Malayalam Films 2019: So far, So Good: വൈവിധ്യമാര്‍ന്ന പ്രമേയങ്ങള്‍, അവതരണം എന്നിവ ഇരുകൈയ്യും നീട്ടി സ്വീകരിപ്പെടുന്ന കാലം. പ്രളയത്തിന്റെ മാന്ദ്യം പിടിച്ചു കുലുക്കിയ സിനിമാ വിപണിയ്ക്ക് ഉണര്‍ത്തുപാട്ടായി വന്ന ‘ലൂസിഫര്‍’ സിനിമയുടെ വിജയം. ഇന്ദ്രന്‍സ്-ഡോ. ബിജു കൂട്ടുകെട്ടിലെ ‘വെയില്‍മരങ്ങള്‍’ എന്ന ചിത്രത്തിന് രാജ്യാന്തര തലത്തില്‍ ലഭിച്ച ബഹുമതി, ഉടന്‍ പ്രഖ്യാപിക്കാനിരിക്കുന്ന ദേശീയ പുരസ്കാരങ്ങളില്‍ മമ്മൂട്ടി ഉള്‍പ്പെടെ മലയാളത്തിനുള്ള വലിയ സാധ്യത… വര്‍ഷം പുലര്‍ന്നു ആറു മാസം പിന്നിടുമ്പോള്‍ മലയാള സിനിമയ്ക്ക് നല്ല സമയമാണ് എന്നാണ് കരുതേണ്ടത്.
ഓണക്കാല സിനിമകൾ ഇല്ലാതെ പോയൊരു വർഷമായിരുന്നു മലയാള സിനിമയ്ക്ക് 2018. അപ്രതീക്ഷിതമായി ഉണ്ടായ പ്രളയം എല്ലാ മേഖലകളിലുമെന്ന പോലെ സിനിമാമേഖലയിലും ഏറെ പ്രതിസന്ധികൾ ഉണ്ടാക്കിയപ്പോൾ ഓണം വിപണി ലക്ഷ്യമാക്കി ഒരുങ്ങിയ ചിത്രങ്ങൾ എല്ലാം 2018 ന്റെ രണ്ടാം പാദത്തിലേക്ക് തള്ളപ്പെട്ടു. റിലീസ് തിയ്യതികൾ ഏറെ പ്രധാനമായ സിനിമയ്ക്ക്, അതു മാറുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളും ചെറുതല്ല. 2018 ന്റെ ആ പ്രതിസന്ധിയും കൊണ്ടായിരുന്നു മലയാള സിനിമയുടെ പുതുവർഷത്തിലേക്കുള്ള പ്രവേശനം.
അജയ്യനായി ‘ലൂസിഫര്‍’
Mohanlal-Prithviraj Lucifer Rules Box Office: 2019 ന്റെ ആദ്യ പകുതി പൂർത്തിയാകുമ്പോൾ, നിലവിലുണ്ടായ വിപണിയുടെ മാന്ദ്യത്തെ മറികടക്കാൻ മലയാള സിനിമയ്ക്ക് സാധിച്ചോ എന്നതാണ് പ്രധാനമായും അന്വേഷിക്കേണ്ട ഘടകം. നാൽപ്പതോളം ചിത്രങ്ങൾ റിലീസിനെത്തിയതിൽ അത്ഭുതകരമായ നേട്ടം കൊയ്തത് പൃഥ്വിരാജിന്റെ പ്രഥമ സംവിധാനസംരംഭമായ ‘ലൂസിഫർ’ ആണ്. ഇതു വരെ മലയാള സിനിമ കാണാത്ത കളക്ഷൻ റെക്കോർഡാണ് ചുരുങ്ങിയ നാളുകൾക്കുള്ളിൽ ‘ലൂസിഫർ’ സ്വന്തമാക്കിയത്.
“സിനിമാ വിപണിയ്ക്ക് ‘ലൂസിഫർ’ നൽകിയ ഉണർവ്വ് ചെറുതല്ല. ‘ലൂസിഫർ’ തിയേറ്ററുകളിലേക്ക് ആളുകളെ കൊണ്ടു വന്നു, പല തിയേറ്ററുകൾ ഉടമകളും കറന്റ് ബില്ലുകൾ അടച്ചതും താൽക്കാലിക ബാധ്യതകൾ തീർത്തതുമൊക്കെ ‘ലൂസിഫർ’ ഉണ്ടാക്കിയ ലാഭം കൊണ്ടാണ്. അത്തരത്തിലുള്ള ഒരു വലിയ വിജയത്തിനു വേണ്ടിയാണ് ഇനി ഞങ്ങൾ കാത്തിരിക്കുന്നത്. ‘കുഞ്ഞാലി മരക്കാർ,’ ‘മാമാങ്കം’ പോലുള്ള ചിത്രങ്ങളിലാണ് പ്രതീക്ഷ,” തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് (Film Exhibitors United Organisation of Kerala) ജനറൽ സെക്രട്ടറി എം സി ബോബി പറയുന്നു.
ബോക്സ് ഓഫീസിൽ റെക്കോർഡ് വിജയം നേടി ‘ലൂസിഫർ’ കുതിക്കുമ്പോഴും സിനിമാ മേഖലയെ കുഴക്കുന്ന മറ്റു ചില പ്രതിസന്ധികൾ കൂടിയുണ്ട്. സിനിമ ടിക്കറ്റുകള്‍ക്ക് മേൽ ചരക്ക് സേവന നികുതിക്ക് പുറമെ വിനോദ നികുതി കൂടി ഏര്‍പ്പെടുത്തിയ സർക്കാർ നിലപാടും സിനിമാ മേഖലയെ കുഴക്കുകയാണ്. ഇരട്ട നികുതി ചലച്ചിത്ര രംഗത്തിന്റേയും മലയാള സിനിമയുടേയും നാശത്തിന് കാരണമാകും എന്ന് ചൂണ്ടിക്കാട്ടിസിനിമാസംഘടനകള്‍ കോടതിയെ സമീപിച്ചെങ്കിലും അക്കാര്യത്തിൽ കാര്യമായ നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നത് സിനിമാവിപണിയ്ക്ക് ആശങ്കയുണർത്തുന്ന കാര്യമാണ്. ഒപ്പം ഏറെനാളായി നിലനിൽക്കുന്ന പൈറസി പോലുള്ള വിഷയങ്ങളെ തടയിടാനും ഇപ്പോഴും സിനിമാവിപണിയ്ക്ക് സാധിച്ചിട്ടില്ല.
“തിയേറ്റർ നടത്തിപ്പു കൊണ്ടു മാത്രം ജീവിക്കാൻ പറ്റാത്ത സ്ഥിതി വിശേഷമാണ് ഇപ്പോൾ കേരളത്തിലെ തിയേറ്റർ ഉടമകൾ നേരിടുന്ന പ്രധാന പ്രതിസന്ധി. ഇരട്ടനികുതിയാണ് കൊടുക്കേണ്ടി വരുന്നത്. സൗഹാർദ്ദപരമായ ഒരു സമീപനമല്ല സർക്കാർ, തിയേറ്ററുകളോട് സ്വീകരിക്കുന്നത്. തമിഴ് നാട് പോലുള്ള സംസ്ഥാനങ്ങളിലൊക്കെ പ്രാദേശിക ഭാഷാ ചിത്രങ്ങൾക്ക് നികുതിയിളവുണ്ട്. അന്യഭാഷാചിത്രങ്ങൾക്ക് മാത്രമാണ് അവിടെ അധിക നികുതി ഏർപ്പെടുത്തുന്നത്. ഇവിടെ പക്ഷേ അത്തരമൊരു സമീപനമല്ല ഉള്ളത്,” ബോബി വ്യക്തമാക്കി.
Read Here: Lucifer Movie Review: താരപ്രഭയില്‍ തിളങ്ങുന്ന ‘ലൂസിഫര്‍’
ചെറുചിത്രങ്ങള്‍ തീര്‍ത്ത മികവിന്റെ വസന്തം
നെറ്റ്ഫ്ളിക്സ്, ആമസോൺ പ്രൈം പോലുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ (OTT) സാന്നിധ്യമാണ് സിനിമയ്ക്ക് ബദലായി ശക്തമായി കൊണ്ടിരിക്കുന്ന മറ്റൊരു വിപണി. വെബ് സീരിസുകൾ, പ്രീക്വലുകൾ, സ്വീകലുകൾ തുടങ്ങി ദൃശ്യാവിഷ്കാരങ്ങളുടെ പുതിയ സാധ്യതകളിലേക്കും എന്റർടെയിൻമെന്റ് വിപണി നിലയുറപ്പിക്കുമ്പോൾ തിയേറ്ററുകളിലേക്ക് പ്രേക്ഷകരെ എത്തിക്കുക എന്നതാണ് സിനിമാ ലോകത്തിനു മുന്നിലുള്ള പ്രധാന വെല്ലുവിളി.
2019 ജനുവരി മുതൽ ജൂൺ 30 വരെയുള്ള ദിവസങ്ങളിലായി ‘വിജയ് സൂപ്പറും പൗർണമിയും,’ ‘മിഖായേൽ,’ ‘പ്രാണ,’ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്,’ ‘പന്ത്,’ ‘അള്ള് രാമേന്ദ്രൻ,’ ‘ലോനപ്പന്റെ മാമോദീസ,’ ‘കുമ്പളങ്ങി നൈറ്റ്സ്,’ ‘നയൻ,’ ‘അഡാർ ലവ്വ്,’ ‘ജൂൺ,’ ‘കോടതി സമക്ഷം ബാലൻ വക്കീൽ,’ ‘മിസ്റ്റർ ആൻഡ് മിസ്റ്റർ റൗഡി,’ ‘ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി,’ ‘സൂത്രക്കാരൻ,’ ‘അർജന്റീന ഫാൻസ് കാട്ടൂർക്കാവ്,’ ‘ഇളയരാജ,’ ‘ലൂസിഫർ,’ ‘മേരാ നാം ഷാജി,’ ‘മധുരരാജ,’ ‘ഒരു യമണ്ടൻ പ്രേമകഥ,’ ‘ഉയരെ,’ ‘ഇഷ്ക്,’ ‘അതിരൻ,’ ‘കുട്ടിമാമ,’ ‘തൊട്ടപ്പൻ,’ ‘തമാശ,’ ‘വൈറസ്,’ ‘ഉണ്ട,’ ‘ആൻഡ് ദി ഓസ്കാർ ഗോസ് ടൂ,’, ‘കക്ഷി അമ്മിണിപ്പിള്ള’,’ലൂക്ക’ തുടങ്ങി 40 ഓളം സിനിമകളാണ് മലയാളത്തിൽ റിലീസിനെത്തിയത്.
“സിനിമകൾ നല്ല രീതിയിൽ കളക്റ്റ് ചെയ്യപ്പെട്ട മാസങ്ങളാണ് കടന്നു പോയത്. അതിൽ പ്രധാനം ‘ലൂസിഫർ’ തന്നെയാണ്. സിനിമയുമായി ബന്ധപ്പെട്ട എല്ലാവിധ ബിസിനസ്സിലും ലാഭം ഉണ്ടാക്കാൻ ‘ലൂസിഫറി’നു കഴിഞ്ഞിട്ടുണ്ട്. നിലവിൽ മലയാള സിനിമയ്ക്ക് ഗുണകരമായൊരു നേട്ടമാണിത്. മുന്നോട്ട് നോക്കാൻ പ്രതീക്ഷകൾ നൽകുന്നുണ്ട് ഈ വർഷം,” കേരള ഫിലിം പ്രൊഡ്യൂസേഴ്സ് യൂണിയന്റെ ജനറൽ സെക്രട്ടറി രഞ്ജിത് രജപുത്ര വെളിപ്പെടുത്തി.
ധാരാളം നവീകരിച്ച തിയേറ്ററുകൾ വന്നിട്ടുണ്ട് എന്നതാണ് മറ്റൊരു കാര്യം. ഗ്രാമങ്ങളിലെ തിയേറ്ററുകൾ പോലും നല്ല സിനിമകൾ വരുമ്പോൾ മികച്ച രീതിയിൽ കളക്റ്റ് ചെയ്യുന്നു. താരതമ്യേന ചെറിയ ബഡ്ജറ്റിൽ ഒരുങ്ങിയ ‘ജോസഫ്,’ ‘ജൂൺ,’ ‘തമാശ’ പോലുള്ള ചിത്രങ്ങൾക്ക് പോലും നല്ല ബിസിനസ്സ് ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്.
“അത്തരം ചിത്രങ്ങളുടെ വിജയം കാണുമ്പോൾ അതിന്റെ ചുവടു പിടിച്ച് ട്രെൻഡ് ഫോളോ ചെയ്യുന്ന കൂടുതൽ ചിത്രങ്ങൾ വരും. മുന്നിലുള്ള ഭയമതാണ്. പ്രൊഡക്ഷൻ കൂടുമ്പോൾ നല്ല സിനിമകൾക്കൊപ്പം മോശം സിനിമകളും തിയേറ്ററുകളിലേക്ക് കൂടുതൽ വരാനുള്ള സാഹചര്യമുണ്ടാകും. മോശം സിനിമകൾ നിരന്തരം വന്നാൽ പ്രേക്ഷകർക്ക് മടുപ്പുണ്ടാകുകയും അവർ തിയേറ്ററിലേക്ക് വരാൻ മടിക്കുകയും ചെയ്യും. അങ്ങനെ ഒരു മടുപ്പ് പ്രേക്ഷകർക്ക് ഉണ്ടാവരുത് എന്നതാണ് ഞങ്ങളുടെ ആഗ്രഹം,” രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.
Read More: കുമ്പളങ്ങിയിലെ പെണ്ണുങ്ങൾ സൂപ്പറാ!
ശ്രദ്ധേയമായ പ്രമേയങ്ങളും അവതരണവും
പ്രമേയത്തിന്റെ തിരഞ്ഞെടുപ്പിലും അവതരണത്തിലും വന്ന മാറ്റമാണ് 2019ന്റെ ആദ്യ പകുതിയിൽ റിലീസിനെത്തിയ ചിത്രങ്ങളിൽ എടുത്തു പറയേണ്ട ഘടകങ്ങളിലൊന്ന്. അരികുവത്കരിക്കപ്പെട്ട ജീവിതങ്ങളുടെ സത്യസന്ധമായ ആവിഷ്കാരമാണ് ‘കുമ്പളങ്ങി നൈറ്റ്സ്,’ ‘തൊട്ടപ്പൻ’ പോലുള്ള ചിത്രങ്ങളിൽ മലയാളി കണ്ടത്. അതേ സമയം, മാസിന്റെ പൾസ് അറിഞ്ഞ് സൃഷ്ടിക്കപ്പെട്ട ചിത്രമായിരുന്നു ‘ലൂസിഫർ’. ‘ഉയരെ’യും ‘വൈറസു’മെല്ലാം സാമൂഹിക പ്രസക്തമെന്നോ/യഥാർത്ഥ അനുഭവങ്ങളുടെ ആവിഷ്കാരമെന്നോ വിശേഷിപ്പിക്കാവുന്ന വിഷയങ്ങളാണ് കൈകാര്യം ചെയ്തത്. ശക്തമായ സ്ത്രീപക്ഷ രാഷ്ട്രീയമാണ് ‘ഇഷ്ക്’ മുന്നോട്ട് വച്ചത്. ‘തമാശ’യും കാലിക പ്രസക്തിയുള്ള വിഷയമാണ് പ്രമേയമായി തെരെഞ്ഞെടുത്തത്. ‘ജൂൺ’, ‘ഉയരെ’ പോലുള്ള ചിത്രങ്ങൾ സ്ത്രീ കേന്ദ്രീകൃതമായ സിനിമകൾ എന്ന രീതിയിലും ശ്രദ്ധ നേടി. മമ്മൂട്ടി ചിത്രം ‘ഉണ്ട’യും കൃത്യമായ രാഷ്ട്രീയമാണ് പ്രമേയത്തിൽ കൊണ്ടു വന്നത്. വിപണിഘടകങ്ങളെ മാറ്റി നിർത്തിയാലും ജനപ്രീതി നേടിയ, മൂല്യമുള്ള സിനിമകൾ വന്നു കൊണ്ടിരിക്കുന്ന കാഴ്ചയ്ക്കു കൂടിയാണ് ഈ വർഷം സാക്ഷിയാവുന്നത്.
“മമ്മൂട്ടി നായകനായ ‘ഉണ്ട’ എന്ന ചിത്രം തന്നെയെടുക്കാം. അതിന് കൃത്യമായ രാഷ്ട്രീയമുണ്ട്, സൂക്ഷ്മമായ ഡീറ്റെയിലിംഗും കാണാം. വളരെ വ്യത്യസ്തമായ രീതിയിൽ ഒരുക്കിയ ചിത്രമാണത്. ഇപ്പോഴത്തെ സിനിമയിൽ ശ്രദ്ധിച്ച ഒരു കാര്യം, കഥാപാത്രങ്ങളെയാണ് സിനിമ വരച്ചു കാണിക്കുന്നത് എന്നതാണ്. അത്രയും സൂക്ഷ്മമായ ഡീറ്റെയിലിംഗ് ആണ്. അത്തരം സിനിമകളിൽ ആക്ടേഴ്സിനെ കാണാൻ കഴിയില്ല, കഥാപാത്രങ്ങൾ മാത്രമാണ് സ്ക്രീനിൽ നിറയുന്നത്,” പുതിയ സിനിമകളിൽ വന്നു ചേർന്ന ക്രാഫ്റ്റിലെ മാറ്റങ്ങളെ സംവിധായകനും നടനുമായ മധുപാൽ വിലയിരുത്തുന്നു.
തമിഴ് സിനിമയിലെ ‘മൾട്ടി ടയർ’ നായക സിസ്റ്റം പതിയെ മലയാള സിനിമയിലും തെളിഞ്ഞു കാണാൻ തുടങ്ങിയിരിക്കുന്നു എന്നു ഈയവസരത്തില്‍ പറയാം. തമിഴകത്ത് രജനീകാന്ത്- കമലഹാസൻ ദ്വന്ദ്വങ്ങൾ, അവർക്കു താഴെയായി വിജയ്- സൂര്യ- അജിത്ത് തുടങ്ങിയ താരങ്ങൾ, ധനുഷ്- വിശാൽ-ജയം രവി തുടങ്ങിയ താരങ്ങൾ, വിജയ് സേതുപതി ഉണ്ടാക്കിയെടുത്ത മറ്റൊരു തട്ട് എന്നിങ്ങനെ.
മലയാളത്തിൽ അത്തരമൊരു മൾട്ടി-ടയർ നായക സിസ്റ്റം ഉണ്ടായിരുന്നില്ല, ഇത് വരെ. എന്നാല്‍ ഇപ്പോള്‍ മമ്മൂട്ടി- മോഹൻലാൽ എന്ന സൂപ്പർ സ്റ്റാറുകൾക്ക് തൊട്ടു താഴെയായി ജയസൂര്യ, ഫഹദ്, പൃഥ്വിരാജ്, ടൊവിനോ തോമസ്, ദുൽഖർ സൽമാൻ, നിവിൻ പോളി തുടങ്ങിയ താരങ്ങൾ ഉണ്ടാക്കിയ തങ്ങളുടേതായ ഒരിടം ഉണ്ട്. സൗബിൻ സാഹിർ, വിനായകൻ, ഷെയ്ൻ നിഗം, വിനയ് ഫോർട്ട്, ബിജു മേനോൻ, വിനീത് ശ്രീനിവാസൻ തുടങ്ങിയ നടന്മാരും നായക വേഷങ്ങളിലൂടെ സമാന്തരമായൊരു വഴിയിൽ സഞ്ചരിക്കുന്നവരാണ്. നായക സങ്കല്പം മമ്മൂട്ടി-മോഹന്‍ലാല്‍ ദ്വയങ്ങളില്‍ നിന്നും പതിയെ മാറിതുടങ്ങുമ്പോള്‍ സൂപ്പര്‍ താരങ്ങളും തങ്ങളുടെ ഇമേജിനെ, ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിനെ പതിയെയെങ്കിലും മാറ്റിപ്പിടിക്കാന്‍ നോക്കുന്നു എന്നും കരുതാം; മമ്മൂട്ടിയുടെ ‘ഉണ്ട’യെ ഒരു ഉദാഹരണമായി കണക്കാക്കിയാല്‍.
Read Here: Unda Movie Review: ഉന്നം തെറ്റാതെ ‘ഉണ്ട’
മാറുന്ന നായക സങ്കൽപ്പം
മോഹൻലാൽ എന്ന താരത്തെ ‘ലൂസിഫർ’ പ്രയോജനപ്പെടുത്തിയപ്പോൾ, ‘ഉണ്ട’ എന്ന ചിത്രം മമ്മൂട്ടിയിലെ നടനെയാണ് പ്രയോജനപ്പെടുത്തിയത്. റിയലിസ്റ്റിക് സ്വഭാവത്തോടെ എത്തിയ ‘ഉണ്ട’ സൂപ്പർസ്റ്റാർ ചിത്രങ്ങളുടെ പതിവു സമവാക്യങ്ങളെ തകർക്കാൻ ധൈര്യം കാണിക്കുകയായിരുന്നു. അതിമാനുഷത്വമോ, അമിതമായ ഹീറോ പരിവേഷമോ ഇല്ലാതെ ഒരു സൂപ്പർ സ്റ്റാറിനെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നത് വേറിട്ടൊരു ചുവടുവെപ്പു തന്നെയായിരുന്നു.
“മലയാള സിനിമ മാറുന്നുണ്ട്, കഥാപാത്രങ്ങൾക്ക് അനുയോജ്യരായ മനുഷ്യരെ നമ്മുടെ സിനിമകളിൽ കണ്ടു തുടങ്ങി എന്നതാണ് പ്രധാന മാറ്റം. താരങ്ങളിൽ നിന്നും നടന്മാരിലേക്ക് സിനിമയുടെ ഫോക്കസ് മാറുന്നുണ്ട്. അതു പോലെ, ബോഡി ഷേമിംഗ്, ദളിത് വിഷയങ്ങൾ, അരികുജീവിതങ്ങൾ എന്നിവയെല്ലാം ഇന്നത്തെ സിനിമകളിൽ പ്രമേയമാകുന്നു. അവിചാരിതമായി സംഭവിക്കുന്ന ഒന്നല്ല ഇത്, ഒരു കൂട്ടം ഫിലിം മേക്കേഴ്സിന്റെ ബോധപൂർവ്വമായ ഇടപെടലുകൾ അതിനു പിറകിലുണ്ട്,” കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ അസോസിയേറ്റ് പ്രൊഫസർ എം ജി ജ്യോതിഷ് പറയുന്നു.
എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രമാണ്, ‘കുമ്പളങ്ങി നൈറ്റ്സി’ൽ ഫഹദ് അവതരിപ്പിച്ച നെഗറ്റീവ് റോൾ. നായകനായി തിളങ്ങി നിൽക്കുന്ന സമയത്ത് തന്നെ, വേറിട്ടൊരു വില്ലൻ വേഷത്തേയും ഏറ്റെടുക്കാൻ തയ്യാറായി എന്നത് നായകസങ്കൽപ്പങ്ങളുടെ കീഴ്‌വഴക്കങ്ങളിൽ നിന്നുമുള്ള ഒരു മാറി നടക്കലായി വേണം വിലയിരുത്താൻ. ‘ഇഷ്കി’ലെ ഷെയ്ൻ നിഗത്തിന്റെ കഥാപാത്രവും പതിവു വാർപ്പുമാതൃകകളിൽ നിന്നും മാറി സഞ്ചരിക്കുന്ന നായകനാണ്. സമൂഹത്തിന്റെ ആണത്ത മനോഭാവങ്ങളുടെ പ്രതിനിധിയായ നായകനെ നിഷ്പ്രഭനാക്കുകയാണ് ‘ഇഷ്ക്’ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം. ‘തമാശ’യിലെ വിനയ് ഫോർട്ടിന്റെ ശ്രീനിവാസൻ മാഷും ജീവിതത്തിൽ നിന്നും സിനിമയിലേക്ക് കയറി ചെന്നതുപോലെ വേറിട്ടൊരു കഥാപാത്രമാണ്.
“സിനിമയുടെ സമീപനങ്ങളിലും ഗൗരവകരമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. കഥയുടെ ഭൂമിക മാറി, സിനിമയിൽ കൂടുതൽ കലയുണ്ട് ഇന്ന്. ഇത് നല്ല മാറ്റമാണെന്നു വേണം പറയാൻ. പ്രേക്ഷകർക്ക് ഇഷ്ടപ്പെടില്ല എന്ന കിംവദന്തിയുടെ പുറത്തായിരുന്നു മുൻപ് പല പ്രമേയങ്ങളും സിനിമയ്ക്കായി പരിഗണിക്കാതെ പോയിരുന്നത്. എന്നാൽ അതു തെറ്റാണെന്ന് ഇപ്പോൾ തെളിയിക്കപ്പെടുന്നു, നല്ല സിനിമകളെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നുണ്ട്. ഫിലിംമേക്കേഴ്സ് സിനിമകളിലൂടെ സാമൂഹികപരമായ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുകയും അതിനെ പോപ്പുലർ ആർട്ടിലേക്ക് കൊണ്ടു വരികയും ചെയ്യുന്നുവെന്നത് പ്രത്യാശജനകമാണ്,” നാടക സംവിധായകനും അഭിനയ പരിശീലകനും കൂടിയായ ജ്യോതിഷ് കൂട്ടിച്ചേർക്കുന്നു.
Read More: ‘തമാശ’യല്ല ജീവിതം: വിനയ് ഫോർട്ട് അഭിമുഖം
ആണഹന്തയില്‍ നിന്നും പെണ്ണഭിമാനത്തിലേക്ക്
‘ജൂൺ,’ ‘ഉയരെ’ തുടങ്ങിയ സ്ത്രീപക്ഷ സിനിമകളും സമ്മാനിച്ചു കൊണ്ടാണ് 2019 ന്റെ ആദ്യപകുതി കടന്നു പോവുന്നത്. താരതമ്യേന സ്റ്റാർ വാല്യൂ ഒന്നുമില്ലാത്ത, ഏറെ നവാഗതർക്ക് അവസരം നൽകിയ ഒരു ചിത്രമായിരുന്നു ‘ജൂൺ.’ രജിഷ വിജയൻ എന്ന ഒരു അഭിനേത്രിയെ മാത്രം കേന്ദ്രീകരിച്ചുകൊണ്ട് കഥ പറഞ്ഞ ‘ജൂൺ’ തിയേറ്ററുകളിൽ നൂറു ദിനം തികയ്ക്കുമ്പോൾ അതൊരു മാറ്റത്തിന്റെ കൂടെ അലയൊലി ആയിട്ടുവേണം കാണാൻ. ‘ഉയരെ’യും അതെ. ടൊവിനോ തോമസ്, ആസിഫ് അലി എന്നിങ്ങനെ താരമൂല്യമുള്ള യുവനടന്മാർ ഉണ്ടായിരിക്കുമ്പോഴും പാർവ്വതിയുടെ സിനിമ എന്ന രീതിയിലാണ് ‘ഉയരെ’ മാർക്കറ്റ് ചെയ്യപ്പെട്ടത്. നടന്മാരുടെയും താരങ്ങളുടെയും പേരിനൊപ്പം നടിമാരുടെ പേരിലും സിനിമകൾ തിയേറ്ററുകളിൽ ശ്രദ്ധിക്കപ്പെടുന്നു എന്നത് ശുഭകരമായ മാറ്റമായി വേണം കരുതാൻ. കൂടുതൽ സ്ത്രീ കേന്ദ്രീകൃതമായ സിനിമകൾ ഉണ്ടാവാനുള്ള പ്രചോദനമായി മാറാൻ ഇത്തരം മാറ്റങ്ങൾക്ക് സാധിക്കും.
“മസിൽ പവറുള്ള, സ്ത്രീയെ കീഴടക്കുന്ന, സ്ത്രീയെ ബഹുമാനിക്കാത്ത, പുച്ഛിക്കുന്ന, നീ വെറും പെണ്ണാണെന്ന് പറയുന്ന നായക സങ്കൽപ്പത്തിൽ നിന്നും മാറി നടക്കുന്നുണ്ട് ഇത്തരം നായകന്മാർ. അതുപോലെ, സ്ത്രീ ശാക്തീകരണം/ ഫെമിനിസ്റ്റ് കാഴ്ചപ്പാടുകൾ എന്നു പറയുമ്പോൾ പൊട്ടിത്തെറിക്കുന്ന, അലറുന്ന സ്ത്രീകളെയാണ് സാധാരണ സിനിമകൾ കാണിക്കുന്നത്, ടെലിവിഷൻ സീരിസ് പോലും അത്തരത്തിലാണ് പലപ്പോഴും ചിത്രീകരിക്കാറുള്ളത്. അതൊരു തെറ്റായ ചിത്രീകരണമാണ് എന്നെന്നിക്ക് എപ്പോഴും തോന്നാറുണ്ട്. അങ്ങനെയാണ് ‘ഫെമിനിച്ചി’ എന്ന വിളിയൊക്കെ വന്നത്. തെറ്റായി ഡിഫൈൻ ചെയ്ത് തെറ്റായി വിളിച്ച് ഇല്ലാതാക്കുക എന്ന പുരുഷ ആധിപത്യപരമായ രീതിയാണത്. ഇവിടെ ഫെമിനിസം ഷുഗർ കോട്ട് ചെയ്ത് കൊടുത്താലേ സ്വീകരിക്കപ്പെടൂ എന്നുണ്ട്, അത്രയ്ക്ക് അധികം പുരുഷമേധാവിത്വമുള്ള സമൂഹമാണ്. പറയാതെ വയ്യ,” എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി എഫ് മാത്യൂസ് പറയുന്നു.
Read More: Best of Parvathy Thiruvoth: മലയാള സിനിമയുടെ പ്രതീക്ഷയായി മാറുന്ന പാര്‍വ്വതി
‘അതിര’നിലെ സായ് പല്ലവി, തമാശയിലെ ചിന്നു ചാന്ദ്നി, തൊട്ടപ്പനിലെ പ്രിയംവദ തുടങ്ങിയ നായികമാരെല്ലാം മലയാളി കണ്ടു പഴകിയ സ്ഥിരം നായികമാരിൽ നിന്നും വ്യത്യസ്തരാണ്. മുഖം നിറയെ മുഖക്കുരുവുമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച സായ് പല്ലവി വേറിട്ടൊരു സാന്നിധ്യമായത് സ്വന്തം നിലപാടുകളോട് കൂടിയാണ്. തന്റെ സിനിമകളിൽ അപൂർവ്വമായി മാത്രം മേക്കപ്പ് ഉപയോഗിക്കുന്ന, മുഖത്തെ മുഖക്കുരുവിന്റെ പാടുകൾ മായ്ക്കാൻ പോലും ചികിത്സ തേടാൻ ഇഷ്ടപ്പെടാത്ത ഒരു നായികയായി സായ് പല്ലവി സിനിമയിൽ നിൽക്കുന്നതു പോലും ഒരു നിലപാടായി വേണം കരുതാൻ. അത്തരം നിലപാടുകളുടെയും മാറ്റങ്ങളുടെയും തുടർച്ചയാണ് ‘അതിരനി’ൽ സായ് പല്ലവി അവതരിപ്പിച്ച നിത്യ എന്ന ഓട്ടിസ്റ്റിക് നായികയും.
“അടുത്തിടെ മലയാളസിനിമയിലെ നായികാസങ്കൽപ്പത്തിൽ ഉണ്ടായ ഒരു അട്ടിമറി നടന്നത് ‘തമാശ’യിൽ ആണെന്നാണ് എനിക്കു തോന്നുന്നത്, ‘തമാശ’യിലെ ചിന്നു എന്ന കഥാപാത്രം. അതുപോലെ ആ ചിത്രത്തിലെ പുരുഷകഥാപാത്രവും നിലവിലുള്ള നായക സങ്കൽപ്പത്തിൽ പെടുന്ന ഒരാളല്ലാത്തത് എന്നെ വളരെ സന്തോഷിപ്പിച്ചു. മലയാള സിനിമ മാറുന്നു, ഇത്തരം പെരിഫെറൽ ആയ കാര്യങ്ങളിൽ വരെ ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു എന്നൊക്കെ കാണുമ്പോൾ സന്തോഷമാണ്,” പി എഫ് മാത്യൂസ് വ്യക്തമാക്കി.
സൈസ് സീറോ ഇമേജും ബോഡി ഫിറ്റ്നസ്സുമൊക്കെ ആഘോഷിക്കപ്പെടുന്ന മലയാളസിനിമയിലേക്ക് പ്ലസ് സൈസ് നായികയായി എത്തി ചിന്നു ചാന്ദ്നിയും സൃഷ്ടിച്ചത് വിപ്ലവമാണ്. ബോഡി ഷേമിംഗ്, സൈബർ ബുള്ളിയിംഗ് തുടങ്ങിയ സാമൂഹിക പ്രസക്തമായ വിഷയങ്ങളെ ശ്രദ്ധേയമായ രീതിയിൽ ഉയർത്തികൊണ്ടുവരാൻ ‘തമാശ’യ്ക്ക് കഴിയുന്നത് അതിലെ നായികയുടെ കൂടെ ശക്തമായ സാന്നിധ്യം കൊണ്ടാണ്.
“ഒട്ടും ക്ലീഷെ അല്ലാത്ത, വളരെ ലളിതമായൊരു ടേക്ക് ഓവറാണ് ‘തമാശ’യിൽ നടന്നത്. ചിന്നു എന്ന കഥാപാത്രം അവരുടെ ശരീരഭാഷയും ശരീരഭാരവും സ്വയം ഉൾകൊണ്ടൊരു സ്ത്രീയാണ്. ഇത് ഞാനാണ്, എന്നെ നിങ്ങൾക്ക് ഇങ്ങനെ ഉൾക്കൊള്ളാൻ പറ്റുമെങ്കിൽ മതി എന്നു പറയുന്ന ഒരു സ്ത്രീ കഥാപാത്രം മലയാളസിനിമയിൽ ഇതുവരെ ഉണ്ടായിട്ടില്ലെന്നു തന്നെ പറയാം. വളരെ ആരോഗ്യകരമായാണ് ആ കാര്യം പറഞ്ഞുപോവുന്നത്. ആ കഥാപാത്രം അത് കൃത്യമായി കൊള്ളിക്കുന്നുമുണ്ട്. അവർ ഒരിടത്തും കീഴടങ്ങുന്നില്ല. അവസാനം ലൈവിൽ വരുന്നതൊക്കെ തോൽക്കാതെ തന്നെയാണ്. അവരുടെ നിലപാടിൽ അവർ കോംപ്രമൈസ് ചെയ്തില്ല,” പി എഫ് മാത്യൂസ് പറഞ്ഞു.
Read More: അഞ്ചു മാസം കൊണ്ട് 24 കിലോ കൂട്ടിയ കഥ: ഷിബില പറയുന്നു
മലയാള സിനിമ, സംഭവപരമ്പരകളില്‍ നിന്ന് മനസ്സുകളിലേക്ക് മാറ്റിയിരിക്കുന്നു ഫോക്കസ് എന്നാണ് എഴുത്തുകാരി പ്രിയ എ എസ് അഭിപ്രായപ്പെടുന്നത്. മനസ് എന്നു പറയുന്ന വസ്തു ആണിനു മാത്രമല്ല പെണ്ണിനുമുണ്ടെന്നു സമ്മതിക്കുന്ന സിനിമയാണ് ഇന്നത്തെ മലയാള സിനിമ എന്നവര്‍ അടിവരയിടുന്നു.
“മുണ്ടിന്റെ കോന്തല എടുത്തു പിടിച്ച് ഒരു കൈയടിക്കുള്ള ആഹ്വാനം അടക്കം ചെയ്ത സ്റ്റൈലിഷ് സ്ലോമോഷനില്‍ നടന്നു വരുന്ന ആണഹന്തയില്‍ നിന്ന് മോതിരവിരല്‍ നീട്ടാന്‍ കൂട്ടാക്കാത്ത പെണ്ണഭിമാനത്തിന് ഇടം വിഭാവന ചെയ്യുന്ന രീതിയിലേക്ക് സിനിമ മാറുകയാണ്. അലിവ് എന്ന മൂന്നക്ഷര നിര്‍വ്വചനത്തില്‍ നിന്നു കുതറി സ്വതന്ത്രമായി ,അര്‍ഹതയുള്ളവരുടെ നേരെ മാത്രം ചൊരിയാനുള്ളതാണ് അലിവ് എന്നു തിരിച്ചറിഞ്ഞ്, ഒരു തിരിഞ്ഞുനോട്ടത്തിനു പോലുമായി തലയോ മനസ്സോ ചരിക്കാത്ത , എന്താണ് തന്റെ ശരി എന്ന് കൃത്യമായി തിരിച്ചറിയുന്ന രണ്ടു പെണ്ണുങ്ങള്‍ ‘ഉയരെ’യിലൂടെയും ‘തൊട്ടപ്പ’നിലൂടെയും വന്ന് മുന്നില്‍ നില്‍ക്കുന്നു,” പ്രിയ വിശദമാക്കുന്നു.
“തല നേരെ ഉറപ്പിച്ചു പിടിക്കാനാവാത്ത ഒരു ഓട്ടിസ്റ്റിക് പെണ്‍കുട്ടി ഒരു മുഴുവന്‍ ഡയലോഗ് പോലുമില്ലാതെ ഒരു സിനിമയുടെ ഫ്രെയിമുകള്‍ക്കുള്ളില്‍ നിറഞ്ഞു നിന്നു ‘അതിരനി’ലെങ്കില്‍ ഒരിയ്ക്കലും സിനിമയിൽ നായികാപദവിയില്‍ വന്നു കാണാത്തത്ര തടിയുള്ള ഒരുവള്‍ വന്ന് നായകനെ തന്റെ നിലപാടുകളുടെ നിഴലിലാക്കി ‘തമാശ’യില്‍. മനുഷ്യത്വത്തിന്റെ കണ്ണിലൂടെ തടിച്ച സ്ത്രീയെ കാണുന്നതില്‍ വിജയിക്കുന്ന ‘അമ്മിണിപ്പിള്ള’യും സ്വന്തം കല്യാണത്തിനുവേണ്ടി സ്വയം സമ്പാദിക്കുന്ന നിമ്മിയുള്ള ‘ആന്റ് ദ ഓസ്‌ക്കാര്‍ ഗോസ് റ്റുവും’ ഒക്കെ ചെറു ചെറുമാറ്റങ്ങള്‍ തന്നെ. ‘കുമ്പളങ്ങി നെറ്റ്‌സിലിലെ’ പെണ്ണുങ്ങളും പുതിയ പെണ്‍പ്രഭാതത്തിന്റെ വഴിയേ സിനിമയെ കൊണ്ടു പോകുന്നു. ‘മായാനദി’യിലാവട്ടെ കുറ്റബോധം കവര്‍ന്നെടുത്ത ഉറക്കവുമായി രാത്രിയും ബസുകളില്‍, കാറുകളില്‍ അലഞ്ഞുതിരിയുന്ന ഒരാണിന് സമാധാനമായി ഉറങ്ങാനുള്ള ഒരേ ഒരു ഇടമാണ് പെണ്‍മടിത്തട്ട്. ആണ്‍കോയ്മ അതിന്റെ സിംഹാസനമിറങ്ങി പെണ്‍ചുമലുകളില്‍, പെണ്‍മടിത്തട്ടുകളില്‍, പെണ്‍നിഴലുകളില്‍ ചാരി നില്‍ക്കുമ്പോള്‍ മലയാളസിനിമയ്ക്ക് എത്രയോ കാലം കൂടി മനസ്സുണ്ടാകുന്നതു പോലെയാണ് അനുഭവപ്പെടുന്നത്,” പ്രിയ എ എസ് പറയുന്നു.
Read More: വാക്കുകള്‍ക്കതീതമാണ് ‘ഉയരെ’
വരാനിരിക്കുന്നത് ‘ബ്രഹ്മാണ്ഡ’ സിനിമകള്‍
രണ്ടാം പാദത്തിൽ മലയാള സിനിമയ്ക്ക് പ്രതീക്ഷ നൽകുന്ന നിരവധി ചിത്രങ്ങളാണ് വരാനിരിക്കുന്നത്. ‘പതിനെട്ടാം പടി’ , ‘സത്യം പറഞ്ഞാൽ വിശ്വസിക്കുമോ?’ തുടങ്ങിയ ചിത്രങ്ങൾ റിലീസിനൊരുങ്ങുന്നു. ‘കൽക്കി’, ‘മൂത്തോൻ’, ‘തുറമുഖം’ എന്നു തുടങ്ങി നിരവധി ചിത്രങ്ങളുടെ നിർമ്മാണജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’, ‘ലവ്വ് ആക്ഷൻ ഡ്രാമ’, തുടങ്ങിയ ചിത്രങ്ങൾ ഓണം റിലീസായി തിയേറ്ററുകളിൽ എത്താൻ തയ്യാറെടുക്കുന്നു. പൊതുവേ സജീവമായാണ് മലയാളസിനിമ ഇന്ന്.
ഡിസംബർ വരെ റിലീസിനൊരുങ്ങുന്ന ചിത്രങ്ങളിൽ പ്രധാനമായും സിനിമാലോകം ഉറ്റുനോക്കുന്നത് ബ്രഹ്മാണ്ഡചിത്രങ്ങളിലേക്കാണ്. ‘മാമാങ്കം’, ‘കുഞ്ഞാലി മരക്കാർ’, ‘ആടുജീവിതം’ തുടങ്ങി വലിയ ക്യാൻവാസിലൊരുങ്ങുന്ന ചിത്രങ്ങൾ വരാനിരിക്കുന്നു. എന്നിരുന്നാലും സിനിമാവിപണി ഇനി സൂം ചെയ്യുന്നത് ഓണം വിപണിയിലേക്കാണ്. ‘ ആദ്യ പകുതിയുടെ വളര്‍ച്ച നിലനിർത്താൻ രണ്ടാം പകുതിയ്ക്കും കഴിഞ്ഞാൽ മലയാള സിനിമയ്ക്ക് ആശ്വസിക്കാവുന്ന ഒരു വർഷമായിരിക്കും 2019.
Read Here: ‘ഒടിയ’നും ‘ലൂസിഫറും’ അഴിച്ചു വച്ച് മോഹന്‍ലാല്‍: ഇനി ‘പ്രിയ’പ്പെട്ടവനൊപ്പം