#ExpressRewind: പുതു വര്‍ഷത്തിന്റെ പടിവാതിലില്‍ നിന്നും മലയാള സിനിമയുടെ കഴിഞ്ഞ വര്‍ഷത്തെ തിരിഞ്ഞു നോക്കുമ്പോള്‍, ജയ-പരാജയങ്ങളുടെ കണക്കെടുക്കുമ്പോള്‍, എല്ലാം നിറഞ്ഞു കാണുന്നത് പുരുഷ-നായകന്മാരെത്തന്നെയാണ്. നൂറ്റിയന്‍പതോളം ചിത്രങ്ങളില്‍ അത്ര തന്നെ നായികമാരുണ്ടെങ്കിലും, വര്‍ഷാന്ത്യക്കണക്കെടുക്കുമ്പോള്‍ അക്കൂട്ടത്തില്‍ എടുത്തു പറയാന്‍ കഴിയുന്ന സാന്നിധ്യമാകുന്നത് മഞ്ജു വാര്യര്‍ മാത്രമാണ്. എന്നാല്‍ മഞ്ജുവിനു പോലും ഒരു ‘കേക്ക് വാക്ക്’ ആയിരുന്നില്ല 2018. മറിച്ച്, തൊഴില്‍പരമായും വ്യക്തിപരമായും പരീക്ഷണങ്ങളുടെ വര്‍ഷമായിരുന്നു.

മൂന്നു ചിത്രങ്ങളിലാണ് മഞ്ജു വാര്യര്‍ ഈ വര്‍ഷം അഭിനയിച്ചത് – കമലിന്റെ ‘ആമി’, സാജിദ് യാഹിയയുടെ ‘മോഹന്‍ലാല്‍’, ശ്രീകുമാര്‍ മേനോന്റെ ‘ഒടിയന്‍’. ഇതില്‍ ആദ്യ രണ്ടിലും കേന്ദ്ര കഥാപാത്രമായും ‘ഒടിയനി’ല്‍ മോഹന്‍ലാലിന്‍റെ നായികയായുമാണ് അവര്‍ അഭിനയിച്ചത്. മാധവിക്കുട്ടിയുടെ ജീവിത കഥ പറഞ്ഞ ‘ആമി’, മലയാളികള്‍ ഏറെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു. വിദ്യാ ബാലന്‍ അവതരിപ്പിക്കാനിരുന്ന കമലയുടെ വേഷം അവര്‍ പിന്മാറിയതിനെത്തുടര്‍ന്ന് മഞ്ജു ഏറ്റെടുക്കുകയായിരുന്നു.

സമകാലിക മലയാളം സിനിമയിലെ പ്രധാനപ്പെട്ട ഒരെടായി മാറേണ്ടിയിരുന്ന ആ ചിത്രം പക്ഷേ പ്രശംസയേക്കാളേറെ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങിയത്. സംവിധാനത്തിലും എഴുത്തിലും പാത്രസൃഷ്ടിയിലുമെല്ലാം, സംവിധായകനും അഭിനേത്രിയ്ക്കും അപ്രാപ്യയായി നില്‍കുന്ന ആമിയെയാണ് സിനിമ കാണിച്ചു തന്നത്. അഭിനയ ജീവിതത്തിലെ സുവര്‍ണ്ണ അധ്യായമാകേണ്ടിയിരുന്ന കഥാപാത്രം അങ്ങനെ ‘തന്റേതല്ലാത്ത കാരണങ്ങളാല്‍’ മഞ്ജുവിന്റെ കൈയ്യില്‍ നിന്നും വഴുതിപ്പോയി.

Read More: ആമി: ആത്മാവില്ലാത്ത നീര്‍മാതളപ്പൂവ്

 

അഭിനയത്തിലേക്കുള്ള രണ്ടാം വരവില്‍ മഞ്ജു വാര്യര്‍ രണ്ടു തരം ചിത്രങ്ങളാണ്‌ തെരഞ്ഞെടുത്തിട്ടുള്ളത്‌ എന്ന് അവരുടെ ഫില്‍മോഗ്രാഫി പരിശോധിച്ചാല്‍ കാണാന്‍ കഴിയും. ഹീറോയിന്‍ സെന്‍ട്രിക് ( നായികാ കേന്ദ്രീകൃതം) സിനിമകള്‍, അല്ലെങ്കില്‍ മോഹന്‍ലാലിന്റെ നായികാ കഥാപാത്രങ്ങള്‍. തിരിച്ചു വരവിലെ രണ്ടാം ചിത്രം, ‘എന്നും എപ്പോഴും’ തുടങ്ങി ‘വില്ലന്‍’, ‘ഒടിയന്‍’, ഇനി വരാനിരിക്കുന്ന ‘ലൂസിഫര്‍’, ‘മരക്കാര്‍’ എന്നീ ചിത്രങ്ങള്‍ ഉദാഹാരണം.

മോഹന്‍ലാല്‍ എന്ന ആശയത്തെ ചുറ്റിപ്പറ്റിയുള്ള നായിക കേന്ദ്രീകൃതമായ ചിത്രമായിരുന്നു ‘മോഹന്‍ലാല്‍’. സാജിദ് യാഹിയ സംവിധാനം ചെയ്ത ചിത്രത്തില്‍ ‘ഒരു കട്ട മോഹന്‍ലാല്‍’ ഫാന്‍ ആയാണ് മഞ്ജു എത്തിയത്. ജീവിതത്തിലും ‘കട്ട മോഹന്‍ലാല്‍ ഫാന്‍’ ആയിരുന്നിട്ടു കൂടി മഞ്ജുവിന്റെ ആരാധിക വേഷം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല, ചിത്രവും.

വര്‍ഷാവസാനം എത്തിയ ‘ഒടിയനാ’ണ് ഒടുവില്‍ കുറച്ചു ശ്രദ്ധ കൊണ്ട് വന്നത്. മോഹന്‍ലാല്‍ അവതരിപ്പിച്ച ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിന്റെ നായികാ വേഷത്തില്‍ എത്തിയ മഞ്ജുവിനും മോഹന്‍ലാലിനെ പോലെ മൂന്നു ജീവിതാവസ്ഥകള്‍ അവതരിപ്പിക്കേണ്ടി വന്നിരുന്നു ചിത്രത്തില്‍. അത് അവര്‍ ഭംഗിയായി ചെയ്യുകയും ചെയ്തു.

2014ല്‍ ‘ഹൌ ഓള്‍ഡ്‌ ആര്‍ യൂ?’, 2017ല്‍ ഉദാഹരണം സുജാത’ എന്നിവ കഴിഞ്ഞാല്‍ മഞ്ജുവിന്റെ രണ്ടാം ഇന്നിംഗ്സിലെ ശക്തമായ കഥാപാത്രമായി കണക്കു കൂട്ടാം ‘ഒടിയനി’ലെ പ്രഭയെ. എന്നിരുന്നിട്ടും, റിലീസ് ചെയ്ത് ആദ്യ ദിനങ്ങളില്‍ ‘ഒടിയന്‍’ കടന്നു പോയ സോഷ്യല്‍ മീഡിയാ ട്രോളിംഗ് കൊടുങ്കാറ്റില്‍ ആദ്യം ഉലഞ്ഞതും മഞ്ജു തന്നെ. വരുന്ന വിമര്‍ശനങ്ങളെയെല്ലാം മഞ്ജുവിന്റെ സ്വകാര്യ ജീവിതവുമായി കൂട്ടിക്കെട്ടി സംവിധായകന്‍ കൈകഴുകി. കൂട്ടത്തില്‍ ട്രോളുകള്‍ക്ക് ചാകരയായി മഞ്ജുവിന്റെ ‘കഞ്ഞി’ ഡയലോഗും.

Read More: ‘കഞ്ഞി എടുക്കട്ടേ’ എന്നത് തമാശയോ അശ്ലീലമോ ആണോ?

 

ഒരുപക്ഷേ മഞ്ജു വാര്യര്‍ എന്ന നടിയും വ്യക്തിയും കടന്നു പോയ ഏറ്റവും വലിയ  ‘ടെസ്റ്റിംഗ്’ കൂടിയാണ് ഈ വര്‍ഷാവസാനം നടന്നത്. ‘ഒടിയന്‍’ സംവിധായകനും മഞ്ജുവിന്റെ അടുത്ത സുഹൃത്തുമായിരുന്ന ശ്രീകുമാര്‍ മേനോന്‍ അവര്‍ക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍, വനിതാ മതിലുമായി ബന്ധപ്പെട്ട്, ആദ്യം പിന്തുണച്ചും പിന്നെ പിന്തുണ പിന്‍വലിച്ചും എടുത്ത നിലപാടുകള്‍ക്കെതിരെ വന്ന പ്രതികരണങ്ങള്‍, എന്നിങ്ങനെയുള്ള പരീക്ഷണങ്ങളാണ് ഈ വര്‍ഷം അവര്‍ക്കായി കാത്തുവച്ചിരുന്നത്.

എന്നാല്‍ അവയെയെല്ലാം ‘ടാക്റ്റ്‌ഫുള്‍’ ആയി കൈകാര്യം ചെയ്ത് വീണ്ടും നിലയുറപ്പിക്കുന്ന മഞ്ജുവിനെയാണ് നമ്മള്‍ കണ്ടത്. ശ്രീകുമാര്‍ മേനോന്‍ തന്നെ ഒരഭിമുഖത്തില്‍ പറഞ്ഞത് പോലെ ‘മഞ്ജു വാര്യര്‍ ഒരു ബോക്സോഫീസ്‌ താരമല്ല, സോഷ്യല്‍ താരമാണ്’, എന്നത് വീണ്ടും ഊട്ടിയുറപ്പിച്ചു കൊണ്ട്. മാറി വരുന്ന മലയാള സിനിമയുടെ കച്ചവട സംഖ്യാ കണക്കുകളിലെ പ്രസക്തിയല്‍പ്പം കുറഞ്ഞാലും, മലയാളി മനസ്സുകളിലെ മഞ്ജു വാര്യര്‍ എന്ന ബിംബം അത്ര വേഗമൊന്നും ഉടയില്ല എന്ന പ്രതീക്ഷയുണര്‍ത്തിക്കൊണ്ട്.

Read More: ആറ്റ് നോറ്റു കിട്ടിയ തഗ്ഗ് ലൈഫാണ്, ഞാൻ അത് ആഘോഷിക്കും: ട്രോളന്മാരെ അഭിനന്ദിച്ച് മഞ്ജു

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook