തിരുവനന്തപുരം:  അന്തരിച്ച സിനിമാ സെക്യൂരിറ്റി ജീവനക്കാരൻ മാറനല്ലൂര്‍ ദാസിനെ അനുസ്മരിച്ച് സലിംകുമാർ. ദാസ് എന്ന സിനിമാക്കാരനെ ഒരുപക്ഷെ നിങ്ങൾക്ക് അറിയില്ലായിരിക്കാം പക്ഷെ നിങ്ങൾ കാണുന്ന സിനിമകളിൽ എല്ലാം ആരാലും ശ്രദ്ധിക്കപ്പെടാതെ തന്റെ ജോലിവളരെ കൃത്യമായി ചെയ്തിരുന്ന ഒരാളായിരുന്നു ദാസ് എന്നും സലീം കുമാർ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫെയ്സ്ബുക്ക് പോസറ്റ്:

“ദാസ് എന്ന സിനിമാക്കാരനെ ഒരുപക്ഷെ നിങ്ങൾക്ക് അറിയില്ലായിരിക്കാം പക്ഷെ നിങ്ങൾ കാണുന്ന സിനിമകളിൽ എല്ലാം ആരാലും ശ്രദ്ധിക്കപ്പെടാതെ തന്റെ ജോലിവളരെ കൃത്യമായി ചെയ്തിരുന്ന ഒരാൾ, അതായിരുന്നു ദാസ് എന്ന് വിളിക്കുന്ന ക്രിസ്തു ദാസ്

വർഷങ്ങൾക്ക്‌ മുൻപ് “താണ്ടവം” എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് ഞാൻ ദാസിനെ ആദ്യമായി കാണുന്നത്ഒരു ആറ് ആറര അടി പൊക്കക്കാരൻ , ഷൂട്ടിംഗ് തടസ്സപ്പെടാതിരിക്കാൻ ആളുകളെ നിയന്ത്രിക്കുക എന്ന ജോലി ആയിരുന്നു ദാസിന്, അന്ന് തുടങ്ങിയ പരിചയം പിന്നീട് സൗഹൃദം ആയി മാറുകയായിരുന്നു. കുറച്ചു കാലങ്ങൾക്ക് മുൻപ് ഒരു ലോക്കേഷനിൽ സെക്യൂരിറ്റി ഡ്രെസ്സിൽ ദാസിനെ കണ്ടപ്പോളാണ് അദ്ദേഹം ഒരു സെക്യൂരിറ്റി ടീം തന്നെ രൂപീകരിച്ച വിവരം എന്നോട് പറഞ്ഞത്, മലയാളത്തിലെ ഒട്ടുമിക്ക സിനിമകളിലും ദാസിന്റെ സാന്നിധ്യം ഉണ്ടായിരുന്നു പ്രത്യേകിച്ച് സൂപ്പർ താര ചിത്രങ്ങളിൽ, ദാസിനോട് സ്നേഹമുള്ള ചില സംവിധായകർ അല്ലറ ചില്ലറ വേഷങ്ങളും അദ്ദേഹത്തിന് നൽകി സന്തോഷിപ്പിക്കുമായിരുന്നു. മലയാള സിനിമയിലെ ഒരാളും ദാസിനെ മാറ്റി നിറുത്തിയിരുന്നില്ല, എന്നും ചേർത്ത് നിർത്തിയിട്ടേ ഉണ്ടായിരുന്നുള്ളു. ഒരു സെക്യൂരിറ്റിക്കാരന്റെ ദാർഷ്ട്യങ്ങൾ ഒന്നും ഷൂട്ടിങ് കാണാൻ നിൽക്കുന്ന ആളുകളോടും അദ്ദേഹം കാണിച്ചിരുന്നില്ല അവരോടും വളരെ നയപരമായിട്ടേ അദ്ദേഹം പെരുമാറിയിരുന്നുള്ളു.

ഏഷ്യാനെറ്റ്‌, മനോരമ, അവാർഡ് നൈറ്റ് പോലുള്ള പ്രോഗ്രാമുകൾ, സിനിമക്കാരുടെ വിവാഹങ്ങൾ, മരണങ്ങൾ അങ്ങിനെ സിനിമയുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിളും ദാസിന്റെ സാന്നിധ്യം സജീവമായിരുന്നു

ഇന്ന് ദാസ് മരണപ്പെട്ടു എന്ന വാർത്ത വല്ലാത്ത ഒരു മരവിപ്പായിരുന്നു എന്നിൽ ഉളവാക്കിയത്, എന്നിൽ മാത്രമല്ല മലയാളസിനിമക്ക്‌ മുഴുവനും ആ വാർത്തയെ അങ്ങിനെയേ കാണാൻ പറ്റു.
ഒരു ആളെ മാറ്റലുകാരന്റ മരണം മലയാള സിനിമ വളരെ ദുഃഖത്തോടെ കാണണമെങ്കിൽ അയാൾ അവിടെ ചെയ്തിട്ടുള്ള സേവനങ്ങൾ എത്ര ഹൃദയശുദ്ധിയോടെ ആയിരിക്കും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു, കൊറോണയുടെ കാഠിന്യം കുറഞ്ഞാൽ ഒരുപക്ഷെ സിനിമ ഷൂട്ടിങ്ങുകൾ പുനരാരംഭിച്ചേക്കാം….
പക്ഷേ അന്ന് അണ്ണാ… എന്ന് വിളിച്ചുകൊണ്ടു ഓടിയെത്താൻ ഒരു ആറ് ആറര അടി പൊക്കക്കാരൻ ഉണ്ടാവില്ല എന്ന് ഓർക്കുമ്പോൾ…………

പ്രണാമം…സഹോദരാ”

മമ്മൂട്ടിയെയേ നിങ്ങളറിയൂ; മാറനല്ലൂര്‍ ദാസിനെ അറിയാനിടയില്ല

മാറനല്ലൂർ ദാസിന് ചലച്ചിത്ര രംഗത്തുനിന്നും പുറത്തുനിന്നുമുള്ള നിരവധി പേർ അനുശോചനം അറിയിച്ചു. ഇതിൽ നിസാർ അഹമ്മദ് എന്നയാൾ ഫെയ്സ്ബുക്കിൽ പങ്കുവച്ച ഒരു കുറിപ്പ് മാറനല്ലൂർ ദാസ് ആരായിരുന്നു എന്ന കാര്യത്തിലേക്ക് വെളിച്ചം വീശുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം:

“മമ്മൂട്ടിയെയേ നിങ്ങളറിയൂ; മാറനല്ലൂര്‍ ദാസിനെ അറിയാനിടയില്ല.

അല്‍പ്പം മുമ്പാണ് മാറനല്ലൂര്‍ ദാസ് അന്തരിച്ച വാര്‍ത്തയറിഞ്ഞത്. ദാസേട്ടന് ആദരാഞ്ജലി നേര്‍ന്ന് മലയാള സിനിമയിലെ അണിയറ പ്രവര്‍ത്തകരുടെ സ്‌നേഹവായ്പ്പ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നു. മമ്മൂട്ടി മുതല്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വരെ ദാസേട്ടനെക്കുറിച്ച് നല്ലവാക്കുകള്‍ പറയുന്നു.

ആരാണ് ഈ മാറനല്ലൂര്‍ ദാസ്?.

വെള്ളിത്തിരയിലെ സൂപ്പര്‍ താരങ്ങള്‍ മുതല്‍ ഒന്നോ രണ്ടോ സീനുകളില്‍ മിന്നിമറയുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ പോലും ഓര്‍ത്തുവെയ്ക്കുന്ന ആരാധകര്‍ മാറനല്ലൂര്‍ ദാസിനെ നേരിട്ടു കണ്ടാലും അറിയാനിടയില്ല. കാരണം, നിങ്ങളൊരിക്കലെങ്കിലും നേരില്‍ കണ്ടിട്ടുള്ള നിങ്ങളുടെ സ്വപ്‌ന നായകന്മാരുടെ പിന്നിലോ വശങ്ങളിലോ ആയിരുന്നു ദാസേട്ടന്‍ ഉണ്ടായിരുന്നത്. ആരാധകരുടെ ‘സ്‌നേഹ പ്രകടന’ത്തിനിടെ ഈ സ്വപ്‌ന നായകന്മാരുടെ ശരീരത്ത് ഒരു പോറല്‍ പോലുമേല്‍ക്കാതെ സംരക്ഷണ കവചമൊരുക്കുന്ന പടയാളിയായി, നിഴലായി ദാസേട്ടന്‍ എപ്പോഴുമുണ്ടായിരുന്നു. നിങ്ങള്‍ കണ്ടത് മമ്മൂട്ടിയെയോ മോഹന്‍ലാലിനെയോ നിവിന്‍ പോളിയെയോ ദുല്‍ഖര്‍ സല്‍മാനെയോ കുഞ്ചാക്കോ ബോബനെയോ ഒക്കെയായിരുന്നു. അപ്പോഴൊന്നും ദാസേട്ടന്റെ മുഖത്തേക്ക് നിങ്ങളുടെ ഒരു നോട്ടം പതിഞ്ഞിട്ടുണ്ടാവില്ല. ഇനി അഥവാ കണ്ടാലും ദാസേട്ടന്‍ വെറുമൊരു സെക്യൂരിറ്റി പേഴ്‌സണ്‍ മാത്രം.

ദാസേട്ടനുമായി എനിക്ക് ഒരുപാട് കാലത്തെ പരിചയമൊന്നുമില്ല. പക്ഷെ, കണ്ടനാള്‍ മുതല്‍ ഇന്നുവരെ ആ മുഖം ഞാനോര്‍ത്തുവെയ്ക്കുന്നുണ്ട്. കാരണം, സംഭവ ബഹുലമായിരുന്നു ദാസേട്ടനുമായുള്ള ആദ്യ കൂടിക്കാഴ്ച. ആക്ഷന്‍ ഹീറോ ബിജുവിന്റെ ഷൂട്ട് കൊച്ചിയില്‍ നടക്കുന്ന കാലം. അന്ന് ഞാന്‍ ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗമാണ്. സംവിധായകന്‍ എബ്രിഡ് ഷൈനിന്റെ വിളി വന്നു. അടിയന്തരമായി ലൊക്കേഷനിലെത്തണം. സിനിമയില്‍ എസ്‌ഐ ബിജു പൗലോസിന് (നിവിന്‍ പോളി) വേണ്ടി എഴുതി വെച്ചിരിക്കുന്ന ചില ഡയലോഗുകള്‍ പ്രശ്‌നമാകുമോ, സെന്‍സര്‍ ബോര്‍ഡില്‍ വെട്ടിപ്പോകുമോ എന്നൊക്കെ ഷൈന്‍ ചേട്ടന് സംശയം.

തൊട്ടടുത്ത ദിവസം ഞാന്‍ ലൊക്കേഷനിലെത്തി. പൊലീസ് സ്റ്റേഷന്‍ സെറ്റിട്ടിരിക്കുന്ന ലൊക്കേഷന് പുറത്ത് നിവിന്‍ പോളിയെ കാണാന്‍ ആരാധകരുടെ തിക്കും തിരക്കും. അവിടേക്കാണ് ഞാന്‍ ചെല്ലുന്നത്. ഗേറ്റില്‍ ആജാനുബാഹുവായ, കണ്ടാല്‍ പേടി തോന്നുന്ന ഒരു സെക്യൂരിറ്റിക്കാരന്‍ (മാറനല്ലൂര്‍ ദാസ്, പേര് പിന്നീടാണ് മനസിലാക്കിയത്) എന്നെ തടഞ്ഞു. ‘അകത്തേക്ക് പോകാന്‍ പറ്റില്ലെ’ന്ന് അദ്ദേഹം കട്ടായം പറഞ്ഞു. ഷൈന്‍ ചേട്ടന്‍ വിളിച്ചിട്ട് വന്നതാണ്, നിവിന്റെ ഫ്രണ്ടാണ്, ഈ സിനിമയുടെ ഭാഗമാണ് എന്നൊക്കെ ഞാന്‍ പറഞ്ഞു നോക്കി. നോ രക്ഷ!. അകത്തേക്ക് വിടില്ലെന്ന് പുള്ളി. ഞാന്‍ ഫോണെടുത്ത് ഷൈന്‍ ചേട്ടനെയും നിവിന്‍ പോളിയെയും മാറിമാറി വിളിച്ചു. അകത്ത് ഷൂട്ടിങ് തകര്‍ക്കുകയാണ്. എസ്‌ഐ ബിജു പൗലോസിന്റെ ‘തെറി ഡയലോഗുകള്‍’ പുറത്ത് കേള്‍ക്കാം. ആ ശബ്ദത്തിനിടയില്‍ രണ്ടാളും എന്റെ ഫോണ്‍ കോള്‍ കണ്ടില്ല.

മമ്മൂട്ടിയെയേ നിങ്ങളറിയൂ; മാറനല്ലൂര്‍ ദാസിനെ…

ഇനിപ്പറയുന്നതിൽ Nizar Mohammed പോസ്‌റ്റുചെയ്‌തത് 2020, ജൂൺ 12, വെള്ളിയാഴ്‌ച

പ്രൊഡക്ഷന്‍ മാനേജര്‍ ജാവേദിക്ക, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ബിനീഷ് ചന്ദ്രന്‍, കലാഭവന്‍ പ്രജോദ്, സീനു സോഹന്‍ലാല്‍, അരിസ്റ്റോ സുരേഷ്, ജോജു തുടങ്ങി പരിചയക്കാരെയെല്ലാം എനിക്ക് പുറത്തുനിന്നു കാണാം. കയ്യും കലാശവുമൊക്കെ കാട്ടിയിട്ടും അവരാരും എന്നെ കാണുന്നില്ല. പെട്ടെന്ന്, ഇതെല്ലാം കണ്ടുകൊണ്ടു നിന്ന ദാസേട്ടന്റെ മട്ടുമാറി. ഇവിടെ നില്‍ക്കാന്‍ പറ്റില്ല. അങ്ങോട്ട് മാറി നിക്ക്. ഞാന്‍ പരുങ്ങി, ചൂളി നില്‍ക്കുകയാണ്. ദാസേട്ടന്‍ പറഞ്ഞ വാചകം ഷൂട്ടിങ് കാണാന്‍ വന്ന ചിലരും ഏറ്റെടുത്തു. ‘അങ്ങോട്ട് മാറി നില്‍ക്കെടോ! പലരുടെയും ശബ്ദം ഉയര്‍ന്നു.

ഭൂമി പിളര്‍ന്ന് താഴേയ്ക്ക് പോയാല്‍ മതിയെന്ന് ഓര്‍ത്തു നില്‍ക്കുമ്പോഴാണ് ശബ്ദം കേട്ട് ബിനീഷ് ചന്ദ്രന്‍ പുറത്തേക്ക് എത്തിയത്. എന്നെ കണ്ടപാടെ ‘ഇക്കാ’ എന്നുവിളിച്ച് കെട്ടിപ്പിടിച്ചു. ‘ഷൈന്‍ സാറിന്റെ ഫ്രണ്ടാ, നമ്മുടെ സ്വന്തം ആളാ’ എന്ന് ദാസേട്ടനോട് പറഞ്ഞു. പക്ഷെ, ഗേറ്റ് തുറക്കുമ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് ഭാവമാറ്റമൊന്നുമുണ്ടായില്ല.

ഷൂട്ടിംഗിന്റെ ഇടവേളയില്‍, നിവിനുമായി സംസാരിച്ച് ഗേറ്റിനടുത്ത് എത്തിയപ്പോഴാണ് ഇയാള്‍ എന്നെ കയറ്റിവിട്ടില്ലെന്ന് ഞാന്‍ നിവിനോട് പരിഭവം പറഞ്ഞത്. നിവിന്‍ എന്നെ കളിയാക്കി ഒറ്റച്ചിരി!. എന്നെച്ചൂണ്ടി ദാസേട്ടനോട്; അറിയില്ലേ, നിങ്ങളുടെ നാട്ടുകാരനാ. അപ്പോഴാദ്യമായി, ദാസേട്ടന്‍ എന്നെ നോക്കി ചിരിച്ചു. ‘ഈ രൂപം മാത്രേയുള്ളൂ, ആള് പാവമാണെ’ന്ന് ദാസേട്ടനെക്കുറിച്ച് നിവിന്റെ കമന്റ്. ദാസേട്ടന്‍ ചോദിച്ചു; തിരുവനന്തപുരത്ത് എവിടെയാ? ഞാന്‍ എന്നെക്കുറിച്ച് ചിലതൊക്കെ പറഞ്ഞു, പരിചയമായി.

പിന്നീട് ദാസേട്ടനെ കണ്ടത് മമ്മൂക്കയുടെ ‘പുതിയ നിയമ’ത്തിന്റെ ലൊക്കേഷനിലാണ്. എറണാകുളം ചമ്പക്കരയിലെ ഒരു ഫഌറ്റിലും പരിസരത്തുമാണ് ഷൂട്ട്. മമ്മൂക്കയോട് ഒരു കഥപറയലാണ് എന്റെ ഉദ്ദേശ്യം. കമല്‍ സാറിന്റെ അസിസ്റ്റന്റ് അല്‍ത്താഫ് ജോര്‍ജേട്ടനോട് കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്. എങ്കിലും മമ്മൂക്കയുടെ ‘മൂഡ്’ പിടികിട്ടാത്തതിനാല്‍ എനിക്ക് അടുത്തേക്ക് ചെല്ലാന്‍ ഭയം. അപ്പോഴാണ് ദാസേട്ടനെ കാണുന്നത്. ഞാന്‍ വന്നകാര്യം പറഞ്ഞു. മമ്മൂക്കയുടെ മൂഡ് മനസിലാക്കിയ ദാസേട്ടന്‍, ധൈര്യമായി ചെന്നോളാന്‍ പറഞ്ഞു. അപ്പോഴേക്കും ജോര്‍ജ്ജേട്ടനെത്തി ഞങ്ങളെ മമ്മുക്കയുടെ അടുത്തേക്ക് കൊണ്ടുപോയി. ദാസേട്ടന്റെ റീഡിങ് കറക്ടായിരുന്നു. അന്ന് കഥ പറഞ്ഞില്ലെങ്കിലും കുറേനേരം മമ്മുക്കയോട് സംസാരിച്ചു.

ആലുവ ഫാക്ടിന് സമീപത്ത് ‘കസബ’യുടെ ഷൂട്ടിങ് നടക്കുന്ന മറ്റൊരു രാത്രിയിലാണ് പിന്നീട് ഞാന്‍ ദാസേട്ടനെ കണ്ടത്. അന്ന് മമ്മുക്കയുടെ ഒരു ഫൈറ്റ് സീനാണ് എടുക്കുന്നത്. ഷൂട്ടിങ് രാത്രി വളരെ വൈകിയതിനാല്‍ മമ്മൂക്കയോട് സംസാരിക്കാന്‍ കഴിയാതെ തിരികെ മടങ്ങാനൊരുങ്ങുമ്പോള്‍ ദാസേട്ടന്‍ ഓടിവന്നു; നിങ്ങളുടെ കാറില്‍ സ്ഥലമുണ്ടോ, തിരുവനന്തപുരത്തേക്ക് എന്നെയും കൂടി കൊണ്ടുപോകുമോ?. ദാസേട്ടന്‍ ഒന്ന് മിനുങ്ങിയ മട്ടുണ്ടായിരുന്നു. കാറിന്റെ പിന്‍സീറ്റിലിരുന്ന്, ചിലപ്പോള്‍ ഉച്ചത്തില്‍ ചിരിച്ചും മറ്റുചിലപ്പോള്‍ പതിയെക്കരഞ്ഞും ദാസേട്ടന്‍ ഞങ്ങളോട് സിനിമാ ജീവിതത്തിലെ ചിലതൊക്കെ പറഞ്ഞു. പിന്നെ തളര്‍ന്നുറങ്ങി.

പിന്നീട്, തിരുവനന്തപുരത്ത് ഫിലിം ഫെസ്റ്റിവലിലെ സെക്യൂരിറ്റി ഡ്യൂട്ടിക്കിടെയാണ് ദാസേട്ടനെ പലപ്പോഴും കണ്ടിരുന്നത്. കാണുമ്പോള്‍ തലകുലുക്കും, കൈവീശിക്കാട്ടും…അത്രേയുള്ളൂ….

മാറനല്ലൂര്‍ ദാസിന്, ഞാനറിയുന്ന ദാസേട്ടന് പ്രണാമം….”- നിസാർ അഹമ്മദ് ഫെയ്സ്ബുക്കിൽ കുറിച്ചു.

സംസ്കാര ചടങ്ങുകൾ ശനിയാഴ്ച

സിനിമാ സെറ്റുകളിൽ പ്രധാന സെക്യുരിറ്റിയായി പ്രവർത്തിച്ചിരുന്ന തിരുവനന്തപുരം കാട്ടാക്കട മാറനല്ലൂർ സ്വദേശിയായ ദാസ് (46) ഇന്ന് വൈകിട്ടോടെയായിരുന്നു അന്തരിച്ചത്.  തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. മഞ്ഞപ്പിത്തത്തിന് ചികിത്സയിലായിരുന്നു. ഭാര്യ ഷൈജ, നൈന ദാസ്, നയൻ ദാസ് എന്നിവരാണ് മക്കൾ. സംസ്കാരം ശനിയാഴ്ച.

ചലച്ചിത്ര പ്രവർത്തകർക്കിടയിൽ പ്രിയങ്കരൻ

ചലച്ചിത്ര പ്രവർത്തകർക്കിടയിൽ ഏറെ പ്രിയങ്കരനായിരുന്നു ദാസ്. സിനിമയോടുള്ള തീവ്രമായ ഇഷ്ടമാണ് ദാസിനെ സഫാരി സ്യുട്ടണിഞ്ഞ് ചലച്ചിത്ര സെറ്റുകളിൽ സന്ദർശകരേയും ആൾക്കൂട്ടത്തേയും നിയന്ത്രിക്കുന്ന സെക്യുരിറ്റി ജോലിയിലേക്ക് എത്തിച്ചത്. കേരളത്തിൽ ഷൂട്ടിങ്ങിനെത്തുന്ന അന്യഭാഷാ ചിത്രങ്ങൾക്കും ദാസിന്റെ സേവനം ലഭിച്ചിരുന്നു. രാജ്യാന്തര ചലച്ചിത്ര മേള, മെഗാ സ്റ്റേജ് ഷോകൾ, താര വിവാഹങ്ങൾ, ഉദ്‌ഘാടന വേദികൾ തുടങ്ങി താരസാന്നിധ്യമുള്ളയിടത്തെല്ലാം ദാസിന്റെയും സംഘത്തിന്റെയും സാന്നിദ്ധ്യമുണ്ടായിരുന്നു. സിനിമകളിൽ ചെറിയ വേഷങ്ങളിലും ദാസ് പ്രത്യക്ഷപ്പെട്ടിരുന്നു.

മമ്മൂട്ടി, മോഹൻലാൽ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ, പാർവ്വതി തിരുവോത്ത് എന്നു തുടങ്ങി സിനിമാരംഗത്തുള്ള നിരവധി പേർ ദാസിന് ആദരഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്.

കേരളത്തിൽ ഷൂട്ടിങ്ങിനെത്തുന്ന അന്യഭാഷാ ചിത്രങ്ങൾക്കും ദാസിന്റെ സേവനം ലഭിച്ചിരുന്നു. ചലച്ചിത്ര മേളകൾ, മെഗാ സ്റ്റേജ് ഷോകൾ, താര വിവാഹങ്ങൾ, ഉദ്‌ഘാടന ചടങ്ങുകൾ തുടങ്ങി ചലച്ചിത്ര താരങ്ങൾ പങ്കെടുക്കുന്ന പൊതു വേദിികളിലും ദാസ് നിത്യ സാന്നിദ്ധ്യമായിരുന്നു.

ഭാര്യ ഷൈജ, മക്കൾ-നൈന ദാസ്,നയൻ ദാസ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook