിന്റെ കുട്ടിക്കാലത്തെ ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. അച്ഛനും അമ്മയ്ക്കും ചേട്ടനുമൊപ്പം ഉള്ളതാണ് താരത്തിന്റെ ഈ കുടുംബചിത്രം. അമ്മയുടെ കൈകളിൽ കൈക്കുഞ്ഞായി ഇരിക്കുന്ന മോഹൻലാലിനെയാണ് ചിത്രത്തിൽ കാണാനാവുക.
View this post on Instagram
നടനവിസ്മയം എന്ന വാക്കിനൊപ്പം മലയാളികൾ എന്നും ചേർത്തുവയ്ക്കുന്ന പേരാണ് മോഹൻലാൽ എന്നത്. നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങൾക്ക് ഭാവവും ഭാവുകത്വവും നൽകിയ അഭിനയ വിസ്മയമാണ് മോഹൻലാൽ. മോഹൻലാൽ- മമ്മൂട്ടി എന്നീ താരദ്വന്ദ്വങ്ങളെ ചുറ്റിപ്പറ്റിയാണ് നാലു പതിറ്റാണ്ടായി മലയാളസിനിമയുടെ സഞ്ചാരവും.
മലയാളത്തിന്റെ അതിർത്തികൾക്ക് അപ്പുറത്തേക്ക് വളർന്ന് ഇന്ത്യൻ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറുകയായിരുന്നു മോഹൻലാൽ. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിലും തന്റെ പ്രതിഭ രേഖപ്പെടുത്തിയ നടനാണ്.
1960 മേയ് 21 നാണ് പത്തനംത്തിട്ട ജില്ലയിലെ ഇലന്തൂരിൽ വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും രണ്ടാമത്തെ പുത്രനായി മോഹൻലാൽ ജനിച്ചത്. മോഹൻലാലിന്റെ അച്ഛൻ വിശ്വനാഥൻ നായർ കേരള സെക്രട്ടേറിയേറ്റിലെ നിയമ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. തിരുവനന്തപുരത്ത് മുടവൻമുഗളിലെ വീട്ടിലായിരുന്നു മോഹൻലാലിന്റെ കുട്ടിക്കാലം. മോഹൻലാലിന്റെ ഏകസഹോദരൻ പ്യാരേലാലും അച്ഛൻ വിശ്വനാഥൻ നായരും ഇന്ന് ജീവിച്ചിരിപ്പില്ല. ‘കിളിക്കൊഞ്ചൽ’ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുള്ള പ്യാരേലാൽ 2000 ലാണ് മരിക്കുന്നത്. അച്ഛൻ വിശ്വനാഥൻ നായർ 2007ലും മരിച്ചു. അച്ഛന് വിശ്വനാഥന് നായരുടെയും അമ്മ ശാന്തകുമാരിയുടെയും പേരിൽ വിശ്വശാന്തി ഫൗണ്ടേഷനും താരം അടുത്തിടെ ആരംഭിച്ചിരുന്നു.
മോഹൻലാൽ എന്ന നടനെ വാർത്തെടുക്കുന്നതിൽ ആ സ്കൂൾ ജീവിതത്തിനും അവിടുത്തെ കൂട്ടുകാർക്കും വലിയ പങ്കുണ്ട്. സംവിധായകൻ പ്രിയദർശൻ, ഗായകനായ എം.ജി. ശ്രീകുമാർ തുടങ്ങിയവരൊക്കെ സ്കൂളിൽ മോഹൻലാലിന്റെ സഹപാഠികളായിരുന്നു. പിന്നീട് തിരുവനന്തപുരം മോഡൽ സ്കൂളിലാണ് താരം തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്കൂൾ കാലഘട്ടത്തിൽ തന്നെ അഭിനയത്തോട് അഭിരുചി പ്രകടിപ്പിച്ച മോഹൻലാൽ സ്കൂൾ നാടകങ്ങളിലെയും മറ്റും സജീവസാന്നിധ്യമായിരുന്നു. സ്കൂൾ കലാമേളയിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെടുമ്പോൾ മോഹൻലാൽ ആറാം ക്ലാസ്സിൽ പഠിക്കുകയാണ്. ‘കമ്പ്യൂട്ടർ ബോയ്’ എന്നു പേരിട്ട നാടകത്തിൽ കുഞ്ഞുലാലിന് ലഭിച്ചത് തൊണ്ണുറൂകാരന്റെ വേഷമായിരുന്നു.
സ്കൂൾ കാലഘട്ടത്തിനു ശേഷം തിരുവനന്തപുരം എം ജി കോളേജിൽ ചേർന്ന മോഹൻലാലിന്റെ അക്കാലത്തെ കൂട്ടുകാരായിരുന്നു പ്രിയദർശൻ, മണിയൻപിള്ള രാജു എന്നിവർ. ജീവിതത്തിൽ എന്നും ചേർത്തുപിടിക്കുന്ന ആ സൗഹൃദങ്ങൾ മലയാളസിനിമയുടെ അമരക്കാരനാവാനുള്ള മോഹൻലാലിന്റെ യാത്രയിൽ ചെലുത്തിയ സ്വാധീനം ചെറുതല്ല.
Read Here: മലയാളത്തിന്റെ നടന വിസ്മയം, മോഹന്‍ലാലിന്റെ ചില അപൂര്‍വ്വ ചിത്രങ്ങള്‍ കാണാം

മോഹൻലാൽ സിനിമകൾ: Mohanlal Films
സുഹൃത്തുക്കൾ ചേർന്ന് ആരംഭിച്ച ഭാരത് സിനി ഗ്രൂപ്പ് എന്ന നിർമ്മാണകമ്പനിയുടെ ‘തിരനോട്ടം’ എന്ന ചിത്രത്തിലാണ് മോഹൻലാൽ ആദ്യമായി അഭിനയിച്ചത്. 1978ൽ നിർമ്മിച്ച ഈ ചിത്രത്തിൽ ഒരു ഹാസ്യവേഷമായിരുന്നു മോഹൻലാൽ കൈകാര്യം ചെയ്തത്. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങളാൽ ചിത്രം റിലീസ് ചെയ്തില്ല. ഫാസിലാണ് പിന്നീട് മോഹൻലാൽ എന്ന നടനെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നത്. 1980ൽ പുറത്തിറങ്ങി ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിൽ വില്ലനായി എത്തുമ്പോൾ മോഹൻലാലിന് വയസ് 20. തുടർന്നങ്ങോട്ട് മോഹൻലാലിന്റെ ജൈത്രയാത്ര തുടരുകയായിരുന്നു. 1983 ൽ ഇരുപത്തിയഞ്ചോളം പടങ്ങളിലാണ് മോഹൻലാൽ അഭിനയിച്ചത്.
വില്ലനായി വന്ന ലാൽ പിന്നീട് നായകനായി മാറുന്ന കാഴ്ചയ്ക്കാണ് മലയാളസിനിമ സാക്ഷിയായത്. കുറുമ്പും കുസൃതിയും നിറഞ്ഞ മോഹൻലാൽ കഥാപാത്രങ്ങളെ മലയാളികൾക്ക് പരിചയപ്പെടുത്തി തന്നതിൽ നന്ദി പറയേണ്ടത് ലാലിന്റെ എക്കാലത്തെയും കൂട്ടുകാരനായ പ്രിയദർശനോടാണ്. ‘പൂച്ചക്കൊരു മൂക്കുത്തി’ എന്ന ചിത്രത്തിലാണ് ആദ്യമായി മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്നത്. ബോയിങ്ങ് ബോയിങ്ങ്, അരം + അരം കിന്നരം, നിന്നിഷ്ടം എന്നിഷ്ടം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ഹലോ മൈ ഡിയർ റോങ്ങ് നമ്പർ, താളവട്ടം, ചെപ്പ്, വെള്ളാനകളുടെ നാട്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ആര്യൻ, ചിത്രം, വന്ദനം, കടത്തനാടൻ അമ്പാടി, അക്കരെ അക്കരെ അക്കരെ, കിലുക്കം, അഭിമന്യു, അദ്വൈതം, മിഥുനം, തേന്മാവിൻ കൊമ്പത്ത്, മിന്നാരം, കാലാപാനി, ചന്ദ്രലേഖ, കാക്കക്കുയിൽ, കിളിചുണ്ടൻ മാമ്പഴം, അറബീം ഒട്ടകവും പി മാധവൻനായരും, ഗീതാഞ്ജലി, ഒപ്പം എന്നു തുടങ്ങി റിലീസ് കാത്തിരിക്കുന്ന മരക്കാർ വരെ നാൽപ്പതിലേറെ ചിത്രങ്ങളിലാണ് ലാലും പ്രിയദർശനും കൈകോർത്തത്.
മലയാളസിനിമയുടെ സുവർണകാലഘട്ടം എന്നു വിശേഷിപ്പിക്കാവുന്ന എൺപതുകളും തൊണ്ണൂറുകളും മോഹൻലാൽ എന്ന താരത്തിന്റെ കരിയറിലെയും ശ്രദ്ധേയ വർഷമാണ്. സത്യൻ അന്തിക്കാട്, ലോഹിതദാസ്, സിബിമലയിൽ, ശ്രീനിവാസൻ, ഫാസിൽ, ഐ വി ശശി എന്നിങ്ങനെ അക്കാലത്തെ മികച്ച സംവിധായകർക്കും തിരക്കഥാകൃത്തുകൾക്കുമൊപ്പം മോഹൻലാൽ കൈകോർത്തപ്പോൾ പിറന്നത് മലയാളി എന്നും ഓർത്തിരിക്കുന്ന അതിമനോഹരമായ ഒരുപിടി ചിത്രങ്ങളാണ്. നാലു പതിറ്റാണ്ടിനിടെ 350 ലേറെ ചിത്രങ്ങളാണ് മോഹൻലാൽ എന്ന നടനവിസ്മയം മലയാളികൾക്ക് സമ്മാനിച്ചിരിക്കുന്നത്.
Read Here: മോഹന്‍ലാല്‍ എന്ന ജെന്റില്മാന്; ‘വന്ദനം’ നായിക ഗിരിജ പറയുന്നു
പുരസ്കാരത്തിളക്കം: Mohanlal Awards
രണ്ടു തവണ മികച്ച നടനുള്ളതടക്കം അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും ഏഴു തവണ സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങളും നിരവധി തവണ ഫിലിംഫെയർ അവാർഡുകളും മോഹൻലാൽ സ്വന്തമാക്കിയിട്ടുണ്ട്. സിനിമാലോകത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001 ൽ പത്മശ്രീയും 2019 ൽ പത്മഭൂഷണും നൽകി രാജ്യം മോഹൻലാലിനെ ആദരിച്ചു. കീർത്തിചക്ര, കുരുക്ഷേത്ര എന്നീ സിനിമകളിലൂടെ രാജ്യത്തിന് വേണ്ടി ജീവിതം ബലികഴിച്ച ജവാന്മാരുടെ കഥകൾ ജനങ്ങളിലെത്തിക്കാൻ മോഹൻ ലാൽ നൽകിയ സംഭാവനകളെ പരിഗണിച്ച് 2009 ജുലൈ 9 ന് ടെറിറ്റോറിയൽ ആർമി അദ്ദേഹത്തിന് ലഫ്റ്റനന്റ് കേണൽ പദവിയും (ഓണററി) നൽകി. അഭിനേതാക്കളിൽ ആദ്യമായി ലെഫ്ന്റനന്റ് കേണൽ പദവിയിലെത്തുന്ന നടൻ എന്ന വിശേഷണവും മോഹൻലാലിന് സ്വന്തമാണ്.