വിവാദഭരിതമായിരുന്നു മലയാള സിനിമയെ സംബന്ധിച്ചിടത്തോളം 2018. ലോകത്തെമ്പാടും സിനിമാ മേഖലയില്‍ നടന്ന മുന്നേറ്റങ്ങളുടെ അനുരണനങ്ങളായി ‘മീടൂ’ വിവാദം മലയാള സിനിമയിലും അലയടിച്ചു എന്നതാണ് അതില്‍ പ്രധാനം. ഒപ്പം, 2017ല്‍ സംഭവിച്ച  നടി ആക്രമിക്കപ്പെട്ട ഗൗരവമേറിയ  സംഭവത്തിന്റെ തുടർച്ചയെന്നോണം നടന്ന വുമൺ കളക്റ്റീവ് ഇൻ സിനിമയും (ഡബ്ല്യൂസിസി) അസോസിയേഷൻ ഓഫ് മലയാളം മൂവീ ആർട്ടിസ്റ്റ്സ് (അമ്മ)യും നടത്തിയ ചർച്ചകൾ തുറന്ന പോരിലേക്ക് നയിക്കപ്പെടുകയായിരുന്നു.

ഈ വർഷം മലയാള സിനിമയ്ക്ക് വലിയൊരു എതിർശക്തിയായി ഉയർന്നു വന്ന മറ്റൊരു പ്രതിസന്ധി സമൂഹ മാധ്യമങ്ങളിലെ കടുത്ത പ്രതികരണങ്ങളും ആക്രമണങ്ങളുമായിരുന്നു. ഒരു സിനിമയുടെ ആദ്യ ഷോ കഴിയുമ്പോഴേക്കും, ചിലപ്പോഴൊക്കെ അതിനു മുന്‍പും സിനിമയുടെ വിധിയെഴുത്തുകള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു.  ഒരു സിനിമ വാഴണമോ വീഴണമോ എന്ന് സമൂഹ മാധ്യമങ്ങള്‍ തീരുമാനിക്കുന്ന അവസ്ഥയിലായി.  താരങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആക്രമണത്തിനു ‘അബ്യൂസി’നുമുള്ള ഇടങ്ങളായി തീര്‍ന്നു.  അങ്ങനെ, സിനിമയെ താങ്ങി നിര്‍ത്തേണ്ട ​ആരാധകരുടെ ഒരു പക്ഷമെങ്കിലും സിനിമയുടെ പ്രതിയോഗികളായി മാറുന്ന കാഴ്ചയാണ് മലയാളി 2018 ൽ കണ്ടത്.

AMMA Women in Cinema Collective the story so far

അമ്മ- ഡബ്ല്യൂസിസി വിവാദങ്ങൾ

രണ്ടായിരത്തി പതിനേഴ് ഫെബ്രുവരിയിൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിനെ തുടർന്നുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി നടിമാരുടെയും വനിതാ സാങ്കേതിക പ്രവർത്തകരുടെയും നേതൃത്വത്തിൽ  ‘ഡബ്ല്യുസിസി’ എന്ന സ്വതന്ത്ര സംഘടന രൂപം കൊള്ളുന്നത്. പുതിയ സംഘടനയുടെ പിറവിയോടെ നിലവിലുള്ള സിനിമാ സംഘടനകളായ ‘അമ്മ’ ഉള്‍പ്പടെയുള്ളവരും ഡബ്ല്യുസിസിയ്ക്കും ഇടയിലുണ്ടായ ശീതസമരങ്ങളുടെയും പോരിന്റെയും തുടർച്ച തന്നെയാണ് 2018 ലും കണ്ടത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ താര സംഘടനയിൽ നിന്നും പുറത്താക്കപ്പെട്ട നടന്‍ ദിലീപിനെ  തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട  2018 ജൂണില്‍ ചേര്‍ന്ന അമ്മയുടെ ജനറല്‍ ബോഡിയിലായാണ് ‘അമ്മ’യും ഡബ്ല്യുസിസിയും തമ്മിലുള്ള പ്രശ്നങ്ങൾ വീണ്ടും രൂക്ഷമാകുന്നത്.  ഈ തീരുമാനത്തിൽ പ്രതിഷേധിച്ച് റിമാ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യാ നമ്പീശന്‍, ആക്രമിക്കപ്പെട്ട നടി തുടങ്ങിയവര്‍ അമ്മയിൽ നിന്നും രാജി വെച്ചു. താര സംഘടന ദിലീപിനോപ്പമാണെന്ന് ഡബ്ല്യൂസിസിയും, ആക്രമിക്കപ്പെട്ട നടിയെ തങ്ങളില്‍ നിന്നും അകറ്റാനാണ് ഡബ്ല്യൂസിസി ശ്രമിക്കുന്നതെന്ന് താര സംഘടനയും കുറ്റപ്പെടുത്തി.

Read More: എ എം എം എ യോഗത്തില്‍ ഡബ്ല്യു സി സി പരാതികള്‍ വിഷയമായില്ല: മോഹന്‍ലാല്‍

തങ്ങളുടെ സഹപ്രവർത്തക ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ വ്യക്തിയെ തിരിച്ചെടുത്ത നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി  അംഗങ്ങൾ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയ്ക്ക് കത്തു നൽകുകയും ഈ വിഷയത്തിൽ പല തവണ ചർച്ചകൾ നടത്തുകയും ചെയ്തു. എന്നാൽ ദിലീപ് അമ്മ സംഘടനയ്ക്ക്​ അകത്തോ പുറത്തോ​ എന്നതിലുള്ള ആശയക്കുഴപ്പത്തിൽ വ്യക്തത വരുത്തുന്നതിൽ ‘അമ്മ’ ഏറെ സമയമെടുത്തത് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കി. തൃപ്തികരമല്ലാത്ത മറുപടിയിൽ പ്രതിഷേധിച്ച് ഡബ്ല്യുസിസി അംഗങ്ങൾ കൊച്ചിയിൽ പത്രസമ്മേളനം വിളിച്ചതോടെ വിവാദങ്ങൾ തുറന്ന പോരിലേക്കെത്തുകയായിരുന്നു.

തുടർന്ന് താരസംഘടനയും പത്രസമ്മേളനം നടത്തി, കാര്യങ്ങളിൽ വ്യക്തത വരുത്തി. ദിലീപിന്റെ രാജി ചോദിച്ചു വാങ്ങിയെന്നും ദിലീപ് ഇപ്പോള്‍ സംഘടനയ്ക്കു പുറത്താണെന്നും വാര്‍ത്താ സമ്മേളനത്തില്‍ അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാല്‍ തന്നെ അറിയിക്കുകയായിരുന്നു. രാജിവച്ചു പോയ നടിമാര്‍ക്ക് തിരിച്ചു വരണം എന്നുണ്ടെങ്കില്‍ അതിനുള്ള അപേക്ഷ സമര്‍പ്പിക്കാമെന്നും, സംഘടനയ്ക്കുള്ളില്‍ യാതൊരു ഭിന്നതയുമില്ലെന്നും മോഹൻലാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതേ സമയം, സിനിമമേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനും സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനുമായി ഒരു ഇന്റേണൽ കംപ്ലെയിന്റ് സെൽ കൊണ്ടു വരണമെന്ന് ഡബ്ല്യുസിസി ഉന്നയിച്ച ആവശ്യത്തിന് ‘അമ്മ’ കൃത്യമായ മറുപടി നൽകാത്തതിനെ തുടർന്ന് ഡബ്ല്യൂസിസി അംഗങ്ങൾ കേരള ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജികൾ ഫയൽ ചെയ്തു.

Read More: എഎംഎംഎയുടെ നിലപാടുകളിലെ വൈരുദ്ധ്യം ആശങ്കാജനകം: ഡബ്ല്യൂസിസി

പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന്റെ പുനർനിർമ്മിതിയ്ക്കായി അബുദാബിയിൽ സംഘടിപ്പിക്കുന്ന ‘ഒന്നാണ് നമ്മൾ’ എന്ന സ്റ്റേജ് ഷോയ്ക്ക് ശേഷം ഇക്കാര്യങ്ങളിൽ തീരുമാനം എടുക്കുമെന്നായിരുന്നു​ ‘അമ്മ’യുടെ നിലപാട്. പൊതുതാൽപ്പര്യ ഹർജിയിൽ കോടതിയുടെ നിലപാട് എന്താകും, ഡബ്ല്യുസിസിയുടെ ആവശ്യങ്ങളോട് എന്തു നിലപാടാണ് താരസംഘടന കൈക്കൊള്ളുക എന്ന ചോദ്യങ്ങളോടെയാണ്  2018 അവസാനിക്കാൻ പോകുന്നത്.

താരസംഘടനയ്ക്കും  ഡബ്ല്യൂസിസിയ്ക്കും ഇടയിലുള്ള ശീതസമരങ്ങൾ മാറി​ മലയാള സിനിമാ ഇൻഡസ്ട്രിയ്ക്ക് ഉണ്ടാക്കിയ പ്രതിസന്ധികൾ ശുഭകരമായി പര്യവസാനിക്കും എന്നുള്ള പ്രതീക്ഷയാണ് പുതു വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ സിനിമാ ഇൻഡസ്ട്രിയ്ക്കും സിനിമാ പ്രേമികൾക്കും മുന്നിലുള്ളത്.

നൈജീരിയയില്‍ നിന്നൊരു വിവാദം

രണ്ടായിരത്തി പതിനെട്ടിന്റെ ആദ്യത്തിൽ കേരളം ഒന്നടങ്കം ഏറ്റെടുത്ത ചിത്രമായിരുന്നു ‘സുഡാനി ഫ്രം നൈജീരിയ’. അതിർത്തികൾക്ക് അപ്പുറത്തേക്ക് വളരുന്ന, ദേശത്തിനും ഭാഷയ്ക്കും അതീതമായ സ്നേഹത്തിന്റെ കഥ പറഞ്ഞ ‘സുഡാനി ഫ്രം നൈജീരിയ’ മലയാളികളുടെ മനസ്സാക്ഷിയെ തൊട്ടുണർത്തിയ സിനിമകളിൽ ഒന്നായിരുന്നു.​ എന്നാൽ ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടർന്നു കൊണ്ടിരിക്കുമ്പോൾ, സിനിമയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നടൻ തന്നെ ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ ആരോപണങ്ങളുമായെത്തി. നിർമ്മാതാക്കൾ നൽകിയ പ്രതിഫലം മലയാളത്തിലെ നവാഗത നടന്മാർക്ക് നൽകുന്നതിനേക്കാൾ വളരെ കുറവായിരുന്നുവെന്നും വംശീയ വിവേചനമായിരുന്നുവെന്നുമായിരുന്നു സാമുവൽ റോബിൻസണിന്റെ ആരോപണം.

Read More: ‘കേരളത്തിലെ നല്ലവരായ ജനങ്ങള്‍ എന്റെ കൂടെ നില്‍ക്കണം, കിട്ടിയത് 1.80 ലക്ഷം മാത്രം’; സുഡുമോന്‍ സാമുവല്‍

കേരളത്തിലുണ്ടായിരുന്നപ്പോൾ വംശീയ വിവേചനത്തിന് ഞാൻ ഇരയായെന്നും എല്ലാ ആഫ്രിക്കക്കാരും പണത്തിന്‍റെ മൂല്യമറിയാത്ത പാവപ്പെട്ടവരാണെന്ന തോന്നലും തന്റെ കറുത്ത തൊലി നിറവുമാണ് ഇതിന് കാരണമായതെന്ന് താൻ സംശയിക്കുന്നു എന്നുമായിരുന്നു വിഷയത്തിൽ സാമുവൽ റോബിൻസണിന്റെ പ്രതികരണം. സിനിമ വിജയിച്ചാൽ കൂടുതൽ പണം നൽകുമെന്ന് നിർമ്മാതാക്കൾ പറഞ്ഞിരുന്നുവെങ്കിലും വാക്ക് പാലിച്ചില്ലെന്നും കറുത്ത വർഗക്കാരനായതിനാൽ വരും തലമുറയിലെ നടന്മാർക്ക് വേണ്ടി കൂടി സംസാരിക്കേണ്ടത് തന്‍റെ ബാധ്യതയാണെന്നും ജാതീയവും വംശീയവുമായ വിവേചനങ്ങളെ എതിർക്കേണ്ടതുണ്ടെന്നുമായിരുന്നു സാമുവലിന്റെ നിലപാട്.  വിവാദത്തെ തുടർന്ന് നിർമ്മാതാക്കൾ സാമുവലിന് വാഗ്ദാനം ചെയ്ത പണം നൽകി പ്രശ്നം ഒത്തു തീർപ്പാക്കുകയായിരുന്നു.

 

പാർവ്വതിയ്ക്കു നേരെയുള്ള സൈബർ ആക്രമണം

‘കസബ’ എന്ന മമ്മൂട്ടി സിനിമയെ വിമർശിച്ച ദിവസം മുതൽ നടി പാർവ്വതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ആക്രമണങ്ങളുടെ ബാക്കിപത്രം തന്നെയാണ് 2018ലും കണ്ടത്. പാർവ്വതിയും പൃഥിരാജും നായികാനായകന്മാരായി അഭിനയിച്ച ‘മൈ സ്റ്റോറി’ എന്ന സിനിമയ്ക്ക് എതിരെയായിരുന്നു ഇത്തവണ സൈബർ അറ്റാക്ക്. ചിത്രത്തിന്റെ മേക്കിങ് വീഡിയോയ്ക്ക് റെക്കോർഡ് ഡിസ്‌ലൈക്കുകൾ നൽകി ചിത്രത്തെ ഡീഗ്രേഡ് ചെയ്യുന്ന രീതിയിലേക്ക് സൈബർ ആക്രമണങ്ങൾ കടുത്തു. സിനിമ ബഹിഷ്കരിക്കണം എന്ന രീതിയിലുള്ള  ക്യാമ്പെയ്നുകളും ചിത്രത്തിന്റെ തിയേറ്റർ പെർഫോമൻസിനെ നല്ല രീതിയിൽ തന്നെ ബാധിച്ചു. സംഘടിതമായ ആക്രമണങ്ങൾ രൂക്ഷമായതോടെ പാർവ്വതി പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

Read More: സിനിമയിൽ അവസരങ്ങളില്ല, ഞങ്ങളോട് സംസാരിക്കുന്നതിനു പോലും വിലക്ക്: പാര്‍വ്വതി

‘മീടൂ’വിൽ ഉലഞ്ഞ മലയാള സിനിമ

ലോകത്തെമ്പാടും നടക്കുന്ന ‘മീടൂ’ ക്യാമ്പെയ്നുകളുടെ അലയൊലികൾ മലയാള സിനിമയെയും പിടിച്ചു കുലുക്കിയ വർഷമായിരുന്നു 2018. നാനാപടേക്കർക്ക് എതിരെ തനുശ്രീ ദത്ത ലൈംഗികാരോപണം ഉന്നയിച്ചതിനെ തുടർന്നായിരുന്നു ബോളിവുഡിൽ ‘മീടൂ’ വിവാദം കനത്തത്. കൂടുതൽ കൂടുതൽ വ്യക്തികള്‍ ‘മീടൂ’ ക്യാമ്പെയ്നിൽ ആരോപണവിധേയരായപ്പോൾ മലയാളത്തിൽ നടനും എംഎൽഎയുമായ മുകേഷിനെതിരെയും ആരോപണം ഉയർന്നു.  19 വര്‍ഷം മുമ്പ് ‘കോടീശ്വരന്‍’ പരിപാടിയുടെ ചിത്രീകരണത്തിനിടെ മുകേഷ് തന്നെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയിരുന്നെന്ന വെളിപ്പെടുത്തലുമായി സിനിമയിൽ കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫ് ആണ് രംഗത്തു വന്നത്. അങ്ങനെയൊരു സംഭവം തനിക്ക് ഓർമ പോലുമില്ലെന്ന് പറഞ്ഞ് മുകേഷ് ആരോപണം നിഷേധിക്കുകയായിരുന്നു.

Read More: #MeToo: അവസരങ്ങൾ നഷ്ടപ്പെട്ടതാണ് എന്നെ ഏറെ വിഷമിപ്പിച്ചത്: ടെസ്സ് ജോസഫ്

മുകേഷിനു പിന്നാലെ നടന്‍ അലൻസിയറിനു നേരെയും ‘മീടൂ’ വിവാദവുമായി യുവനടി രംഗത്തെത്തി. അലന്‍സിയറില്‍ നിന്ന് തനിക്ക് മോശം അനുഭവമുണ്ടായെന്ന വെളിപ്പെടുത്തലുമായി എത്തിയത് നടി ദിവ്യ ഗോപിനാഥ് ആയിരുന്നു. ദിവ്യയുടെ ആരോപണം ഭാഗികമായി ഏറ്റുപറഞ്ഞ് അലന്‍സിയറും രംഗത്തെത്തി. മദ്യലഹരിയില്‍ താന്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അതിന് ദിവ്യയോട് മാപ്പ് പറഞ്ഞിരുന്നുവെന്നും എന്നാൽ ഇപ്പോള്‍ ദിവ്യ പറയുന്ന കാര്യങ്ങള്‍ മുഴുവനായും ശരിയല്ലെന്നുമായിരുന്നു അലൻസിയറിന്റെ പ്രതികരണം.

Read More: #MeToo: ദിവ്യയുടെ ആരോപണം ഭാഗികമായി ശരി വച്ച് അലന്‍സിയര്‍

 

വിവാദങ്ങൾ ഒഴിയാതെ ‘ദുർഗ’

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘എസ് ദുര്‍ഗ’ എന്ന ‘സെക്സി ദുര്‍ഗ’യ്ക്ക് വീണ്ടും തിരിച്ചടികൾ നേരിട്ട വർഷം കൂടിയാണ് 2018. ‘എസ് ദുര്‍ഗ’ എന്ന പേര് സിനിമയില്‍ എഴുതിക്കാണിക്കുന്നതിനെ ചൊല്ലി ചിത്രത്തിന്‍റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പുനഃപരിശോധിക്കണമെന്നായിരുന്നു 2017 ഗോവ രാജ്യാന്തര ചലച്ചിത്ര മേളയ്ക്കിടെ സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യം. പുനഃപരിശോധന കഴിയും വരെ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്നും സെൻസർ ബോർഡ് നിർദ്ദേശിച്ചു. ഇതിനെതിരെ ‘എസ് ദുര്‍ഗ’യുടെ നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

“1983 സര്‍ട്ടിഫിക്കേഷന്‍ നിയമം 33 അനുസരിച്ച് സെന്‍സര്‍ ബോര്‍ഡിന് ഒരിക്കല്‍ സര്‍ട്ടിഫൈ ചെയ്ത ചിത്രത്തെ പുനഃപരിശോധിക്കാനുള്ള അധികാരമുണ്ട്‌. 1952ലെ സിനിമാറ്റോഗ്രാഫി ആക്ട് അനുസരിച്ചും കൂടിയാണിത്,” എന്നായിരുന്നു പ്രസ്തുത ഹർജിയിൽ കോടതിയുടെ നിരീക്ഷണം. പുനഃപരിശോധനയ്ക്ക് ശേഷം പിന്നീട് ചിത്രത്തിന് ക്ലിയറെൻസ് നൽകിയ സെൻസർ ബോർഡ് ചിത്രത്തിന് പ്രദർശനാനുമതി നൽകി.

Read More: ദുര്‍ഗയ്ക്ക് മോക്ഷം: വിവാദങ്ങള്‍ക്കൊടുവില്‍ എസ് ദുര്‍ഗ തിയറ്ററുകളിലേക്ക്

‘ഒടിയനെ’​ ഒടിവച്ച് സോഷ്യൽ മീഡിയ

പാർവ്വതിയ്ക്ക് എതിരെയുള്ള ആക്രമണങ്ങൾ വ്യക്തിയധിഷ്ഠിതമായിരുന്നെങ്കിൽ ഒരു സിനിമയെ തന്നെ ലക്ഷ്യം വെയ്ക്കുന്ന രീതിയിലുള്ള സംഘടിതമായ ആക്രമണങ്ങളാണ് ‘ഒടിയൻ’ എന്ന ചിത്രത്തിനു ഏറ്റുവാങ്ങേണ്ടി വന്നത്. റിലീസ് ദിവസം മുതൽ ചിത്രത്തിനും  സംവിധായകൻ ശ്രീകുമാർ മേനോനും എതിരെ ഉയർന്നു വന്ന നെഗറ്റീവ് കമന്റുകൾ  ചിത്രത്തെ ദോഷകരമായി ബാധിക്കുന്ന രീതിയിലുള്ളതായിരുന്നു.

അപ്രതീക്ഷിതമായി വന്ന ഹർത്താലാണ് ‘ഒടിയന്റെ’ റിലീസിന് ആദ്യം തടസ്സം സൃഷ്ടിച്ചതെങ്കിലും ‘ഒടിയനാ’യി കാത്തിരുന്ന ആരാധകരും സിനിമാ പ്രേക്ഷകരും ഹർത്താൽ വകവെയ്ക്കാതെ തിയേറ്ററുകളിലെത്തിയതോടെ ഹൗസ്ഫുളായി തന്നെ ചിത്രത്തിന്റെ ആദ്യ ഷോകൾ ആരംഭിച്ചു. എന്നാൽ,​ ആദ്യ ഷോ കഴിയുന്നതിനു മുൻപു തന്നെ ചിത്രത്തെ കുറിച്ച് നെഗറ്റീവായ അഭിപ്രായപ്രകടനങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങുകയായിരുന്നു. സംഘടിതമായ ആക്രമണം കനത്തതോടെ സംവിധായകൻ ശ്രീകുമാർ മേനോന്റെ ഫെയ്സ്ബുക്ക് പേജും നെഗറ്റീവ് കമന്റുകൾകൊണ്ടും അസഭ്യവര്‍ഷം കൊണ്ടും നിറഞ്ഞു.

Read More: Odiyan Review: പ്രതീക്ഷാ ഭാരം ചുമക്കുന്ന ചിത്രത്തെ തോളിലേറ്റി നടത്തുന്ന നായകന്‍: ‘ഒടിയന്‍’ റിവ്യൂ

ആദ്യഷോകൾക്ക് ലഭിച്ച നെഗറ്റീവ് കമന്റുകളെയും സംഘടിത ആക്രമണങ്ങളെയും അതിജീവിച്ച് ‘ഒടിയൻ’ പിടിച്ചു കയറുന്ന കാഴ്ചയാണ് പിന്നീട് മലയാള സിനിമ കണ്ടത്. കുടുംബപ്രേക്ഷകരും മറ്റും സിനിമ ഏറ്റെടുക്കുകയും ചിത്രത്തെ കുറിച്ച് സത്യസന്ധമായ അഭിപ്രായപ്രകടനങ്ങൾ സോഷ്യൽ മീഡിയകളിൽ കുറിക്കുകയും ചെയ്തതോടെ സൈബർ ആക്രമണങ്ങൾക്ക് വിരാമമായി.

സാമ്പത്തികപരമായി വലിയ വിജയചിത്രങ്ങളൊന്നും ലഭിക്കാതെ പോയ വർഷം കൂടിയായിരുന്നു 2018.  ഓണക്കാല ഉത്സവക്കാല ചിത്രങ്ങൾക്ക് മുന്നിലേക്ക് പ്രതിബന്ധമായെത്തിയ പ്രളയത്തെ  തുടർന്നുണ്ടായ മാന്ദ്യത്തിൽ നിന്നും പുറത്തു കടക്കാൻ ഇൻഡസ്ട്രി ഉറ്റുനോക്കിയ ചിത്രമായിരുന്നു ‘ഒടിയൻ’. ഈ ഒരൊറ്റ ചിത്രത്തിനു വേണ്ടി മോഹൻലാൽ നീക്കിവെച്ച സമയവും കഷ്ടപ്പാടുകളും ഏറെ ചർച്ച ചെയ്യപ്പെട്ട കാര്യങ്ങളായിരുന്നു.  ഒരു നടന്‍ എന്ന നിലയില്‍ മോഹന്‍ലാല്‍ ഇത്രയധികം ‘ഇന്‍വെസ്റ്റ്‌മെന്റ്’ നടത്തിയ ഒരു ചിത്രം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. ഇക്കാരണങ്ങൾ കൊണ്ട്  ഇൻഡസ്ട്രിയ്ക്കും മോഹൻലാൽ എന്ന നടന്റെ അഭിനയജീവിതത്തിലെയും ഏറെ നിർണായകമായൊരു ചിത്രത്തിനാണ് സമൂഹമാധ്യമങ്ങളിൽ ഈ വിധം രൂക്ഷമായ പ്രതികരണങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത്.

Read More: ‘കഞ്ഞി എടുക്കട്ടേ’ എന്നത് തമാശയോ അശ്ലീലമോ ആണോ?: ‘ഒടിയന്‍’ തിരക്കഥാകൃത്ത് ഹരികൃഷ്ണൻ പ്രതികരിക്കുന്നു

പ്രതിസന്ധികളിൽ തളരാതെ ‘ഒടിയൻ’ ബോക്സ് ഓഫീസിൽ ഉയർത്തെഴുന്നേൽക്കുന്ന കാഴ്ച സിനിമാ ഇൻഡസ്ട്രിയ്ക്ക് പ്രതീക്ഷകൾ നൽകുന്നുണ്ടെങ്കിലും ആരാധകർ തന്നെ സിനിമയുടെ പ്രതിയോഗികളായി മാറുന്ന കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച​ ഇൻഡസ്ട്രിയ്ക്ക് ഞെട്ടൽ മാറിയിട്ടില്ലെന്നു തന്നെ പറയേണ്ടി വരും. സിനിമാ ഇൻഡസ്ട്രിയ്ക്ക് തന്നെ ഭീഷണിയാകുന്ന ഇത്തരം പ്രവണതകളെ എങ്ങനെ നേരിടണം എന്ന ഉൾക്കാഴ്ചകളിലേക്കു കൂടിയാണ് 2019 ഉണരേണ്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook