/indian-express-malayalam/media/media_files/2026/01/30/tamil-nadu-state-award-malayalam-actress-fi-2026-01-30-12-36-00.jpg)
Tamil Nadu Government Film Awards: തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ 2016- 2022
തമിഴ്നാട് സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരങ്ങളിൽ മലയാള സിനിമയ്ക്കും മലയാളി താരങ്ങൾക്കും വൻ നേട്ടം. 2016 മുതൽ 2022 വരെയുള്ള വർഷങ്ങളിലെ അവാർഡുകൾ ഒരുമിച്ച് പ്രഖ്യാപിച്ചപ്പോൾ, മികച്ച നടിക്കുള്ള പുരസ്കാരങ്ങളിൽ അഞ്ച് വർഷവും മലയാളി നായികമാരാണ് ആധിപത്യം ഉറപ്പിച്ചത്. മഞ്ജു വാര്യർ, നയൻതാര, കീർത്തി സുരേഷ്, അപർണ്ണ ബാലമുരളി, ലിജോമോൾ ജോസ് എന്നിവരാണ് ഈ വലിയ നേട്ടം സ്വന്തമാക്കിയ താരങ്ങൾ.
Also Read: ആകാശത്തിൽ വച്ചൊരു ഓഡിയോ റിലീസ്; കൗതുകമുണർത്തി സൂര്യയുടെ 'സൂരറൈ പോട്ര്'
വിവിധ വർഷങ്ങളിലായി തമിഴ് സിനിമയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിനാണ് ഈ അംഗീകാരം. 'അസുരൻ' എന്ന ചിത്രത്തിലെ പച്ചൈയമ്മാൾ എന്ന കഥാപാത്രത്തിലൂടെ മഞ്ജു വാര്യർ പുരസ്കാരത്തിന് അർഹയായപ്പോൾ, 'സൂരറൈ പോട്ര്' എന്ന ചിത്രത്തിലെ അഭിനയത്തിന് അപർണ്ണ ബാലമുരളിയും 'ജയ് ഭീം' എന്ന ചിത്രത്തിലെ കരുത്തുറ്റ കഥാപാത്രത്തിലൂടെ ലിജോമോൾ ജോസും പുരസ്കാരം നേടി. 'അറം' എന്ന ചിത്രത്തിലെ പ്രകടനത്തിന് നയൻതാരയും 'പാമ്പു സട്ടൈ' എന്ന ചിത്രത്തിലൂടെ കീർത്തി സുരേഷും മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി. ഇവരെ കൂടാതെ സായി പല്ലവി (ഗാർഗി), ജ്യോതിക (ചെക്ക ചിവന്ത വാനം) എന്നിവരും മികച്ച നടിക്കുള്ള പട്ടികയിൽ ഇടംപിടിച്ചു.
Also Read: കൂരിരുട്ടിലെ നേർത്ത പ്രകാശമായി 'ജയ് ഭീം'
അഭിനേതാക്കൾക്ക് പുറമെ പിന്നണി ഗാനരംഗത്തും മലയാളികൾ നേട്ടമുണ്ടാക്കി. വൈക്കം വിജയലക്ഷ്മി, വർഷ രഞ്ജിത്ത് എന്നിവരാണ് മികച്ച പിന്നണി ഗായികമാരായി തിരഞ്ഞെടുക്കപ്പെട്ടത്. തമിഴ് സിനിമയിലെ വില്ലൻ വേഷത്തിലൂടെ മലയാളി താരം റഹ്മാനും പുരസ്കാരത്തിന് അർഹനായി. സൂര്യ, വിജയ് സേതുപതി, ധനുഷ്, കാർത്തി, ആര്യ, വിക്രം പ്രഭു എന്നിവരാണ് വിവിധ വർഷങ്ങളിലെ മികച്ച നടന്മാർ.
Also Read: കാമുകനുമായുള്ള വേർപിരിഞ്ഞു, ആങ്സൈറ്റി മൂലം അഭിനയത്തിൽ നിന്ന് വിട്ടുനിന്നു: ശ്രുതി ഹാസൻ
ഫെബ്രുവരി 13-ന് ചെന്നൈയിലെ കലൈവാനർ അരങ്ങിൽ നടക്കുന്ന ചടങ്ങിൽ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ അവാർഡുകൾ വിതരണം ചെയ്യും. മികച്ച നടനും നടിക്കും ഒരു പവൻ സ്വർണ്ണ മെഡലും മെമന്റോയും സർട്ടിഫിക്കറ്റുമാണ് സമ്മാനമായി ലഭിക്കുക. വർഷങ്ങളായി തമിഴ് സിനിമയിൽ മലയാളി സാന്നിധ്യം സജീവമാണെങ്കിലും, ഒരേസമയം ഇത്രയധികം താരങ്ങൾ സംസ്ഥാന പുരസ്കാരത്തിന് അർഹരാകുന്നത് മലയാള സിനിമയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നിമിഷമാണ്.
Read More: തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; വിജയത്തിളക്കത്തിൽ ധനുഷും, സൂര്യയും, സായ് പല്ലവിയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us