നക്സലൈറ്റുകളുടെ ജീവിതം പറഞ്ഞ ചിത്രങ്ങൾ മലയാള സിനിമയിൽ ഇറങ്ങിയിട്ടുണ്ട്. നക്‌സലൈറ്റുകളുടെ ജീവിതം പൂർണമായി പറഞ്ഞില്ലെങ്കിലും നക്‌സലൈറ്റുകളായ ചില കഥാപാത്രങ്ങളെ ചുറ്റിപറ്റിയുളളതാണ് ഈ സിനിമകൾ. നക്‌സലൈറ്റുകളെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ മലയാള സിനിമകളിലൂടെ ഒരു യാത്ര.

ആരണ്യകം
ഹരിഹരൻ സംവിധാനം ചെയ്‌ത് ദേവൻ, സലീമ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ആരണ്യകം. ആദിവാസികളെ ചൂഷണം ചെയ്‌ത് ജീവിക്കുന്ന മുതലാളി വർഗത്തിനെതിരെ പോരാടാനിറങ്ങുന്ന നക്‌സലൈറ്റ് ആയ നായകന്റെ ജീവിതവും സംഘർഷങ്ങളും പറഞ്ഞ ചിത്രമാണ് ആരണ്യകം. നക്‌സലൈറ്റിന്റെ വേഷം ചെയ്‌ത ദേവന്റെ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. എം.ടി.വാസുദേവൻ നായരാണ് ആരണ്യകത്തിന്റെ കഥയെഴുതിയത്.

പഞ്ചാഗ്നി
മലയാളി ഒരിക്കലും മറക്കാത്ത ചിത്രമാണ് പഞ്ചാഗ്നി. എം.ടി. വാസുദേവൻ നായർ- ഹരിഹരൻ കൂട്ടുകെട്ടിലിറങ്ങിയ ചിത്രത്തിൽ മോഹൻലാൽ, ഗീത എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിൽ ഇന്ദിരയെന്ന നക്‌സൽ നേതാവായാണ് ഗീത എത്തിയത്. അനീതി കണ്ടാൽ പ്രതികരിക്കുന്ന ശക്തമായ സ്‌ത്രീ കഥാപാത്രമായാണ് ഗീത പഞ്ചാഗ്നിയിലെത്തിയത്. ഒരു പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ അവറാച്ചൻ എന്നയാളെ കൊന്നിട്ടാണ് ഇന്ദിര ജയിലിലെത്തുന്നത്. പരോളിലെത്തുന്ന ഇന്ദിരയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമ പറയുന്നത്. ആരുടെ മുന്നിലും തല കുനിക്കാൻ തയാറല്ലാത്ത വ്യക്തമായ നിലപാടുകളുളള നക്‌സൽ കഥാപാത്രമാണ് ഗീതയുടെ ഇന്ദിര.

ഗുൽമോഹർ
സംവിധായകനായ രഞ്‌ജിത്തിനെ പ്രധാന കഥാപാത്രമാക്കി ജയരാജ് ഒരുക്കിയ ചിത്രമാണ് ഗുൽമോഹർ. ഇന്ദുചൂഡൻ എന്ന ശക്തനായ വിപ്ളവകാരിയായാണ് രഞ്‌ജിത്ത് ഗുൽമോഹറിലെത്തിയത്. സ്‌കൂൾ അധ്യാപകനായി ജീവിക്കുന്ന ഇന്ദുചൂഡനെ കാണാൻ ഒരു പഴയകാല സുഹൃത്തെത്തുന്നു. തുടർന്ന് അനീതിക്കെതിരെ പോരാടിയിരുന്ന ആ വിപ്ലവം നിറഞ്ഞ പഴയകാല ജീവിതത്തിലേക്കുളള ഇന്ദുചൂഡന്റെ ഓർമകളാണ് ചിത്രം പറയുന്നത്. ദീദീ ദാമോദരനാണ് വിപ്ളവം പറഞ്ഞ ഗുൽമോഹറിന്റെ കഥയെഴുതിയിരിക്കുന്നത്.

ഇത്തിരി പൂവേ ചുവന്ന പൂവേ
ഭരതൻ ഒരുക്കിയ ചിത്രമായിരുന്നു ഇത്തിരി പൂവേ ചുവന്ന പൂവേ. മമ്മൂട്ടി, റഹ്മാൻ, മധു ശോഭന എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിൽ റഹ്മാനാണ് നക്‌സലൈറ്റിന്റെ വേഷത്തിലെത്തിയത്. കോളേജ് വിദ്യാർത്ഥിയായാണ് റഹ്മാൻ ഇത്തിരി പൂവേ ചുവന്ന പൂവിലെത്തിയത്. വിപ്ളവം തുളുമ്പുന്ന നക്‌സലൈറ്റിന്റെ വേഷത്തിലെത്തിയ റഹ്മാന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.

കബനീ നദീ ചുവന്നപ്പോൾ
പ്രണയവും വിപ്ളവും നിറഞ്ഞ ചിത്രമാണ് കബനീ നദീ ചുവന്നപ്പോൾ. പി.എ.ബക്കറാണ് കബനീ നദീ ചുവന്നപ്പോൾ സംവിധാനം ചെയ്‌തത്. ടി.വി.ചന്ദ്രൻ, രവീന്ദ്രൻ, ശാലിനി എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. വിപ്ളവകാരിയായ ചെറുപ്പക്കാരനായാണ് ടി.വി.ചന്ദ്രൻ ഈ ചിത്രത്തിലെത്തിയത്. അനീതിയ്ക്കെതിരെയുള ശബ്‌ദമുയർത്തലും പ്രതികരണവും ടി.വി.ചന്ദ്രന്റെ കഥാപാത്രത്തെ ഒരു നക്‌സലൈറ്റാക്കി. നക്‌സലൈറ്റുകളായ കഥാപാത്രങ്ങളുളള മലയാള സിനിമകളുടെ പട്ടികയിൽ മുൻപന്തിയിലാണ് ഈ പി.എ. ബക്കർ ചിത്രം.

തലപ്പാവ്
മധുപാൽ അണിയിച്ചൊരുക്കിയ ചിത്രമാണ് തലപ്പാവ്. പൃഥ്വിരാജ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയൊരുക്കിയ ചിത്രം നക്‌സലിസവും കമ്മ്യൂണിസവും തിളച്ച് മറിഞ്ഞ ഒരു സമൂഹത്തെയാണ് ചിത്രീകരിച്ചത്. 1970 കളിലെ നക്‌സലൈറ്റുകളുടെ ജീവിതവും ആ കാലഘട്ടത്തെയും അടയാളപ്പെടുത്തിയതാണീ മധുപാൽ ചിത്രം. ജോസഫ് എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ