മലയാള സിനിമാപ്രേക്ഷകർക്കും മിനിസ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ പരിചിതമായ മുഖമാണ് സോന നായർ. 1996ൽ തൂവൽകൊട്ടാരം എന്ന ചിത്രത്തിലൂടെയാണ് സോന നായർ സിനിമാ രംഗത്തേക്ക് എത്തുന്നത്. എന്നാൽ അതിനും 10 വർഷങ്ങൾക്ക് മുൻപ്, ടിപി ബാലഗോപാലൻ എംഎ എന്ന ചിത്രത്തിൽ ഒരു ബാലതാരമായും സോന അഭിനയിച്ചിട്ടുണ്ട്. സ്കൂളിലെ പ്രാർത്ഥനസംഘത്തിലെ ഒരു കുട്ടിയായി സ്ക്രീനിൽ മിന്നിമറഞ്ഞു പോവുന്നുണ്ട് സോന. ‘ടിപി ബാലഗോപാലൻ എംഎ’യിലെ കുട്ടി സോനയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

നൂറോളം ചിത്രങ്ങളിലും മുപ്പതിലേറെ സീരിയലുകളിലും ഇതിനകം സോന അഭിനയിച്ചുകഴിഞ്ഞു. വീണ്ടും ചില വീട്ടുകാര്യങ്ങൾ, അരയന്നങ്ങളുടെ വീട്, കസ്തൂരിമാൻ, പട്ടണത്തിൽ സുന്ദരൻ, മനസ്സിനക്കരെ, വെട്ടം, നരൻ, അവൻ ചാണ്ടിയുടെ മകൻ, പാസഞ്ചർ, സൂഫി പറഞ്ഞ കഥ തുടങ്ങിയവ സോനയുടെ ശ്രദ്ധേയമായ ഏതാനും ചിത്രങ്ങൾ മാത്രം.
രാച്ചിയമ്മ, സമസ്യ, എന്റെ മാനസപുത്രി, ദേവിമാഹാത്മ്യം തുടങ്ങിയ സീരിയലുകളിലൂടെ മികച്ച നടിയ്ക്കും മികച്ച സഹനടിയ്ക്കുമൊക്കെയുള്ള നിരവധി പുരസ്കാരങ്ങൾ സോന സ്വന്തമാക്കി. സമസ്യയിലെ അഭിനയത്തിന് 2006ൽ മികച്ച സഹനടിയ്ക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരവും സോനയെ തേടിയെത്തി.
ക്യാമറാമാനായ ഉദയൻ അമ്പാടിയാണ് സോനയുടെ ഭർത്താവ്.