#ExpressRewind: രണ്ടായിരത്തി പതിനെട്ടില്‍ മോഹന്‍ലാലിന് മുന്‍പേ മലയാളികള്‍ക്ക് മുന്‍പിലെത്തിയത് അദ്ദേഹത്തിന്റെ മകന്‍ പ്രണവ് മോഹന്‍ലാലാണ്. ‘ആദി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിക്കുകയായിരുന്നു താരപുത്രന്‍. ജിത്തു ജോസഫ്‌ സംവിധാനം ചെയ്ത ‘ആദി’യില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു. പ്രണവ് അവതരിപ്പിച്ച ആദി എന്ന കഥാപാത്രം ഒരു ഹോട്ടലില്‍ വച്ച് യാദൃശ്ചികമായി മോഹന്‍ലാലിനെ കാണുന്നതും ഒരുമിച്ചു ഫോട്ടോ എടുക്കുന്നതും ഒക്കെയായിരുന്നു രംഗം.

മകന്റെ രംഗപ്രവേശത്തില്‍ അനുഗ്രഹിക്കാനെന്ന പോലെ ഒരു സീനില്‍ അദ്ദേഹം മിന്നി മറഞ്ഞു. മമ്മൂട്ടിയുടെ ‘സ്ട്രീറ്റ് ലൈറ്റ്സ്’ എന്ന ചിത്രത്തോടൊപ്പം ജനുവരി 26നായിരുന്നു ‘ആദി’ റിലീസ് ചെയ്തത്. ചിത്രം ബോക്സോഫീസില്‍ വിജയം നേടുകയും ആദ്യ സിനിമയിലെ പ്രണവിന്റെ അഭിനയം, പ്രത്യേകിച്ച് ‘പാര്‍ക്കൌര്‍’ സീനുകള്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.

ആദി’യ്ക്ക് ശേഷം ആറു മാസം കഴിഞ്ഞാണ് മോഹന്‍ലാല്‍ സ്ക്രീനില്‍ എത്തുന്നത്‌. ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ സംവിധാനം ചെയ്ത ‘നീരാളി’ എന്ന ചിത്രം ജൂലൈ 13നാണ് റിലീസ് ചെയ്തത്. ‘സര്‍വൈവര്‍ ത്രില്ലര്‍’ ഗണത്തില്‍പ്പെടുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ സണ്ണി ജോര്‍ജ് എന്ന ജെമ്മോളൊജിസ്റ്റിനെയാണ് അവതരിപ്പിച്ചത്. അവിചാരിതമായി ഒരു അപകടത്തില്‍ പെടുന്ന സണ്ണി അതിനെ എങ്ങനെ അതിജീവിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയം. സാധാരണ മോഹന്‍ലാല്‍ ചിത്രങ്ങള്‍ തീര്‍ക്കുന്ന പോലെയുള്ള ഓളം സൃഷ്ടിച്ചില്ല എന്ന് മാത്രമല്ല, ‘നീരാളി’ വന്നതും പോയതുമൊന്നും മലയാളി അറിഞ്ഞത് പോലുമില്ല. ഒരു ശരാശരി മോഹന്‍ലാല്‍ ഫാനിനെ സംബന്ധിച്ച് ‘നീരാളി’ എന്തായിരുന്നു എന്നറിയാന്‍ പോലും സാധിക്കാത്തവണ്ണമുള്ള ഒരു നിശബ്ദതയാണ് ‘നീരാളി’യുടെ പ്രതികരണമായി വന്നത്. എങ്കിലും വളരെ ചെറിയ ഒരു സമയത്തിനും ബജറ്റിനുമുള്ളില്‍ എടുത്ത ഒരു ചെറു ചിത്രമായത് കൊണ്ടാവാം, ‘നീരാളി’ നഷ്ടമൊന്നും ഉണ്ടാക്കിയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More: ‘നീരാളി’ റിവ്യൂ

അതിനെത്തുടര്‍ന്ന് എത്തിയതാണ് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ‘കായംകുളം കൊച്ചുണ്ണി’. ഐതിഹ്യമാലയിലെ പേര് കേട്ട കള്ളന്റെ കഥ പറഞ്ഞ ബ്രഹ്മാണ്ഡ ചിത്രം. നിവിന്‍ പോളി നായകനായ ‘കായംകുളം കൊച്ചുണ്ണി’ യില്‍ ഇത്തിക്കരപക്കി എന്ന ‘എക്സ്ടെന്‍ടഡ്‌ കാമിയോ’ ആയിരുന്നു മോഹന്‍ലാലിന്. സ്വതസിദ്ധമായ ശൈലിയില്‍ ഇത്തിക്കരപ്പക്കിയെ അദ്ദേഹം അഭിനയിച്ച് അനശ്വരനാക്കി, പലയിടത്തും നായകനേക്കാള്‍ കൂടുതല്‍ കൈയ്യടി നേടി.

കേരളം കണ്ട മഹാപ്രളയത്തിനു ശേഷം വന്ന ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’. 45 കോടിയുടെ ബജറ്റിൽ,  161 ദിവസം നീണ്ട ചിത്രീകരണത്തിന് ശേഷം, 351ൽ പരം തിയേറ്ററുകളിൽ 1700 പ്രദർശനങ്ങളുമായി മലയാള സിനിമയുടെ തന്നെ ചരിത്രം തിരുത്തിക്കുറിച്ച് കൊണ്ടായിരുന്നു കൊച്ചുണ്ണിയുടെ വരവ്. ചിത്രത്തെക്കുറിച്ച് കേള്‍ക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ‘കായംകുളം കൊച്ചുണ്ണി’ ഒരു വലിയ വിജയമാണ് എന്ന് കരുതേണ്ടി വരും. എന്നാല്‍ പ്രളയാനന്തരം ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന സിനിമാ വ്യവസായത്തിന് ഇത്തരത്തില്‍ വലിയ ഒരു വിജയം കൊണ്ട് വരുന്ന ഒരു ഉണര്‍വ്വ് കാണാനുമില്ല. അത് കൊണ്ട് ‘കായംകുളം കൊച്ചുണ്ണി’യുടെ ‘ബോക്സോഫീസിലെ പെര്‍ഫോമന്‍സ്’ എന്തായിരുന്നു എന്നതില്‍ വ്യക്തതയില്ല.

മലയാള സിനിമയുടെ എക്കാലത്തേയും പ്രിയപ്പെട്ട രഞ്ജിത്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലായിരുന്നു ‘ഡ്രാമ’ എന്ന അടുത്ത ചിത്രം. സംവിധായകന്റെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍ ‘ലാൽ അടുത്ത കാലത്ത് ചെയ്തതിൽ വെച്ച് ഏറ്റവും റിലാക്സ്ഡ് ആയി ചെയ്ത ഒരു സിനിമ’. കളിയും ചിരിയും അല്പം കാര്യവും, അറിയാതെ മനസ്സിനെ തൊട്ടു പോകുന്ന ചില ജീവിത മുഹൂർത്തങ്ങളുമൊക്കെയായി രണ്ടര മണിക്കൂർ ലണ്ടനിലെ ഒരു ചെറുപട്ടണത്തിൽ പ്രേക്ഷകരെ ഒരു ശവപ്പെട്ടിയ്ക്കൊപ്പം കൂട്ടിരുത്തിയ ‘ഡ്രാമ’യില്‍ മോഹന്‍ലാല്‍ രാജു എന്ന ഫ്യൂണറല്‍ സര്‍വീസ് എജന്റ്റ് ആയിട്ടാണ് എത്തിയത്. അനായാസമായി അദ്ദേഹം ആ വേഷത്തില്‍ അലിഞ്ഞു ചേര്‍ന്നു. എന്നാല്‍ രഞ്ജിത്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ നിന്നും മറ്റൊരു ‘ദേവാസുരം’ പ്രതീക്ഷിച്ചു പോയ ആരാധകരുടെ ഒരു വിഭാഗത്തെ ‘ഡ്രാമ’ വല്ലാതെ നിരാശപ്പെടുത്തി.

ഈ ചിത്രങ്ങളിലെല്ലാം അഭിനയിക്കുമ്പോഴും ‘ഒടിയന്‍’ എന്ന ശ്രീകുമാര്‍ മേനോന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നു എന്നതും. ‘ഒടിയ’ന്റെ മുന്നൊരുക്കങ്ങള്‍ക്ക് തടസം വരാത്ത വിധത്തിലുള്ള (ഒടിയന് വേണ്ടി പ്രായം കുറച്ചുള്ള ലുക്ക്‌ സൂക്ഷിക്കാന്‍) ചിത്രങ്ങള്‍ ആയതു കൊണ്ടാവാം മേല്പറഞ്ഞ ചിത്രങ്ങള്‍ക്ക് ഒരുപക്ഷേ അദ്ദേഹം കൈകൊടുത്തതും.

കഴിഞ്ഞ പത്തു വര്‍ഷങ്ങളിലെ മോഹന്‍ലാല്‍ ചിത്രങ്ങളുടെ കണക്കെടുത്ത് നോക്കിയാല്‍ ഈ വര്‍ഷത്തെ റിലീസുകള്‍ തുലോം കുറവാണ് എന്ന് കാണാന്‍ കഴിയും. ‘ഒടിയ’ന്റെ നീണ്ട ഷെഡ്യൂളുകള്‍, ഭാരം കുറച്ചത് ഉള്‍പ്പടെയുള്ള രൂപമാറ്റങ്ങള്‍ ഇവയെല്ലാം മോഹന്‍ലാല്‍ എന്ന നടന്റെ ഈ വര്‍ഷത്തെ സിനിമാ ചോയ്സുകളെ ബാധിച്ചിട്ടുണ്ട് എന്ന് വേണം അനുമാനിക്കാന്‍. ഒരു നടന്‍ എന്ന നിലയില്‍ മോഹന്‍ലാല്‍ ഇത്രയധികം ‘ഇന്‍വെസ്റ്റ്‌മെന്റ്’ നടത്തിയ ഒരു ചിത്രം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. അത് കൊണ്ട് തന്നെ, ‘ഒടിയന്റെ’ സ്വീകാര്യത അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തില്‍ പ്രധാനപ്പെട്ടതായിത്തീര്‍ന്നു.

Read More: എന്ത് കൊണ്ട് ‘ഒടിയന്‍’ മോഹന്‍ലാലിന് പ്രധാനപ്പെട്ടതാകുന്നു?

എന്നാല്‍ പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ടാണ് ‘ഒടിയന്‍’ എത്തിയത്. ‘ഇത്രയും സാധാരണയായ ഒരു ചിത്രതിനായിരുന്നോ ഇക്കണ്ട ഹൈപ്പെല്ലാം?’ എന്ന് ഭൂമി മലയാളം മൂക്കത്ത് വിരല്‍ വച്ചു. റിലീസ് ചെയ്ത ആദ്യ ദിനങ്ങളില്‍ വലിയ സോഷ്യല്‍ മീഡിയ ആക്രമണത്തിനും ‘ഒടിയന്‍’ ഇരയായി. മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള അണിയറപ്രവര്‍ത്തകരുടെ അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങളുടെ ഫലമായി ‘ഒടിയന്‍’ ഇപ്പോഴും തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്നു. എന്ന് മാത്രമല്ല, സോഷ്യല്‍ മീഡിയയിലെ അറ്റാക്കുകള്‍ ഒരുപരിധി വരെ വ്യക്തിനിഷ്ഠമായിരുന്നു എന്നും തെളിഞ്ഞു.

മോഹന്‍ലാല്‍ എന്ന ‘പബ്ലിക് പേര്‍സണാലിറ്റി’യുടെ  വലിയ പരീക്ഷണങ്ങള്‍ക്ക് കൂടിയാണ് 2018 സാക്ഷ്യം വഹിച്ചത്. അദ്ദേഹത്തിന്റെ ജനപ്രിയത ഇത്രമേല്‍ ചോദ്യം ചെയ്യപ്പെട്ട സമയം മലയാള സിനിമാ ചരിത്രത്തില്‍ തന്നെയില്ല. ജൂണില്‍ താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ്‌ ആയി സ്ഥാനമേറ്റത്‌ തുടങ്ങി വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു സംഘടനയിലെ അദ്ദേഹത്തിന്റെ ദിനങ്ങള്‍. സംഘടന എടുക്കുന്ന തീരുമാനങ്ങളുടെ മുഖമായിത്തീര്‍ന്ന മോഹന്‍ലാല്‍ പലപ്പോഴും പൊതു സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും ‘ബ്രിക്ക്ബാറ്റ്സ്’ ഏറ്റുവാങ്ങുന്ന കാഴ്ചയാണ് കേരളം കണ്ടത്. സംഘടനാ നിലപാടുകളെ ‘ഡിഫന്‍ഡ്‌’ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിന് പല വട്ടം ‘ബാലന്‍സ്’ തെറ്റി, അതിന്റെ ‘ഡാമേജ് കണ്ട്രോള്‍’ വേറെ നടത്തേണ്ടി വരുന്ന അവസ്ഥയിലായി. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ മോഹന്‍ലാല്‍ എന്ന താരത്തിനോടുള്ള ‘പബ്ലിക്കി’ന്റെ ‘പെര്‍സെപ്പ്ഷന്‍’ മാറിയിട്ടുണ്ടോ, ഉണ്ടെങ്കില്‍ എത്രത്തോളം… ഇതിനൊക്കെ ഉത്തരമാകും വരും വര്‍ഷവും വരാനിരിക്കുന്ന ചിത്രങ്ങളും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook