രണ്ടു വർഷങ്ങൾ, നാലു സിനിമകൾ, വ്യക്തിത്വമുള്ള കഥാപാത്രങ്ങൾ. ഇവ കൊണ്ട് മലയാള സിനിമയിൽ തന്റെ പേര് തങ്കത്തിളക്കത്തോടെ​ രേഖപ്പെടുത്താൻ സാധിച്ചു എന്നതാണ് നിമിഷ എന്ന അഭിനേത്രിയുടെ നേട്ടവും ഭാഗ്യവും. ഒരു വർഷം കൂടി പടിയിറങ്ങുമ്പോൾ, മലയാള സിനിമയിൽ പ്രതിഭ കൊണ്ട് കയ്യൊപ്പു പതിപ്പിച്ച നടീനടന്മാരുടെ പട്ടികയിൽ എടുത്തുപറയേണ്ട ഒരു വ്യക്തിത്വമായി മാറുകയാണ് നിമിഷ.

‘തൊണ്ടി മുതലും ദൃക്‌സാക്ഷിയും’ എന്ന സിനിമയിലാണ് നിമിഷ സജയൻ എന്ന അഭിനയ പ്രതിഭയെ മലയാളി ആദ്യം തിരിച്ചറിഞ്ഞത്. ചിത്രത്തിലെ ശ്രീജ എന്ന ശക്തയായ കഥാപാത്രത്തെ ജീവസ്സുറ്റ രീതിയിൽ തന്നെ അവതരിപ്പിക്കാൻ നിമിഷയ്ക്ക് സാധിച്ചു. ദിലീഷ് പോത്തൻ എന്ന സംവിധായകന്റെ കണ്ടെത്തൽ തെറ്റിയില്ലെന്ന് അടിവരയിട്ടു ഉറപ്പിക്കുന്ന പ്രകടനമാണ് പിന്നീട് വന്ന ചിത്രങ്ങളിലും നിമിഷ കാഴ്ച വച്ചത്.

 

ബി അജിത് കുമാറിന്റെ ‘ഈട’ ആയിരുന്നു 2018 ആദ്യത്തിൽ തിയേറ്ററുകളിലെത്തിയ നിമിഷ ചിത്രം. കണ്ണൂരിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ രാഷ്ട്രീയ സിനിമ എന്നതിനൊപ്പം തന്നെ ചിത്രത്തിലെ നിമിഷയുടെ കഥാപാത്രവും ശ്രദ്ധ നേടി. തിയേറ്ററിൽ ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും സൗമ്യ സദാനന്ദന്റെ ‘മാംഗല്യം തന്തുനാനേന’ എന്ന ചിത്രത്തിലെ ക്ലാര എന്ന കഥാപാത്രവും നിമിഷയിലെ നടിയെ​ അടയാളപ്പെടുത്തിയ സിനിമയായിരുന്നു. തുടർന്ന് വന്ന മധുപാൽ ചിത്രം ‘ഒരു കുപ്രസിദ്ധ പയ്യനി’ലെ അഡ്വക്കറ്റ് ഹന്ന എലിസബത്ത് എന്ന കഥാപാത്രത്തേയെയും നിമിഷ അനശ്വരമാക്കി. തുടക്കക്കാരിയായ ഒരു വക്കീലിന്റെ പതർച്ചയും നിശ്ചയദാർഢ്യവും വീറും വാശിയുമൊക്കെ മികവോടെ അഭിനയിപ്പിച്ച് സിനിമയുടെ രണ്ടാം പകുതിയുടെ മുഴുവൻ കയ്യടികളും ഹന്ന കൊണ്ടു പോയ കാഴ്ചയാണ് മലയാളി കണ്ടത്.

മികച്ച ചിത്രങ്ങളും കഥാപാത്രങ്ങളും സമ്മാനിച്ചു കടന്നുപോകുന്ന 2018 ന്റെ വിശേഷങ്ങളും 2019 സമ്മാനിക്കുന്ന സിനിമാപ്രതീക്ഷകളും പങ്കിടുകയാണ് നിമിഷ. ‘അമ്മു’ മുതൽ ‘ഹന്ന’ വരെ നീളുന്ന വൈവിധ്യമായ കഥാപാത്രങ്ങൾ സമ്മാനിച്ച 2018 നിമിഷയെ സംബന്ധിച്ച് ഒരു ഭാഗ്യവർഷമാണ്.

Image may contain: 1 person

വ്യത്യസ്തമായ, അഭിനയസാധ്യതകളുള്ള കഥാപാത്രങ്ങളാണല്ലോ നിമിഷയെ തേടിയെത്തുന്നത്? എന്താണ് കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ പുലർത്തുന്ന മാനദണ്ഡം?

“ആദ്യത്തെ രണ്ടു ചിത്രങ്ങളും ഞാൻ തിരഞ്ഞെടുത്തു എന്നു പറയുന്നതിലുപരി, ആ ചിത്രങ്ങള്‍ എന്നെ തെരെഞ്ഞെടുത്തു എന്നു പറയുന്നതാവും ശരി. ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’, ‘ഈട’യുമെല്ലാം അങ്ങനെ വന്നതാണ്. രാജീവേട്ടൻ പറഞ്ഞിട്ടാണ് ഞാൻ ‘ഈട’യിലെത്തുന്നത്. ഞാൻ സ്റ്റോറിയൊന്നും കേട്ടിരുന്നില്ല. മധുച്ചേട്ടന്റെ സിനിമ വന്നപ്പോഴും കഥ കേൾക്കും മുൻപ് തന്നെ ആ പ്രൊജക്റ്റിനോട് ഇഷ്ടം തോന്നിയിരുന്നു. കാരണം അദ്ദേഹം മുൻപു ചെയ്ത സിനിമകളൊക്കെ നമ്മൾ കണ്ടതാണല്ലോ. ഇപ്പോഴും സിനിമകൾ മുന്നിൽ വരുമ്പോൾ ആരാണ് എന്റെ കൂടെ അഭിനയിക്കുന്ന താരങ്ങൾ എന്നല്ല ഞാൻ നോക്കുന്നത് അതിന്റെ ടെക്നിക്കൽ വശങ്ങളാണ്. സംവിധായകൻ, സ്ക്രിപ്റ്റ് അത്തരം കാര്യങ്ങളാണ് ശ്രദ്ധിക്കുന്നത്.”

2018 ൽ ഏറ്റവും കൂടുതൽ നിമിഷ തിരിച്ചറിയപ്പെട്ടത് ഏതു കഥാപാത്രത്തിന്റെ പേരിലാണ്?

‘ഈട’യിലെ അമ്മുവിനെയാണ് കോളേജ് കുട്ടികൾക്കൊക്കെ ഇഷ്ടം. അവരൊക്കെ എന്നെ കാണുമ്പോൾ ആ കഥാപാത്രത്തെ കുറിച്ചായിരുന്നു സംസാരിച്ചുകൊണ്ടിരുന്നത്. ഐശ്വര്യയല്ലേ, അമ്മുവല്ലേ എന്നൊക്കെ ചോദിക്കും. ഇപ്പോൾ പക്ഷേ ഹന്ന വക്കീൽ എന്നാണ് ആളുകൾ വിളിക്കുന്നത്.

Image may contain: 2 people, text

 

പുതുവർഷത്തിൽ പ്രതീക്ഷ നൽകുന്ന ചിത്രങ്ങൾ? പ്രൊജക്റ്റുകൾ ഏതൊക്കെയാണ്?

സനൽകുമാർ ശശിധരൻ ചേട്ടൻ സംവിധാനം ചെയ്യുന്ന ‘ചോല’യാണ് ഇനി റിലീസിനെത്താനുള്ളത്. ഫെബ്രുവരിയോടെ ചിത്രം റിലീസിനെത്തും. 15 വയസ്സുള്ള ഒരു സ്കൂൾ കുട്ടിയായാണ് ഞാൻ അഭിനയിക്കുന്നത്, ജാനു എന്നാണ് കഥാപാത്രത്തിന്റെ പേര്. രണ്ട് മൂന്ന് ഗെറ്റപ്പുകൾ ഉണ്ട്. ജോജു ചേട്ടനും അഖിൽ എന്നൊരു പുതുമുഖവും ഞാനുമാണ് സിനിമയിലുള്ളത്. ഞങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങളാണ് കഥ. ചില സിറ്റുവേഷൻ വരുമ്പോൾ ആളുകൾ എങ്ങനെ പ്രതികരിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് ചിത്രം പറഞ്ഞു പോവുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook