പുതുമുഖ സംവിധായകര്‍ക്ക് മമ്മൂട്ടി ഡേറ്റ് കൊടുക്കുന്നത് മലയാള സിനിമയെ സംബന്ധിച്ച് വാര്‍ത്തയല്ല. തന്റെ സിനിമാ ചോയ്സുകളില്‍ തുടക്കകാര്‍ക്കായി എന്നും ഇടം നീക്കി വച്ചിട്ടുള്ള നടനാണ്‌ അദ്ദേഹം. എന്നാല്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ ഒരു വര്‍ഷം ചെയ്യുന്ന എല്ലാ ചിത്രങ്ങളും നവാഗത സംവിധായകരുടേതാകുമ്പോള്‍ അത് വാര്‍ത്തയാണ്. അതിലുപരി പ്രതീക്ഷയും സന്തോഷവുമാണ്.

അഞ്ചു സിനിമകള്‍, ഒരു അതിഥി വേഷം – ഇതാണ് 2018ലെ മമ്മൂട്ടി. വലിയ ഓളമൊന്നും ഉണ്ടാക്കാതെയാണ് ഇതില്‍ പലതും കടന്നു പോയതെങ്കിലും മമ്മൂട്ടി എന്ന നടന്റെ അഭിനയ ജീവിതത്തില്‍ 2018 പ്രധാനപ്പെട്ട വര്‍ഷമാകുന്നത്, അഞ്ചു സംവിധായകരെ കൂടി അദ്ദേഹം സിനിമയിലേക്ക് കൈ പിടിച്ചു കയറ്റി എന്നുള്ളത് കൊണ്ടാണ്.

Mammootty birthday Rare photo Mammukka birthday wishes Yatra

‘സ്ട്രീറ്റ് ലൈറ്റ്സ്’, ‘പരോള്‍’, ‘അങ്കിള്‍’, ‘അബ്രഹാമിന്റെ സന്തതികള്‍’, ‘ഒരു കുട്ടനാടന്‍ ബ്ലോഗ്‌’ എന്നിവയാണ് 2018ലെ മമ്മൂട്ടി ചിത്രങ്ങള്‍.  ജനുവരി 26നാണ് മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ആദ്യ ചിത്രമായ ‘സ്ട്രീറ്റ് ലൈറ്റ്സ്’ റിലീസ് ചെയ്തത്. ഛായാഗ്രാഹകനായ ഷാംദത്ത് സൈനുദ്ദീന്റെ ആദ്യ സംവിധാന സംരഭമായ ‘സ്ട്രീറ്റ് ലൈറ്റ്സി’ല്‍ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനായ ജെയിംസ്‌ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. അദ്ദേഹത്തിന്റെ തന്റെ ഉടമസ്ഥതയിലുള്ള പ്ലേഹൗസ് ആയിരുന്നു ഈ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ചിത്രം വിജയം കണ്ടില്ല.

Read More: സ്ട്രീറ്റ് ലൈറ്റ്സ്: ഒരു അടിമുടി മമ്മൂട്ടി പടം

ശരത് സന്‍ദിത് എന്ന മറ്റൊരു തുടക്കക്കാരന്റെ ചിത്രത്തിലാണ് അടുത്തായി അദ്ദേഹം എത്തിയത്. ഏപ്രില്‍ 6ന് റിലീസ് ചെയ്ത ‘പരോള്‍’ എന്ന ചിത്രം. പരോളില്‍ ഇറങ്ങുന്ന ഒരു ജയില്‍പ്പുള്ളിയുടെ വേഷമായിരുന്നു മമ്മൂട്ടിയ്ക്ക്. ‘യാത്ര’, ‘കൗരവര്‍’, ‘ന്യൂഡല്‍ഹി’, ‘ഭൂതക്കണ്ണാടി’, ‘മുന്നറിയിപ്പ്’ തുടങ്ങിയ ജയില്‍ ജീവിത ചിത്രങ്ങളില്‍ ഉള്ളു പൊള്ളിക്കുന്ന കഥാപാത്രമായി എത്രയോ തവണ പ്രത്യക്ഷപ്പെട്ടിട്ടുള്ള മെഗാസ്റ്റാറിന് പക്ഷേ ‘പരോള്‍’ അത് പോലുള്ളൊരു വിജയം സമ്മാനിച്ചില്ല. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ വാര്‍ഡനായ അജിത്ത് പൂജപ്പുര ഒരുക്കിയ തിരക്കഥ സിനിമയ്ക്ക് തുണയായെങ്കിലും മമ്മൂട്ടി എന്ന അഭിനേതാവിനു പുതിയതായി ഒന്നും ചെയ്യാനുള്ള സാധ്യതള്‍ ഒന്നും തന്നെ നല്‍കിയില്ല.

ജോയ്മാത്യുവിന്റെ തിരക്കഥയില്‍ ഗിരീഷ്‌ ദാമോദര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘അങ്കിള്‍’. ഏപ്രില്‍ 27ന് റിലീസ് ചെയ്ത ‘അങ്കിള്‍’, മമ്മൂട്ടി ഈ വര്‍ഷം അവസരം നല്‍കുന്ന മൂന്നാമത്തെ പുതുമുഖ സംവിധായക ചിത്രമാണ്. വഴിയില്‍ അകപ്പെട്ടു പോയ സുഹൃത്തിന്റെ മകളെ വീട്ടില്‍ എത്തിക്കുന്ന കെ കെ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്‌. സുഹൃത്തിന്റെ സ്വഭാവം നന്നായി അറിയുന്ന അച്ഛന്‍ മകളുടെ സുരക്ഷയെക്കുറിച്ച് ആകുലപ്പെടുന്നു. സുഹൃത്തിന്റെ മകളോട് എങ്ങനെയാണ് ‘സ്വഭാവദൂഷ്യ’മുള്ള കെ കെ പെരുമാറുക?

ഒരുപക്ഷേ മമ്മൂട്ടി ഈ വര്‍ഷം അവതരിപ്പിച്ചതില്‍ വച്ചേറ്റവും വ്യത്യസ്ഥമായ കഥാപാത്രമാണ് കെ കെ. അത് അദ്ദേഹം അനായസമായി അവതരിപ്പിക്കുകയും ചെയ്തു. വലിയ വിജയം അവകാശപ്പെടാന്‍ ഇല്ലെങ്കിലും, ആദ്യ രണ്ടു ചിത്രങ്ങളുടെ അത്രയും പരിക്കുകള്‍ പറ്റാതെ ‘രക്ഷപെട്ട്’ പോയ ചിത്രമാണ് ‘അങ്കിള്‍’.

Read More: ആൾക്കൂട്ടത്തിന്‍റെ, ആൺകൂട്ടത്തിന്‍റെ കരണത്തടിക്കുന്ന ‘അങ്കിള്‍’

അടുത്ത ചിത്രവും പുതുമുഖ സംവിധായകന്‍ തന്നെ – ഷാജി പാടൂര്‍. ‘അബ്രഹാമിന്റെ സന്തതികള്‍’ എന്ന ക്രൈംആക്ഷന്‍ ത്രില്ലര്‍ എഴുതിയത് ഹനീഫ് അദേനി. എ എസ് പി ഡെറിക് എബ്രഹാം എന്ന പോലീസ് കഥാപത്രമായാണ് മമ്മൂട്ടി എത്തിയത്. ജൂണ്‍ 16ന് റിലീസ് ചെയ്ത ചിത്രം ഈ വര്‍ഷത്തെ വിജയ ചിത്രങ്ങളില്‍ ഒന്നാണ് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മമ്മൂട്ടി ചെയ്ത അടുത്ത ചിത്രം തിരക്കഥാകൃത്ത് സച്ചി ആദ്യമായി സംവിധായകന്റെ മേലങ്കി അണിഞ്ഞ ‘ഒരു കുട്ടനാടന്‍ ബ്ലോഗാ’ണ്. നെടിയേടത്ത് ഹരി എന്ന കഥാപത്രമായാണ് മമ്മൂട്ടി എത്തിയത്. തിരക്കഥാകൃത്തായ  സേതുവിന്റെ ആദ്യ സംവിധാന സംരംഭം എന്ന രീതിയിൽ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ ഏറെയായിരുന്നെങ്കിലും പ്രതീക്ഷക്കൊത്ത് ഉയരാൻ സേതുവിന് കഴിഞ്ഞില്ലെന്നു തന്നെയാണ് ചിത്രത്തിന്റെ ബോക്സോഫീസ്‌ റിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നത്. ഒരു മമ്മൂട്ടി മാസ് പടത്തിൽ നിന്നും പ്രതീക്ഷിക്കുന്ന ഫൺ എലമെന്റ് നിലനിർത്തുക എന്നതിനപ്പുറത്തേയ്ക്ക് കെട്ടുറപ്പുള്ള ഒരു കഥാപരിസരം ഒരുക്കാൻ സംവിധായകൻ കൂടിയായ  തിരക്കഥാകൃത്തിന് കഴിഞ്ഞില്ല എന്നതും ചിത്രത്തിന്റെ വലിയ പോരായ്മയായി ചൂണ്ടിക്കാട്ടപ്പെടുന്നു.

Read More: ‘ഒരു കുട്ടനാടന്‍ ബ്ലോഗ്‌’ റിവ്യൂ

ഈ ചിത്രങ്ങള്‍ കൂടാതെ കൂടാതെ ‘ക്യാപ്റ്റന്‍’ എന്ന ജയസൂര്യ നായകനായ ചിത്രത്തിലും അതിഥി വേഷത്തില്‍ എത്തിയിരുന്നു മമ്മൂട്ടി. മണ്മറഞ്ഞ ഫുട്ബാള്‍ താരം സത്യന്റെ ജീവിതത്തെ ആസ്പദമാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ‘ക്യാപ്റ്റനി’ല്‍ മമ്മൂട്ടിയായി തന്നെയായിരുന്നു അദ്ദേഹം എത്തിയത്. മോഹന്‍ലാലിന്‍റെ ബ്രഹ്മാണ്ഡ ചിത്രമായ ‘ഒടിയനി’ലും മമ്മൂട്ടിയുടെ സാന്നിദ്ധ്യമുണ്ട്. ‘ഒടിയനി’ല്‍ ചിത്രത്തിന്റെ കഥ പറയുന്ന ‘നേരെറ്റര്‍’ റോളില്‍, ശബ്ദ സാന്നിദ്ധ്യമായാണ് മമ്മൂട്ടി ഉള്ളത്. ‘ക്യാപ്റ്റനും’ ‘ഒടിയനും’ പുതുമുഖ സംവിധായകരുടെതാണ് എന്നതും ശ്രദ്ധേയമാണ്.

 

മേല്‍പ്പറഞ്ഞ ചിത്രങ്ങള്‍ക്കെല്ലാം മമ്മൂട്ടി എന്ന നടന്‍ മുതല്‍ക്കൂട്ടായിരുന്നു എന്നതില്‍ തര്‍ക്കമില്ല. പുതുമുഖ സംവിധായകരെ സംബന്ധിച്ച് മമ്മൂട്ടിയുടെ ‘ഡേറ്റ്’ കിട്ടിയാല്‍ അതിനൊപ്പം നിര്‍മ്മാതാക്കള്‍ ഉള്‍പ്പടെയുള്ളവരുടെ വാതിലുകള്‍ തുറന്നു വരും, മിനിമം ബോക്സോഫീസ്‌-സാറ്റലൈറ്റ് ഗാരണ്ടി ഉണ്ടാകും എന്നതും വലിയ കാര്യമാണ്. പക്ഷേ സൂപ്പര്‍-മെഗാ താരത്തെ വച്ച് ചിത്രമെടുക്കുമ്പോള്‍ അതോടൊപ്പം വരുന്ന ചില ‘ബാഗ്ഗേജു’കളും ഉണ്ടാകും.

ആരാധകരുടെ ഭാഗത്ത്‌ നിന്നുള്ള പ്രതീക്ഷയാണ് ഇതില്‍ ഏറ്റവും പ്രധാനം. മമ്മൂട്ടി എന്ന നടനെക്കുറിച്ചുള്ള നിലവിലുള്ള സങ്കല്‍പ്പങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന കഥ, അദ്ദേഹത്തിന്റെ സ്റ്റൈല്‍- ലുക്ക്‌, നായകനില്‍ നിന്നും ഫാന്‍ മണ്ട്രങ്ങള്‍ പ്രതീക്ഷിക്കുന്ന അടി-തട-തമാശയിനങ്ങള്‍ എന്നിവയൊക്കെ അതില്‍ പെടും. ഇതില്‍ നിന്നും സിനിമയേയും നായകനേയും രക്ഷപ്പെടുത്തുക എന്നത് വലിയ വെല്ലുവിളിയാണ്. ആദ്യ സംവിധാന സംരംഭത്തിന്റെ സമ്മര്‍ദ്ദങ്ങളില്‍ പെട്ട് പോകുന്ന നവാഗത സംവിധായകര്‍ക്ക് പ്രത്യേകിച്ചും. താരപ്രഭയില്‍ സംവിധായകരും മുങ്ങിപ്പോയത് കൊണ്ടും കൂടിയാവാം, അഞ്ചു മമ്മൂട്ടി സിനിമകള്‍ ഉണ്ടായിട്ടും ഓര്‍ത്ത് വയ്ക്കാന്‍ അധികമൊന്നുമില്ലാതെ ഈ വര്‍ഷം കടന്നു പോകുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook