‘ഹൽക്ക്’ എന്ന അമേരിക്കൻ ചലച്ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് സംവിധായകൻ വിനയൻ ഒരുക്കിയ ചിത്രമായിരുന്നു അതിശയൻ. സൂപ്പർ ഹീറോയായി മാറുന്ന ഒരു കുട്ടിയുടെ കഥയാണ് ചിത്രം പറഞ്ഞത്. ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയ ചിത്രത്തിനൊപ്പം തന്നെ മനോഹരമായ ചിരിയും തുടുത്ത കവിളുകളുമായെത്തിയ മാസ്റ്റർ ദേവദാസിന്റെ കഥാപാത്രവും ശ്രദ്ധ നേടി. ഏതാൾക്കൂട്ടത്തിനിടയിലും ആളുകൾ ആ കുട്ടിയെ തിരിച്ചറിയുകയും സ്നേഹത്തോടെ ‘അതിശയബാലൻ’ എന്ന് വിളിക്കുകയും ചെയ്തു.
‘ആനന്ദഭൈരവി’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച ആ കുട്ടിയെ പിന്നെ സിനിമയിൽ എവിടെയും കണ്ടില്ല, ദേവദാസിന്റെ അച്ഛനും നടനും നിർമ്മാതാവുമായ രാമുവിന്റെ അഭിമുഖങ്ങളിലും കുടുംബഫോട്ടോകളിലുമല്ലാതെ. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം ‘കളിക്കൂട്ടുകാർ’ എന്ന ചിത്രത്തിൽ നായകനായി ദേവദാസ് സിനിമയുടെ ലോകത്തേക്ക് വീണ്ടുമെത്തിയിരുന്നു.

ദേവദാസിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ഫിറ്റ്നസ്സിലൊക്കെ ശ്രദ്ധ ചെലുത്തി പുതിയ മേക്കോവറിലാണ് ദേവദാസ് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ വിദേശത്ത് പഠിക്കുകയാണ് ദേവദാസ്.
“അതിശയൻ ഇറങ്ങിയ സമയത്ത് എവിടെ പോയാലും ആളുകൾ തിരിച്ചറിയുമായിരുന്നു. ഇപ്പോഴും വല്ലപ്പോഴുമൊക്കെ തിരിച്ചറിയാറുണ്ട്. തിരിച്ചറിഞ്ഞാൽ പിന്നെ അത്ഭുതത്തോടെയാണ് നോക്കുക, നീയിത്ര വലുതായോ എന്നാണ് ചോദിക്കുന്നത്,” മൂന്നുവർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ ദേവദാസ് പറഞ്ഞതിങ്ങനെ.
മുംബൈയിലെ ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ബി എസ് സി ഫിലിം മേക്കിംഗിൽ ബിരുദം നേടിയിട്ടുണ്ട് ദേവദാസ്. അച്ഛനെ പോലെ സിനിമാ നിർമ്മാണത്തിലും താൽപ്പര്യമുള്ള ദേവദാസ് സിനിമാ പ്രൊഡക്ഷൻ ആയിരുന്നു ഐച്ഛികവിഷയമായി തെരെഞ്ഞെടുത്തത്.