മുൻപൊരിക്കലും ലോകം കടന്നുപോയിട്ടില്ലാത്ത രീതിയിലുള്ള പ്രതിസന്ധികളുടെ വർഷമായിരുന്നു 2020. കൊറോണ എന്ന മഹാമാരിയുടെ മുൻപിൽ ലോകം സ്തംഭിച്ചുപോയ വർഷം. ആഘോഷങ്ങളും ആൾക്കൂട്ടങ്ങളും ഉത്സവങ്ങളുമെല്ലാം 2020 കവർന്നെടുത്തപ്പോൾ അത് സിനിമാലോകത്തിനും ഏറെ നഷ്ടങ്ങളും പ്രതിസന്ധികളും സമ്മാനിക്കുകയായിരുന്നു.
നാൽപ്പത്തിയഞ്ചോളം ചിത്രങ്ങളാണ് ഈ വർഷം റിലീസിനെത്തിയത്. കൊവിഡിനെ തുടർന്ന് മാർച്ച് പകുതിയോടെ തിയേറ്ററുകൾ അടച്ചതോടെ റിലീസിനൊരുങ്ങിയിരുന്ന ചിത്രങ്ങൾ പോലും 2021ലേക്ക് റിലീസ് നീട്ടാൻ നിർബന്ധിതരാവുകയായിരുന്നു. കോവിഡ് പ്രതിസന്ധികൾക്കിടയിലും 2020നെ രേഖപ്പെടുത്താവുന്ന ഏതാനും മികച്ച ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട് എന്നതാണ് സിനിമാപ്രേമികൾക്ക് ആശ്വാസം നൽകുന്നത്. അയ്യപ്പനും കോശിയും, ട്രാൻസ്, അഞ്ചാം പാതിര, സീ യൂ സൂൺ, വരനെ ആവശ്യമുണ്ട്, കപ്പേള തുടങ്ങിയ ചിത്രങ്ങൾ കലാപരമായും വാണിജ്യപരമായുമൊക്കെ ജനശ്രദ്ധ ആകർഷിച്ചവയാണ്.
സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ ആണ് കൂട്ടത്തിൽ ബോക്സ് ഓഫീസിൽ ചലനം സൃഷ്ടിച്ച, 2020നെ മാർക്ക് ചെയ്ത ചിത്രം. ഫെബ്രുവരി ഏഴാം തീയതി തിയേറ്ററുകളില്‍ എത്തിയ ചിത്രം വാണിജ്യപരമായും ഏറെ വിജയം നേടി. തമിഴ്, തെലുങ്ക് ഭാഷകളിലേക്കും ചിത്രത്തിന്റെ റീമേക്ക് അവകാശം വിറ്റുപോയി എന്നതാണ് മറ്റൊരു അഭിമാനകരമായ കാര്യം.
Read more: Ayyapanum Koshiyum Movie Review: ഒരഡാർ സിനിമ: ‘അയ്യപ്പനും കോശിയും’ റിവ്യൂ
‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ പോലുള്ള ബിഗ് ബജറ്റ് ചിത്രങ്ങളുടെ റിലീസ് അനിശ്ചിതത്തിലേക്ക് നീളുകയാണ് കോവിഡ് കാലത്ത്. 2021ൽ എങ്കിലും ഈ വലിയ ചിത്രങ്ങൾ തിയേറ്ററുകളിലേക്ക് എത്തും എന്ന കാത്തിരിപ്പിലാണ് പ്രേക്ഷകർ. മുൻപും പ്രളയസമയത്ത് തിയേറ്ററുകൾ അടച്ചിട്ടിരുന്നു എങ്കിലും ഇത്രയും നീണ്ടനാളുകൾ തിയേറ്ററുകൾ പ്രവർത്തിക്കാതിരിക്കുന്നത് ഇതാദ്യമായാണ്. തിയേറ്റർ ഉടമകളെയും ജീവനക്കാരെയും നിർമ്മാതാക്കളെയും വിതരണക്കാരെയും ഉൾപ്പെടെ വലിയൊരു തൊഴിൽ മേഖലയെ തന്നെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട് ലോക്ക്ഡൗൺകാലം.
ഓടിടിയിലേക്കുള്ള ചുവടുമാറ്റം
തിയേറ്ററുകൾ അടച്ചതോടെ ഓടിടി പ്ലാറ്റ്ഫോമുകളുടെ സാധ്യതകൾ കൂടുതലായി സിനിമാലോകം പ്രയോജനപ്പെടുത്തിയ കാഴ്ചയാണ് നാം കണ്ടത്. സൂഫിയും സുജാതയും, മണിയറയിൽ അശോകൻ, സീയൂ സൂൺ, ഹലാൽ ലൗ സ്റ്റോറി തുടങ്ങി നിരവധി ചിത്രങ്ങൾ ഓടിടി പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തി. കൂട്ടത്തിൽ, ഏറെ ശ്രദ്ധ നേടിയത് ഫഹദ് കേന്ദ്രകഥാപാത്രമായി എത്തിയ ‘സീ യൂ സൂൺ’ എന്ന ചിത്രമാണ്. പരിമിതികളെ പോസിറ്റീവ് ആക്കി മാറ്റാൻ ശ്രമിച്ച ഈ പരീക്ഷണ ചിത്രം സിനിമാ നിരൂപകർക്ക് ഇടയിലും ഏറെ ചർച്ച ആയ ഒന്നാണ്.
ചലച്ചിത്രമേളയില്ലാത്ത 2020
മലയാളിയുടെ സിനിമാകലണ്ടറിലെ കേരള രാജ്യാന്തര ചലച്ചിത്രമേള ഈ വർഷം നടന്നില്ല എന്നതാണ് സിനിമാസ്വാദകരെ സംബന്ധിച്ച് ഏറ്റവും സങ്കടകരമായൊരു കാര്യം. കോവിഡിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ മേള ഫെബ്രുവരിയിലേക്ക് നീട്ടിയിരിക്കുകയാണ്. വൈറസിനെ കുറിച്ച് ആശങ്ക ഒഴിയാത്ത സാഹചര്യം നിലനിൽക്കുന്നതുകൊണ്ടു തന്നെ ചലച്ചിത്രമേളയുടെ നടത്തിപ്പിനെ കുറിച്ചും ആശങ്കകളും അവ്യക്തതകളുമാണ് ഇപ്പോഴും നിലനിൽക്കുന്നത്.
വിയോഗങ്ങളുടെ 2020
മരണം ഘോഷയാത്ര നടത്തിയ വർഷമായിരുന്നു 2020 എന്നു പറയാം. കലാസാഹിത്യ രംഗത്ത് മാത്രമല്ല, സിനിമലോകത്തു നിന്നും നിരവധി പ്രതിഭകളെ നഷ്ടമായ വർഷമാണ് 2020. സുശാന്ത് സിങ്ങ് രജ്പുതും ഇർഫാൻ ഖാനും ഋഷി കപൂറും മുതൽ ഇങ്ങോട്ട് എസ് പി ബിയും അനിൽ നെടുമങ്ങാടും വരെയുള്ളവരുടെ മരണവാർത്തകൾ ഞെട്ടലോടെയാണ് നാം കേട്ടത്. കോവിഡ് മുതൽ മാനസിക പ്രശ്നങ്ങൾ വരെ ഈ താരങ്ങളുടെയെല്ലാം അകാലത്തിലുള്ള വിയോഗത്തിനു കാരണമായി. സംവിധായകൻ സച്ചി, കൊറിയൻ സംവിധായകൻ കിം കി ഡുക്, രവി വള്ളത്തോൾ, സൗദി ഗ്രേസി എന്നിങ്ങനെ നിരവധി പ്രതിഭകളാണ് 2020ൽ വിട പറഞ്ഞത്.
Read more: C U Soon Malayalam Movie Review Rating: ഡിജിറ്റല്‍ ലോകത്തിന്റെ ദൃശ്യവ്യാകരണം; ‘സീ യു സൂണ്‍’ റിവ്യൂ