2018 എന്ന വര്‍ഷം മലയാള സിനിമയുടെ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെടും. ആറ് വനിതാ സംവിധായികമാരുടെ ചിത്രങ്ങളുടെ റിലീസിന് ഈ വര്‍ഷം സാക്ഷിയാകും എന്നത് കൊണ്ടാണത്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇത്തരത്തിലുള്ള ഒരു വനിതാ സര്‍ഗാത്മക മുന്നേറ്റം ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. നടിയാക്രമിക്കപ്പെട്ട സംഭവം, അതിനോടുള്ള മലയാളത്തിലെ വനിതാ പ്രവര്‍ത്തകരുടെ ഉറച്ച സമീപനവും തുടര്‍ന്നുണ്ടായ വനിതാ കൂട്ടായ്മയുടെ പിറവിയും, പുരുഷ കേന്ദ്രീകൃത മുഖ്യധാരാ സിനിമാ-സമൂഹതലങ്ങളില്‍ നിന്നും അതിനോടുണ്ടായ പ്രതികരണങ്ങള്‍ തുടങ്ങി കഴിഞ്ഞ വര്‍ഷം തലക്കെട്ടുകളില്‍ നിറഞ്ഞെതെല്ലാം വാദ പ്രതിവാദങ്ങളും കോലാഹലങ്ങളുമാണെങ്കില്; അതില്‍ തിളച്ചു മറിയുന്ന മലയാള സിനിമയ്ക്ക് ആശ്വസിക്കാന്‍, അഭിമാനപൂര്‍വ്വം ഉയര്‍ത്തിപ്പിടിക്കാന്‍, ഈ വര്‍ഷം മുന്നോട്ടു വയ്ക്കുന്നത് മാറ്റത്തിന്റെയും പ്രതീക്ഷയുടേയും ഈ കൊടിയടയാളങ്ങളാണ്.
അഞ്ജലി മേനോന് സംവിധാനം ചെയ്യുന്ന ‘കൂടെ’, ഗീതു മോഹന്‍ദാസിന്റെ ‘മൂത്തോന്’, രോഷ്നി ദിനകറിന്റെ ‘മൈ സ്റ്റോറി’, സൗ സദാനന്ദന്റെ ‘മാംഗല്യം തന്തുനാനേന,’ വയനാട് ചുരം കണ്ടെത്തിയ കരിന്തണ്ടന്റെ ജീവിതം ആസ്പദമാക്കി ലീല സന്തോഷ് ഒരുക്കുന്ന ചിത്രം, ഹസീന സുനീര്‍ സംവിധാനം ചെയ്യുന്ന ‘പ്രകാശന്റെ മെട്രോ’ എന്നിങ്ങനെ ആറു വനിതാ സംവിധായികമാരുടെ ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. അഞ്ജലി മേനോന് ചിത്രം ജൂലൈ ആറിന് റിലീസ് ചെയ്യും. ഗീതു മോഹന്‍ദാസ്, രോഷ്നി ദിനകര്‍, സൗ സദാനന്ദന് എന്നിവരുടെ ചിത്രങ്ങളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്നു. ഹസീന സുനീറിന്റെ സിനിമ കൊച്ചിയിലും പരിസരത്തുമായി ചിത്രീകരണം നടന്നു വരുന്നു. ലീല സന്തോഷിന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത് തന്നെ ആരംഭിക്കും.
സിനിമയിലെ സ്ത്രീ വിരുദ്ധതയെക്കുറിച്ച് മുന്‍പൊരിക്കലുമില്ലാത്ത വിധം ചര്‍ച്ചകള്‍ നടക്കുന്ന കാലത്തു കൂടിയാണ് ഈ സ്ത്രീകളുടെ ചിത്രങ്ങള്‍ ഉണ്ടായി വരുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത. സ്ത്രീകള്‍ ആജ്ഞാനുവര്‍ത്തികളായി മാത്രം നിലനിന്നിരുന്നിടത്ത് നിന്നുള്ള ഈ വളര്‍ച്ച ഒട്ടും ചെറുതല്ല.

സിനിമയിലെ വനിതാ കൂട്ടായ്മ ‘വിമന്‍ ഇന്‍ സിനിമാ കളക്റ്റിവ്’ അംഗങ്ങള്‍
“മലയാളത്തില്‍ ഇത്രയും സ്ത്രീ സംവിധായികമാര്‍ ഉണ്ടായി വരുന്നത് സന്തോഷമുള്ള കാര്യമാണ്”, എന്ന് മുതിര്‍ന്ന സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് പ്രതികരിച്ചു. എന്നാല്‍ നവതി ആഘോഷിക്കുന്ന ഒരു സിനിമാ സമൂഹത്തില്‍, സ്ത്രീ സംവിധായകരുണ്ടാകുന്നു എന്നത് വാര്‍ത്താ തലക്കെട്ടാകുന്നത് സിനിമയിലെ ലിംഗനീതിയുടെ പാപരത്വമാണ് വിളിച്ചോതുന്നത് എന്നാണ് തിരക്കഥാകൃത്തായ ദീദി ദാമോദരന്റെ അഭിപ്രായം.
“ലിംഗനീതിയുടേയും സമത്വത്തിന്റേയും എത്ര ദൂരെയാണ് നമ്മള് എന്നതു തന്നെയാണ് ഇത് വ്യക്തമാക്കുന്നത്. സിനിമയില്‍ ആജ്ഞാനുവര്‍ത്തികളായി എല്ലാ സ്ഥാനങ്ങളിലും സ്ത്രീകളെ കാണാം. പക്ഷെ കാര്യങ്ങളെ നിയന്ത്രിക്കുന്നിടത്ത്, മറ്റുള്ളവരെക്കൊണ്ട് ചെയ്യിപ്പിക്കുന്നിടത്ത്, തീരുമാനങ്ങളെടുക്കുന്നിടത്താണ് സ്ത്രീകളെ അടുപ്പിക്കാത്തത്. ടെക്നിക്കല്‍ സൈഡിലേക്ക് സ്ത്രീ വരുമ്പോളാണ് അവള്‍ക്കൊരു ‘വോയ്സ്’ ഉണ്ടാകുന്നത്. ഇതിവൃത്തങ്ങള്‍ മാറാന്‍ ഇതു സംഭവിച്ചേ പറ്റൂ. സ്ത്രീ എങ്ങനെ ചിന്തിക്കുന്നു എന്നു പറയാന്‍ സ്ത്രീകള്‍ക്കേ പറ്റൂ. വിമന്‍ ഇന്‍ സിനിമാ കളക്ടിവിന്റെ (ഡബ്ല്യൂസിസി) പ്രധാന ലക്ഷ്യം തന്നെ സാങ്കേതിക വിഭാഗങ്ങളിലെ സ്ത്രീകളുടെ അഭാവം നികത്തുക എന്നതാണ്. ആറ് എന്ന ശുഷ്കമായ സംഖ്യ പോര നമുക്ക്,” ദീദി ദാമോദരന്‍ പറയുന്നു.
കഥ പറയാന്‍ ക്യാമറ കൈയ്യിലെടുത്ത സ്ത്രീകളുടെ ഇന്ത്യയിലെ ചരിത്രം തുടങ്ങുന്നത് ഫത്മ ബീഗത്തിലാണ്. ഇന്ത്യയിലെ ആദ്യ സ്ത്രീ സംവിധായികയായ ഫത്മ നടിയും തിരക്കഥാകൃത്തും കൂടിയായിരുന്നു. അവിടുന്നങ്ങോട്ട് നിരവധി പേര്. സംവിധായികയാകാന്‍ പോയി നടിയായിത്തീര്‍ന്ന ദേവികാ റാണി മുതല്‍, നടിയായി വന്ന് സംവിധായികമാരായ രേവതി, സുഹാസിനി, നന്ദിതാ ദാസ്, ഗീതു മോഹന്‍ദാസ് തുടങ്ങിയവര്‍ വരെ. സിനിമാ കടുംബങ്ങളില്‍ നിന്ന് വന്നു സിനിമയില്‍ സ്ഥാനമുറപ്പിച്ച അപര്‍ണ്ണാ സെന്‍ മുതല്‍ മേഘ്നാ ഗുല്‍സാര്‍ വരെ, സിനിമ പഠിച്ചു സിനിമയില്‍ എത്തിയ മീരാ നായര്‍ മുതല്‍ അഞ്ജലി മേനോന് വരെ. ഇങ്ങനെ നീളുന്ന പട്ടികയില്‍ ഇനിയും എത്രയോ പേര്.
ഒറ്റയ്ക്കും തെറ്റയ്ക്കും ഇവര്‍ സിനിമകള്‍ എടുത്തു, ചിലത് വിജയത്തില്‍ എത്തി, ചിലതു ആരും കണ്ടില്ല.

രാജ്യം സിനിമയ്ക്ക് നല്കുന്ന പരമോന്നത പുരസ്കാരമായ ‘ദാദാ സാഹെബ് ഫാല്‍കെ’ ഏറ്റുവാങ്ങുന്ന ദേവികാ റാണി. ഈ പുരസ്കാരം ആദ്യമായി ലഭിച്ചത് ദേവികാ റാണിയ്ക്കാണ്, ചിത്രം. എക്സ്പ്രസ്സ് ആര്‍ക്കൈവ്സ്
മലയാള സിനിമാ സംവിധാന രംഗത്തെ ആദ്യ സ്ത്രീ സാന്നിദ്ധ്യം വിജയ നിര്‍മലയാണ്. 1973ല്‍ റിലീസ് ചെയ്ത ‘കവിത’യാണ് അവര്‍ മലയാളത്തില്‍ സംവിധാനം ചെയ്ത ചിത്രം. പിന്നീട് രണ്ടു ശ്രദ്ധേയമായ ചിത്രങ്ങള്‍ ചെയ്ത സംവിധായിക നടി ഷീലയാണ്. 1976ല്‍ പുറത്തിറങ്ങിയ ‘യക്ഷഗാനം’, 1979ല്‍ ജയനെ നായകനാക്കിയുള്ള ‘ശിഖരങ്ങള്‍’ എന്നീ ചിത്രങ്ങളാണ് ഷീലയുടെ സംവിധാനത്തില്‍ പുറത്തു വന്നത്. ‘ജന്മദിനം’, ‘സാരി’ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത സുമാ ജോസ്സന്‍, ‘സഞ്ചാരം’ എന്ന ചിത്രം സംവിധാനം ചെയ്ത ലിജി ജെ പുല്ലപ്പള്ളി, രേവതി എസ് വര്‍മ്മ (മാഡ് ഡാഡ്), രേവതി (‘കേരളാ കഫെയിലെ’ ‘മകള്‍’ എന്ന ഹൃസ്വചിത്രം), ശാലിനി ഉഷ നായര്‍ (അകം), അഞ്ജലി മേനോന് (‘ബാംഗ്ലൂര്‍ ഡേയ്സ്’, ‘കൂടെ’) ഗീതു മോഹന്‍ദാസ് (‘കേള്‍ക്കുന്നുണ്ടോ’, ‘ലയെര്സ് ഡൈസ്’, ‘മൂത്തോന്’), ശ്രീബാല കെ മേനോന് (‘ലവ് 24*7’), വിധു വിന്‍സെന്റ് (‘മാന്‍ഹോള്‍’) എന്നിങ്ങനെ ആ പട്ടിക നീളുന്നു.
പക്ഷെ ഇതിലെത്ര പേര് സജീവമായി മുഖ്യധാരയിലുണ്ട് എന്ന ചോദ്യത്തിന്റെ ഉത്തരം ചിലപ്പോള്‍ നിരാശപ്പെടുത്തിയേക്കാം. മുഖ്യധാര സിനിമാ വ്യവസായം ഇപ്പോഴും പുരുഷ കേന്ദ്രീകൃതമായി തന്നെയാണ് നിലകൊള്ളുന്നത് എന്നും ‘സിനിമയുടെ തലപ്പത്ത് ഒരു സ്ത്രീ ‘എന്നത് താരങ്ങള്‍ ഉള്‍പ്പടെ സിനിമയുടെ പല ‘സ്റ്റേക്ക് ഹോള്‍ഡര്‍’മാര്‍ക്കും സ്വീകാര്യമായ ഒന്നല്ല എന്നതും തന്നെയാണ് സ്ത്രീകള്‍ മുന്നിലേക്ക് എത്താത്തതിന്റെ കാരണം.
എന്നാല്‍ ആ സ്ഥിതിവിശേഷം പതിയെ മാറി വരികയാണ് എന്ന് എഴുത്തുകാരിയും ‘ലവ് 24*7’ എന്ന ചിത്രത്തിന്റെ സംവിധായികയുമായ ശ്രീബാല കെ മേനോന്.
“ഒരു സിനിമയുമായി സമീപിക്കുമ്പോള്‍ ആ സിനിമ എന്താണ്, കഥ എങ്ങനെയാണ്, എന്തു വിഷയമാണ് സംസാരിക്കുന്നത്, തന്നെ സമീപിച്ച വ്യക്തിക്ക് നല്ലൊരു സിനിമ ചെയ്യാനുള്ള പ്രാപ്തിയുണ്ടോ എന്നൊക്കെ ചിന്തിക്കുന്നിടത്തേക്ക് ഒരു മാറ്റം നടന്നു കൊണ്ടിരിക്കുകയാണ്. വിപണിയാണ് ഇവിടെ തീരുമാനങ്ങളുടെ മുഖ്യ കാരണം. സിനിമ എന്നത് വലിയൊരു ടീം വര്‍ക്കാണ്. അതിലെ ഒരു ഘടകമാണ് അത് എഴുതുന്ന ആളോ ക്യാമറ ചെയ്യുന്ന ആളോ ഒക്കെ. ഒരു സ്ത്രീ സംവിധാനം ചെയ്യുന്നു എന്നതുകൊണ്ട് മാറ്റി നിര്‍ത്തപ്പെടുന്ന കാലമല്ല ഇപ്പോള്‍,’ ശ്രീബാല വ്യക്തമാക്കുന്നു.
ചലച്ചിത്ര മേളകളിലെ പുരസ്കാരങ്ങളിലാണ് സ്ത്രീ സംവിധായികമാരുടെ സാന്നിദ്ധ്യം ആദ്യം തെളിഞ്ഞു കണ്ടത്. അഞ്ജലി മേനോന്റെ ‘മഞ്ചാടിക്കുരു’ നേടിയ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ ഹസന് കുട്ടി പുരസ്കാരം, ഗീതു മോഹന്‍ദാസിന്റെ ‘കേള്‍ക്കുന്നുണ്ടോ’, ‘ലയേര്‍സ് ഡയ്സ്’ എന്നീ ചിത്രങ്ങള്‍ നേടിയ ദേശീയ രാജ്യാന്തരപുരസ്കാരങ്ങള്‍, വിധു വിന്‍സന്റ് നേടിയ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ മികച്ച നവാഗത ചിത്രത്തിനുള്ള രജത ചകോരം, ചെമ്പൈയെക്കുറിച്ചുള്ള ഡോകുമെന്ററിയ്ക്ക് സൗ സദാനന്ദന് ലഭിച്ച ദേശീയ പുരസ്കാരം എന്നിവ അവരുടെ മുന്നോട്ടുള്ള യാത്രയുടെ ചവിട്ടുപടികള്‍ ആയിരുന്നു. അവിടെ നിന്ന് തുടങ്ങി മുഖ്യധാരയില്‍ എത്തിയിരിക്കുകയാണ് അവര്‍. വിപണി മൂല്യമുള്ള കലാസൃഷ്ടികളുമായി അവര്‍ ചുവടുറപ്പിക്കുമ്പോള്‍ അദൃശ്യമായ ആ‘ഗ്ലാസ് സീലിംഗി’ന്റെ അവസാന ചില്ലും വീണുടയുന്നു.

രാഷ്ട്രപതിയില്‍ നിന്നും ദേശീയ പുരസ്കാരം സ്വീകരിക്കുന്ന അഞ്ജലി മേനോന്
“വനിതാ സംവിധായികമാരുടെ കൂടെ അഭിനയിക്കുക എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്,” അഭിനേത്രിയായ മാലാ പാര്‍വ്വതി പറയുന്നു. അഞ്ജലി മേനോന്റെ ഏറ്റവും പുതിയ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലുണ്ട് മാല.
“അഞ്ജലി കൂടാതെ രണ്ടു ഹ്രസ്വചിത്രങ്ങള്‍ക്ക് വേണ്ടി വനിതാ സംവിധായികമാരായ സംഗീതാ പത്മനാഭന്, ലതാ കുര്യന് രാജീവ് എന്നിവരുമായും സഹകരിച്ചിട്ടുണ്ട് ഞാന്‍. ഇവരിലെല്ലാം പൊതുവായി കണ്ട ഒരു കാര്യം അവരുടെ ജോലിയോടുള്ള അവരുടെ അര്‍പ്പണബോധമാണ്. അവര്‍ ചെയ്യുന്ന സിനിമയുടെ ഉള്ളടക്കത്തോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തിക്കൊണ്ടാണ് അവര്‍ ഓരോ ചുവടും വയ്ക്കുന്നത്.
എന്റെ അനുഭവത്തില്‍ ജോലിയുടെ നിലവാരത്തില്‍ ഒരു തരത്തിലും ഉള്ള ഒരു ‘compromise’ ചെയ്യാന്‍ വനിതാ സംവിധായികമാര്‍ തയ്യാറായിട്ടില്ല, അതിനു എന്ത് തന്നെ വിഷമങ്ങള്‍ സഹിക്കേണ്ടി വന്നാലും. തങ്ങള്‍ക്കു ലോകത്തോട് സംവദിക്കാന്‍ കിട്ടിയ അവസരത്തെ കഴിയുന്നതും ‘effective’ ആയി വിനിയോഗിക്കാന്‍ ശ്രമിക്കുന്നവരാണ് അവര്‍.
അധികം സ്ത്രീകള്‍ക്കൊന്നും ലഭിച്ചിട്ടില്ലാത്ത ഒരിടമാണ് തങ്ങള്‍ക്കു ലഭിച്ചിരിക്കുന്നത് എന്ന ബോധ്യം അവരില്‍ ഇപ്പോഴും ഉള്ളതായി തോന്നിയിട്ടുണ്ട്. പിന്നെ ചില വിഷയങ്ങളോട് സ്ത്രീകള്‍ക്ക് സഹജമായി ഉണ്ടാകുന്ന ഒരു ‘sensitivity’ ഉണ്ട്, അതും ഒരു അഭിനേത്രി എന്ന നിലയില്‍ എനിക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്,” ക്യാമറയ്ക്ക് പിന്നില്‍ സ്ത്രീകള്‍ ഉണ്ടാവുന്നതിന്റെ അനുഭവം പങ്കു വച്ച് കൊണ്ട് മാലാ പാര്‍വ്വതി പറയുന്നു.
ഇതേ അഭിപ്രായം തന്നെയാണ് ‘മിത്ര് മൈ ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെ മികച്ച എഡിറ്റര്‍ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച ബീനാ പോളിനുമുള്ളത്. അഭിനേത്രി രേവതി ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന് പിന്നില്‍ ഒരു ‘ഓള് വുമണ്‍ ക്രൂ’ ആയിരുന്നു പ്രവര്‍ത്തിച്ചത്. ഒരു സിനിമയുടെ ക്രൂവിലേക്ക് ഒരു സ്ത്രീ വരുമ്പോള്‍, അല്ലെങ്കില്‍ സ്ത്രീകളുടെ ക്രൂ ഒരു സിനിമ ഒരുക്കുമ്പോള്‍ അതില്‍ വ്യത്യാസമുണ്ടെന്നു തന്നെയാണ് താന്‍ കരുതുന്നതെന്ന് ബീനാ പോള്‍ പറയുന്നു.

‘മിത്ര് മൈ ഫ്രണ്ടി’ന്റെ അണിയറ പ്രവര്‍ത്തകര്‍ – പ്രിയ, ബീനാ പോള്‍, ഭവതാരിനി ഇളയരാജ, ഫൌസിയ ഫാത്തിമ, സുധ കൊങ്ങാര
“വ്യക്തിപരമായി എനിക്കു തോന്നിയിട്ടുള്ളത് ‘feminine aesthetic’ എന്നൊന്നുണ്ട് എന്നാണ്. അത് എല്ലാത്തിലും ഉണ്ട്. മുഖ്യധാര സിനിമയായിക്കോട്ടെ അല്ലാത്തതായിക്കോട്ടെ, ഒരു സ്ത്രീയെടുക്കുമ്പോള് അറിയാതെ തന്നെ അതില്‍ ‘feminine Aesthetic’ വരും. അബോധമായി കടന്നുവരുന്ന ആ മൂല്യം അല്ലെങ്കില്‍ ആ സൗന്ദര്യമാണ് നമുക്ക് ആവശ്യവും. അതിന് ഒരു സ്ത്രീ കേന്ദ്രീകൃത സിനിമ എടുക്കണം എന്ന് നിര്‍ബന്ധമില്ല. അതൊരിക്കലും പുരുഷ വിരോധവുമല്ല. പക്ഷെ ഒരു മാനദണ്ഡമുണ്ടാകും. ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കുന്നതും ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും അതിന്റെ ഭാഗമാണ്. അത്തരം ശബ്ദങ്ങള്‍ സിനിമയില്‍ ഉയര്‍ന്ന് വരുമ്പോഴേ ഇവിടെ ബാലന്‍സ് ഉണ്ടാകൂ. ഇപ്പോള്‍ നമ്മള് ഒരു വശം മാത്രമേ കേള്‍ക്കുന്നുള്ളൂ. പുരുഷന്മാര്ക്ക് ഇത് സാധിക്കില്ല എന്ന് ഞാന്‍ പറയില്ല. അവര്‍ക്കും ഫെമിനിസ്റ്റ് സിനിമകള്‍ എടുക്കാം. പക്ഷെ ‘feminine aesthetic’ വ്യത്യാസമാണ്, സ്ത്രീ സഹജമായ ഒരു തിരിച്ചറിയല്‍, പ്രതികരണം എന്നൊക്കെ അതിനെ വിശദീകരിക്കാം.”
താന്‍ സംവിധാനം ചെയ്യുന്ന സിനിമകളുടെ പ്രധാന സാങ്കേതിക വശങ്ങള് സ്ത്രീകള്‍ കൈകാര്യം ചെയ്യുക എന്നത് തന്റെ നയമാണ് എന്ന് നടിയും സംവിധായികയുമായ രേവതി അടിവരയിടുന്നു.
“സാങ്കേതിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് അവസരങ്ങള്‍ കൊടുക്കുക എന്നതു തന്നെയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ‘മിത്ര് മൈ ഫ്രണ്ടി’ന് ശേഷം ഞാന്‍ ഒരു സിനിമ കൂടി ചെയ്തിരുന്നു. അതില്‍ എന്റെ അസിസ്റ്റന്റ് ഡയറക്ടേഴസ് എല്ലാം സ്ത്രീകള്‍ ആയിരുന്നു. മുമ്പത്തെ സിനിമയില്‍ പ്രവര്‍ത്തിച്ച പലരും പിന്നീടും എന്റെ കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്,” രേവതി വ്യക്തമാക്കി.
മുഴുവന്‍ സ്ത്രീകളുള്ള ഒരു ക്രൂവിനെക്കാള് സിനിമയ്ക്ക് എപ്പോഴും നല്ലത് ‘ജെന്‍ഡര്‍ ബാലന്‍സ്ഡ്’ ആയിട്ടുള്ള ഒരു ടീമാണ് എന്നാണ് ഛായാഗ്രാഹക ഉമ കുമരപുരത്തിന്റെ വിശ്വാസം.
“ആണ് പെണ് വ്യത്യാസമില്ലാതെ ജോലി ചെയ്യാനുള്ളൊരു സാഹചര്യമാണ് വേണ്ടത്. പക്ഷെ ഒരു സിനിമയുടെ ക്രൂവിലേക്ക് ഒരു സ്ത്രീ വരുമ്പോള്‍, വിഷയത്തെ നോക്കി കാണുന്ന രീതിയില്‍ മാറ്റം വരും എന്നുള്ളതും തീര്‍ച്ചയാണ്. ഡയലോഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആ മാറ്റം കാണാം. നമ്മള് ജോലി ചെയ്യുന്ന ചിത്രങ്ങളില്‍ സ്ത്രീവിരുദ്ധമായ ഡയലോഗുകള്‍ ഉണ്ടെങ്കില്‍, പറയാന്‍ സ്വാതന്ത്ര്യമുള്ള ആളുകളോട് അക്കാര്യം പറയാന്‍ സാധിക്കും. പുരുഷന്മാര് മാത്രമുള്ളിടത്ത് അവര്‍ക്കത് തോന്നിക്കൊള്ളണമെന്നില്ല. ആര്‍ട്ട് ഡയറക്ടറായി ഒരു സ്ത്രീ ആണ് വരുന്നതെങ്കില്‍, നായികയുടെ റൂം അലങ്കരിക്കുമ്പോള്‍ അത് ഒരു പുരുഷന് ചെയ്യുന്നതില്‍ നിന്നും വ്യത്യാസമുണ്ടാകും. ഒരു സ്ത്രീയുടെ കഥാപാത്രം ചിന്തിക്കുന്നത് കുറച്ചു കൂടി മനസിലാക്കാന്‍ കഴിയും. ക്യാമറയുടെ കാര്യത്തിലും അങ്ങനെ തന്നെ. സ്ത്രീകളുടെ ശരീര വടിവ് കാണിക്കുന്നതിനപ്പുറത്തേക്ക് അതൊരു കഥാപാത്രമാണെന്ന് എന്നേ ചിന്തിക്കൂ,” ഉമ വിശദീകരിച്ചു.
സ്ത്രീകള്‍ മാത്രമുള്ള ഒരു ക്രൂ പ്രായോഗികമാണോ എന്ന ചോദ്യത്തിന് അത് സാധ്യമായ ഒന്നാണ് എന്ന് ഉത്തരം പറയുമ്പോഴും നമ്മുടെ സമൂഹത്തെപ്പോലെ തന്നെ സിനിമയും അത്ര ‘വിമണ്‍ ഫ്രണ്ട്ലി’ അല്ല സിനിമയും എന്നൊരു അഭിപ്രായവും ഉമയ്ക്കുണ്ട്.
“പറയുന്ന സ്ഥലത്തേക്ക് പറയുന്ന സമയത്തേക്ക് എത്താനൊക്കെ പലപ്പോഴും സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുണ്ട്. അത് സാമൂഹികമായ ബുദ്ധിമുട്ടുകളാണ്. സുരക്ഷയുടെ പ്രശ്നമുണ്ട്. ഇതൊന്നും സ്ത്രീയുടെ പ്രശ്നം കൊണ്ടല്ല. സാമൂഹിക നിര്‍മ്മിതികളിലെ പോരായ്മകള്‍ കൊണ്ടാണ് സ്ത്രീകള്‍ക്ക് കയറി വരാന്‍ ബുദ്ധിമുട്ട്. പലപ്പോഴും ക്രൂവില്‍ ഒരു പെണ്‍കുട്ടി വരുമ്പോള്‍ അതൊരു റിസ്കാണെന്നും അതേറ്റെടുക്കാന്‍ ആളുകള്‍ തയ്യാറാകുന്നില്ലെന്നതുമാണ് സത്യം. പക്ഷെ ഈ സാഹചര്യം മാറി വരുന്നുമുണ്ട്,” ഉമ പറയുന്നു.

‘ബാലെ’ എന്ന മ്യൂസിക് വീഡിയോ ചിത്രീകരണത്തിനിടെ ശ്രുതി നമ്പൂതിരി
എന്നാല്‍ aestheticsനെ feminine, masculine എന്നൊക്കെ തരം തിരിച്ചുകാണേണ്ട ആവശ്യമുണ്ടോ എന്നാണ് സംവിധായിക ശ്രുതി നമ്പൂതിരി ചോദിക്കുന്നത്.
“സ്ത്രീകേന്ദ്രീകൃതമായ എത്രയോ സിനിമകള്‍ ചെയ്ത പുരുഷ സംവിധായകര്‍ ഉണ്ട്. കെ.ജി ജോര്‍ജ്, ഭരതന്, പത്മരാജന്, അടൂര്‍ ഗോപാലകൃഷ്ണന് തുടങ്ങിയവരുടെയൊക്കെ സ്ത്രീ കഥാപാത്രങ്ങള്‍ വളരെ ശക്തരായിരുന്നു. അതുകൊണ്ട് aestheticsനെ അങ്ങനെ കാണേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. സെന്സിബിലിറ്റിയില് വ്യത്യാസം ഉണ്ടായേക്കും ചിലപ്പോള്‍. പക്ഷെ അതിനെയൊക്കെ മറികടക്കാവുന്നതേയുള്ളൂ. ഒരു സ്ത്രീയ്ക്ക് വേണമെങ്കില്‍ ഒരു പുരുഷന് ചിന്തിക്കുന്നതു പോലെയും ചിന്തിക്കാന്‍ കഴിയും,” സ്ത്രീ സംവിധായികയായതുകൊണ്ട് ഒരു സിനിമ സ്ത്രീ കേന്ദ്രീകൃതമാകണമെന്നോ, അതില്‍ ഫീമെയില്‍ സെന്സിബിലിറ്റിയേ ഉണ്ടാകൂ എന്നോ ചിന്തിക്കരുതെന്നും ശ്രുതി വാദിക്കുന്നു.
അതേസമയം, സ്ത്രീകള്‍ ധാരാളമായി സിനിമയുടെ ടെക്നിക്കല്‍ വശങ്ങളിലേക്ക് കടന്നു വരണമെന്നാഗ്രഹിക്കുന്ന ആളാണ് താനെന്നും ശ്രുതി അടിവരയിടുന്നു. മുഴുവന്‍ സ്ത്രീകളുള്ള ഒരു ക്രൂവിനെ വച്ച് സിനിമ ചെയ്യാന്‍ കഴിയുമെന്നു തന്നെയാണ് ശ്രുതിയും വിശ്വസിക്കുന്നത്.
‘Feminine aesthetic’ എന്നൊരു കാര്യത്തെക്കുറിച്ചൊന്നും താന്‍ ചിന്തിച്ചിട്ടില്ല എന്നും ഒരുകാര്യം ചെയ്യുമ്പോള്‍ അതിന് ഏറ്റവും നന്നായി ചെയ്യുക എന്ന ലക്ഷ്യമേയുള്ളൂ എന്നും സൗ സദാനന്ദന്. ‘മാംഗല്യം തന്തുനാനേന’ എന്ന സൗവിന്റെ ആദ്യ ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് രണ്ട് സ്ത്രീകളാണ് – ഗായിക സയനോര ഫിലിപ്പും, രേവതി രേവയും. ചിത്രത്തിന്റെ നിര്‍മ്മാണത്തിലുമുണ്ട് സ്ത്രീ സാന്നിദ്ധ്യം. ആഞ്ജലീന മേരി ആന്റണി എന്ന കൊച്ചിക്കാരിയാണ് ‘മാംഗല്യം തന്തുനാനേ’ എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍.

സഹപ്രവര്‍ത്തകര്‍ക്കൊപ്പം സൗ സദാനന്ദന്
“പുരുഷനായാലും സ്ത്രീയായാലും ചെയ്യുന്ന ജോലി ഏറ്റവും വൃത്തിയായി ചെയ്യുക. നമ്മുടെ ബെസ്റ്റ് എന്താണോ അത് കൊണ്ടുവരാന്‍ ശ്രമിക്കുക. സ്ത്രീകളാകുമ്പോള്‍ ചെറിയ ചെറിയ കാര്യങ്ങളില്‍ പോലും ഒരുപാട് ശ്രദ്ധിക്കും എന്നു തോന്നിയിട്ടുണ്ട്. എത്ര ചെറുതായാലും അത് പെര്‍ഫെക്ടായി ചെയ്യണം എന്ന നിര്‍ബന്ധം പൊതുവെ സ്ത്രീകള്‍ക്കുണ്ടാകും. മറ്റുള്ളവര്‍ക്ക് അപ്രധാനം എന്നു തോന്നുന്ന കാര്യങ്ങളാണെങ്കിലും എന്റെ സിനിമയ്ക്ക് അതാവശ്യമാണെന്ന് എനിക്കു തോന്നിയാല്‍ ഞാന്‍ അതിന്റെ ഡീറ്റെയ്ലിങിലേക്ക് പോകും. എന്റെ കൂടി ജോലി ചെയ്ത ഈ സ്ത്രീകളെല്ലാം അതു മനസിലാക്കി കൂടെ നിന്നവരാണ്,” സൗ സദാനന്ദന് വിവരിച്ചു.
ഒരു നിര്‍മ്മാണക്കമ്പനി എന്ന നിലയില്‍ സ്ത്രീയുടെ സിനിമാ എന്നോ പുരുഷന്റെ സിനിമ എന്നോ വേര്‍തിരിച്ചു കണ്ടിട്ടില്ല എന്ന് ‘ഇ ഫോര്‍ എന്റര്‍റൈന്‍മെന്റ്’ പങ്കാളികളില്‍ ഒരാളായ സി വി സാരഥി പറയുന്നു. ശ്രീബാല കെ മേനോന് സംവിധാനം ചെയ്ത ‘ലവ് 24*7 എന്ന ചിത്രം നിര്‍മ്മിച്ചത് ഇവരായിരുന്നു.
“കഥ ഇഷ്ടമായോ, അത് നമുക്ക് ചെയ്യാന്‍ പറ്റുന്നതാണോ എന്നതൊക്കെയാണ് ഒരു പ്രൊജക്റ്റ് ഏറ്റെടുക്കുന്നതിന്റെ പ്രധാന മാനദണ്ഡങ്ങള്‍. സിനിമയുടെ തലപ്പത്തുള്ളവര്‍, അത് സ്ത്രീയാകട്ടെ പുരുഷനാകട്ടെ, ആ തിരക്കഥയെ സാക്ഷാത്കരിക്കാന്‍ പ്രാപ്തരാണോ എന്നതും കണക്കിലെടുക്കും. പിന്നെ, അവര്‍ക്കാവശ്യമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുക എന്നതാണ് നിര്‍മ്മാതാവിന്റെ ജോലി. ചോദ്യങ്ങള്‍ക്കോ സംശയങ്ങള്‍ക്കോ അവിടെ സ്കോപ് ഇല്ല. അവര്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ചെയ്തു കൊടുക്കുക എന്നതാണ്.
സംവിധാനം ചെയ്യുന്ന ആളുടെ ജെന്‍ഡര്‍ ഒരു കാലത്തും ഒരു സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിക്കുന്നതിന്റെ ഘടകം ആയിട്ടില്ല, സിനിമയുടെ കലാമൂല്യവും വിജയ സാധ്യതകളും മാത്രമാണ് ആലോചിക്കുന്നത്.”
ഒരു സിനിമയുടെ വിജയത്തെ നിര്‍ണ്ണയിക്കുന്നത് എത്ര സ്ത്രീകള്‍ എത്ര പുരുഷന്മാര് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചു എന്നതല്ല, മറിച്ച് സിനിമ എത്രത്തോളം പ്രേക്ഷകരുടെ മനസ്സുകളിലേക്ക് എത്തി എന്നതാണ് എന്നും സാരഥി കൂട്ടിച്ചേര്‍ക്കുന്നു.
സിനിമയെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ഈ സംവിധായികമാരും കൂട്ട് പിടിക്കുന്നത് മുഖ്യധാരയുടെ മാനദണ്ഡങ്ങളെ തന്നെയാണ്. മുന്‍നിര നായകന്മാര് (അഞ്ജലി മേനോന്, രോഷ്നി ദിനകര്‍ എന്നിവരുടെ ചിത്രങ്ങളില്‍ പ്രിഥ്വിരാജ്, ഗീതു മോഹന്‍ദാസ് ചിത്രത്തില്‍ നിവിന്‍ പോളി, സൗ സദാനന്ദന്റെ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്), അവരുടെ താര പരിവേഷം നിഷ്കര്‍ഷിക്കുന്ന ഘടകങ്ങള്‍, അവരുടെ താരമൂല്യം എന്നിവയില്‍ ഊന്നിത്തന്നെയാണ് ഇവര്‍ തങ്ങളുടെ സ്ത്രീ പരിപ്രേക്ഷ്യങ്ങള്‍ മെനയുന്നത്. അത് തന്നെയാണ് അവരുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയും.
ഇതില്‍ നിന്നും വ്യത്യസ്തമായ പാത തെരെഞ്ഞെടുത്തവര്‍ ആദിവാസി വിഭാഗത്തില്‍ നിന്നും ചലച്ചിത്ര സംവിധാന രംഗത്ത് ചുവടുറപ്പിച്ച ആദ്യ മലയാളി വനിതയായ ലീല സന്തോഷും കുടുംബിനിയുടെ റോളില്‍ നിന്നും അപ്രതീക്ഷിതമായി സംവിധായികയുടെ റോളില്‍ എത്തിയ ഹസീന സുനീറുമാണ്.

ലീല സന്തോഷ്
വയനാട്ടിലെ ആദിവാസി വിഭാഗമായ പണിയരുടെ ജീവിതത്തിലെ ദുരിതങ്ങളും അവരുടെ നഷ്ടപ്പെട്ട പൈതൃകവും പ്രമേയമാക്കി ‘നിഴലുകള്‍ നഷ്ടപ്പെട്ട ഗോത്രഭൂമി’ എന്ന പേരില്‍ ഡോക്യുമെന്ററി ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് ലീല സിനിമാ രംഗത്തേക്കു കടന്നു വരുന്നത്. ഇപ്പോള്‍ തന്റെ ആദ്യ ഫീച്ചര്‍ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് ലീല. മലയാളത്തിലെ പ്രമുഖമായ ഒരു ചലച്ചിത്ര കൂട്ടായ്മയുടെ പിന്തുണയോടെയാണ് ലീല തന്റെ ആദ്യ ചലച്ചിത്രത്തിലേക്ക് കടക്കുന്നത്. ഉടന്‍ തന്നെ അത് ബന്ധപ്പെട്ട അറിയിപ്പുകള് ഉണ്ടാകും എന്ന സൂചന നല്കി കൊണ്ട് ലീല കൂട്ടിച്ചേര്‍ത്തു.
“വയനാട് ചുരം കണ്ടെത്തിയ കരിന്തണ്ടന്റെ കഥ പറയുന്ന ചിത്രമാണ് ഞാന്‍ ഒരുക്കാന്‍ പോകുന്നത്. ചെറുപ്പം മുതലേ സിനിമ എന്ന സ്വപ്നം ഒപ്പമുണ്ടായിരുന്നു. ടി.വി കാണുന്നതും റേഡിയോയില്‍ കേള്‍ക്കുന്ന സിനിമാ പാട്ടുകളും വഴിയില്‍ കാണുന്ന പോസ്റ്ററുകളും മാത്രമാണ് സിനിമയുമായുള്ള ആകെ ബന്ധം. ഇപ്പോള്‍ ആ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ഒരുക്കത്തിലാണ്,” ലീല തന്റെ സ്വപ്നം പങ്കു വച്ചു.
ഒരു സ്വപ്നത്തിന്റെ പുറകെ, ആകസ്മികമായി ഇറങ്ങിത്തിരിച്ചതാണ് ഹസീന സുനീര്‍ എന്ന വീട്ടമ്മയും. ‘പ്രകാശന്റെ മെട്രോ’ എന്ന ചിത്രത്തിന്റെ സംവിധായികയായ ഹസീനയ്ക്ക് സിനിമയില്‍ മുന്‍പരിചയം ഒന്നും തന്നെയില്ല. ഒരു പെണ്‍കുട്ടി പറഞ്ഞു കേട്ട ഒരു ജീവിതാനുഭവം സിനിമയില്‍ പകര്‍ത്തണം എന്ന ശക്തമായ തോന്നലിന്റെ പിന്നാലെ പോയി സിനിമാക്കാരിയായ കഥ ഹസീന വെളിപ്പെടുത്തുന്നു.

ഹസീന സുനീര്‍, നെടുമുടി വേണു
“ഞാനൊരു സാധാരണ വീട്ടമ്മയാണ്. സിനിമ സ്വപ്നം കണ്ടു നടന്ന ആളൊന്നുമല്ല. ഈ ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. ഒരിക്കല്‍ എനിക്കറിയാവുന്ന ഒരു പെണ്‍കുട്ടി അവളുടെ ജീവിതത്തില്‍ നടന്ന ഒരു സംഭവം എന്നോടു പങ്കു വച്ചു. അത് ലോകം മുഴുവന്‍ അറിയേണ്ടതാണെന്നും അതിന് ഏറ്റവും നല്ല മാധ്യമം സിനിമയാണെന്നുമുള്ള തിരിച്ചറിവില്‍ നിന്നാണ് ഈ ചിത്രം ഉണ്ടാകുന്നത്. ഒറ്റ ദിവസത്തെ കഥയാണിത്, റോഡ് മൂവിയാണ്. ദിനേഷ് പ്രഭാകര്‍, അനഘ ജാനകി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്,” ചിത്രത്തിന്റെ ജോലികള്‍ നടന്നു വരികയാണ് എന്നും റിലീസ് സാധ്യതകളെക്കുറിച്ച് ഇത് വരെ ചിന്തിച്ചിട്ടില്ല എന്നും ഹസീന പറഞ്ഞു. ഹസീനയുടെ സ്വപ്ന സാക്ഷാത്കാരത്തിന് കൂട്ടു നിന്ന് ചിത്രം നിര്‍മ്മിക്കുന്നത് അവരുടെ കുടുംബം തന്നെയാണ്.
ചരിത്രസന്ധി എന്ന വിശേഷണത്തിന് പാത്രമാകുന്നത് കൊണ്ട് തന്നെ ഈ ചിത്രങ്ങള്‍ക്ക് ഉത്തരവാദിത്വവും പ്രതീക്ഷാഭാരവുമേറുന്നു. ഇവിടെ നിന്നും ഇവര്‍ തുറക്കുന്ന വഴികള്‍, അത് വിജയത്തിന്റെതാകാം, തിരുത്തലിന്റെതാകാം, തിരിച്ചറിവിന്റെതാകാം… ആ വഴിയിലൂടെയാണ് കഥ പറയാന്‍ ക്യാമറയേന്തി വരുന്ന അടുത്ത തലമുറക്കാരികള് നടക്കുക. അത് കൊണ്ട് തന്നെ അവിടെ വെട്ടമുണ്ടോ ഇല്ലയോ എന്നത് വിഷയമാകുന്നില്ല. വഴി തന്നെയാണ് അവിടെ വെളിച്ചവും.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook