കൊച്ചി: ഒരു തനി നാടൻ അങ്കമാലി കഥ പറഞ്ഞ് കൈയ്യടിയും പിന്തുണയും വാരിക്കൂട്ടിയ അങ്കമാലി ഡയറീസ് കാൻ ഫിലിം ഫെസ്റ്റിവലിലേക്ക്. 86 പുതുമുഖങ്ങളുമായെത്തി, മലയാള സിനിമയിൽ തന്നെ അലകൾ സൃഷ്ടിച്ച ശേഷമാണ് സിനിമ കാൻ ഫിലിം ഫെസ്റ്റിവലിലേക്ക് പോകാൻ ഒരുങ്ങുന്നത്. ഫെസ്റ്റിവലിലെ മാർക്കറ്റി സ്ക്രീനിംഗ് വേദിയിലാണ് ചിത്രം പ്രദർശിപ്പിക്കുക.

മെയ് 23 ന് പാലസ് ജി യിൽ വൈകിട്ട് സിനിമ പ്രദർശിപ്പിക്കും. അങ്കമാലി സ്വദേശികളായ വിൻസന്റ് പെപ്പെയുടെയും സുഹൃത്തുക്കളുടെയും കഥ പറഞ്ഞ അങ്കമാലി ഡയറീസിന്റെ തിരക്കഥ എഴുതിയത് ചെമ്പൻ വിനോദ് ജോസ് ആണ്. നാനാഭാഗത്തും സിനിമയ്ക്ക് വലിയ പ്രശംസയാണ് ലഭിച്ചിരുന്നത്.

“കാനിൽ സിനിമ പ്രദർശിപ്പിക്കുന്നുണ്ട്” എന്ന് വ്യക്തമാക്കിയ സംവിധായകൻ ലിജോ ജോസ് പല്ലിശേരി, “ഇക്കാര്യത്തിൽ അതിയായ സന്തോഷം ഉണ്ടെന്നും” രേഖപ്പെടുത്തി.

പുതുമുഖങ്ങളുടെ അങ്കലാപ്പുകളില്ലാതെ സ്വാഭാവിക അഭിനയം കാഴ്ചവച്ചതാണ് സിനിമയ്ക്ക് വലിയ പിന്തുണ നേടാൻ സഹായകരമായത്. മലയാളത്തിലെ വമ്പൻ താരങ്ങൾ ഇല്ലാതിരുന്നിട്ടും സിനിമ നിറഞ്ഞ സദസ്സിൽ ദിവസങ്ങളോളം പ്രദർശിപ്പിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook