മലയാളത്തിലെ മികച്ച നടനാര് എന്ന് ഇപ്പോള്‍ ചോദിച്ചാല്‍ ഏതൊരു സിനിമാ പ്രേമിയുടെയും മനസ്സില്‍ വരുന്ന ആദ്യ അഞ്ചു പേരുകളില്‍ ഒന്നായിരിക്കും ഫഹദ് ഫാസിലിന്റെത്. ചുരുങ്ങിയ കാലയളവ്‌ കൊണ്ട് തന്നെ തന്നിലെ നടനെ അടയാളപ്പെടുത്തുക മാത്രമല്ല, കാലം പോകും തോറും കൂടുതല്‍ കൂടുതല്‍ രാകി മിനുക്കുകയും ചെയ്യുന്നുണ്ട് ഈ ചെറുപ്പക്കാരന്‍. സമകാലിക മലയാള സിനിമയ്ക്ക് മുതല്‍ക്കൂട്ടായ മൂന്നു ചിത്രങ്ങള്‍ കൂടി തന്റെ പേരില്‍ എഴുതി ചേര്‍ത്തിട്ടുണ്ട് ഈ വര്‍ഷം ഫഹദ് ഫാസില്‍. ഒരു താരമാകാനല്ല, നടനാകാനാണ് ഫഹദ് ശ്രമിക്കുന്നത് എന്ന് അദ്ദേഹത്തിന്റെ മുന്‍കാല ചിത്രങ്ങള്‍ എല്ലാം വിളിച്ചോതുന്നത്‌ പോലെ ‘കാര്‍ബണ്‍’, ‘വരത്തന്‍’, ഞാന്‍ പ്രകാശന്‍’ എന്നീ ചിത്രങ്ങളും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

വ്യത്യസ്ത ട്രീറ്റ്മെന്റിലും ഴോണറിലും പെടുന്ന തീർത്തും വ്യത്യസ്തമായ മൂന്നു ചിത്രങ്ങളാണ് ‘കാർബൺ’, ‘വരത്തൻ’, ‘ഞാൻ പ്രകാശൻ’  എന്നിവ. ‘ഞാൻ പ്രകാശൻ’ ബോക്സ് ഓഫീസിൽ വിജയകരമായി ഓടി കൊണ്ടിരിക്കുമ്പോൾ തന്നെ മൂന്നു മാസം മുൻപ് തിയേറ്ററുകളിലെത്തിയ ‘വരത്തനും’ ഇപ്പോഴും പ്രദർശനം തുടരുകയാണ്. ‘കാർബൺ’ ബോക്സ് ഓഫീസിൽ വലിയ ഹിറ്റ് ആയില്ല എന്ന് വാദിക്കുമ്പോള്‍ കൂടിയും നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രമാണ്.

Read more: കാര്‍ബണ്‍: നക്ഷത്ര സ്വപ്നം കടന്ന് ജീവിതപ്പച്ചയിലേക്ക്

ഒരു കഥയെ സിനിമയെന്ന മാധ്യമത്തിലേക്ക് എങ്ങനെ വിളക്കിച്ചേര്‍ക്കാം  എന്ന കൃത്യമായി കാഴ്ചപ്പാടുകളുള്ള വേണുവിനെ പോലുള്ളൊരു സംവിധായകന്റെ ചിത്രത്തിലും, ഏറ്റവും കണ്ടംമ്പററിയും സ്റ്റൈലിഷുമായി സിനിമകളൊരുക്കുന്ന അമൽ നീരദ് ചിത്രത്തിലും, ടിപ്പിക്കൽ മലയാളം ബോക്സ് ഓഫീസ് ഫോർമുലകൾ പിൻതുടരുന്ന സത്യൻ അന്തിക്കാട്- ശ്രീനിവാസൻ കൂട്ടുക്കെട്ടിന്റെ ഉത്സവ ചിത്രത്തിലേക്കും സ്വാഭാവികമായി തന്നെ ഇഴുകി ചേരുമ്പോൾ ‘ടൈപ്പ് കാസ്റ്റിംഗി’ല്‍ നിന്നു കൂടിയാണ് ഫഹദ് മാറി നടക്കുന്നത്. ഒപ്പം, ഈ മൂന്നു പടങ്ങളിലും അവിസ്മരണീയമായ അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ചത് ഒരേ നടൻ തന്നെയാണെന്ന് ഓർക്കുമ്പോൾ മുന്നിൽ തെളിയുക ഫഹദ് എന്ന നടന്റെ ‘പെര്‍ഫോര്‍മന്‍സ് റേഞ്ച്’ ആണ്. മലയാള സിനിമയിലെ എണ്ണം പറഞ്ഞ അഭിനേതാക്കളുടെ ഇടയില്‍ തന്റെ പേര് ഒരിക്കല്‍ കൂടി ഫഹദ് എഴുതിച്ചേര്‍ത്ത വര്‍ഷമാണ്‌ കടന്നു പോകുന്നത്.

ഒറ്റ ദിവസം കൊണ്ട് പണക്കാരനാവാൻ ആഗ്രഹിക്കുന്ന, അതിനുള്ള ‘ഒറ്റമൂലി’ പ്രയോഗങ്ങൾ ജീവിതം കാത്തുവെച്ചിട്ടുണ്ടാകുമെന്നു വിശ്വസിക്കുന്ന, ഒന്നിനും ക്ഷമയില്ലാത്ത സ്വപ്നാടകനായ സിബി എന്ന കഥാപാത്രമായി ‘കാർബണി’ൽ ഫഹദ് വിസ്മയിപ്പിക്കുമ്പോൾ, ആ കണ്ണുകളിൽ പോലുമുണ്ട് നിധിയോടുള്ള ആസക്തി. എന്നാൽ, ‘വരത്തനി’ലെ എബിയുടെ കണ്ണിൽ ഭയവും ഒരു പാറ്റയെ  പോലും കൊല്ലാൻ കഴിയാത്ത വിധം നിറയുന്ന ദയയുമാണ്. ‘കാർബണി’ലെ തനി നാട്ടിന്‍പുറത്തുകാരൻ ചെറുപ്പക്കാരന്റെ ഉടുപ്പുകൾ ഊരികളഞ്ഞ് തികച്ചും മറ്റൊരാളായി മാറിയാണ് അയാൾ ‘വരത്തനി’ലെ സ്റ്റൈലിഷ് ‘എബി’യിലേക്ക് നടന്നു കയറുന്നത്. അവിടെ നിന്നും ‘ഞാൻ പ്രകാശനി’ൽ എത്തുമ്പോൾ ഫഹദ് വീണ്ടും ഒരു ശരാശരി മലയാളി യുവാവിന്റെ ശരീരഭാഷകളിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയാണ്. അത്യാഗ്രഹം, അസൂയ, കുശുമ്പ്, പാരവെപ്പ്, പരദൂഷണം പറച്ചില്‍ എന്നീ സ്വഭാവ ഗുണങ്ങള്‍ക്ക് പുറമേ പണിയെടുക്കാതെ പണക്കാരനാകണം എന്ന ആഗ്രഹവുമായി നടക്കുന്ന പ്രകാശനായി മാറുമ്പോൾ അയാൾ പ്രകാശൻ മാത്രമാണ്. മുൻപ് അവതരിപ്പിച്ച മറ്റൊരു കഥാപാത്രത്തിന്റെ നിഴലുകളും അയാൾക്ക് മുകളിലില്ല.

 

Read more: Varathan Review: ‘വരത്തന്’ കരുത്തു പകരുന്ന ഫഹദ്

താരമല്ല, നടൻ

താരസിംഹാസനങ്ങൾ ലക്ഷ്യമിട്ട് സഞ്ചരിക്കുന്ന ഒരു​​ അഭിനേതാവല്ല ഫഹദ് എന്നു പറയേണ്ടി വരും, ഫഹദിന്റെ ഇതു വരെയുള്ള ‘ഫിലിമോഗ്രാഫി’ പരിശോധിക്കുമ്പോൾ. ഒരു നടന്റെ അഭിനയ സാധ്യതകളുടെ പുത്തൻ മേച്ചിൽപ്പുറങ്ങളാണ് ഓരോ കഥാപാത്രത്തിലും ഫഹദ് തേടുന്നത്. ‘മഹേഷിന്റെ പ്രതികാരം’, ‘തൊണ്ടി മുതലും ദൃക്‌സാക്ഷിയും’ മുതലിങ്ങോട്ട് പ്രകടമായി കാണാവുന്ന, വ്യത്യസ്ത കഥാപാത്രങ്ങൾക്കു പിറകെയുള്ള ഫഹദിന്റെ യാത്ര അടയാളപ്പെടുത്തുന്നതും ഫഹദിലെ ‘ഫ്‌ളെക്സിബിൾ’ ആയ നടനെ തന്നെയാണ്.

ഒരു നടനെന്ന നിലയിൽ തന്റെ തന്നെ പരിമിതികളെ മറികടക്കാനും തന്റെ പ്രതിഭയുടെ  പുതിയ മാനങ്ങൾ കണ്ടെത്താനുമാണ് ഫഹദ് ശ്രമിക്കുന്നത് എന്നതു തന്നെയാവാം ഫഹദ് മലയാളിയ്ക്ക് മുന്നില്‍ കാഴ്ച വയ്ക്കുന്ന വൈവിധ്യങ്ങളുടെ അടിസ്ഥാനം. താരപദവിയുടെ തടവറകളിലേക്ക് ഒതുങ്ങാതെ, തന്നിലെ നടനെ കഥാപാത്രങ്ങൾക്കായി വിട്ടു കൊടുക്കുകയാണ് ഫഹദ്.  ‘ഹീറോ’ പരിവേഷങ്ങളിലേക്ക് കൂടു മാറാതെ നടൻ എന്ന ‘പ്രിമൈസി’ൽ തന്നെ അയാൾ നിലയുറപ്പിക്കുന്നു എന്നതും സമകാലികരായ മറ്റു താരങ്ങളിൽ നിന്നും ഫഹദെന്ന നടനെ വ്യത്യസ്തനാക്കുന്നുണ്ട്. എന്നാല്‍ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യണമെന്ന നിശ്ചയദാർഢ്യത്തിന്റെയും സിനിമാ സമീപന രീതികളുടെയും പ്രത്യേകത കൊണ്ട് ഫഹദ് എന്ന നടന്‍ മെയിന്‍സ്ട്രീമിന്റെ വഴിയോരങ്ങളിലേക്ക് ചുരക്കപ്പെടുന്നുമില്ല. മിനിമം ബോക്സ് ഓഫീസ് ഗ്യാരണ്ടിയുള്ള ഒരു ‘സിനിമാ കോംപോണന്റ്’ ആയി കൂടി തന്നെയാണ് ഫഹദ് ഫാസില്‍ മലയാള സിനിമയില്‍ തന്നെ അടയാളപ്പെടുത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

 

മണിരത്നത്തിനോട് ‘നോ’ പറഞ്ഞ ഫഹദ്

ഒരു വര്‍ഷത്തിനു കൂടി തിരശീല വീഴുമ്പോള്‍ ഫഹദ് ഫാസിലിനു അഭിമാനിക്കാന്‍ മലയാള സിനിമ അവസരങ്ങള്‍ മാത്രമല്ല. തമിഴില്‍ വിജയ്‌ സേതുപതിയുടെ ‘സൂപ്പര്‍ ഡീലക്സ്’ എന്ന ചിത്രവും, ഇന്ത്യന്‍ സിനിമയിലെ തന്നെ അതികായന്‍ എന്ന് വിശേഷിപ്പിക്കാവുന്ന മണിരത്നം ചിത്രമായ ‘ചെക്കചിവന്ത വാന’വും ഉണ്ട്. ആദ്യത്തേതില്‍ ഫഹദ് അഭിനയിക്കുന്നു എന്നതാണ് വാര്‍ത്തയെങ്കില്‍, രണ്ടാമത്തേത് ഫഹദ് നിഷേധിച്ചു എന്നതാണ് വാര്‍ത്ത. താരമാവാനല്ല, നടനായി നിലനിൽക്കാനാണ് തന്റെ ശ്രമമെന്നുള്ള ഫഹദിന്റെ നിലപാടുകൾ ഒന്ന് കൂടി വ്യക്തമാക്കുന്നതായിരുന്നു മണിരത്നം ചിത്രത്തോട് അദ്ദേഹം  പറഞ്ഞ ആ ‘നോ’. മണിരത്നം സിനിമയിൽ ഒരു ഫ്രെയിമിൽ എങ്കിലും പ്രത്യക്ഷപ്പെടാൻ അഭിനേതാക്കൾ ആഗ്രഹിക്കുമ്പോഴാണ് ‘കഥാപാത്രത്തോട് റിലേറ്റ്’ ചെയ്യാന്‍ സാധിക്കുന്നില്ല’ എന്ന കാരണത്താല്‍ ഫഹദ് മണിരത്നം ചിത്രം ഉപേക്ഷിക്കുന്നത്.

അൻവർ റഷീദ് ചിത്രം ‘ട്രാൻസ്’, മധു സി നാരായണൻ സംവിധാനം ചെയ്യുന്ന ‘കുമ്പളങ്ങി നൈറ്റ്സ്’ തുടങ്ങിയ ചിത്രങ്ങളാണ് 2019 കാത്തു വച്ചിരിക്കുന്ന ഫഹദ് ചിത്രങ്ങള്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ