കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് നടി ശ്വേത മേനോൻ. മോഡലിങ്ങിൽ നിന്നുമാണ് ശ്വേതയുടെയും വരവ്. മമ്മൂട്ടിയുടെ നായികയായി അനശ്വരം (1991) എന്ന ചിത്രത്തിലൂടെയായിരുന്നു ശ്വേത സിനിമയിലെത്തിയത്.
വെൽക്കം റ്റു കൊടൈക്കനാൽ, നക്ഷത്രക്കൂടാരം, കൗശലം എന്നീ മലയാളസിനിമകളിൽ അഭിനയിച്ച ശ്വേത പിന്നീട് തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. പിന്നീട് ബോളിവുഡിലേക്കാണ് ശ്വേത പോയത്. ‘ഇഷ്ക്’ ആയിരുന്നു ശ്വേതയുടെ ആദ്യ ഹിന്ദി ചിത്രം. നാൽപ്പതിനടുത്ത് ഹിന്ദി ചിത്രങ്ങളിലാണ് ശ്വേത ഇതിനകം അഭിനയിച്ചത്. തമിഴ്, കന്നഡ ചിത്രങ്ങളിലും ശ്വേത തന്റെ സാന്നിധ്യം അറിയിച്ചു. 1994ൽ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനവും ശ്വേത കരസ്ഥമാക്കിയിരുന്നു.
2006ൽ ‘കീർത്തിചക്ര’ എന്ന ചിത്രത്തോടെയാണ് ശ്വേത വീണ്ടും മലയാളസിനിമയിൽ സജീവമാകുന്നത്. പകൽ, തന്ത്ര, രാക്കിളിപ്പാട്ട്, പരദേശി, റോക്ക് ആൻഡ് റോൾ, ലാപ്ടോപ്പ്, മധ്യ വേനൽ, പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ, കേരള കഫേ, പോക്കിരിരാജ, സിറ്റി ഓഫ് ഗോഡ്, രതിനിർവേദം, സാൾട്ട് ആൻഡ് പെപ്പർ, ഉന്നം, തൽസമയം ഒരു പെൺകുട്ടി, ഒഴിമുറി, ഇവൻ മേഘരൂപൻ, മുംബൈ പൊലീസ്, കളിമണ്ണ്, ചേട്ടായീസ്, കമ്മാരസംഭവം എന്നിങ്ങനെ രണ്ടാം വരവിൽ നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമാവാൻ ശ്വേതയ്ക്ക് സാധിച്ചു. പാലേരിമാണിക്യം, സാൾട്ട് ആൻഡ് പെപ്പർ എന്നീ ചിത്രങ്ങളിലൂടെ 2009 ലും 2011 ലും മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ശ്വേത നേടി.
സിനിമകളിൽ അത്ര സജീവമല്ലെങ്കിലും മിനിസ്ക്രീനിൽ സജീവമാകുന്ന ശ്വേതയെ ആണ് മലയാളികൾ പിന്നെ കണ്ടത്. നിരവധി ടിവി ഷോകളുടെ അവതാരകയായി ശ്വേത തിളങ്ങി. നടൻ ബോബി ഭോൻസലെയിൽ നിന്നും വിവാഹമോചനം നേടിയ ശ്വേത 2011 ജൂൺ 18ലാണ് തൃശൂർ സ്വദേശിയും മുംബൈയിൽ ബിസിനസുകാരനുമായ ശ്രീവത്സൻ മേനോനെ വിവാഹം കഴിക്കുന്നത്. ഇവർക്ക് സബൈന എന്നൊരു മകളാണുള്ളത്.
ഏറെ ബോൾഡ് ആയ ശ്വേതയുടെ ചില ചിത്രങ്ങൾ വിവാദങ്ങൾക്കും കാരണമായിരുന്നു. കാമസൂത്രയുടെ ഗർഭനിരോധന ഉറകളുടെ പരസ്യത്തിൽ ശ്വേത അഭിനയിച്ചത് വിവാദമായി. അതുപോലെ തന്നെ ബ്ലെസി ചിത്രം ‘കളിമണ്ണ്’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളും. ഒരു ഗർഭിണിയുടെ കഥ പറയുന്ന ചിത്രത്തിൽ ശ്വേതയുടെ ഗർഭകാലവും പ്രസവവും എല്ലാം അതുപോലെ തന്നെ ചിത്രീകരിച്ചതും ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു.
Read more: ‘ബിഗ് ബോസ്’ കാല ലോക്ക്ഡൗണ് വച്ചു നോക്കുമ്പോൾ ഇതൊക്കെയെന്ത്! ശ്വേത പറയുന്നു
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook