പ്രശസ്ത തമിഴ് സിനിമാ സംവിധായകനും നടനുമായിരുന്ന ജെ മഹേന്ദ്രന്റെ വേർപ്പാടിൽ അനുശോചനം രേഖപ്പെടുത്തുകയാണ് സിനിമാലോകം. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും മഹേന്ദ്രന്റെ നിര്യാണത്തിൽ അനുശോചനം അർപ്പിച്ചിട്ടുണ്ട്. സംവിധായകന്മാരായ എ ആർ മുരുഗദോസ്, ആറ്റ്ലി, തിരു തുടങ്ങി തമിഴ് സിനിമയിലെ പ്രമുഖരും ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്.

ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. രാവിലെ 10 മണി മുതല്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ചൊവ്വാഴ്ച വൈകീട്ട് 5 മണിക്ക് ശവസംസ്കാര ചടങ്ങുകള്‍ നടക്കും.

തിരക്കഥാകൃത്തായി സിനിമാ ജീവിതം ആരംഭിച്ച മഹേന്ദ്രന്റെ ആദ്യ ചിത്രം 1978ല്‍ ഇറങ്ങിയ ‘മുള്ളും മലരും’ ആണ്. ‘ഉതിരിപ്പൂക്കള്‍’, ‘നെഞ്ചത്തൈ കിള്ളാതെ’, ‘പൂട്ടാത പൂട്ടുക്കള്‍’, ‘ജോണി’, ‘നന്ദു’, ‘മെട്ടി’, ‘അഴകിയ കണ്ണേ’ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍. ഏറ്റവും ഒടുവിലായി സംവിധാനം ചെയ്തത് 2006ലെ ‘ശാസനം’ എന്ന ചിത്രമാണ്. ഇമ്പമേറിയ ഗാനങ്ങള്‍ മുഖ്യമുദ്രയായിരുന്ന മഹേന്ദ്രന്റെ മിക്ക ചിത്രങ്ങളുടെയും സംഗീത സംവിധാനം നിർവഹിച്ചിരുന്നത് ഇളയരാജയാണ്. ‘നെഞ്ചത്തെ കിള്ളാതെ’ (സുഹാസിനിയുടെ ആദ്യ ചിത്രം), ‘മുള്ളും മലരും’, ‘ജോണി’ (രജനി, ശ്രീദേവി ), ‘സാസനം’ (അരവിന്ദ് സ്വാമി ) എന്നിവയിലെ ഗാനങ്ങള്‍ ശ്രദ്ധേയമാണ്.

‘നെഞ്ചത്തെ കിള്ളാതെ’ എന്ന ചിത്രത്തിന് ഏറ്റവും നല്ല പ്രാദേശിക ചിത്രമടക്കം മൂന്നു ദേശീയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. ‘തെരി’, ‘നിമിര്‍’, ‘പേട്ട’ എന്നീ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. രജനീകാന്തിന്റെ ഗുരുവായും ഇദ്ദേഹം കണക്കാക്കപ്പെടുന്നു. തന്റെ വിജയത്തിന്റെ കാരണക്കാരന്‍ മഹേന്ദ്രനാണെന്ന് രജനി പല വേദികളിലും വ്യക്തമാക്കിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ